UPDATES

ട്രെന്‍ഡിങ്ങ്

ഇനി അവകാശത്തോടെ പറയാം; ഞങ്ങളിലേക്ക് ഒളിഞ്ഞുനോക്കേണ്ട

ജീവിക്കുന്നതിനുള്ള അവകാശത്തേക്കാള്‍ വലുതല്ല സ്വകാര്യതയ്ക്കുള്ള അവകാശമെന്നാണ് കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയില്‍ വാദിച്ചത്.

ചരിത്രപരമായ വിധിയിലൂടെ സുപ്രിം കോടതി സ്വകാര്യതയെ മൗലിക അവകാശമായി പ്രഖ്യാപിച്ചിരിക്കുകയാണ്. 1954ലെയും 62ലെയും ഭരണഘടന ബഞ്ചുകളുടെ വിധികള്‍ അസാധുവാക്കിയാണ് സ്വകാര്യതയെ മൗലിക അവകാശമായി പ്രഖ്യാപിച്ചിരിക്കുന്നത്. ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കുന്നതുള്‍പ്പെടെയുള്ള നിരവധി കേന്ദ്ര സര്‍ക്കാര്‍ തീരുമാനങ്ങളെ ഇത് ബാധിച്ചേക്കുമെന്നതിനാലാണ് വിധിക്ക് ചരിത്രപരമായ പ്രാധാന്യം കൈവരുന്നത്.

ഇന്ത്യയെന്ന സ്വതന്ത്ര, ജനാധിപത്യ, മതേതര രാജ്യത്തില്‍ മൗലികാവകാശങ്ങളുടെ കൂട്ടത്തിലേക്ക് സ്വകാര്യത കൂടി ലഭ്യമാകുമ്പോള്‍ അത് കേവലം ആധാറില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നതാകില്ല എന്നതാണ് സത്യം. ഇഷ്ടമുള്ള ഭക്ഷണം കഴിക്കുന്നതും ഇഷ്ടമുള്ള വസ്ത്രം ധരിക്കുന്നതും ഇഷ്ടമുള്ളയാളോടൊപ്പം ഇഷ്ടമുള്ളയിടത്ത് ഇരിക്കുന്നതുമെല്ലാം സ്വകാര്യതയായി പരിഗണിക്കുമ്പോള്‍ ഇപ്പോഴത്തെ കോടതി വിധി ബാധിക്കാനിടയുള്ള കേസുകളുടെ വ്യാപ്തി വളരെ വലുതാണെന്ന് മനസിലാക്കാം. ജനങ്ങളുടെ സ്വകാര്യതയിലേക്ക് കടന്നുകയറാനുള്ള സ്റ്റേറ്റിന്റെ നീക്കങ്ങള്‍ക്കാണ് ഇവിടെ തിരിച്ചടി നേരിടുന്നത്.

സമീപകാലത്ത് ദേശീയതലത്തില്‍ തന്നെ കേരളത്തിന്റെ ശബ്ദം വേറിട്ട് കേള്‍പ്പിച്ച സംഭവമായിരുന്നു കശാപ്പിന് വേണ്ടിയുള്ള കന്നുകാലി കച്ചവടത്തില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണം. ഇതിനെതിരെ സംസ്ഥാന വ്യാപകമായി ബീഫ് ഫെസ്റ്റിവലുകള്‍ സംഘടിപ്പിക്കുകയും ചെയ്തു. എന്ത് ഭക്ഷിക്കണമെന്നത് ഓരോരുത്തരുടെയും സ്വകാര്യതയാണെന്നും എന്ത് ഭക്ഷിക്കരുതെന്ന് പറയുന്ന സ്റ്റേറ്റിന് ഏകാധിപത്യ പ്രവണതയാണുള്ളതെന്നും വിമര്‍ശനങ്ങള്‍ ഉയര്‍ന്നു. കേന്ദ്രസര്‍ക്കാരിന്റെ നിയന്ത്രണത്തിന്റെ പിന്‍ബലത്തില്‍ ബീഫ് കൈവശം സൂക്ഷിച്ചതിന്റെ പേരില്‍ ഒട്ടനവധി പേര്‍ ആക്രമിക്കപ്പെടുകയും പലയിടത്തും അക്രമികള്‍ നിയമത്തില്‍ നിന്നും രക്ഷപ്പെടുകയും ആക്രമിക്കപ്പെട്ടവര്‍ നിയമക്കുരുക്കില്‍ അകപ്പെടുകയും ചെയ്തു. ഭരണകൂടം നമ്മുടെ അടുക്കളയിലേക്കും തീന്‍മേശയിലേക്കും നടത്തിയ കടന്നുകയറ്റമായാണ് ഇത് വിലയിരുത്തപ്പെട്ടത്. എന്നാല്‍ സ്വകാര്യത മൗലിക അവകാശമായി തീരുന്നതോടെ നാം എന്ത് ഭക്ഷിക്കരുതെന്ന് തീരുമാനിക്കുന്ന സ്‌റ്റേറ്റിന്റെ നിലപാടും ചോദ്യം ചെയ്യപ്പെടും.

അതോടൊപ്പം ബീഫിന്റെ പേരില്‍ നടക്കുന്ന ആള്‍ക്കൂട്ട ആക്രമണങ്ങളില്‍ സര്‍ക്കാരിന് ഇന്നുവരെ സ്വീകരിച്ചതില്‍ നിന്നും വിഭിന്നമായ നിലപാട് സ്വീകരിക്കേണ്ടതായി വരും. പൗരന്റെ സ്വകാര്യതയെന്ന മൗലിക അവകാശം സംരക്ഷിക്കാനുള്ള ഉത്തരവാദിത്വത്തില്‍ നിന്നും ഇനി സ്റ്റേറ്റിന് ഒഴിഞ്ഞുമാറാന്‍ ആകില്ല. സ്റ്റേറ്റിനായാലും ആള്‍ക്കൂട്ടത്തിനായാലും ഒരു പൗരന്റെയും സ്വകാര്യതയിലേക്ക് കടന്നുകയറാനുള്ള അവകാശം ഇനിയില്ല എന്നതാണ് അതിന് കാരണം. അത്തരത്തില്‍ കടന്നുകയറിയാല്‍ അവര്‍ക്കെതിരെ മൗലികാവകാശം ലംഘിച്ചതിന് കേസെടുക്കാനുള്ള ബാധ്യത സര്‍ക്കാരിനുണ്ടാകും.

ഗര്‍ഭധാരണത്തെക്കുറിച്ചും അപ്പോള്‍ പാലിക്കേണ്ട ചിട്ടകളെക്കുറിച്ചുമെല്ലാം കേന്ദ്രമന്ത്രിമാര്‍ പോലും തുടര്‍ച്ചയായി അഭിപ്രായങ്ങള്‍ പറയുമ്പോള്‍ അവയും സ്വകാര്യതയ്ക്ക് മേലുള്ള കടന്നുകയറ്റമായി വ്യാഖ്യാനിക്കേണ്ടതുണ്ട്. കാരണം ഗര്‍ഭം ധരിക്കുന്നതും കുട്ടികളെ എങ്ങനെ വളര്‍ത്തുമെന്ന് തീരുമാനിക്കുന്നതും വീടിനുള്ളില്‍ എങ്ങനെ പെരുമാറണമെന്നുള്ളതുമെല്ലാം ഓരോരുത്തരുടെയും സ്വകാര്യതകളാണ്. വീടിനുള്ളില്‍ കുട്ടികള്‍ക്ക് മുന്നിലിരുന്ന് രാഷ്ട്രീയം പറയരുതെന്നും ഏത് വസ്ത്രം ധരിക്കണമെന്നുമൊന്നും പൊതുജനങ്ങളോട് പറയാന്‍ ഇനി ആര്‍ക്കും അധികാരമില്ല.

ജനങ്ങളുടെ സദാചാര പോലീസിംഗും പോലീസിന്റെ സദാചാര ഇടപെടലുകളുമെല്ലാം കേരളം എല്ലാക്കാലവും സജീവമായി ചര്‍ച്ച ചെയ്യുന്നുണ്ട്. പാര്‍ക്കില്‍, ബീച്ചില്‍, മറ്റ് പൊതുഇടങ്ങളില്‍ എവിടെയെങ്കിലും ഒരു സ്ത്രീയും പുരുഷനും സംസാരിച്ചിരുന്നാല്‍ അതിനെ ചോദ്യം ചെയ്യുന്നത് പതിവായിരിക്കുകയാണ്. ഭാര്യയും ഭര്‍ത്താവും പോലും സമീപകാലത്ത് സദാചാര പോലീസിന്റെ അക്രമണത്തിന് ഇരയായിട്ടുണ്ട്. എന്നാല്‍ ഇത് വ്യക്തികളുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാകുമ്പോള്‍ സദാചാര ഇടപെടല്‍ നടത്തുന്നത് ജനങ്ങളായാലും പോലീസായാലും അത് ചോദ്യം ചെയ്യപ്പെടുക തന്നെ വേണം എന്ന അവസ്ഥയാണ് പുതിയ വിധി സൃഷ്ടിക്കുന്നത്.

പ്രായപൂര്‍ത്തിയായ സ്ത്രീക്കും പുരുഷനും ഇഷ്ടമുള്ള മതം സ്വീകരിക്കാനും ആരാധന നടത്താനുമുള്ള സ്വാതന്ത്ര്യം നമ്മുടെ രാജ്യം അനുവദിക്കുന്നുണ്ട്. എന്നാല്‍ മതവിശ്വാസം സ്വകാര്യതയുടെ കൂടി ഭാഗമായതിനാല്‍ ഇനി മുതല്‍ അതിന് കൂടുതല്‍ ആധികാരികത ലഭിക്കുകയാണ്. കേരളത്തില്‍ അടുത്തകാലത്തുണ്ടായ ഹാദിയ, ആതിര കേസുകളില്‍ കോടതികള്‍ ഇടപെടുകയുണ്ടായി. എന്നാല്‍ ഇഷ്ടമുള്ള മതം സ്വീകരിച്ചതും ഇഷ്ടമുള്ളയാളെ വിവാഹം കഴിച്ചതും ഈ പെണ്‍കുട്ടികളുടെ സ്വകാര്യതയാണെന്നതിനാല്‍ കോടതി വിധികള്‍ തന്നെ പുന:പരിശോധിക്കേണ്ട സാഹചര്യം വരും. നിര്‍ബന്ധിത മതം മാറ്റമെന്ന ആരോപണത്തിലെ ഹര്‍ജിയില്‍ ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം ഹാദിയ ഇപ്പോള്‍ പോലീസ് സംരക്ഷണയില്‍ വീട്ടില്‍ നിന്നും പുറത്തിറങ്ങാനാകാത്ത സാഹചര്യത്തിലാണ്. ഹാദിയയോ അവരുടെ ഭര്‍ത്താവോ പുതിയ സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ പുതിയൊരു ഹര്‍ജിയുമായി നീങ്ങിയാല്‍ ഈ കേസ് കോടതിക്ക് പുനഃപരിശോധിക്കേണ്ടി വരുമെന്ന് നിയമവൃത്തങ്ങള്‍ പറയുന്നു.

അതേസമയം സോഷ്യല്‍ മീഡിയയിലെ സ്വകാര്യത സംബന്ധിച്ചും ധാരാളം ചോദ്യങ്ങള്‍ ഇവിടെ ഉയരുന്നുണ്ട്. രാഹുല്‍ ഈശ്വര്‍ ഹാദിയയുടെ വീട്ടില്‍ സന്ദര്‍ശനം നടത്തി ചിത്രങ്ങളും വീഡിയോയും സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചതിനെതിരെ ഹാദിയയുടെ അച്ഛന്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ ഈ പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുക്കാന്‍ പോലീസിന് ആശയക്കുഴപ്പമുണ്ടെന്നാണ് കഴിഞ്ഞ ദിവസം വാര്‍ത്തകള്‍ പുറത്തുവന്നത്. മൗലികാവകാശമായ സ്വകാര്യതയിലേക്ക് കടന്നു കയറിയെന്ന ഹാദിയയുടെ അച്ഛന്റെ പരാതിയില്‍ പോലീസിന് ഇനി ആശയക്കുഴപ്പിത്തിന്റെ കാര്യമില്ല. ഭരണഘടന പൗരന് ഉറപ്പുനല്‍കുന്ന മൗലിക അവകാശം മറ്റെല്ലാ പൗരന്മാരെയും പോലെ ഹാദിയയ്ക്കും കുടുംബാംഗങ്ങള്‍ക്കുമുള്ളതാണ്.

ജീവിക്കുന്നതിനുള്ള അവകാശത്തേക്കാള്‍ വലുതല്ല സ്വകാര്യതയ്ക്കുള്ള അവകാശമെന്നാണ് കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയില്‍ വാദിച്ചത്. എന്നാല്‍ സ്വകാര്യതയ്ക്കുള്ള അവകാശം ജീവിക്കാനുള്ള അവകാശം തന്നെയാണെന്ന് തെളിയിക്കുകയാണ് സുപ്രിം കോടതിയുടെ വിധി. ഓരോ വ്യക്തിയുടെയും സ്വകാര്യതയിലേക്ക് ഭരണകൂടവും സമൂഹവും ഇടപെടുമ്പോള്‍ സ്വതന്ത്രമായി ജീവിക്കാനുള്ള ഒരുവന്റെ അവകാശമാണ് ഇല്ലാതാകുന്നത്. പൗരനെ അംഗീകരിച്ചുകൊണ്ടുള്ള വിധിയായി സുപ്രിം കോടതി വിധി വിലയിരുത്തപ്പെടുന്നതും ഇതിനാലാണ്. പൗരന്റെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാനുള്ള ഭരണകൂടത്തിന്റെയും സമൂഹത്തിന്റെയും നീക്കങ്ങള്‍ക്കാണ് ഇത് തിരിച്ചടി നല്‍കുന്നത്. ഓരോ പൗരനും എന്തുചെയ്യുന്നുവെന്ന് ഉറപ്പുവരുത്താന്‍ ഭരണകൂടം ശ്രമിക്കുമ്പോള്‍ അവന്റെ പ്രവര്‍ത്തന സ്വാതന്ത്ര്യവും ജീവിക്കാനുള്ള സ്വാതന്ത്ര്യവും തന്നെയാണ് ഹനിക്കപ്പെടുന്നത്. ഞങ്ങളിലേക്ക് ഒളിഞ്ഞുനോക്കേണ്ടെന്ന് അവകാശത്തോടെ പറയാനുള്ള അവസരമാണ് ഈ വിധി പൗരന് നല്‍കുന്നത്.

അരുണ്‍ ടി. വിജയന്‍

അരുണ്‍ ടി. വിജയന്‍

അഴിമുഖം സബ് എഡിറ്റര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍