റാഫേൽ രേഖകളുടെ 'അനധികൃതമായ പകർപ്പുകളെ'ടുത്തത് മോഷണസമാനമായ പ്രവൃത്തിയാണെന്നും, അവ ശത്രുക്കളുടെ കൈവശമെത്തിയതിനാൽ ദേശീയ സുരക്ഷ അപകടത്തിലാണെന്നും കേന്ദ്ര സർക്കാർ കോടതിയെ അറിയിച്ചു. റാഫേൽ കേസിൽ 2018 ഡിസംബറിൽ കേസിൽ അന്വേഷണം ആവശ്യമില്ലെന്നു കാട്ടി സുപ്രീംകോടതി പുറപ്പെടുവിച്ച ഉത്തരവിനെ ചോദ്യം ചെയ്ത് സമർപ്പിക്കപ്പെട്ട രണ്ട് ഹരജികളിന്മേലുള്ള വാദങ്ങൾക്കിടെയാണ് കേന്ദ്രം ഈ നിലപാട് മുമ്പോട്ടു വെച്ചത്.
രഹസ്യ രേഖകളെ ആശ്രയിച്ച് ഡിസംബറിലെ വിധിയെ പുനപ്പരിശോധിക്കണം എന്നാവശ്യപ്പെടുന്നവർ ഔദ്യോഗിക രഹസ്യ നിയമം ലംഘിക്കുകയാണെന്ന് കേന്ദ്രം കോടതിയെ ബോധിപ്പിച്ചു.
പ്രതിരോധ മന്ത്രാലയത്തിൽ നിന്നും സംഘടിപ്പിച്ച രേഖകൾ ചേർത്ത് ദി ഹിന്ദു ദിനപ്പത്രത്തിൽ വന്ന റിപ്പോർട്ടുകളെ ലാക്കാക്കിയാണ് കേന്ദ്രം ഈ വാദം കോടതിയിലുന്നയിച്ചത്. ഫ്രാന്‍സിൽ നിന്നും റാഫേൽ വിമാനങ്ങൾ വാങ്ങുന്നതിൽ പ്രധാനമന്ത്രിയുടെ ഓഫീസ് നടത്തിയ ഇടപെടലുകൾ പ്രതിരോധ മന്ത്രാലയം നിയോഗിച്ച വിലപേശൽ സംഘത്തിന് വിഘാതങ്ങൾ സൃഷ്ടിച്ചുവെന്നും, ബാങ്ക് ഗ്യാരണ്ടി ലഭിക്കുന്നതിനു വേണ്ടിയുള്ള ശ്രമങ്ങൾ പരാജയപ്പെടാൻ കാരണമായെന്നും, ഇത് വിമാനങ്ങളുടെ വില കുത്തനെ ഉയരാനിടയാക്കി എന്നും തെളിയിക്കുന്ന രേഖകളാണ് ഹിന്ദു ദിനപ്പത്രം പുറത്തുവിട്ടത്. കോടതിയില്‍ അറ്റോർണി ജനറൽ കെകെ വേണുഗോപാൽ ഹിന്ദു ദിനപ്പത്രം രേഖകൾ മോഷ്ടിച്ചെന്നും. ഔദ്യോഗിക രഹസ്യ നിയമപ്രകാരം നടപടി വേണമെന്നും ആവശ്യമുന്നയിച്ചത് വിവാദമായിരുന്നു.
പ്രതിരോധ മന്ത്രാലയത്തിൽ നിന്നുള്ള രേഖകൾ മോഷ്ടിക്കപ്പെട്ടെന്ന് സമ്മതിക്കുന്നതിലൂടെ തന്റെ റിപ്പോർട്ടിനെ കേന്ദ്ര സർക്കാർ അംഗീകരിച്ചതിൽ സന്തോഷമറിയിച്ച് എൻ റാം രംഗത്തു വന്നിരുന്നു. ഇതെത്തുടർന്ന് കോടതിക്ക് പുറത്ത് ഒരു വാർത്താ ഏജൻസിക്ക് നൽകിയ അഭിമുഖത്തിൽ താൻ രേഖകൾ മോഷ്ടിക്കപ്പെട്ടെന്ന് പറഞ്ഞിട്ടില്ലെന്ന് അറ്റോർണി ജനറൽ അവകാശപ്പെടുകയുണ്ടായി. എന്നാൽ, ഇതിനെയും പരോക്ഷമായി ഖണ്ഡിക്കുന്ന നിലപാടാണ് ഇന്ന് കേന്ദ്രം കോടതിയിലെടുത്തിട്ടുള്ളത്.