UPDATES

ന്യൂസ് അപ്ഡേറ്റ്സ്

“ദാസ് ക്യാപിറ്റൽ വായിച്ചതോടെ ഞാൻ കമ്മ്യൂണിസ്റ്റായി”: കഫെ കോഫീ ഡേ ഉടമ സിദ്ധാർത്ഥ എഴുതി

അച്ഛൻ 1985ൽ എന്റെ പക്കൽ ഏഴര ലക്ഷം രൂപയാണ് എല്‍പ്പിച്ചത്. ഈ പണം തീർന്നാൽ നിനക്ക് വീട്ടിലേക്ക് വരാം എന്നദ്ദേഹം പറഞ്ഞു.

കഫെ കോഫീ ഡേ ഉടമ വിജി സിദ്ധാർത്ഥ ഔട്ലുക്കിൽ 2016ൽ എഴുതിയ ലേഖനത്തിൽ നിന്ന്

ഞാൻ മാംഗളൂരിലെ സെന്റ് അലോഷ്യസ് കോളജില്‍ സാമ്പത്തിക ശാസ്ത്രമാണ് പഠിച്ചത്. ഈ വിഷയം പതുക്കെ എനിക്കുള്ളിൽ വളർന്നു. പക്ഷെ, എന്നിൽ അവിടെ ഏറ്റവും താല്‍പ്പര്യം ജനിപ്പിച്ച കാര്യം തൊട്ടടുത്തുള്ള കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പബ്ലിക് ലൈബ്രറിയായിരുന്നു. മെമ്പർഷിപ്പ് ഫീസ് 10 രൂപയായിരുന്നു. എല്ലാ ആഴ്ചയും ഓരോ വലിയ പുസ്തകം വീതം എടുക്കാൻ കഴിയും! ദാസ് ക്യാപിറ്റൽ വായിച്ചതോടെ ഞാൻ കാൾ മാർക്സിന്റെ ഒരു ആരാധകനായി മാറി. അക്കാലത്ത് കമ്മ്യൂണിസ്റ്റ് വ്യവസ്ഥയാണ് ഏറ്റവും മികച്ചതെന്ന ബോധ്യം എനിക്കുണ്ടായി. പിന്നീട് അതിൽ നിന്നും തിരിഞ്ഞു. ഞാൻ സ്റ്റാലിനെക്കുറിച്ച് വായിച്ചു. റഷ്യൻ ഭരണവ്യവസ്ഥയെക്കുറിച്ച് വായിച്ചു. ഈ മനുഷ്യരെല്ലാം രാജാക്കന്മാരെപ്പോലെയാണ് ജീവിച്ചത്. ന്യായീകരിക്കത്തക്കതായിരുന്നില്ല അത്.

എനിക്ക് റോബിൻ ഹൂഡ് ആകണമായിരുന്നു. പണക്കാരനെ കൊള്ളയടിച്ച് പാവപ്പെട്ടവർക്ക് കൊടുക്കണമായിരുന്നു. പിന്നീട് ഞാൻ മനസ്സിലാക്കി, ഇന്ത്യ ശരിക്കും ദരിദ്രമാണ്. കൊള്ളയടിക്കാൻ യാതൊന്നുമില്ല. നല്ലത്, സ്വയം പണമുണ്ടാക്കുകയാണെന്ന് എനിക്ക് തോന്നി. സ്വന്തമായി ബിസിനസ് തുടങ്ങുക. എനിക്ക് സ്വന്തമായി ബിസിനസ് തുടങ്ങണമെന്ന് പറഞ്ഞപ്പോൾ എന്റെ അച്ഛൻ പറഞ്ഞത് ഇത്രയുമാണ്: “മണ്ടത്തരം!” എന്തിനു പിന്നാലെയാണ് നീ പോകുന്നത്? അദ്ദേഹം ചോദിച്ചു. “ഇതൊരു നല്ല ജീവിതമാണ്,” എന്റെ ഉത്തരം.

എന്റെ കുടുംബത്തിൽ കൂടുതൽ പണമുണ്ടാക്കുന്നത് നല്ല കാര്യമായി ഒരു കാലത്തും കണ്ടിരുന്നില്ല. ധാരാളം പണമുണ്ടാക്കുന്നതും ധാരാളം ചെലവിടുന്നതുമായ ആളുകളെ പാഴായാണ് കണ്ടിരുന്നത്. അവർക്ക് വലിയ ബഹുമാനമൊന്നും ലഭിച്ചിരുന്നില്ല. സമൂഹത്തിനു വേണ്ടി നല്ലത് ചെയ്യുന്നവരാണ് കൂടുതൽ ബഹുമാനിക്കപ്പെട്ടിരുന്നത്. എന്റെ ജന്മനാട്ടില്‍ അത്തരം ചില കഥകൾ ഞാൻ കേട്ടിരുന്നു. നാടിന് നല്ലത് ചെയ്ത് മരിച്ചുപോയവർ. അവരെ നാട്ടുകാർ എന്നും ഓർ‌ത്തു. 1920 ബസ് സർവ്വീസ് തുടങ്ങുകയും ഏറ്റവും വലിയ കാപ്പി കർഷകനായി മാറുകയും ചെയ്ത ഒരാളെക്കുറിച്ച് ആളുകൾ പറയുന്നത് ഞാൻ പലതവണ കേൾക്കുകയുണ്ടായി. അദ്ദേഹമായി എന്റെ റോൾ മോഡൽ. സമ്പന്നരായ അത്തരമാളുകൾ നിരവധി അവിടെയുണ്ടായിരുന്നു. അവർ പാവങ്ങളെ കൈയയച്ച് സഹായിച്ചു. വിവാഹങ്ങൾക്കും വിദ്യാഭ്യാസത്തിനും അവർ പണം നൽകി. അവരെ ജനങ്ങൾ സ്നേഹിച്ചു. എന്റെ അച്ഛൻ എപ്പോഴും പറയുമായിരുന്നു: “സൽപ്പേരാണ് സമ്പത്തിനെക്കാൾ വലുത്,” എന്റെ മക്കളായി ഇഷാനോടും അമർത്യയോടും ഞാൻ ഇതുതന്നെ പറഞ്ഞു കൊണ്ടിരിക്കുന്നു.

അച്ഛൻ 1985ൽ എന്റെ പക്കൽ ഏഴര ലക്ഷം രൂപയാണ് എല്‍പ്പിച്ചത്. ഈ പണം തീർന്നാൽ നിനക്ക് വീട്ടിലേക്ക് വരാം എന്നദ്ദേഹം പറഞ്ഞു. അഞ്ച് ലക്ഷം രൂപ കൊടുത്ത് ഞാൻ കുറച്ച് ഭൂമി വാങ്ങി. അതായിരുന്നു എന്റെ സുരക്ഷിതത്വം. ബാക്കുള്ള പണം കൊണ്ട് ഞാനൊരു ഓഫീസ് തയ്യാറാക്കി. അതായിരുന്നു എന്റെ തുടക്കം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍