Top

അതെ, പ്രകാശ് കാരാട്ട് പണ്ട് പറഞ്ഞത് തന്നെ, "സീതാറാം അല്ലാതെ മറ്റാര്?"

അതെ, പ്രകാശ് കാരാട്ട് പണ്ട് പറഞ്ഞത് തന്നെ, "സീതാറാം അല്ലാതെ മറ്റാര്?"
"സീതാറാം അല്ലാതെ മറ്റാര്?" - ഒരു ജെഎന്‍യു വിദ്യാര്‍ഥി യൂണിയന്‍ തിരഞ്ഞെടുപ്പ് കാലത്താണ് പ്രകാശ് കാരാട്ട് ഇങ്ങനെ പറയുന്നത് - അത് തന്നെയാണ് നാല് പതിറ്റാണ്ടിനിപ്പുറം പാര്‍ലമെന്ററി രാഷ്ട്രീയത്തില്‍ ദുര്‍ബല സാന്നിധ്യമായി മാറിയിരിക്കുന്ന സിപിഎമ്മും ഇന്ത്യയിലെ ഇടതുപക്ഷ പ്രസ്ഥാനങ്ങളും ചോദിക്കുന്നത് - സീതാറാം അല്ലാതെ മറ്റാര്?. 'കാമ്പസ് റിക്രൂട്ട്മെന്റി'ലൂടെ വളര്‍ന്നുവന്ന, "ജനങ്ങളുമായി ബന്ധമില്ലാത്ത", "അവരുടെ പ്രശ്നങ്ങള്‍ അറിയാത്ത" നേതാക്കള്‍ എന്നെല്ലാം വിളിച്ച്, രാഷ്ട്രീയവാദികളും അരാഷ്ട്രീയ വാദികളും അതിവിപ്ലവകാരികളുമെല്ലാം ഒരു പോലെ അധിക്ഷേപം ചൊരിഞ്ഞിട്ടുള്ള നേതാക്കളാണ് പ്രകാശ് കാരാട്ടും സീതാറാം യെച്ചൂരിയും. എന്നാല്‍ ഇവരില്‍ താരതമ്യേന കുറച്ച് മാത്രം ആക്രമിക്കപ്പെടുന്ന നേതാവ് യെച്ചൂരി ആകുന്നത് അദ്ദേഹം മാധ്യമങ്ങളെ കൈകാര്യം ചെയ്യാന്‍ അറിയാവുന്ന, അവര്‍ക്ക് പ്രിയങ്കരനായ വ്യക്തി ആയതുകൊണ്ട് മാത്രമല്ല. മൂര്‍ത്തമായ രാഷ്ട്രീയ സാഹചര്യങ്ങളെ മൂര്‍ത്തമായി വിശകലനം ചെയ്യാനുള്ള കഴിവ് കൂടുതല്‍ ആയതുകൊണ്ടും പ്രത്യയശാസ്ത്ര വരട്ടുതത്വവാദങ്ങള്‍ക്ക് അപ്പുറം പ്രായോഗിക രാഷ്ട്രീയ സമീപനങ്ങളിലേക്ക് പാര്‍ട്ടിയെ നയിക്കാനുള്ള കഴിവ് കൊണ്ട് കൂടിയാണ്. അതാണ്‌ ഹൈദരാബാദില്‍ ചേര്‍ന്ന സിപിഎമ്മിന്‍റെ 22ാം പാര്‍ട്ടി കോണ്‍ഗ്രസ്‌ വ്യക്തമാക്കുന്നത്.

ദേശീയ സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിലൂടെ, ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിലൂടെ, കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ട്ടിയിലൂടെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഭാഗമാവുകയോ അല്ലെങ്കില്‍ ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനങ്ങളിലൂടെ നേരിട്ട് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ എത്തുകയോ ചെയ്തവരാണ് സിപിഎമ്മിന്‍റെ ആദ്യ പൊളിറ്റ് ബ്യൂറോ അംഗങ്ങള്‍. ജനങ്ങളെ സംഘടിപ്പിച്ച് ജനങ്ങള്‍ക്കിടയിലൂടെ നടന്ന് വളര്‍ന്നുവന്നവര്‍. ആ തലമുറയ്ക്കുണ്ടായിരുന്ന സംഘടനാശേഷിയുമായി താരതമ്യം ചെയ്യുമ്പോള്‍ യെച്ചൂരി അടക്കമുള്ള നേതാക്കള്‍ക്ക് പരിമിതികളുണ്ട് എന്ന കാര്യത്തില്‍ സംശയമില്ല. എന്നാല്‍ ഇത് അവരുടെ പ്രസക്തി ഇല്ലാതാക്കുന്നില്ല. 1974ല്‍ അതായത് അടിയന്തരാവസ്ഥയ്ക്ക് തൊട്ടുമുമ്പുള്ള വര്‍ഷമാണ് സീതാറാം യെച്ചൂരി എസ്എഫ്‌ഐ അംഗമാകുന്നത്. തൊട്ടടുത്ത വര്‍ഷം 23ാം വയസില്‍ സിപിഎം അംഗം. കുറച്ചുകാലം ഒളിവില്‍ കഴിഞ്ഞ ശേഷം അറസ്റ്റിലാകുന്നു. അടിയന്തരാവസ്ഥയില്‍ ജയില്‍ വാസം. പിന്നീട് ജെഎന്‍യു  സ്റ്റുഡന്റ്‌സ് യൂണിയന്‍ പ്രസിഡന്റ്. ചാന്‍സലര്‍ പദവി ഒഴിയാതിരുന്ന ഇന്ദിര ഗാന്ധിയോട് പരസ്യമായി സ്ഥാനം ഒഴിയണം എന്ന് ആവശ്യപ്പെടുകയും എഴുതിത്തയ്യാറാക്കിയ ഇക്കാര്യം ഇന്ദിര ഗാന്ധിയെ യെച്ചൂരി വായിച്ചു കേള്‍പ്പിക്കുകയും ചെയ്യുന്ന ചിത്രം പ്രശസ്തമാണ് - 1977 സെപ്റ്റംബറിലെ ഫോട്ടോയാണിത്.അടിയന്തരാവസ്ഥ കാലത്ത് വിദ്യാര്‍ത്ഥികള്‍ അറസ്റ്റിലാകുന്നത് തടയാന്‍ ഒന്നും ചെയ്യാതിരുന്ന വൈസ് ചാന്‍സലര്‍ ഡോ.ബി.ഡി നാഗ് ചൗധരി രാജി വയ്ക്കണമെന്നാവശ്യപ്പെട്ട് ജെ.എന്‍.യുവില്‍ എസ്.എഫ്.ഐയുടെ നേതൃത്വത്തില്‍ വിദ്യാര്‍ഥികള്‍ സമരം തുടങ്ങി. നാഗ് ചൗധരി രാജി വച്ചു. എന്നാല്‍ ചാന്‍സലര്‍ സ്ഥാനം ഒഴിയാന്‍ അധികാരം നഷ്ടമായ മുന്‍ പ്രധാനമന്ത്രി ഇന്ദിര ഗാന്ധി അതുവരെ തയ്യാറായിരുന്നില്ല. ഈ സാഹചര്യത്തില്‍ ഇന്ദിര ഗാന്ധി രാജി വയ്ക്കണം എന്ന് ആവശ്യപ്പെട്ട് എസ്എഫ്ഐ സമരം കൂടുതല്‍ ശക്തമാക്കി.

അന്നത്തെ എസ്എഫ്ഐ നേതാവും ആ പ്രതിഷേധത്തില്‍ പങ്കാളിയുമായിരുന്ന പ്രൊഫ.ചമല്‍ലാല്‍ ആ സംഭവം ഓര്‍ക്കുന്നത് ഇങ്ങനെയാണ്:

"1977 സെപ്തംബര്‍ അഞ്ച്. ജെ.എന്‍.യു കാമ്പസില്‍ നിന്ന് അടിയന്തരാവസ്ഥ കാലത്ത് ജയിലിലായിരുന്ന എസ്.എഫ്.ഐ നേതാവ് സീതാറാം യെച്ചൂരിയുടെ നേതൃത്വത്തില്‍ ഇന്ദിര ഗാന്ധിയുടെ വസതിയിലേയ്ക്ക് മാര്‍ച്ച് നടത്തി. പൊലീസ് ഗേറ്റില്‍ തടഞ്ഞിട്ടും വിദ്യാര്‍ത്ഥികള്‍ പിന്മാറിയില്ല. കുറച്ച് കഴിഞ്ഞപ്പോള്‍ അടിയന്തരാവസ്ഥ കാലത്തെ കുപ്രസിദ്ധനായ ആഭ്യന്തര സഹമന്ത്രി ഓം മേത്തയ്ക്കും അനുയായികള്‍ക്കുമൊപ്പം ഇന്ദിര ഗാന്ധി പുറത്തേയ്ക്കിറങ്ങി വന്നു. മുദ്രവാക്യം വിളികള്‍ കേട്ട് കൂസാതെ നിന്ന ഇന്ദിരയ്ക്ക് അരികിലെത്തി വിദ്യാര്‍ത്ഥികളെ നിശബ്ദരാക്കി സീതാറാം അടിയന്തരാവസ്ഥക്കാലത്തെ ചെയ്തികളെ പറ്റിയുള്ള കുറ്റപത്രം ഇന്ദിരയ്ക്കെതിരെ വായിക്കാന്‍ തുടങ്ങി.


ആദ്യ ഖണ്ഡിക തന്നെ പൊലീസ് ക്രൂരതകളുടെ വിശദീകരണമായിരുന്നു. ഇന്ദിരയുടെ മുഖത്ത് തുടക്കത്തിലുണ്ടായിരുന്ന ചിരി മാഞ്ഞു. അത് അസ്വസ്ഥതയും രോഷമായും മാറി. അവര്‍ സഹചാരികള്‍ക്കൊപ്പം അകത്തേയക്ക് കയറിപ്പോയി. സീതാറാം വായന തുടര്‍ന്നു. ആ കുറ്റപത്രം ഇന്ദിരയുടെ വസതിയില്‍ തന്നെ വച്ചാണ് വിദ്യാര്‍ത്ഥികള്‍ പ്രകടനമായി തിരികെ വന്നത്. അടുത്ത ദിവസം തന്നെ ഇന്ദിര ജെ.എന്‍.യു ചാന്‍സലര്‍ പദവി രാജിവച്ചു".

1978ല്‍ യെച്ചൂരി എസ്എഫ്‌ഐ അഖിലേന്ത്യ ജോയിന്‍റ് സെക്രട്ടറിയായും തുടര്‍ന്ന് പ്രസിഡന്റായും അതിവേഗം വളര്‍ന്നതിനെക്കുറിച്ച് കേരളത്തിലെ ചില മുന്‍ എസ്എഫ്‌ഐ നേതാക്കള്‍ പറയുന്ന കഥയുണ്ട്. അത് വസ്തുതാപരമാണെങ്കില്‍ യെച്ചൂരിയെ അഖിലേന്ത്യ നേതാവായി ആദ്യം ഉയര്‍ത്തിക്കൊണ്ടുവന്നത് എം ബസവ പുന്നയ്യ ആണെന്ന് പറയാം. തെലങ്കാന സമര നേതാവും സിപിഎമ്മിന്റെ ആദ്യ പൊളിറ്റ് ബ്യൂറോ അംഗവും മാര്‍ക്‌സിസ്റ്റ് സൈദ്ധാന്തികനുമായ ബസവ പുന്നയ്യ ആണ് "ആന്ധ്രയില്‍ നിന്നുള്ള യെച്ചൂരി വരട്ടെ" എന്ന് പറയുന്നത്. അതൊരു മാറ്റമായിരുന്നു. 1970 ഡിസംബര്‍ 30 മുതലുള്ള എസ്എഫ്‌ഐയുടെ ചരിത്രത്തില്‍ അത്തവണയാണ് കേരളത്തിനും ബംഗാളിനും പുറത്ത് നിന്ന ഒരു അഖിലേന്ത്യ പ്രസിഡന്റ് വരുന്നത്. പ്രസിഡന്റ് കേരളത്തില്‍ നിന്നും ജനറല്‍ സെക്രട്ടറി ബംഗാളില്‍ നിന്നും. അതായിരുന്നു പതിവ്. ആ പതിവ് തെറ്റിക്കാന്‍ കേവലം മറ്റൊരു സംസ്ഥാനത്തിന്റെ പ്രതിനിധി എന്ന നിലയില്‍ മാത്രമല്ല യെച്ചൂരിയെ തിരഞ്ഞെടുക്കുന്നത്. സംഘടനയെ നയിക്കാന്‍ ഏറ്റവും അനുയോജ്യന്‍ എന്ന് കണ്ടുതന്നെയാണ്. യെച്ചൂരിയുടെ വിദ്യാര്‍ഥി സംഘടനാ പ്രവര്‍ത്തനത്തില്‍ ആശങ്കള്‍ ഉണ്ടായിരുന്ന, മകന്‍ കക്ഷി രാഷ്ട്രീയ പ്രവര്‍ത്തനത്തിലെക്കൊന്നും പോകാതെ ഒരു ഉന്നത ഉദ്യോഗവുമായി മുന്നോട്ട് പോകണം എന്ന് ആഗ്രഹിച്ചിരുന്ന അമ്മ കല്‍പ്പകത്തിനോട് പാര്‍ട്ടി ജനറല്‍ സെക്രട്ടറി സുന്ദരയ്യ പറഞ്ഞത് -"ഇതുപോലെ മറ്റൊരാളെ ഞങ്ങള്‍ക്ക് തരുകയാണ്‌ എങ്കില്‍ നിങ്ങളുടെ മകനെ വിട്ടുതരാം" എന്നാണ്.1985 ഡിസംബറില്‍ കല്‍ക്കത്തയില്‍ ചേര്‍ന്ന സിപിഎമ്മിന്റെ 12ാം പാര്‍ട്ടി കോണ്‍ഗ്രസില്‍ വച്ച്, സംഘടനയില്‍ തന്നേക്കാള്‍ സീനിയറായ പ്രകാശ് കാരാട്ടിനൊപ്പം സീതാറാം യെച്ചൂരി സിപിഎമ്മിന്റെ കേന്ദ്ര കമ്മിറ്റിയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടു. "കേന്ദ്ര കമ്മിറ്റിയിലേയ്‌ക്കോ, ഞാനോ?" എന്ന അദ്ഭുതത്തില്‍ അന്നത്തെ സിപിഎം ജനറല്‍ സെക്രട്ടറി ഇഎംഎസ് നമ്പൂതിരിപ്പാടിനെ കണ്ട് ഇതിലെ അനൗചിത്യവും സംശയവും ഉന്നയിച്ച യെച്ചൂരിയോട് ഇഎംഎസ് ചിരിച്ചുകൊണ്ട് പറഞ്ഞു - "പാര്‍ട്ടി തീരുമാനം അംഗീകരിക്കാന്‍ പറ്റില്ലെങ്കില്‍ പുറത്തുപോയിക്കോളൂ". സിപിഎമ്മിന്‍റെ കേന്ദ്ര കമ്മിറ്റിയിലേയും 1989ലെ തിരുവനന്തപുരം പാര്‍ട്ടി കോണ്‍ഗ്രസില്‍ പുതുതായി രൂപീകരിച്ച കേന്ദ്ര സെക്രട്ടറിയേറ്റിലേയും ഏറ്റവും പ്രായം കുറഞ്ഞ അംഗമായി.1992ല്‍ ചെന്നൈയില്‍ (അന്ന് മദ്രാസ്) നടന്ന 14ാം പാര്‍ട്ടി കോണ്‍ഗ്രസില്‍ ഇഎംഎസ് സ്ഥാനമൊഴിയുകയും ഹര്‍കിഷന്‍ സിംഗ് സുര്‍ജിത് ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. യെച്ചൂരിയും കാരാട്ടും പൊളിറ്റ് ബ്യൂറോ അംഗങ്ങളായി. എത്രയോ മുതിര്‍ന്ന നേതാവായ ഇകെ നായനാരും പൊളിറ്റ് ബ്യൂറോയില്‍ എത്തിയത് ഇതേ കോണ്‍ഗ്രസില്‍ വച്ചായിരുന്നു എന്നത് ശ്രദ്ധേയം. സോവിയറ്റ് യൂണിയന്റെ തകര്‍ച്ച സൃഷ്ടിച്ച ആഘാതവും ഉദാരവത്കരണ സാമ്പത്തിക നയങ്ങളുടെ തുടക്കവുമാണ് 14ാം പാര്‍ട്ടി കോണ്‍ഗ്രസിന്റെ പശ്ചാത്തലം. സോവിയറ്റ് യൂണിയന്‍റെ പരാജയം ഇന്ത്യയിലെ ഇടതുപക്ഷ പ്രസ്ഥാനങ്ങളെ തകര്‍ക്കില്ല എന്ന് ജനങ്ങളെ ബോധ്യപ്പെടുത്താന്‍ ഇഎംഎസ് അടക്കമുള്ള നേതാക്കള്‍ക്ക് കഴിഞ്ഞിരുന്നു. 90കളിലാണ് പാര്‍ട്ടിയുടെ വിദേശകാര്യ വിഭാഗത്തിന്‍റെ ചുമതല യെച്ചൂരിയെ ഏല്‍പ്പിക്കുന്നത്.  കിം ഇല്‍ സുംഗ് ഭരിച്ചിരുന്ന കാലത്ത് പാര്‍ട്ടി ജനറല്‍ സെക്രട്ടറി ഇഎംഎസ് ഉത്തര കൊറിയ സന്ദര്‍ശിച്ചപ്പോള്‍ യെച്ചൂരിയാണ് അദ്ദേഹത്തിനൊപ്പം പോയത്. നേപ്പാളിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനവുമായി 90കള്‍ മുതല്‍ സജീവമായ ബന്ധവും നേതാക്കളുമായി അടുത്ത സൗഹൃദവും പുലര്‍ത്തുന്ന യെച്ചൂരിയുടെ ഇടപെടലുകള്‍ നേപ്പാളിലെ മാവോയിസ്റ്റുകളെ ജനാധിപത്യ പ്രക്രിയയിലേക്ക് കൊണ്ടുവരുന്നതില്‍ പങ്ക് വഹിച്ചു.ദേശീയ തലത്തിലെ മുന്നണി രൂപീകരണങ്ങളില്‍ ഹര്‍കിഷന്‍ സിംഗ് സുര്‍ജിത്തിന് വലിയ പിന്തുണയായി രംഗത്തുണ്ടായിരുന്നത് യെച്ചൂരി ആയിരുന്നു. 1996ല്‍ സിപിഎം പുറത്ത് നിന്ന് പിന്തുണച്ച ഐക്യമുന്നണി സര്‍ക്കാരിന്‍റെയും 2004ല്‍ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യുപിഎ സര്‍ക്കാരിന്‍റെയും രൂപീകരണത്തിലും പൊതുമിനിമം പരിപാടി തയ്യാറാക്കുന്നത്തിലും യെച്ചൂരി നിര്‍ണായക പങ്ക് വഹിച്ചു. 2008ല്‍ അമേരിക്കയുമായുള്ള ആണവ കരാര്‍ ചൂണ്ടിക്കാട്ടി ഇടതുപക്ഷം യുപിഎ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചത് ജനങ്ങളെ ബോധ്യപ്പെടുത്താന്‍ പാര്‍ട്ടിക്ക് കഴിഞ്ഞില്ലെന്ന് യെച്ചൂരി സ്വയംവിമര്‍ശനപരമായി പറഞ്ഞു. പാര്‍ട്ടിക്കകത്തെ വിഭാഗീയ പ്രശ്നങ്ങളില്‍ ഏതെങ്കിലും ഒരു പക്ഷം പിടിക്കാന്‍ യെച്ചൂരി ശ്രമിച്ചില്ല, അതേസമയം ശരിയെന്നു തോന്നിയ നിലപാടുകള്‍ക്ക് ഒപ്പം നില്‍ക്കുകയും ചെയ്തു എന്നതാണ് പ്രകാശ് കാരാട്ട് അടക്കമുള്ള മറ്റുള്ളവരുമായി അദ്ദേഹത്തിന്‍റെ വ്യത്യാസം.

രാജ്യസഭയിലേയ്ക്ക് കോണ്‍ഗ്രസ് പിന്തുണയോടെ പശ്ചിമ ബംഗാളില്‍ നിന്ന് യെച്ചൂരിയെ വിടുന്നില്ല എന്ന് സിപിഎം തീരുമാനിച്ചപ്പോള്‍ എന്തുകൊണ്ട് കേരളത്തില്‍ നിന്ന് ഒഴിവ് വരുമ്പോള്‍ യെച്ചൂരിയെ രാജ്യസഭയിലേയ്ക്ക് അയക്കുന്നില്ല എന്ന് അധികമാരും ചോദിച്ചില്ല. ഇന്നത്തെ ഇന്ത്യന്‍ രാഷ്ട്രീയ സാഹചര്യത്തില്‍ പാര്‍ലമെന്റില്‍ എന്തുകൊണ്ട് യെച്ചൂരിയെ പോലൊരു നേതാവ് സിപിഎമ്മിനും ഇടതുപക്ഷത്തിനും വേണമെന്ന് വ്യക്തമാക്കുന്നതാണ് അദ്ദേഹത്തിന്റെ പാര്‍ലമെന്ററി പ്രവര്‍ത്തനവും ചര്‍ച്ചകളിലെ പങ്കാളിത്തവും ഒരു കാലത്ത് ലോക്‌സഭയില്‍ എകെ ഗോപാലനും രാജ്യസഭയില്‍ പി സുന്ദരയ്യയും പോലുള്ള നേതാക്കളുണ്ടായിരുന്നു. പിന്നീട് സിപിഎമ്മിന് ബംഗാളില്‍ നിന്നുള്ള ജ്യോതിര്‍മൊയ് ബസുവിനേയും സോമനാഥ് ചാറ്റര്‍ജിയേയും പോലുള്ള മികച്ച പാര്‍ലമെന്റേറിയന്മാരുണ്ടായിരുന്നു. എന്നാല്‍ പിന്നീട് ഇത്തരം നേതാക്കളുടെ സാന്നിധ്യം നല്‍കിയിരുന്ന കരുത്തിന്റെ സ്ഥാനത്തുണ്ടായ ശൂന്യത നികത്താനായത് രാജ്യസഭയില്‍ യെച്ചൂരി എത്തിയതോടെയാണ് എന്ന് ഡല്‍ഹിയില്‍ പ്രവര്‍ത്തിച്ചിട്ടുള്ള, മാധ്യമപ്രവര്‍ത്തകര്‍ പാര്‍ലമെന്റ് നടപടികള്‍ക്ക് സാക്ഷ്യം വഹിച്ചിട്ടുള്ള മാധ്യമപ്രവര്‍ത്തകര്‍ പറയും.

കോണ്‍ഗ്രസും ബി.ജെ.പിയും യോജിക്കുന്ന സാമ്പത്തിക-വിദേശ നയങ്ങളില്‍ നിന്ന് വേറിട്ട് നില്‍ക്കുന്ന ജനകീയ ബദല്‍ മാര്‍ഗങ്ങളുണ്ടെന്നും ഇത്തരം ബദലുകള്‍ വേണമെന്നുമുള്ള കാര്യം പൊതുശ്രദ്ധയില്‍ കൊണ്ടുവരുന്നതില്‍ സീതാറാം യെച്ചൂരി പ്രധാന പങ്കുവഹിച്ചു. ഇടതുപക്ഷത്തിന്‍റെ ശബ്ദം കൂടി കേള്‍ക്കേണ്ടതാണ് എന്ന് മറ്റ് മുഖ്യധാര രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും മാധ്യമങ്ങള്‍ക്കും തോന്നലുണ്ടാക്കാന്‍ ഇക്കാലം പ്രയോജനപ്പെട്ടു. മോദി സര്‍ക്കാരിന്‍റെ കാലത്ത് രാജ്യസഭയിലെ ഏറ്റവും ശക്തമായ പ്രതിപക്ഷ ശബ്ദമായി യെച്ചൂരി തുടര്‍ന്നു. "സീതാ, സീതാ" എന്ന് വിളിച്ചുള്ള വാചകക്കസര്‍ത്തുകള്‍ മാത്രമാണ് യെച്ചൂരിയെ നേരിടാന്‍ ധന മന്ത്രി അരുണ്‍ ജയ്റ്റ്ലിയ്ക്കുണ്ടായിരുന്നത്. രാജ്യത്തെ ലിബറല്‍, ജനാധിപത്യ മൂല്യങ്ങളേയും ഭരണഘടനയേയും അട്ടിമറിക്കാന്‍ ശ്രമിക്കുന്ന വര്‍ഗീയ ഫാഷിസ്റ്റ് അജണ്ടയുമായി മുന്നോട്ട് പോകുന്ന മോദി സര്‍ക്കാരിനെ യെച്ചൂരി തുറന്നുകാട്ടി.

സിപിഎമ്മിന്‍റെ വിശാഖപട്ടണം പാര്‍ട്ടി കോണ്‍ഗ്രസ് അംഗീകരിച്ച കരട് രാഷ്ട്രീയ പ്രമേയത്തില്‍ പറഞ്ഞതും പ്രകാശ് കാരാട്ടിന്‍റെ ഭൂരിപക്ഷ രേഖ അംഗീകരിച്ചതുമായ "കോണ്‍ഗ്രസുമായി ഒരു ധാരണയും ഇല്ലാതെ" എന്ന ഭാഗം മാറ്റി "കോണ്‍ഗ്രസുമായി രാഷ്ട്രീയ സഖ്യമില്ലാതെ" എന്നാക്കി മാറ്റേണ്ടി വന്നത് വളരെ പ്രസക്തം തന്നെയാണ്. കോണ്‍ഗ്രസുമായി രാഷ്ട്രീയ സഖ്യം വേണമെന്നോ കോണ്‍ഗ്രസുമായി തിരഞ്ഞെടുപ്പ് സഖ്യമുണ്ടാക്കണമെന്നോ കോണ്‍ഗ്രസുമായി അധികാരം പങ്കിടണമെന്നോ യെച്ചൂരി ആവശ്യപ്പെട്ടിട്ടില്ല. Marxism is the concrete analysis of concrete conditions എന്ന ആവര്‍ത്തിക്കാറുള്ള യെച്ചൂരി, തന്‍റെ അടവുനയ ലൈന്‍ പിബി തള്ളിയ ശേഷം കേന്ദ്ര കമ്മിറ്റിയും തള്ളിയതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ വളരെ കൂളായി ഒരു ചാര്‍മിനാറോ വില്‍സൊ പുകച്ചു തള്ളുന്ന പോലെ ഇതിനെ തള്ളിക്കളഞ്ഞു. കേന്ദ്രകമ്മിറ്റി ഒന്നും തള്ളുയോ അംഗീകരിക്കുകയോ ചെയ്തിട്ടില്ലെന്നും പാര്‍ട്ടി കോണ്‍ഗ്രസ് ആണ് സിപിഎമ്മിന്‍റെ രാഷ്ട്രീയ നയത്തില്‍ അന്തിമ തീരുമാനം എടുക്കുകയെന്നും ഓരോ പാര്‍ട്ടി അംഗത്തിനും ഭേദഗതികള്‍ നിര്‍ദ്ദേശിക്കാന്‍ അവകാശമുണ്ട് എന്നും പറഞ്ഞു. സിപിഎമ്മുകാര്‍ ഒരിക്കലും അംഗീകരിക്കാത്ത ലിയോണ്‍ ട്രോത്സ്കിയുടെ ഒരു വാചകവും ഉപയോഗിച്ചു - March Separately, but strike together - ഫാഷിസ്ത് വിരുദ്ധ പോരാട്ടത്തില്‍ അവസരവാദികളും പിന്തിരിപ്പന്മാരും ജനവിരുദ്ധ നയങ്ങള്‍ ഉള്ളവരുമായ സോഷ്യല്‍ ഡെമോക്രാറ്റുകളുമായി പോലും സഹകരിച്ച് പ്രവര്‍ത്തിക്കേണ്ടത്തിന്‍റെ ആവശ്യകതയെക്കുറിച്ചാണ് ട്രോത്സ്കി 1931ല്‍ പറഞ്ഞത്.

പല മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തത് യെച്ചൂരിയുടേയും കാരാട്ടിന്റേയും ലൈനുകള്‍ തമ്മില്‍ ഒരു വ്യത്യാസവുമില്ലെന്നും ഇത് വ്യക്തിപരമായ അധികാര മത്സരം മാത്രമാണ് എന്നുമാണ്. എന്നാല്‍ കാര്‍ഷിക വിപ്ലവത്തെ കുറിച്ച്, കാര്‍ഷിക പരിപാടിയെക്കുറിച്ച് യെച്ചൂരി തന്‍റെ ന്യൂനപക്ഷ രേഖയില്‍ വിശദീകരിക്കുന്ന പ്രസക്തമായ ഭാഗത്തെ അടക്കം അവഗണിച്ചാണ് ഈ "രണ്ടും ഒന്നാണ്, രണ്ടും കണക്കാണ്" എന്നൊക്കെയുള്ള വാദങ്ങള്‍. ഗ്രാമീണ മേഖലയിലെ ചൂഷിത ജനവിഭാഗങ്ങളുടെ പോരാട്ടങ്ങളെ ഏകോപിപ്പിച്ച് കാര്‍ഷിക വിപ്ലവം ശക്തിപ്പെടുത്തുന്നതിന് ശ്രദ്ധ നല്‍കാനും യെച്ചൂരിയുടെ നയരേഖയില്‍ നിര്‍ദേശിക്കുന്നുണ്ട്. എന്നാല്‍ ഭൂരിപക്ഷ രേഖയില്‍ ഇത്തരമൊരു നിര്‍ദേശം വന്നിട്ടില്ല. സഹകരണ മേഖലയില്‍ ഊന്നിക്കൊണ്ടുള്ള മാര്‍ക്കറ്റിങ്ങും കൃഷിയും വേണമെന്നതും യെച്ചൂരിയുടെ നയരേഖയിലെ പ്രസക്ത ഭാഗമാണ്.

"ഒന്നുകില്‍ നിങ്ങള്‍ക്ക് നിയോലിബറലിസത്തിനെതിരെ പോരാടാം. അല്ലെങ്കില്‍ സ്വാംശീകരിക്കാം, ഭാഗികമായ പോരാട്ടം ഇക്കാര്യത്തില്‍ സാധ്യമല്ല" എന്നാണ് തൃശൂരിലെ സിപിഎം സംസ്ഥാന സമ്മേളനത്തില്‍ യെച്ചൂരി പറഞ്ഞത്. രാഷ്ട്രീയ അടവുനയത്തേയും പാര്‍ട്ടി പരിപാടിയേയും കൂട്ടിക്കുഴച്ച് ആശയക്കുഴപ്പമുണ്ടാക്കുന്നവരോടും നിയോ ലിബറലിസത്തിനെതിരെ വ്യക്തമായ നിലപാടൊന്നും ഇല്ലാതെ, കോണ്‍ഗ്രസിനെ എതിര്‍ക്കാന്‍ വേണ്ടി മാത്രം ഇതേക്കുറിച്ച് വാചകമടി നടത്തുന്ന തന്‍റെ പാര്‍ട്ടി സഖാക്കളോട് തന്നെയാണ് യെച്ചൂരി ഇക്കാര്യം പറഞ്ഞത് എന്നാണ് പലരും വരികള്‍ക്കിടയില്‍ വായിച്ചത്. ബിജെപിക്കെതിരായ മതേതര ജനാധിപത്യ കക്ഷികളുടെ ഐക്യം ഇടതുപക്ഷ പാര്‍ട്ടികളുടെ ഐക്യത്തിനൊപ്പം ശക്തിപ്പെടുത്തുക എന്ന നിലപാടാണ് കരട് രാഷ്ട്രീയ പ്രമേയത്തിന്‍റെ ന്യൂനപക്ഷ ലൈനില്‍ യെച്ചൂരി പറഞ്ഞത്. ഇതിനെ കോണ്‍ഗ്രസുമായി സഖ്യം എന്ന് വ്യാഖ്യാനിക്കുകയും തന്നെ കോണ്‍ഗ്രസ് എജന്റ്റ് ആയി മാധ്യമങ്ങള്‍ക്ക് മുന്നില്‍ വയ്ക്കാനുള്ള നീക്കവും തന്‍റെ പാര്‍ട്ടിക്കുള്ളില്‍ നിന്ന് തന്നെയാണ് എന്ന് തിരിച്ചറിഞ്ഞാണ് എന്നേ നിങ്ങള്‍ കോണ്‍ഗ്രസ് അനുകൂലി എന്ന് വിളിച്ചാല്‍ എനിക്ക് നിങ്ങളെ ബിജെപി അനുകൂലി എന്ന് വിളിക്കേണ്ടി വരും എന്ന് മാധ്യമങ്ങളോട് എന്ന മട്ടില്‍ യെച്ചൂരി പറഞ്ഞത്.കേന്ദ്ര കമ്മിറ്റിയിലെ പ്രത്യേക ക്ഷണിതാവും സിപിഎമ്മിന്റെ സ്ഥാപക നേതാക്കളില്‍ ഇന്ന് ജീവിച്ചിരിക്കുന്ന രണ്ട് പേരില്‍ ഒരാളുമായ വിഎസ് അച്യുതാനന്ദന്‍ പാര്‍ട്ടി കോണ്‍ഗ്രസിന്റെ പരിഗണനയ്ക്കായി വച്ച ഭേദഗതിയുടെ അവസാന ഭാഗത്ത് ഇങ്ങനെ പറയുന്നു - Thus, the principal task is to defeat the BJP and its allies by rallying all the secular and democratic forces; striving for effective pooling of anti-BJP votes to ensure the defeat of BJP candidates without having emphasis of an understanding or electoral alliance with the Congress patry - പാര്‍ട്ടി കേന്ദ്ര കമ്മിറ്റി കരട് രാഷ്ട്രീയ പ്രമേയത്തിന്റെ ഭാഗമായി നേരത്തെ അംഗീകരിച്ചിട്ടുള്ള ബിജെപിയെ പരാജയപ്പെടുത്തുക ലക്ഷ്യത്തിനായുള്ള പ്രവര്‍ത്തനത്തില്‍ കോണ്‍ഗ്രസുമായുള്ള ധാരണ, സഖ്യം എന്നൊക്കെ പറഞ്ഞ് അമിതമായ ഊന്നല്‍ നല്‍കരുത് എന്ന്. ലോക സാമ്പത്തിക പ്രതിസന്ധി എങ്ങനെയാണ് നവ ഫാഷിസ്റ്റ് ശക്തികളും വലതുപക്ഷവും ശക്തിയാര്‍ജ്ജിക്കുന്നതിന് കാരണമാകുന്നത് എന്നത് സംബന്ധിച്ച് കരട് രാഷ്ട്രീയ പ്രമേയം വിശദീകരിക്കുന്നുണ്ട്. ഇന്ത്യന്‍ സാഹചര്യത്തില്‍ ആര്‍എസ്എസ് നിയന്ത്രിക്കുന്ന ഭരണകൂടം ഈ സ്ഥിതിവിശേഷം കൂടുതല്‍ അപകടകരമായ സാഹചര്യമാണ് ഉണ്ടാക്കിയിട്ടുള്ളത് എന്ന് വിഎസ് ചൂണ്ടിക്കാട്ടുന്നു.

യെച്ചൂരിയുടെ ന്യൂനപക്ഷ ലൈനില്‍ ഇങ്ങനെയാണ് പറയുന്നത്: Suitable electoral tactics should be worked out to ensure that the primary objective of ousting this RSS-BJP government and its policies is achieved while not entering into any electoral front or alliance with bourgeois-landlord parties. "ആര്‍എസ്എസ് ബിജെപി സര്‍ക്കാരിനെയും അതിന്‍റെ നയങ്ങളെയും പരാജയപ്പെടുത്തുക എന്ന മുഖ്യ ലക്‌ഷ്യം നേടാന്‍ ബൂര്‍ഷ്വാ -ഭൂപ്രഭു പാര്‍ട്ടികളുമായി തിരഞ്ഞെടുപ്പ് സഖ്യം ഉണ്ടാക്കാത്ത അടവുനയം നടപ്പാക്കുക" എന്ന്.  ഇതിന് മുമ്പ് ബിജെപിയും കോണ്‍ഗ്രസും അടക്കമുള്ള വിവിധ പാര്‍ട്ടികളുടെ വര്‍ഗ സ്വഭാവം പറയുന്ന ഭാഗത്ത് കോണ്‍ഗ്രസ് ബൂര്‍ഷ്വാ - ഭൂപ്രഭു വര്‍ഗത്തിന്‍റെ പാര്‍ട്ടിയാണ് എന്ന സിപിഎം കാഴ്ചപ്പാട് വ്യക്തമാക്കുന്നുണ്ട്. അപ്പോള്‍ കോണ്‍ഗ്രസുമായി തിരഞ്ഞെടുപ്പ് സഖ്യം പാടില്ല എന്നാണ് യെച്ചൂരിയുടെ ന്യൂനപക്ഷ ലൈന്‍ പറയുന്നത്.

“We consider the BJP and its alliance to be the main target to defeat. While doing so we should not enter into any alliance or united front with the Congress. കോണ്‍ഗ്രസുമായി  ഏതെങ്കിലും സഖ്യമോ തിരഞ്ഞെടുപ്പ് മുന്നണിയോ ഇല്ലാതെ എന്നാണ് പറയുന്നത്. ഹൈദരാബാദ് പാര്‍ട്ടി കോണ്‍ഗ്രസ് ആകട്ടെ കുറച്ചുകൂടി ഉദാരമായി കോണ്‍ഗ്രസുമായി യാതൊരു രാഷ്ട്രീയ സഖ്യവും ഇല്ലാതെ ബിജെപിയെ പരാജയപ്പെടുത്തുക എന്ന് മാത്രം പറയുന്നു. കോണ്‍ഗ്രസുമായി രാഷ്ട്രീയ സഖ്യം വേണമെന്ന് യെച്ചൂരി അടക്കം ഇന്നേവരെ ഒരു സിപിഎം ജനറല്‍ സെക്രട്ടറിയും എവിടെയും പറഞ്ഞിട്ടില്ല.

http://www.azhimukham.com/india-cpim-stand-congress/
http://www.azhimukham.com/india-yechury-on-congress-alliance-quotes-trotksky/


Next Story

Related Stories