TopTop
Begin typing your search above and press return to search.

ഗോഡ്സെയുടെ പിറന്നാള്‍ ആഘോഷം; ക്ഷേത്രത്തില്‍ ചുറ്റുവിളക്ക്: ആറ് ഹിന്ദുമഹാസഭാ പ്രവര്‍ത്തകര്‍ പിടിയില്‍

ഗോഡ്സെയുടെ പിറന്നാള്‍ ആഘോഷം; ക്ഷേത്രത്തില്‍ ചുറ്റുവിളക്ക്: ആറ് ഹിന്ദുമഹാസഭാ പ്രവര്‍ത്തകര്‍ പിടിയില്‍
മഹാത്മാഗാന്ധിയുടെ കൊലയാളി നാഥുറാം ഗോഡ്സെയുടെ പിറന്നാള്‍ ആഘോഷിച്ച ആറ് ഹിന്ദുമഹാസഭാ പ്രവര്‍ത്തകര്‍ പിടിയില്‍. ഗുജറാത്തിലെ സൂറത്തില്‍ ലിംബായത്ത് മേഖലയിലുള്ള സൂര്യമുഖി ഹനുമാന്‍ ക്ഷേത്രത്തിലായിരുന്നു പിറന്നാളാഘോഷം.

അഖില ഭാരതീയ ഹിന്ദു മഹാസഭയുടെ പ്രവര്‍ത്തകനായ ഹിരണ്‍ സുമ്ര എന്നയാളാണ് പരിപാടി സംഘടിപ്പിച്ചത്. ഇയാള്‍ തന്നെയാണ് ഈ ക്ഷേത്രത്തിലെ പൂജാരി. പതിനഞ്ചോളം യുവാക്കള്‍ പരിപാടിയില്‍ പങ്കെടുത്തു. സ്ഥലത്തെ ലോക്കല്‍ ചാനലിലെ ക്യാമറാമാനെയും ഇവര്‍ ക്ഷണിച്ചു വരുത്തിയിരുന്നു.

ക്ഷേത്രത്തില്‍ ചുറ്റുവിളക്ക് വെച്ചായിരുന്നു പിറന്നാളാഘോഷം. മധുരപലഹാരങ്ങള്‍ വിതരണം ചെയ്യുകയുമുണ്ടായി. ഇതെല്ലാം ചാനല്‍ സംപ്രേഷണം ചെയ്തു. പരിപാടിയുടെ വീഡിയോ ക്ലിപ്പുകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയും ചെയ്തു.

സുമ്രയെയും മറ്റ് അഞ്ചുപേരെയും സൂറത്ത് പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കലാപശ്രമത്തിനും ഇരുവിഭാഗങ്ങള്‍ തമ്മില്‍ സ്പര്‍ദ്ദയുണ്ടാക്കാന്‍ ശ്രമിച്ചതിനും ദേശീയൈക്യത്തെ തകര്‍ക്കുവിധം പ്രവര്‍ത്തിച്ചതിനുമാണ് കേസ്സെടുത്തിട്ടുള്ളത്.

മഹാത്മാ ഗാന്ധിയെ കൊലപ്പെടുത്തിയ ഗോഡ്സെ ഹിന്ദുമഹാസഭാ പ്രവര്‍ത്തകനായിരുന്നു.

Next Story

Related Stories