Top

'ശത്രു' ശരിക്കും ബിജെപിയുടെ ശത്രുവായോ?

2014ല്‍ മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന് അധികം വൈകാതെ തന്നെ ശത്രുഘന്‍ സിന്‍ഹ, നരേന്ദ്ര മോദി - അമിത് ഷാ ദ്വന്ദ്വ നേതൃത്വത്തിന്റെ അപ്രമാദിത്വത്തിനെതിരെ അസ്വാരസ്യങ്ങള്‍ പ്രകടിപ്പിച്ചിരുന്നു. ഒരു ഘട്ടത്തില്‍ കലാപക്കൊടി ഉയര്‍ത്തിയ ശത്രുഘന്‍, തന്നെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാന്‍ നേതൃത്വത്തെ വെല്ലുവിളിച്ചു. എന്നാല്‍ ലോക്‌സഭയില്‍ ബിഹാറിലെ പാറ്റ്‌ന സാഹിബിനെ പ്രതിനീധീകരിക്കുന്ന ശത്രുഘന്റെ കുത്തലുകള്‍ അവഗണിച്ചുവരുകയായിരുന്നു ബിജെപി നേതൃത്വം പൊതുവെ. മറ്റൊരു വിമത എംപി കീര്‍ത്തി ആസാദിനെ ബിജെപി സസ്‌പെന്‍ഡ് ചെയ്തിരുന്നു. പക്ഷെ കഴിഞ്ഞ ദിവസം ബിഹാര്‍ ഉപമുഖ്യമന്ത്രിയും ബിജെപി നേതാവുമായ സുശീല്‍കുമാര്‍ മോദി പൊട്ടിത്തെറിച്ചിരുന്നു. ബിജെപിയെ ഇത്തരത്തില്‍ ആക്രമിക്കുന്ന ശത്രുഘന്‍ പാര്‍ട്ടി വിട്ടുപോകണമെന്ന് സുശീല്‍ മോദി തുറന്നടിച്ചു.

കൊല്‍ക്കത്തയില്‍ തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷയും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയുമായ മമത ബാനര്‍ജിയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന റാലിയില്‍ പങ്കെടുക്കാനുള്ള ശത്രുഘന്റെ തീരുമാനമാണ് സുശീല്‍ മോദിയെ ചൊടിപ്പിച്ചത്. കേന്ദ്ര മന്ത്രിയാക്കുകയും രണ്ട് തവണ രാജ്യസഭയിലേയ്ക്കും രണ്ട് തവണ ലോക്‌സഭയിലേയ്ക്കും അയച്ച പാര്‍ട്ടിയെയാണ് ശത്രുഘന്‍ സിന്‍ഹ ഇങ്ങനെ നിരന്തരം കടന്നാക്രമിക്കുന്നത് എന്ന് സുശീല്‍ മോദി ഓര്‍മ്മിപ്പിച്ചു. ബിജെപി വിട്ട മുന്‍ കേന്ദ്ര മന്ത്രി യശ്വന്ത് സിന്‍ഹയുടെ ചീത്ത കൂട്ടുകെട്ടിലാണ് നിലവില്‍ ശത്രുഘന്‍ സിന്‍ഹ എന്നാണ് സുശീല്‍ മോദിയുടെ അഭിപ്രായം. റാഫേല്‍ കേസില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ളവര്‍ക്കെതിരെ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ച ഹര്‍ജിക്കാരില്‍ ഒരാള്‍ യശ്വന്ത് സിന്‍ഹയാണ്.

എന്നാല്‍ ശത്രുഘന്‍ സിന്‍ഹയെ ഇതൊന്നും ബാധിച്ചിട്ടില്ല. ഇന്ന് കൊല്‍ക്കത്തയിലെ പ്രതിപക്ഷ ഐക്യ റാലിയിലും പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും ബിജെപി സര്‍ക്കാരിനേയും സിന്‍ഹ കടന്നാക്രമിച്ചു. താന്‍ ബിജെപിക്കാരനാകുന്നതിന് മുമ്പ് ഇന്ത്യക്കാരനാണ് എന്ന് പറഞ്ഞ ശത്രുഘന്‍ സിന്‍ഹ, റാഫേലില്‍ ഉള്ള കാര്യങ്ങള്‍ വ്യക്തമായി പറഞ്ഞില്ലെങ്കില്‍ കാവല്‍ക്കാരന്‍ (പ്രധാനമന്ത്രി നരേന്ദ്ര മോദി) കള്ളനാണ് എന്ന് തന്നെ നാട്ടുകാര്‍ പറയും എന്ന് അഭിപ്രായപ്പെട്ടു. നോട്ട് നിരോധനത്തിനും ജി എസ് ടിക്കും എതിരായ തന്റെ മുന്‍ വിമര്‍ശനങ്ങള്‍ കൊല്‍ക്കത്തയില്‍ റാലിക്ക് മുമ്പായി മാധ്യമങ്ങളോട് സംസാരിക്കവേ ശത്രുഘന്‍ സിന്‍ഹ ആവര്‍ത്തിച്ചു. നോട്ട് നിരോധനം പാര്‍ട്ടി തീരുമാനമായിരുന്നില്ല. നോട്ട് നിരോധനവും പിന്നാലെ വന്ന ജി എസ് ടിയും സാധാരണക്കാരേയും വ്യാപാരികളേയും ദുരിതത്തിലാക്കി - ശത്രുഘന്‍ പറഞ്ഞു. ഒരോ റാഫേല്‍ വിമാനങ്ങളുടേയും വില പ്രധാനമന്ത്രി നരേന്ദ്ര മോദി ഇടപെട്ട് 41 ശതമാനം വര്‍ദ്ധിപ്പിച്ചതായി പറയുന്ന ദ ഹിന്ദു റിപ്പോര്‍ട്ട് റാലിയില്‍ ശത്രുഘന്‍ ചൂണ്ടിക്കാട്ടി. വിമാനങ്ങളുടെ ഭാഗങ്ങള്‍ പോയിട്ട് ഇതുവരെ ഒരു സൈക്കിള്‍ ചക്രം പോലും ഉണ്ടാക്കിയിട്ടില്ലാത്ത അനില്‍ അംബാനിയുടെ കമ്പനി എങ്ങനെയാണ് റാഫേല്‍ കരാറിന്റെ ഭാഗമായത് എന്ന് പ്രധാനമന്ത്രി വിശദീകരണമെന്നും ശത്രുഘന്‍ സിന്‍ഹ ആവശ്യപ്പെട്ടു.

ഇന്ധന വില വര്‍ദ്ധന, മോദി സര്‍ക്കാരിന്റെ വിവിധ നയങ്ങള്‍ തുടങ്ങിയവയിലെല്ലാം നിരന്തരം വിമത ശബ്ദവും വിമര്‍ശനവുമായി എത്തുന്നയാളാണ് ശത്രുഘന്‍ സിന്‍ഹ. പ്രതിപക്ഷ കക്ഷി അദ്ദേഹം വലിയ തോതില്‍ പ്രശംസിക്കാറുമുണ്ട്. ബോളിവുഡില്‍ തിളങ്ങി നിന്ന കാലത്ത് ശത്രു എന്നും അറിയപ്പെട്ട ശത്രുഘന്‍ സിന്‍ഹ ശരിക്കും ബിജെപിയുടെ ശത്രുവായോ എന്നതാണ് ചോദ്യം. ബിജെപി ഒരു ലിബറല്‍ ജനാധിപത്യ കക്ഷിയായി പ്രവര്‍ത്തിക്കണം എന്ന് വാദിക്കുന്ന ശത്രുഘന്‍ സിന്‍ഹ ഇപ്പോളും പറയുന്നത് പാര്‍ട്ടി വിടാന്‍ തനിക്ക് മനസില്ലെന്നും വേണമെങ്കില്‍ പുറത്താക്കട്ടെ എന്നുമാണ്.

Next Story

Related Stories