TopTop

ബിജെപിയില്‍ പൊട്ടിത്തെറി; മോദിക്കും ജയ്‌റ്റ്ലിക്കുമെതിരെ ആഞ്ഞടിച്ച് യശ്വന്ത് സിന്‍ഹ

ബിജെപിയില്‍ പൊട്ടിത്തെറി; മോദിക്കും ജയ്‌റ്റ്ലിക്കുമെതിരെ ആഞ്ഞടിച്ച് യശ്വന്ത് സിന്‍ഹ
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലിക്കുമെതിരെ ആഞ്ഞടിച്ച് മുന്‍ കേന്ദ്ര മന്ത്രിയും മുതിര്‍ന്ന ബി.ജെ.പി നേതാവുമായ യശ്വന്ത് സിന്‍ഹ. രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥ മോദി ഭരണത്തില്‍ താറുമാറായെന്നും ജയ്റ്റ്‌ലിയുടെ ധനകാര്യ നയമാണ് ഇതിന് പ്രധാന കാരണമെന്നും സിന്‍ഹ കുറ്റപ്പെടുത്തുന്നു. പട്ടിണി എന്നത് താന്‍ താഴേത്തട്ടു മുതല്‍ കാണാന്‍ തുടങ്ങിയതെന്നാണ് പ്രധാനമന്ത്രി പറയുന്നത്. അദ്ദേഹത്തിന്റെ ധനമന്ത്രി മുഴുവന്‍ ഇന്ത്യക്കാരും അത് താഴേത്തട്ടു മുതല്‍ അനുഭവിക്കട്ടെ എന്ന രീതിയാണ് നടപ്പാക്കുന്നതെന്നും യശ്വന്ത് സിന്‍ഹ ഇന്ത്യന്‍ എക്‌സ്പ്രസ് എഡിറ്റ് പേജില്‍ എഴുതിയ എനിക്കിപ്പോള്‍ സംസാരിക്കണംം എന്ന ലേഖനത്തില്‍ കുറ്റപ്പെടുത്തുന്നു.

2014 തെരഞ്ഞെടുപ്പിനു മുമ്പു തന്നെ ജയ്റ്റ്‌ലിയായിരിക്കും ധനമന്ത്രിയാവുക എന്ന് ഉറപ്പിച്ചിരുന്നു. എന്നാല്‍ അമൃത്സറില്‍ അദ്ദേഹം പരാജയപ്പെടുകയാണ് ചെയ്തത്. 1998-ല്‍ ഇത്തരമൊരു സാഹചര്യമുണ്ടായപ്പോള്‍ അന്ന് പ്രധാനമന്ത്രിയായിരുന്ന എ.ബി വാജ്‌പേയി ചെയ്തത് അദ്ദേഹത്തിന്റെ ഏറ്റവും അടുപ്പക്കാരായിരുന്നിട്ടു കൂടി ജസ്വന്ത് സിംഗിനും പ്രമോദ് മഹാജനും മന്ത്രിപദവി നിഷേധിക്കുകയായിരുന്നു. എന്നാല്‍ മോദി ചെയ്തത് ജയ്റ്റ്‌ലിയെ വളഞ്ഞ വഴിക്ക് ധനകാര്യ മന്ത്രിയാക്കുക മാത്രമല്ല, പ്രതിരോധം, കോര്‍പറേറ്റ് അഫയേഴ്‌സ്, ഓഹരി വിറ്റഴിക്കല്‍ വകുപ്പുകളുടെ ചുമതല കുടി നല്‍കുകയായിരുന്നു. ഇപ്പോഴും ജയ്റ്റ്‌ലി മൂന്ന് വകുപ്പുകള്‍ കൈവശം വയ്ക്കുന്നു. താന്‍ ധനകാര്യ മന്ത്രിയായിരുന്ന ആളാണ്. ഈ വകുപ്പില്‍ 24 മണിക്കൂറും ഒരാളുടെ ശ്രദ്ധ ആവശ്യമാണ്. എന്നാല്‍ ജയ്റ്റ്‌ലിയെ പോലുള്ള ഒരു സൂപ്പര്‍മാന്‍ അതില്‍ പരാജയപ്പെട്ടിരിക്കുകയാണെന്നും അദ്ദേഹം പറയുന്നു.

താന്‍ ഇപ്പോള്‍ പറയുന്നത് ബി.ജെ.പിയിലെ വലിയൊരു വിഭാഗത്തിനു വേണ്ടിയാണെന്നും അവരാരും പേടി കൊണ്ടാണ് മിണ്ടാതിരിക്കുന്നതെന്നും യശ്വന്ത് സിന്‍ഹ പറയുന്നു. എന്നാല്‍ താന്‍ ഇപ്പോള്‍ ഇത് പറഞ്ഞില്ലെങ്കില്‍ രാജ്യത്തോടുള്ള കടമ താന്‍ നിര്‍വഹിക്കാതിരിക്കുന്നതിനു തുല്യമാണെന്നും അദ്ദേഹം പറയുന്നു. നേരത്തെ തന്നെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നെങ്കിലും നോട്ട് നിരോധനത്തിനെതിരെ ബി.ജെ.പിയിലെ ഒരു മുതിര്‍ന്ന അംഗം തന്നെ നേരിട്ട് രംഗത്തു വരുന്നത് ആദ്യമായാണ്. മോദി-അമിത് ഷാ ദ്വന്ദത്തിനെതിരെ ബി.ജെ.പിയില്‍ പുകഞ്ഞുകൊണ്ടിരിക്കുന്ന അതൃപ്തിയുടെ കൂടി ബാക്കിയായാണ് യശ്വന്ത് സിന്‍ഹയുടെ പുതിയ ലേഖനത്തെ കരുതപ്പെടുന്നത്. അദ്ദേഹത്തിന്റെ മകന്‍ മോദി മന്ത്രിസഭയില്‍ അംഗവുമാണ്.

മോദി സര്‍ക്കാരില്‍ ജയറ്റ്‌ലിയുടെ തുടക്കം ഭാഗ്യവാനായ ധനമന്ത്രിയെന്ന നിലയിലായിരുന്നു. ഉദാരവത്കരണ കാലത്തെ മറ്റേത് ധനമന്ത്രിമാരേക്കാളും ഭാഗ്യവാന്‍. അന്താരാഷ്ട്ര ക്രൂഡ് ഓയില്‍ വില വലിയ തോതില്‍ ഇടിഞ്ഞിരുന്നു. എന്നാല്‍ ഈ സാഹചര്യം ഉപയോഗിക്കാന്‍ ജയ്റ്റ്‌ലിക്ക് കഴിഞ്ഞില്ല. എല്ലാ മേഖലകളിലും വളര്‍ച്ച ഇടിഞ്ഞിരിക്കുന്നു. വ്യാവസായിക ഉല്‍പ്പാദനം കുറഞ്ഞിരിക്കുന്നു. കാര്‍ഷികമേഖല തകര്‍ച്ചയിലാണ്. വലിയ കാര്‍ഷികഅനുബന്ധ വ്യവസായമായ പരുത്തി വ്യവസായം പ്രതിസന്ധി നേരിടുന്നു. കയറ്റുമതി കുത്തനെ കുറഞ്ഞു. നോട്ട് നിരോധനം വലിയ ദുരന്തമാണെന്ന് വ്യക്തമായിരിക്കുന്നു. ജി എസ് ടി വലിയ ആശയക്കുഴപ്പങ്ങളും പ്രശന്ങ്ങളും നിലനിര്‍ത്തിക്കൊണ്ടാണ് നടപ്പാക്കിയിരിക്കുന്നത്. നിരവധി പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടു. പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയുന്നില്ല. നോട്ട് നിരോധനമല്ല സാമ്പത്തികമാന്ദ്യത്തിന് കാരണമെന്നാണ് സര്‍ക്കാര്‍ പറയുന്നത്. ശരിയാണ്. പ്രതിസന്ധി അതിന് മുമ്പ് തന്നെ തുടങ്ങിയിരുന്നു. നോട്ട് നിരോധനം എരിതീയില്‍ എണ്ണ പകര്‍ന്നു എന്ന് മാത്രം.

2015ല്‍ ജിഡിപി കണക്കാക്കുന്ന രീതിയില്‍ മോദി സര്‍ക്കാര്‍ മാറ്റം വരുത്തിയിരുന്നു. ഇതിന്റെ ഫലമായി വളര്‍ച്ചാനിരക്ക് കൂടുതല്‍ കാണിക്കാന്‍ തുടങ്ങി. പഴയ കണക്ക് വച്ച് നോക്കിയാല്‍ ഇപ്പോഴത്തെ 5.7 ശതമാനം 3.7ഓ അതില്‍ കുറവോ മാത്രമേ കാണൂ. സാമ്പത്തിക ഉദ്ധാരണ പാക്കേജ് ധനമന്ത്രി വാഗ്ദാനം ചെയ്തിരുന്നെങ്കിലും ഒന്നും സംഭവിച്ചില്ല. ആകെ പുതുതായി ഉണ്ടായിരിക്കുന്നത് പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതിയാണ് പഞ്ച പാണ്ഡവന്മാരെ പോലെ അവര്‍ നമുക്ക് വേണ്ടി യുദ്ധം ജയിക്കുമെന്നാണ് പ്രതീക്ഷയെന്നും യശ്വന്ത് സിന്‍ഹ പരിഹസിച്ചു.

Next Story

Related Stories