UPDATES

“സിന്ദാബാദ്, സിന്ദാബാദ്, കോമ്രേഡ് പാര്‍ട്ടി സിന്ദാബാദ്”; രാജസ്ഥാനിലെ ബഹുജന മുന്നേറ്റം

സ്വാമിനാഥന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കണമെന്നും വായ്പകള്‍ എഴുതിത്തള്ളണമെന്നും വിളകള്‍ക്ക് നഷ്ടപരിഹാരം വേണമെന്നും അടക്കമുള്ള 11 ഇന ആവശ്യങ്ങള്‍ മുന്നോട്ട് വച്ച് കിസാന്‍സഭ സംഘടിപ്പിക്കുന്ന കര്‍ഷകപ്രക്ഷോഭം ശക്തമായ ബഹുജനമുന്നേറ്റമായി മാറിയിരിക്കുന്നു.

“സിന്ദാബാദ്, സിന്ദാബാദ് കോമ്രേഡ് പാര്‍ട്ടി സിന്ദാബാദ്, അമ്രാറാം സിന്ദാബാദ്” – രാജസ്ഥാനിലെ സികാറില്‍ കര്‍ഷക വനിതകള്‍ വിളിക്കുന്ന മുദ്രാവാക്യമാണിത്. ജൂണ്‍ 17-ന് സംസ്ഥാനത്തെ കര്‍ഷകപ്രക്ഷോഭങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഓള്‍ ഇന്ത്യ കിസാന്‍ സഭ വിളിച്ചുചേര്‍ത്ത യോഗത്തില്‍ കര്‍ഷക പ്രക്ഷോഭം സംഘടിപ്പിക്കാന്‍ ധാരണയായിരുന്നു. ഇത് പ്രകാരം രാജസ്ഥാനിലെ സിപിഎമ്മിന്റെ ഏറ്റവും അറിയപ്പെടുന്ന നേതാവും പാര്‍ട്ടി കേന്ദ്ര കമ്മിറ്റി അംഗവും കിസാന്‍ സഭ പ്രസിഡന്റുമായ അമ്രാറാമാണ് പ്രക്ഷോഭത്തിന് നേതൃത്വം നല്‍കിയത്. 16 ജില്ലകളിലായി 17,000ത്തിലധികം കര്‍ഷകരാണ് പ്രക്ഷോഭത്തിന്റെ ഭാഗമായി അറസ്റ്റ് വരിച്ചത്. സെപ്റ്റംബര്‍ നാലിന് പ്രതീകാത്മകമായി വസുന്ധര രാജെ സര്‍ക്കാരിന്റെ ശവദാഹവും നടത്തി. സികാര്‍ ജില്ലയില്‍ നിന്ന് കര്‍ഷക പ്രക്ഷോഭമായി തുടങ്ങി വലിയ ബഹുജനമുന്നേറ്റമായി മാറിയ പ്രക്ഷോഭത്തെ ഏറെ പ്രാധാന്യത്തോടെയാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. സികാര്‍ അടക്കം രാജസ്ഥാനിലെ ആറു ജില്ലകളില്‍ ഗതാഗതം സ്തംഭിച്ചു. 20,000 കോടി രൂപയുടെ കാര്‍ഷിക കടം എഴുതിത്തള്ളാന്‍ തീരുമാനിച്ചതായി സര്‍ക്കാര്‍ പ്രഖ്യാപിച്ചതോടെ രണ്ടാഴ്ചയോളം നീണ്ട പ്രക്ഷോഭം അവസാനിച്ചു.

49,500 കോടി രൂപയുടെ വായ്പ എഴുതിത്തള്ളണമെന്നായിരുന്നു കര്‍ഷകരുടെ ആവശ്യം. വിളകള്‍ക്ക് മിനിമം താങ്ങ് വില ഉറപ്പുവരുത്തുമെന്നും കര്‍ഷക പെന്‍ഷന്‍ 500ല്‍ നിന്ന് 2000-മാക്കി വര്‍ദ്ധിപ്പിക്കുമെന്നും സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. 60 വയസിന് മുകളില്‍ പ്രായമുള്ള കൃഷിക്കാര്‍ക്കും കര്‍ഷക തൊഴിലാളികള്‍ക്കും 5000 രൂപ പെന്‍ഷനാണ് ആവശ്യപ്പെട്ടത്. കന്നുകാലി വില്‍പ്പനയ്ക്കുള്ള നിയന്ത്രണം നീക്കാനും സര്‍ക്കാര്‍ സമ്മതിച്ചു. 50,000 രൂപ വരെയുള്ള വായ്പകളാണ് എഴുതിത്തള്ളുക. ഇത് എട്ട് ലക്ഷം കര്‍ഷകര്‍ക്ക് ഗുണം ചെയ്യുമെന്നാണ് കരുതുന്നത്. കനാല്‍ ജലം കൃഷിക്കായി കിട്ടാത്തവര്‍ക്ക് നഷ്ടപരിഹാരം നല്‍കും. സ്വാമിനാഥന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കാന്‍ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെടുമെന്നും വസുന്ധര രാജെയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ അറിയിച്ചു.

കര്‍ഷകര്‍ക്ക് വേണ്ടി കിസാന്‍ സഭ മുന്നോട്ട് വച്ച 11 ഇന ആവശ്യങ്ങള്‍:

അതേസമയം ബിജെപി സര്‍ക്കാര്‍ ഈ ധാരണപ്രകാരം ആവശ്യങ്ങള്‍ നടപ്പാക്കുന്നില്ലെങ്കില്‍ വീണ്ടും ശക്തമായ പ്രക്ഷോഭം ആരംഭിക്കുമെന്ന് കിസാന്‍സഭ ജനറല്‍ സെക്രട്ടറിയും സിപിഎം പൊളിറ്റ് ബ്യൂറോ അംഗവുമായ ഹനന്‍ മൊള്ള പറയുന്നു. മഹാരാഷ്ട്രയില്‍ കര്‍ഷകരുടെ കടങ്ങള്‍ എഴുതിത്തള്ളുന്നതായി അവിടത്തെ ബിജെപി സര്‍ക്കാര്‍ ഉറപ്പ് നല്‍കിയിരുന്നു. 21 ദിവസം നീണ്ട ശക്തമായ പ്രക്ഷോഭത്തെ തുടര്‍ന്നായിരുന്നു ഇത്. എന്നാല്‍ ഇത് നടപ്പാക്കാനുള്ള യാതൊരു നടപടിയും സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായിട്ടില്ല. അവിടെ പ്രക്ഷോഭം വീണ്ടും ശക്തിപ്പെടുകയാണ്. മധ്യപ്രദേശിലെ മാന്ദ്‌സോറില്‍ നടന്ന കര്‍ഷക പ്രക്ഷോഭത്തെ അവിടത്തെ ബിജെപി സര്‍ക്കാര്‍ അടിച്ചമര്‍ത്താന്‍ ശ്രമിക്കുകയും വെടിവയ്പില്‍ കര്‍ഷകര്‍ കൊല്ലപ്പെടുകയും ചെയ്തതിന് പിന്നാലെ പ്രക്ഷോഭം ഒന്ന് കൂടി തീവ്രമാവുകയാണുണ്ടായത് – ഹനന്‍ മൊള്ള ചൂണ്ടിക്കാട്ടി.

ഇപ്പോള്‍ രാജസ്ഥാനിലെ ഇരുപതോളം ജില്ലകളില്‍ കിസാന്‍സഭയ്ക്ക് ശക്തമായ സ്വാധീനമുണ്ടാക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്ന് കിസാന്‍ സഭ ജോയിന്റ്റ് സെക്രട്ടറിയും സിപിഎം കേന്ദ്ര കമ്മിറ്റിയിലെ പ്രത്യേക ക്ഷണിതാവുമായ വിജു കൃഷ്ണന്‍ അഴിമുഖത്തോട് പറഞ്ഞു. “കര്‍ഷക പ്രക്ഷോഭം വലിയ ബഹുജന മുന്നേറ്റമായി മാറിയത് ബിജെപിയെ വലിയ തോതില്‍ അസ്വസ്ഥരാക്കിയിട്ടുണ്ട്. എല്ലാ വിഭാഗത്തിലും പെട്ട ജനങ്ങളും ബിജെപി സര്‍ക്കാരിനെതിരെ രംഗത്ത് വരുന്നു എന്നത് എടുത്ത് പറയേണ്ട കാര്യമാണ്. 2019ല്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. ചില സ്വതന്ത്ര എംഎല്‍എമാരൊക്കെ പ്രക്ഷോഭത്തിന് പിന്തുണയുമായി വന്നിട്ടുണ്ട്. കോണ്‍ഗ്രസിന്റെ ഭാഗത്ത് നിന്ന് യാതൊരു പിന്തുണയും സമരത്തിനുണ്ടായിട്ടില്ല. മധ്യപ്രദേശില്‍ രാഹുല്‍ ഗാന്ധിയൊക്കെ പോയി ചില ഇടപെടലുകള്‍ നടത്തിയിരുന്നു. ഇവിടെ അത്തരത്തില്‍ ഒന്നുമുണ്ടായിട്ടില്ല. കിരോദിലാല്‍ മീണയെ പോലുള്ള ചില പ്രാദേശിക പാര്‍ട്ടി നേതാക്കളും ഒരു സ്വതന്ത്ര എംഎല്‍എയും സമരത്തിന് ഐക്യദാര്‍ഢ്യം അറിയിച്ചിരുന്നു. അവിടെ രാഹുല്‍ ഗാന്ധി വരുന്നു, ആളുകളെ കാണുന്നു എന്നല്ലാതെ ജനങ്ങളെ സംഘടിപ്പിക്കുന്ന പരിപാടി സംഭവിക്കുന്നില്ല. ഏതെങ്കിലും തരത്തില്‍ അതിന് ശ്രമിക്കുന്നത് സിപിഎമ്മും ഇടതുപക്ഷ സംഘടനകളുമാണ്. കാര്‍ഷിക പ്രശ്നങ്ങള്‍ക്ക് പുറമേ എസ് സി, എസ് ടി, ഒ ബി സി ഫെലോഷിപ്പുകള്‍ സംബന്ധിച്ച പ്രശ്നമടക്കം വിവിധ വിഷയങ്ങള്‍ രാജസ്ഥാനില്‍ ഉയര്‍ത്തിക്കൊണ്ടുവരാന്‍ കഴിഞ്ഞിട്ടുണ്ട്. ബിജെപിയുടെ വര്‍ഗീയ രാഷ്ട്രീയത്തിനും നിയോ ലിബറല്‍ നയങ്ങള്‍ക്കും എതിരെ ജനങ്ങളെ സംഘടിപ്പിക്കുകയാണ് ഈ പ്രക്ഷോഭങ്ങള്‍ എല്ലാം ചെയ്യുന്നത്.

രാജസ്ഥാനില്‍ ബിജെപി സര്‍ക്കാരിനെതിരായി ജനങ്ങളെ സംഘടിപ്പിക്കാന്‍ കോണ്‍ഗ്രസ് ഒന്നും ചെയ്യുന്നില്ല. കിസാന്‍സഭയും മറ്റ് ഇടതുപക്ഷ വര്‍ഗ ബഹുജനസംഘടനകളും സിപിഎം അടക്കമുള്ള ഇടതുപക്ഷ പാര്‍ട്ടികളുടെ പിന്തുണയോടെയാണ് പിന്തുണയോടെയാണ് പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കുന്നത്. പിന്നെ രാഷ്ട്രീയമായി വിയോജിപ്പുള്ളവര്‍ തന്നെ പ്രശ്നാധിഷ്ടിത പിന്തുണ നല്‍കുന്നുണ്ട്. ജനങ്ങളുടെ ജീവിതപ്രശ്‌നമെന്ന നിലയ്ക്കാണ്, അല്ലാതെ തിരഞ്ഞെടുപ്പ് നേട്ടത്തിനുള്ള വഴിയെന്ന നിലയ്ക്കല്ല ഞങ്ങള്‍ ഇതിനെ കാണുന്നത്. കര്‍ഷകര്‍ക്ക് പുറമെ വിവിധ വിഭാഗങ്ങളിലും വര്‍ഗങ്ങളിലും പെട്ടവര്‍ ഈ പ്രക്ഷോഭത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിട്ടുണ്ട്. ഏറെക്കാലമായി ബിജെപിയെ പിന്തുണച്ച് പോന്നിരുന്ന വ്യാപാരികള്‍ അടക്കം കര്‍ഷകസമരത്തിന് പിന്തുണയുമായി എത്തി. 13 ദിവസത്തേക്ക് തിരിഞ്ഞു നോക്കാതിരുന്ന സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് വിളിക്കാന്‍ നിര്‍ബന്ധിതമാവുകയായിരുന്നു.

സ്വാമിനാഥന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് മുന്നോട്ട് വച്ച നിര്‍ദ്ദേശങ്ങള്‍ – ഉല്‍പ്പാദന ചിലവിന്റെ 50 ശതമാനത്തിന് മുകളില്‍ മിനിമം താങ്ങുവില നിശ്ചയിക്കുക – അടക്കമുള്ള ആവശ്യങ്ങള്‍ മുന്നോട്ട് വച്ചിരുന്നു. മറ്റ് പ്രധാനപ്പെട്ട ആവശ്യങ്ങളായിരുന്നു കന്നുകാലി വില്‍പ്പനയ്ക്കുള്ള നിരോധനം നീക്കണമെന്നും വ്യാപാരികള്‍ക്ക് ഗോരക്ഷക ഗുണ്ടകളുടെ ആക്രമണത്തില്‍ നിന്ന് സംരക്ഷണം വേണമെന്നും. രാജസ്ഥാനില്‍ ഒക്കെ ബീഫ് ഒട്ടും കഴിക്കാത്ത ആളുകളാണ്. പക്ഷെ വ്യാപാരികള്‍ നേരിടുന്ന പ്രശ്‌നങ്ങളുണ്ട്. പെഹ്‌ലു ഖാന്‍ വിഷയത്തില്‍ തന്നെ, ആര്‍എസ്എസ് ചിത്രീകരിക്കുന്നത് പോലെ ഇതൊരു ഹിന്ദു – മുസ്ലീം പ്രശ്‌നം അല്ലെന്നും ഇത് കൃഷിക്കാരുടെ ജീവിതവുമായി ബന്ധപ്പെട്ട പ്രശ്‌നമാണെന്നും ഞങ്ങള്‍ വ്യക്തമാക്കിയിരുന്നു. മുഴുവന്‍ ഉത്തരേന്ത്യയിലും അലഞ്ഞുതിരിഞ്ഞുനടക്കുന്ന കന്നുകാലികള്‍ കര്‍ഷകര്‍ക്ക് വലിയ ശല്യമുണ്ടാക്കുന്നുണ്ട്. വലിയ തോതില്‍ വിളകള്‍ നശിപ്പിക്കുന്നു. ഇത്തരം കന്നുകാലികളില്‍ നിന്നും അലഞ്ഞുതിരിഞ്ഞു നടക്കുന്ന മൃഗങ്ങളില്‍ നിന്നും സംരക്ഷണം വേണമെന്നും ആവശ്യം ഉന്നയിച്ചിട്ടുണ്ട്. മഹാരാഷ്ട്രയിലും രാജസ്ഥാനിലും വലിയ തോതില്‍ കര്‍ഷകരെ സംഘടിപ്പിക്കാന്‍ കിസാന്‍ സഭയ്ക്ക് കഴിയുന്നുണ്ട്. കര്‍ണാടകയിലും തമിഴ് നാട്ടിലും കര്‍ഷക പ്രക്ഷോഭങ്ങള്‍ ശക്തിപ്പെടുന്നു. ആന്ധ്രയിലും തെലങ്കാനയിലും ഭൂമി ഏറ്റെടുക്കലിന് എതിരായ സമരങ്ങള്‍ ശക്തമാണ്. മഹാരാഷ്ട്ര, മധ്യപ്രദേശ്, ഝാര്‍ഖണ്ഡ് എന്നിവിടങ്ങളിലും ഭൂമി ഏറ്റെടുക്കല്‍ ഓഡിനന്‍സിനെതിരായ ഇടതുപക്ഷ, ജനാധിപത്യ കക്ഷികളുടെ ഐക്യം ശക്തിപ്പെടുന്നുണ്ട്. ഹരിയാനയില്‍ പ്രക്ഷോഭത്തിലൂടെ നഷ്ടപരിഹാരം നേടിയെടുക്കാന്‍ കഴിഞ്ഞിരുന്നു –” വിജു പറഞ്ഞു.

ഉത്തര്‍പ്രദേശില്‍ യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന് ഉടന്‍ പ്രഖ്യാപിച്ച കാര്‍ഷിക കടം എഴുതിത്തള്ളല്‍ വെറും തട്ടിപ്പാണെന്നാണ് മാധ്യമപ്രവര്‍ത്തകനും കൃഷി വിദഗ്ധനുമായ ദേവീന്ദര്‍ ശര്‍മ പറയുന്നത്. ഒരു രൂപ, 90 പൈസ ഇങ്ങനെയൊക്കെയാണ് കടാശ്വാസ ചെക്ക് നല്‍കുന്നത്. ഒരു ലക്ഷം വരെ വരുന്ന വായ്പകള്‍ എഴുതിത്തള്ളുമെന്നായിരുന്നു വാഗ്ദാനം. തമിഴ്‌നാട്ടിലെ കര്‍ഷകര്‍ ഡല്‍ഹിയിലെത്തി ശക്തമായ പ്രതിഷേധപരിപാടികള്‍ തുടങ്ങി. തമിഴ്‌നാട്ടിലും പഞ്ചാബിലുമെല്ലാം കര്‍ഷക ആത്മഹത്യകള്‍ തുടരുന്നുണ്ട്. കര്‍ണാടകയിലും ഹരിയാനയിലും കര്‍ഷക പ്രക്ഷോഭം ശക്തമാകുന്നുണ്ട്. നവംബറില്‍ പാര്‍ലമെന്റിലേയ്ക്ക് മാര്‍ച്ച് നടത്താനൊരുങ്ങുകയാണ് കിസാന്‍ സഭ.

കിസാന്‍ സഭ പൊതുസമ്മേളനം – വീഡിയോ:

 

ഭൂപരിഷ്കരണത്തിന് തുടര്‍ച്ചയും തൊഴില്‍ നഷ്ടമില്ലാത്ത കാര്‍ഷിക ആധുനീകരണവും വേണം: വിഎസ്

സുജയ് രാധാകൃഷ്ണന്‍

സുജയ് രാധാകൃഷ്ണന്‍

സബ് എഡിറ്റര്‍, അഴിമുഖം

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍