സോഷ്യൽ വയർ

ബിജെപി വക്താവിന്റെ മണ്ടത്തരം കേട്ട് ചിരിച്ച് വയറുളുക്കി ട്വിറ്റർ ലോകം; തലയ്ക്ക് കൈകൊടുത്ത് കോൺഗ്രസ്സ് നേതാവ്; ദുരന്തമുഖത്ത് അകപ്പെട്ട് വാർത്താവതാരകൻ

2019ലെ വൻ തമാശയെന്ന വിശേഷണത്തോടെയാണ് സർദേശായി വീഡിയോ പങ്കുവെച്ചത്.

ബിജെപിയുടെ ദേശീയ വക്താവ് ഷാനവാസ് ഹുസൈൻ ഒരു ചാനൽ ചർച്ചയിൽ തട്ടിവിട്ട മണ്ടത്തരം സോഷ്യൽ മീഡിയ ആഘോഷിക്കുകയാണ്. ആജ്തക് ചാനലില്‍ റാഫേൽ കരാറുമായി ബന്ധപ്പെട്ട് പാർലമെന്റിൽ നടന്ന ചർച്ചയും അതിൽ പ്രതിരോധമന്ത്രി നിർമലാ സീതാരാമൻ നടത്തിയ പ്രസ്താവനകളുമെല്ലാം ചർച്ച ചെയ്യുകയായിരുന്നു. നിഷാന്ത് ചതുർവേദിയാണ് അവതാരകൻ.

എച്ച്എഎലിന്റെ സിഎംഡി ആർ മാധവൻ കമ്പനിയുടെ ഇപ്പോഴത്തെ സ്ഥിതി വിവരിച്ചത് അവതാരകൻ വായിക്കുന്നു. “എച്ച്എഎലിന്റെ കാഷ് ഇൻ ഹാൻഡ് നെഗറ്റീവാണ്. ദൈനംദിന നടത്തിപ്പിന് ആയിരം കോടിയുടെ ഓവർ‌ഡ്രാഫ്റ്റ് എടുക്കേണ്ടി വരും” ഇതിനിടയിൽ ഷാനവാസ് ഹുസൈൻ കയറി ഇടപെട്ടു. ‘നമ്മുടേത് കാഷ്‌ലെസ് ഇക്കോണമി അല്ലേ’യെന്ന് ചോദ്യം. തമാശ പറയുകയാണോ എന്നറിയാതെ കുഴങ്ങിയ അവതാരകൻ ഇതൊരു ഗൗരവമേറിയ ചർച്ചയാണെന്നും അലമ്പുണ്ടാക്കരുതെന്നും ആവശ്യപ്പെടുന്നു. എന്നാൽ തന്റെ അഭിപ്രായം അതിനെക്കാൾ ഗൗരവമേറിയതാണെന്ന മട്ടിൽ ബിജെപി വക്താവ് വീണ്ടും ഇപ്രകാരം പറയുന്നു: ‘നമ്മുടേത് കാഷ്‌ലെസ് ഇക്കോണമി അല്ലേ? പിന്നെന്തിനാണ് കാഷ് ഇൻ ഹാൻഡ്?’

ഇത് കേട്ടതും ചർച്ചയിൽ പങ്കെടുക്കുകയായിരുന്ന കോൺഗ്രസ്സിന്റെ വക്താവ് പവൻ ഖേര തലയിൽ കൈവെച്ചിരുന്നു പോയി. ദുരന്തമുഖത്ത് അകപ്പെട്ട പോലെ ഒന്ന് അന്ധാളിച്ച അവതാരകൻ പെട്ടെന്നു തന്നെ സ്വയം വീണ്ടെടുക്കുകയും പവൻ ഖേരയെ സംസാരിക്കാൻ ക്ഷണിക്കുകയും ചെയ്തു.

സോഷ്യൽ മീഡിയയിൽ ഹിറ്റായിക്കഴിഞ്ഞ ഈ വീഡിയോ പ്രശസ്ത മാധ്യമപ്രവർത്തകൻ രാജ്ദീപ് സർദേശായിയും പങ്കു വെച്ചിട്ടുണ്ട്. 2019ലെ വൻ തമാശയെന്ന വിശേഷണത്തോടെയാണ് സർദേശായി വീഡിയോ പങ്കുവെച്ചത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍