UPDATES

കോൺഗ്രസ്സിൽ കൂട്ടരാജി; രാഹുൽ ഗാന്ധിക്ക് ഐക്യദാർഢ്യമെന്ന് വിശദീകരണം

എഐസിസി ജനറൽ സെക്രട്ടറിമാർ, യൂത്ത് കോൺഗ്രസ് നേതാക്കൾ, കോൺഗ്രസ് ഓഫീസില്‍ ചുമതലയുള്ളവർ എന്നിങ്ങനെയുള്ള എൺപതോളം പാർട്ടി നേതാക്കളാണ് രാഹുലിനെ പിന്തുണച്ച് കൂട്ടരാജിക്കത്ത് നൽകിയിരിക്കുന്നത്.

പാർട്ടി അധ്യക്ഷനെന്ന നിലയിൽ ലോക്സഭാ തെരഞ്ഞെടുപ്പിൽ സംഘടനയെ നയിച്ച രാഹുൽ ഗാന്ധിക്ക് പിന്തുണ പ്രഖ്യാപിച്ച് കോൺഗ്രസ് നേതാക്കൾ പാർട്ടി സ്ഥാനങ്ങളിൽ നിന്നും രാജിവെക്കുന്നതായി റിപ്പോർട്ട്. രാജിക്കത്ത് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. രാഹുൽ ഗാന്ധിയോടുള്ള ആദരവ് പ്രകടിപ്പിക്കുകയാണ് തങ്ങളെന്നാണ് രാജിക്കത്തിൽ പറയുന്നത്.

എഐസിസി ജനറൽ സെക്രട്ടറിമാർ, യൂത്ത് കോൺഗ്രസ് നേതാക്കൾ, കോൺഗ്രസ് ഓഫീസില്‍ ചുമതലയുള്ളവർ എന്നിങ്ങനെയുള്ള എൺപതോളം പാർട്ടി നേതാക്കളാണ് രാഹുലിനെ പിന്തുണച്ച് കൂട്ടരാജിക്കത്ത് നൽകിയിരിക്കുന്നത്.

പാർട്ടി അധ്യക്ഷ സ്ഥാനത്തു നിന്നും പിൻവാങ്ങുകയാണെന്ന നിലപാടിൽ രാഹുൽ ഗാന്ധി ഉറച്ചു നിൽക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് നേതാക്കളുടെ ഈ ഐക്യദാർഢ്യ പ്രഖ്യാപനം.

അതെസമയം കോൺഗ്രസ്സിൽ നേതൃത്വ പ്രതിസന്ധി നിലനിൽക്കുന്നുണ്ടെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. രാഹുൽ ഇല്ലെങ്കിൽ ആര് എന്ന പ്രശ്നത്തിന് ഇപ്പോഴും ഉത്തരമൊന്നുമില്ല. രാഹുലിൽ തന്നെ പ്രതീക്ഷയർപ്പിച്ചിരിക്കുകയാണ് കോൺഗ്രസ് നേതൃത്വത്തിലെ ഒരു വിഭാഗം.

രാഹുല്‍ തീരുമാനം മാറ്റാത്ത സാചര്യത്തില്‍ പകരക്കാരനെ കണ്ടെത്താന്‍ കോണ്‍ഗ്രസ് ബുദ്ധിമുട്ടുകയാണ് എന്ന് വേണുഗോപാല്‍ പറയുന്നു. മുഴുവന്‍ സമയവും കോണ്‍ഗ്രസ് പ്രവര്‍ത്തനത്തിനായി നീക്കി വയ്ക്കാം, എന്നാല്‍ പ്രസിഡന്റാകാന്‍ തയ്യാറല്ല എന്നാണ് രാഹുല്‍ ഗാന്ധിയുടെ ഉറച്ച നിലപാട്. പാര്‍ട്ടി പ്രസിഡന്റായി തുടരണം എന്ന ലോക്‌സഭ എംപിമാരുടെ ആവശ്യവും രാഹുല്‍ ബുധനാഴ്ച തള്ളി. പാര്‍ലമെന്ററി പാര്‍ട്ടി ചെയര്‍പേഴ്‌സണ്‍ സോണിയ ഗാന്ധിയുടെ അധ്യക്ഷതയില്‍ സഭയില്‍ സ്വീകരിക്കേണ്ട തന്ത്രങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ യോഗം ചേര്‍ന്നിരുന്നു. ഈ ചര്‍ച്ചയിലാണ് എംപിമാര്‍ ആവശ്യം ഉന്നയിച്ചത്.

തിരുച്ചിറപ്പള്ളി എംപി സുബ്ബുരാമന്‍ തിരുനാവുക്കരശര്‍ ആണ് ആദ്യം ആവശ്യം ഉയര്‍ത്തിയത്. ഇതിനെ പിന്തുണച്ച് ശശി തരൂരും മനീഷ് തിവാരിയും രംഗത്തെത്തിയ എംപിമാരെല്ലാം ഈ ആവശ്യം ഉയര്‍ത്തി. എന്നാല്‍ രാഹുല്‍ ഇതിനോട് ആദ്യം പ്രതികരിച്ചില്ലെന്ന് ദ ഹിന്ദു റിപ്പോര്‍ട്ട് ചെയ്യുന്നു. പിന്നീട് രാഹുല്‍ ഇതേക്കുറിച്ച് പറഞ്ഞത് 24 മണിക്കൂറും കോണ്‍ഗ്രസിനായി പ്രവര്‍ത്തിക്കാന്‍ തയ്യാറാണ് എന്നും എന്നാല്‍ അത് പാര്‍ട്ടി പ്രസിഡന്റായിട്ട് ആയിരിക്കില്ല എന്നുമാണ്.

നിയമസഭ തിരഞ്ഞെടുപ്പ് അടുത്ത മഹാരാഷ്ട്രയിലേയും ഹരിയാനയിലേയും നേതാക്കളുമായി രാഹുല്‍ ചര്‍ച്ച നടത്തുന്നതിന് മുമ്പായാണ് രാജിയില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ വീണ്ടും ശ്രമം നടക്കുന്നത്. രാജി പിന്‍വലിക്കണം എന്ന് ആവശ്യപ്പെട്ട് 12 തുഗ്ലക് ലേനിലെ രാഹുലിന്റെ വീടിന് മുന്നില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തടിച്ചുകൂടിയിരുന്നു. കഴിഞ്ഞദിവസം രാഹുല്‍ എന്‍സിപി എംപിയും പാര്‍ട്ടി അധ്യക്ഷന്‍ ശരദ് പവാറിന്റെ മകളുമായ സുപ്രിയ സുലെയെ കാണുകയുണ്ടായി. ഇരുനേതാക്കളും നിയസഭ തിരഞ്ഞെടുപ്പ് സംബന്ധിച്ച് ചര്‍ച്ച നടത്തി. മേയ് 25ന് കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി യോഗത്തിലാണ് രാജി വയ്ക്കുമെന്ന് രാഹുല്‍ ഗാന്ധി പ്രഖ്യാപിച്ചത്. ലോക്‌സഭ തിരഞ്ഞെടുപ്പ് തോല്‍വിയുമായി ബന്ധപ്പെട്ട് മുതിര്‍ന്ന നേതാക്കള്‍ക്കെതിരെ രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും യോഗത്തില്‍ പൊട്ടിത്തെറിച്ചിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍