UPDATES

ട്രെന്‍ഡിങ്ങ്

“അവര്‍ ഞങ്ങള്‍ക്ക് അമ്മയെ പോലെ”, “സഖാവേ, നിങ്ങള്‍ കരുത്തോടെ തുടരുക” – ഗൗരി ലങ്കേഷിനെക്കുറിച്ച് മേവാനി, കനയ്യ, ഉമര്‍

Rest in Power Friend, Comrade, Mother,’ (സുഹൃത്തേ, സഖാവേ, അമ്മേ നിങ്ങള്‍ എന്നും കരുത്തോടെ തുടരുക) – ഉമര്‍ പറയുന്നു.

മാധ്യമപ്രവര്‍ത്തകയും ആക്ടിവിസ്റ്റും ബിജെപിയുടേയും സംഘപരിവാറിന്റേയും ഹിന്ദുത്വ – ഫാഷിസ്റ്റ് അജണ്ടകളുടെ കടുത്ത വിമര്‍ശകയുമായിരുന്ന ഗൗരി ലങ്കേഷിന്റെ കൊലപാതകത്തില്‍ നടുക്കം വിട്ടുമാറിയിട്ടില്ല. സ്വതന്ത്രമായ അഭിപ്രായപ്രകടനങ്ങളുടെ പേരില്‍ കൊല്ലപ്പെട്ട നരേന്ദ്ര ധബോല്‍ക്കര്‍, ഗോവിന്ദ് പന്‍സാരെ, എംഎം കല്‍ബുര്‍ഗി, എന്നിവര്‍ക്ക് ശേഷം അറിയപ്പെടുന്ന മറ്റൊരു പൊതുപ്രവര്‍ത്തക കൂടി തോക്കിനിരയായിരിക്കുകയാണ്. ഫാഷിസ്റ്റുകളുടെ അജണ്ടകളും അത്തരം പ്രസ്ഥാനങ്ങളിലെ നേതാക്കന്മാരുടെ അഴിമതിയും അവര്‍ തുറന്നുകാട്ടിയിരുന്നു. ജെഎന്‍യുവിലെ വിദ്യാര്‍ത്ഥി പ്രക്ഷോഭത്തിന് ശക്തമായ പിന്തുണയുമായി അവര്‍ രംഗത്തുണ്ടായിരുന്നു. കനയ്യകുമാറും ഉമര്‍ ഖാലിദും അടക്കമുള്ള ജെഎന്‍യു വിദ്യാര്‍ത്ഥിനേതാക്കളേയും ദളിത് നേതാവ് ജിഗ്നേഷ് മേവാനിയേയും തന്റെ ദത്തുപുത്രന്മാരായാണ് കാണുന്നതെന്ന് അവര്‍ പറഞ്ഞിരുന്നു. ഗൗരിയുടെ കൊലപാതകത്തിലെ വേദനയും നടുക്കവും ശക്തമായ പ്രതിഷേധവും മേവാനിയും കനയ്യയും ഉമര്‍ ഖാലിദും ഷെഹല റാഷിദും എല്ലാം രേഖപ്പെടുത്തി.

സംഘപരിവാറിനും ബിജെപിക്കും എതിരെ വിട്ടുവീഴ്ചയില്ലാതെയും നിര്‍ഭയമായും പോരാടിയതിന്റെ വിലയാണ് ഗൗരിക്ക് കൊടുക്കേണ്ടി വന്നിരിക്കുന്നതെന്ന് ജിഗ്നേഷ് മേവാനി ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. എതിര്‍പ്പുയര്‍ത്തുന്ന എല്ലാ ശക്തികളേയും എല്ലാ ശബ്ദങ്ങളേയും ഫാഷിസ്റ്റുകള്‍ കൊന്നൊടുക്കുകയും ഇല്ലാതാക്കുകയും ചെയ്യും. ജിഗ്നേഷ് എന്റെ നല്ല കുട്ടിയും കനയ്യ ചീത്ത കുട്ടിയുമാണെന്ന് ഗൗരി തമാശയായി പറയുമായിരുന്നു എന്ന് ജിഗ്നേഷ് ഓര്‍ത്തു. ഞങ്ങള്‍ രണ്ടുപേരോടും അവര്‍ക്ക് വലിയ സ്‌നേഹമായിരുന്നു. ഗുജറാത്തില്‍ നിന്ന് ഇനി അവര്‍ക്ക് വേണ്ടി ഖഖാര കൊണ്ടുവന്നു കൊടുക്കാന്‍ കഴിയില്ലല്ലോ – ജിഗ്നേഷ് വികാരാധീനനായി. ഇത് ജനാധിപത്യത്തിന്റേയും യുക്തിചിന്തകളുടേയും കൊലപാതകമാണ്. ഇത്ര സൗന്ദര്യമുള്ളൊരു ആത്മാവിനെ നശിപ്പിച്ച ദുഷ്ടശക്തികള്‍ തുലയട്ടെ. “ഗൗരീ, നിങ്ങള്‍ എല്ലായ്‌പ്പോഴും എന്റെ ഹൃദയത്തിലുണ്ടാകും. ഞങ്ങളുടെയൊക്കെ ഹൃദയത്തിലുണ്ടാകും” – മേവാനി കുറിച്ചു.

ഗൗരിയുടെ കൊലപാതകം പോരാട്ടങ്ങളെ ദുര്‍ബലപ്പെടുത്തില്ലെന്നും കൂടുതല്‍ ശക്തമാക്കുമെന്നും കനയ്യ കുമാര്‍ അഭിപ്രായപ്പെട്ടു. നിങ്ങള്‍ മരിച്ചിട്ടില്ല. ഞങ്ങള്‍ക്ക് ഭയവുമില്ല. ഞങ്ങളുടെ നിശ്ചയദാര്‍ഢ്യം മുന്നോട്ട് കൊണ്ടുപോകും. വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിന് ശക്തമായ പിന്തുണ നല്‍കിയ ആളാണ് ഗൗരി. വെറുപ്പിനെതിരായ പോരാട്ടത്തില്‍ അവര്‍ക്ക് ഭയമുണ്ടായിരുന്നില്ല – ഫേസ്ബുക്കിലും ട്വിറ്ററിലുമായി കനയ്യ എഴുതി.

ഗൗരി ലങ്കേഷിന്റെ കൊലപാതകം ശരിയായി അന്വേഷിച്ചാല്‍ സംഘപരിവാറിന്റെ ഭീകര ശൃംഘലയെ തുറന്നുകാട്ടാന്‍ കഴിയുമെന്ന് ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ മുന്‍ വൈസ് പ്രസിഡന്റും ഐസ നേതാവുമായ ഷെഹ്ല റാഷിദ് അഭിപ്രായപ്പെട്ടു. അഭിനവ് ഭാരത് അടക്കമുള്ള ഹിന്ദു തീവ്രവാദ സംഘടനകളുമായി സംഘപരിവാറിനുള്ള ബന്ധത്തെക്കുറിച്ചാണ് ഷെഹ്ല പറഞ്ഞത്. അതേസമയം ഒരു ഏജന്‍സിയും ഇത്തരത്തില്‍ അന്വേഷണം നടത്തുമെന്ന് കരുതുന്നില്ലെന്നും ഷെഹ്ല പറഞ്ഞു.

ഗൗരിയുടെ ആശയങ്ങളെ ഇല്ലാതാക്കാന്‍ കൊലയാളികളുടെ ബുള്ളറ്റിന് കഴിയില്ലെന്ന് ഉമര്‍ ഖാലിദ് ട്വിറ്ററില്‍ കുറിച്ചു. ഹിന്ദുത്വ ഫാഷിസ്റ്റ ശക്തികളുടെ ശക്തയായ വിമര്‍ശകയായിരുന്ന ഗൗരിയുടെ കൊലപാതകത്തില്‍ തനിക്കുള്ള നടുക്കവും അമര്‍ഷവും ഉമര്‍ രേഖപ്പെടുത്തി. അവര്‍ എന്നെ സംബന്ധിച്ച് ഒരു മാധ്യമപ്രവര്‍ത്തക എന്നതിന് അപ്പുറമായിരുന്നു. ജെഎന്‍യു വിദ്യാര്‍ത്ഥി പ്രക്ഷോഭങ്ങള്‍ക്ക് ശക്തമായ പിന്തുണ നല്‍കിയ അവര്‍ എന്നെ മകനെ പോലെയാണ് കണ്ടിരുന്നത്. അനിര്‍ഭനേയും (അനിര്‍ഭന്‍ ഭട്ടാചാര്യ) കനയ്യയേയും ജിഗ്നേഷ് മേവാനിയേയും എന്നേയും അവര്‍ ദത്തെടുത്തതാണെന്ന് പറഞ്ഞിരുന്നു. Rest in Power Friend, Comrade, Mother,’ (സുഹൃത്തേ, സഖാവേ, അമ്മേ നിങ്ങള്‍ എന്നും കരുത്തോടെ തുടരുക) – ഉമര്‍ പറയുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍