TopTop
Begin typing your search above and press return to search.

സമിതിക്ക് മുമ്പാകെ ഹാജരായി മടങ്ങിയ ആദ്യ ദിനം അജ്ഞാത ബൈക്കുകൾ പിന്തുടർന്നു; ചീഫ് ജസ്റ്റിസിനെതിരായ പീഡന പരാതിയിൽ വെളിപ്പെടുത്തലുമായി യുവതി

സമിതിക്ക് മുമ്പാകെ ഹാജരായി മടങ്ങിയ ആദ്യ ദിനം അജ്ഞാത ബൈക്കുകൾ പിന്തുടർന്നു; ചീഫ് ജസ്റ്റിസിനെതിരായ പീഡന പരാതിയിൽ വെളിപ്പെടുത്തലുമായി യുവതി
സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിക്കെതിരെ ലൈംഗികപീഡന ആരോപണം ഉന്നയിച്ച മുന്‍ സുപ്രീംകോടതി ഉദ്യോഗസ്ഥ ആഭ്യന്തര സമിതിയുടെ നടപടികളില്‍ നിന്നും പിന്‍മാറിക്കൊണ്ട് നടത്തിയ വെളിപ്പെടുത്തലിൽ ഗുരുതര ആരോപണങ്ങൾ. സമിതിക്ക് സുതാര്യതയില്ലെന്നും നീതി കിട്ടുമെന്ന പ്രതീക്ഷയില്ലെന്നും ആയതിനാല്‍ സമിതിയുമായി ഇനി സഹകരിക്കില്ലെന്നും വ്യക്തമാക്കിക്കൊണ്ട് പുറത്തിറക്കിയ വാർത്താ കുറിപ്പിലാണ് സംഭവത്തെ കുറിച്ചും, വിവരം പുറത്ത് അറിഞ്ഞതിന് ശേഷം നേരിട്ട വെല്ലുവിളികളും വിവരിക്കുന്നത്. അരോപണം പുറത്ത് വന്നതിന് പിറകെ യുവതി നൽകിയിട്ടുള്ള പരാതിയും മറ്റ് രേഖകളും ഉൾപ്പെടുന്നതാണ് വാർത്താ കുറിപ്പ്.

“ഏപ്രില്‍ 26, 29 തീയതികളില്‍ നടന്ന സമിതി യോഗങ്ങളില്‍ ഏറെ വിശ്വാസത്തോടെയാണ് ഞാന്‍ പങ്കെടുത്തത്. ഈ സമിതി എന്നോടു നീതി കാണിക്കുമെന്നും എന്റെ സാഹചര്യങ്ങളെ കണക്കിലെടുക്കുമെന്നും ഞാന്‍ കരുതി. പുറത്തുനിന്നുള്ള ന്യായാധിപര്‍ ഉള്‍പ്പെട്ട സമിതി വേണമെന്ന എന്റെ ആവശ്യം തള്ളിക്കളഞ്ഞു പകരം രൂപീകരിച്ചത് ചീഫ് ജസ്റ്റിസിന്റെ ജൂനിയര്‍ ആയ ന്യായാധിപര്‍ അടങ്ങിയ സമിതി ആയിരുന്നിട്ടും വളരെ പ്രതീക്ഷയോടെയാണ് ഞാന്‍ നടപടിക്രമങ്ങളില്‍ പങ്കെടുത്തത്.” അവര്‍ പറഞ്ഞു.

എന്നാൽ, ചീഫ് ജസ്റ്റിസിനെതിരെ പരാതിയുമായി രംഗത്തെത്തിയതിന് പിറകെ തനിക്ക് ഭീഷണികൾ ഉണ്ടെന്ന സൂചനയും അവർ പത്രക്കുറിപ്പിൽ ആരോപിക്കുന്നു. ആദ്യ ദിവസം സമിതിക്ക് മുമ്പാകെ ഹാജരായി മടങ്ങിയതിന് പിറകെ തന്റെ കാറിനെ രണ്ട് ബൈക്കുകൾ പിന്തുടർന്നെന്നും അവർ പറയുന്നു. നമ്പര്‍ പൂര്‍ണ്ണമായും ശ്രദ്ധിക്കാന്‍ കഴിഞ്ഞില്ല എന്നും അവര്‍ പറയുന്നു. ഇതിന് പിന്നാലെയാണ് താൻ സമിതി അധ്യക്ഷൻ ബോബ്ഡേക്ക് ഇക്കാര്യം ഉൾപ്പെടെ ചൂണ്ടിക്കാട്ടി കത്ത് നൽകിയത്. കോടതി നടപടികൾ ഉള്‍പ്പെടെ വീഡിയോ പകർത്തണം എന്നും ചോദ്യം ചെയ്യുമ്പോൾ അഭിഭാഷകനെ അനുവദിക്കണം എന്നുൾപ്പെടെയായിരുന്നു അന്ന് നൽകിയ കത്തിലെ ആവശ്യങ്ങൾ. കേന്ദ്ര സര്‍ക്കാറിലെ തന്നെ മുതിർന്ന അംഗമായ ധനമന്ത്രി അരുൺ ജയ്റ്റ്ലി രഞ്ജൻ ഗൊഗോയിയെ പിന്തുണച്ച് രംഗത്തെത്തിയത് തന്റ എതിരാളികൾ ശക്തരാണെന്നതിന്റെ തെളിവാണെന്നും അവർ ആരോപിച്ചിരുന്നു.

കഴിഞ്ഞ ഏപ്രില്‍ 19നാണ് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് ലൈംഗികമായി പീഡിപ്പിച്ചു എന്ന പരാതിയുമായി സുപ്രീം കോടതി മുന്‍ ജീവനക്കാരി എത്തിയത്. 22 സുപ്രീം കോടതി ജഡ്ജിമാര്‍ക്ക് കത്ത് നല്‍കുകയായിരുന്നു. 2018 ഒക്ടോബര്‍ 10, 11 തീയതികളില്‍ ഡല്‍ഹിയിലെ ചീഫ് ജസ്റ്റിസിന്റെ ഔദ്യോഗിക വസതിയിലെ ഓഫീസില്‍ വച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചു എന്നാണ് യുവതിയുടെ ആരോപണം. ഇതേ തുടര്‍ന്ന് സുപ്രീം കോടതി അസാധാരണ സിറ്റിംഗ് നടത്തുകയായിരുന്നു.

ഏപ്രില്‍ 23നു പരാതി പരിശോധിക്കാന്‍ ജഡ്ജിമാരുടെ മുന്നംഗ സമിതിയെ നിയോഗിച്ചു. ജസ്റ്റിസ് എസ് എ ബോബ്ഡേ അദ്ധ്യക്ഷനായ മൂന്നംഗ സമിതില്‍ ജസ്റ്റിസ് എൻ വി രമണ, ഇന്ദിര ബാനർജി എന്നിവരായിരുന്നു അംഗങ്ങള്‍. ജസ്റ്റിസ് രമണ ചീഫ് ജസ്റ്റീസിന്റെ അടുത്ത സുഹൃത്താണ് എന്നു പരാതിക്കാരി ചൂണ്ടിക്കാണിച്ചതിനെ തുടര്‍ന്ന് പകരം ഇന്ദു മല്‍ഹോത്രയെ ഉള്‍പ്പെടുത്തുകയായിരുന്നു.

ലൈംഗികാരോപണത്തിന് പിന്നിൽ ഗൂഡാലോചനയുണ്ടെന്ന് പറഞ്ഞു പരാതിയില്‍ സുപ്രീം കോടതി അന്വേഷണം പ്രഖ്യാപിച്ചിരുന്നു. വിരമിച്ച ജഡ്ജി എകെ പട്‌നായികിന്റെ മേല്‍നോട്ടത്തിലാണ് അന്വേഷണം നടത്തുക. ചീഫ് ജസ്റ്റിസിനെതിരായ ആരോപണത്തിന് പിന്നില്‍ ഗൂഢാലോചന ഉണ്ടെന്ന അഭിഭാഷകന്റെ വെളിപ്പെടുത്തല്‍ പരിഗണിച്ചാണ് കോടതി ഉത്തരവ്. സിബിഐ, ഇന്റലിജന്‍സ് ബ്യൂറോ, ഡല്‍ഹി പൊലീസ് എന്നിവ അന്വേഷണത്തില്‍ സഹായിക്കണമെന്ന് കോടതി ആവശ്യപ്പെട്ടു.

ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊയോയ്ക്കെതിരായ ആരോപണത്തിനു പിന്നില്‍ ഒരു കോര്‍പറേറ്റ് സ്ഥാപനവും കോടതിയിലെ ചില ജീവനക്കാരും ആണെന്ന് ആരോപിച്ച് അഭിഭാഷകനായ ഉത്സവ് സിംഗ് ബെയിന്‍സ് സമർപ്പിച്ച ഹർ‌ജി പരിഗണിച്ചായിരുന്നു കോടതി ഗൂഡാലോചന സംബന്ധിച്ച് ഉത്തരവിട്ടത്. ഉത്സവ് സിങ് ബെയിന്റെ ആരോപണം. കോടതി നടപടികളെ സ്വാധീനിക്കാനുള്ള ശ്രമം വളരെ ഗൗരവത്തോടെ കാണണമെന്നും നീതിന്യായ സംവിധാനത്തിന്റെ നിലനില്‍പിനെ ബാധിക്കുന്ന വിഷയമാണിതെന്നും ജസ്റ്റിസ് അരുണ്‍ മിശ്ര നിരീക്ഷിച്ചു. തനിക്കെതിരെ ഉന്നതതല ഗൂഢാലോചന നടന്നതായി നേരത്തെ ചീഫ് ജസ്റ്റിസ് ആരോപിച്ചിരുന്നു. എന്നാൽ, ചീഫ് ജസ്റ്റിസിനെതിരായ ലൈംഗിക പീഡന പരാതിയില്‍ നടക്കുന്ന ആഭ്യന്തര അന്വേഷണത്തെ ഗൂഢാലോചന ആരോപണത്തിലെ അന്വേഷണം ബാധിക്കില്ലെന്നും സുപ്രീം കോടതി ബഞ്ച് വ്യക്തമാക്കിയിരുന്നു.

എന്നാൽ, സമിതിക്ക് സുതാര്യതയില്ലെന്നും നീതി കിട്ടുമെന്ന പ്രതീക്ഷയില്ലെന്നും ആയതിനാല്‍ സമിതിയുമായി ഇനി സഹകരിക്കില്ലെന്നും വ്യക്തമാക്കിയാണ് ജസ്റ്റിസ് എസ് ഇ ബോബ്ഡെ, ജസ്റ്റിസ് ഇന്ദിര ബാനര്‍ജി, ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര എന്നിവര്‍ അംഗങ്ങളായ സുപ്രീം കോടതിയുടെ ആഭ്യന്തര സമിതിയുടെ നടപടി ക്രമങ്ങളില്‍ നിന്നാണ് പരാതിക്കാരി പിന്മാറിയത്.

Next Story

Related Stories