ഗുരുത്വാകര്‍ഷണ തരംഗങ്ങള്‍ക്ക് മോദിയുടെ പേരിടണം, ഐന്‍സ്റ്റീനും ന്യൂട്ടണും ലോകത്തെ തെറ്റിദ്ധരിപ്പിച്ചു: ഇന്ത്യന്‍ സയന്‍സ് കോണ്‍ഗ്രസിലെ പ്രസംഗങ്ങള്‍

ഗുരുത്വാകര്‍ഷണ തരംഗങ്ങള്‍ക്ക് നരേന്ദ്ര മോദി വേവ്‌സ് എന്ന് പേരിടണമെന്നും എപിജെ അബ്ദുള്‍ കലാമിനേക്കാള്‍ മികച്ച ശാസ്ത്രജ്ഞന്‍ കേന്ദ്ര മന്ത്രി ഡോ.ഹര്‍ഷവര്‍ദ്ധന്‍ ആണെന്നും കണ്ണന്‍ കൃഷ്ണന്‍ അഭിപ്രായപ്പെട്ടു.

ആല്‍ബര്‍ട്ട് ഐന്‍സ്റ്റീനും ഐസക് ന്യൂട്ടണും തങ്ങളുടെ കണ്ടുപിടിത്തങ്ങളിലൂടെ ലോകത്തെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു എന്ന് ഇന്ത്യന്‍ സയന്‍സ് കോണ്‍ഗ്രസിലെ പ്രാസംഗികനായ ഡോ. കണ്ണന്‍ ജഗത്തല കൃഷ്ണന്‍. ഗുരുത്വാകര്‍ഷണ തരംഗങ്ങള്‍ക്ക് നരേന്ദ്ര മോദി വേവ്‌സ് എന്ന് പേരിടണമെന്നും എപിജെ അബ്ദുള്‍ കലാമിനേക്കാള്‍ മികച്ച ശാസ്ത്രജ്ഞന്‍ കേന്ദ്ര മന്ത്രി ഡോ.ഹര്‍ഷവര്‍ദ്ധന്‍ ആണെന്നും കണ്ണന്‍ കൃഷ്ണന്‍ അഭിപ്രായപ്പെട്ടു. പഞ്ചാബിലെ ഫഗ്വാരയില്‍ ലവ്‌ലി പ്രൊഫഷണല്‍ യൂണിവേഴ്‌സിറ്റിയിലാണ് 106ാമത് ഇന്ത്യന്‍ സയന്‍സ് കോണ്‍ഗ്രസ് നടക്കുന്നത്. തമിഴ്്‌നാട് അലിയാറിലെ വേള്‍ഡ് കമ്മ്യൂണിറ്റി സര്‍വീസ് സെന്ററില്‍ സീനിയര്‍ റിസര്‍ച്ച് സയന്റിസ്റ്റും സീനിയര്‍ കോര്‍ഡിനേറ്ററുമാണ് ഡോ.കണ്ണന്‍ കൃഷ്ണന്‍ എന്നാണ് കോണ്‍ഫറന്‍സ് മാനുവലില്‍ കാണിച്ചിരിക്കുന്നത് എന്ന് ദ ഇന്ത്യന്‍ എക്‌സ്പ്രസ് പറയുന്നു.

ഗ്രാവിറ്റേഷണല്‍ റീപള്‍സീവ് ഫോഴ്‌സിനെ മനസിലാക്കുന്നതില്‍ ന്യൂട്ടണ്‍ പരാജയപ്പെട്ടെന്ന് കണ്ണന്‍ കൃഷ്ണന്‍ അഭിപ്രായപ്പെട്ടിരുന്നു. ഐന്‍സറ്റീന്റെ ഭൗതികശാസ്ത്ര സിദ്ധാന്തങ്ങള്‍ തെറ്റിദ്ധരിപ്പിക്കുന്നതാണ്. ഐന്‍സ്റ്റീന്‍ ലോകത്തെ തെറ്റിദ്ധരിപ്പിച്ചു. താന്‍ തന്റെ സ്വന്തം ഫിസിക്‌സ് തിയറികള്‍ അവതരിപ്പിക്കുമ്പോള്‍ ഗുരുത്വാകര്‍ഷണ തരംഗങ്ങള്‍ക്ക് നരേന്ദ്ര മോദി വേവ്‌സ് എന്ന് പേരിടും. ഭാവിയില്‍ എപിജെ അബ്ദുള്‍ കലാമിനേക്കാള്‍ വലിയ ശാസ്ത്രജ്ഞനായി കേന്ദ്ര മന്ത്രി ഡോ.ഹര്‍ഷവര്‍ദ്ധന്‍ അറിയപ്പെടുമെന്നും കണ്ണന്‍ കൃഷ്ണന്‍ അഭിപ്രായപ്പെട്ടു. എന്നാല്‍ വിദ്യാര്‍ത്ഥികള്‍ ഇത് ചോദ്യം ചെയ്തു.

കൗരവര്‍ ടെസ്റ്റ് ട്യൂബ് ശിശുക്കളായിരുന്നെന്നും ദശാവതാരങ്ങള്‍ ഡാര്‍വിന്റെ പരിണാമ സിദ്ധാന്തത്തേക്കാള്‍ മികച്ചതാണെന്നും ബയോടെക്‌നോളജിസ്റ്റും ആന്ധ്ര യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലറുമായ പ്രൊഫ.ജി നാഗേശ്വര റാവു അഭിപ്രായപ്പെട്ടു. അതേസമയം ഇവര്‍ രണ്ട് പേരുടെ പ്രസംഗങ്ങളെപ്പറ്റി അറിയില്ലെന്നാണ് സയന്‍സ് കോണ്‍ഗ്രസ് സംഘാടകര്‍ പറയുന്നത് എന്നും ഇന്ത്യന്‍ എക്‌സപ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം പറഞ്ഞ കാര്യങ്ങളില്‍ ഉറച്ചുനില്‍ക്കുന്നതായി നാഗേശ്വര റാവു ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു. സയന്‍സിനെ ഹിസ്റ്ററിയുമായി ബന്ധിപ്പിക്കാനാണ് താന്‍ ശ്രമിച്ചതെന്നും ചരിത്രപരമായ സത്യങ്ങള്‍ മാത്രമാണ് താന്‍ പറഞ്ഞതെന്നും നാഗേശ്വര റാവു പറഞ്ഞു. എന്നാല്‍ ഈ രണ്ട് പ്രസംഗങ്ങളെക്കുറിച്ച് അറിയില്ലെന്നാണ് ഇന്ത്യന്‍ സയന്‍സ് കോണ്‍ഗ്രസ് അസോസിയേഷന്‍ ജനറല്‍ പ്രസിഡന്റ് ഡോ.മനോജ് കുമാര്‍ ചക്രവര്‍ത്തി പറഞ്ഞത്. ഇത് പരിശോധിക്കുമെന്നും താന്‍ അപ്പോള്‍ അവിടെയുണ്ടായിരുന്നെങ്കില്‍ ഇതിനെ എതിര്‍ക്കുമായിരുന്നു എന്നും മനോജ് കുമാര്‍ പറഞ്ഞു. ഇത്തരം പ്രസംഗങ്ങള്‍ രാജ്യത്തിന്റെ ശാസ്ത്ര മേഖലയെ പ്രതികൂലമായി ബാധിക്കുമെന്ന് മനോജ് കുമാര്‍ പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍