UPDATES

ട്രെന്‍ഡിങ്ങ്

എസ്‌പി-ബിഎസ്‌പി സഖ്യം: കണക്കുകൾ പ്രകാരം ബിജെപി തൂത്തെറിയപ്പെടും; എന്നാൽ തടസ്സങ്ങൾ വലുതാണ്

അപ്നാ ദളിനെയും എസ്ബിഎസ്പിയെയും ഒഴിച്ചു നിറുത്തിയാൽത്തന്നെ എൻഡിഎ സഖ്യത്തെ 23 സീറ്റിൽ തളയ്ക്കാനാകും എസ്പിക്കും ബിഎസ്പിക്കും. അവരുടെ പിന്തുണ കൂടിയുണ്ടെങ്കിൽ നേട്ടം മികച്ചതായിരിക്കും.

കുറെ നാളുകളുടെ ചർച്ചകൾക്കു ശേഷം സമാജ് വാദി പാർട്ടിയും ബഹുജൻ സമാജ് വാദി പാർട്ടിയും തമ്മിലുള്ള സഖ്യം യാഥാർ‍ത്ഥ്യമായിരിക്കുകയാണ്. ഇതോടെ ലോകസഭാ തെരഞ്ഞെടുപ്പിൽ ഉത്തർപ്രദേശിന്റെ ചിത്രം ഏതാണ്ട് വ്യക്തമായെന്നു പറയാം. ആകെ 80 സീറ്റുകളുള്ളതിൽ 57ഉം ഈ സഖ്യം പിടിച്ചെടുക്കുമെന്ന് ഇന്ത്യൻ എക്സ്പ്രസ്സ് പ്രസിദ്ധീകരിച്ച വിശകലന റിപ്പോർട്ട് പറയുന്നു. നിലവിൽ 80 സീറ്റുകളിൽ 73ഉം പിടിച്ചെടുത്ത് മൃഗീയ ആധിപത്യമാണ് എൻഡിഎ പുലർത്തുന്നത്.

അപ്നാ ദൾ, സുഹൽദേവ് ഭാരതീയ സമാജ് പാർട്ടി എന്നീ എൻഡിഎ സഖ്യകക്ഷികൾ സഖ്യം വിടുമെന്ന് ഭീഷണി മുഴക്കുന്നുണ്ടെങ്കിലും ഇതിൽ വ്യക്തത ഇനിയും വന്നിട്ടില്ല. അപ്നാ ദളിലെ അനുപ്രിയ സിങ് വിഭാഗമാണ് ഇപ്പോൾ എൻഡിഎക്കൊപ്പമുള്ളത്. അനുപ്രിയ മോദി മന്ത്രിസഭയിൽ സഹമന്ത്രിസ്ഥാനം വഹിക്കുന്നയാളാണ്. സഖ്യകക്ഷികളെ ശരിയായ വിധത്തിൽ പരിഗണിക്കാൻ എൻഡിഎ തയ്യാറായില്ലെങ്കിൽ സഖ്യം വിടുമെന്ന് അനുപ്രിയ ഈയിടെ പറഞ്ഞിരുന്നു. അനുപ്രിയയുടെ അമ്മ കൃഷ്ണ സിങ് ഇതിനകം തന്നെ പുറത്തുവന്നിട്ടുണ്ട്. ഇക്കഴിഞ്ഞ ദിവസം (ജനുവരി 12) ഇവർ ആംആദ്മി പാർട്ടിയുമായി സഖ്യത്തിലെത്തിയിട്ടുണ്ട്. ഈ സഖ്യം ഇപ്പോൾ തത്വത്തിൽ അംഗീകരിക്കപ്പെട്ടിരിക്കുകയാണ്. അടുത്ത ദിവസങ്ങളിൽ സീറ്റ് പങ്കിടൽ സംബന്ധിച്ചും ധാരണയാകും. മിർസാപൂരിലും പ്രതാപ്ഗഢിലും രണ്ട് സീറ്റുകളാണ് 2014 തെരഞ്ഞെടുപ്പിൽ അപ്നാ ദൾ നേടിയത്. ഉത്തർപ്രദേശിലെ 403 അംഗ അസംബ്ലിയിൽ ഒമ്പത് അംഗങ്ങൾ അപ്നാ ദളിന്റേതാണ്.

അപ്നാ ദളിനെയും എസ്ബിഎസ്പിയെയും ഒഴിച്ചു നിറുത്തിയാൽത്തന്നെ എൻഡിഎ സഖ്യത്തെ 23 സീറ്റിൽ തളയ്ക്കാനാകും എസ്പിക്കും ബിഎസ്പിക്കും. അവരുടെ പിന്തുണ കൂടിയുണ്ടെങ്കിൽ നേട്ടം മികച്ചതായിരിക്കും. 2014ൽ ബിഎസ്പിക്ക് ഒരു സീറ്റുപോലും നേടാൻ കഴിഞ്ഞിരുന്നില്ല. എസ്പിക്ക് വെറും 5 സീറ്റിലാണ് വിജയിക്കാൻ കഴിഞ്ഞത്. അസംബ്ലി തെരഞ്ഞെടുപ്പിലും ഈ പരാജയം ആവർത്തിച്ചു. 403 അംഗ അസംബ്ലിയിൽ വെറും 47 അംഗങ്ങളിലേക്ക് എസ്പി ചുരുങ്ങി. ബിഎസ്പിയാകട്ടെ 19 അംഗങ്ങളെ മാത്രം വിജയിപ്പിച്ച് വലിയ പരാജയമടഞ്ഞു. 2017ല്‍ നടന്ന് അസംബ്ലി തെരഞ്ഞെടുപ്പിൽ കോൺഗ്രസ്സുമായി ചേരാനുള്ള അഖിലേഷിന്റെ തീരുമാനം വലിയ തിരിച്ചടിയാണ് പാർട്ടിക്ക് നൽകിയത്. കോൺഗ്രസ്സിന് അന്ന് നേടാൻ കഴിഞ്ഞത് 7 സീറ്റാണ്. ബിജെപി-അപ്നാ ദൾ-എസ്ബിഎസ്പി എന്നീ പാർട്ടികൾ ചേർന്നുള്ള സഖ്യം അസംബ്ലിയിലെ 325 സീറ്റുകളും പിടിച്ചെടുത്തു.

കോൺഗ്രസ്സുമായി അഖിലേഷ് ഏർപ്പെട്ട സഖ്യത്തെപ്പോലെത്തന്നെ അപകട സാധ്യതകളുള്ള സഖ്യമാണ് ഇപ്പോഴത്തേതും. ബിഎസ്പിയും എസ്പിയും ശത്രുപക്ഷങ്ങളിലുള്ളവരാണ്. ഒരു തെരഞ്ഞെടുപ്പ് സഖ്യം മുമ്പോട്ടു കൊണ്ടുപോകാനുള്ള സൗഹൃദാന്തരീക്ഷം സൃഷ്ടിച്ചെടുക്കുക ഏറെ പ്രയാസം. തന്നെ ബഹുമാനിക്കുംപോലെ മായാവതിയെയും ബഹുമാനിക്കണമെന്ന് അഖിലേഷ് തന്റെ അനുയായികളോട് പറയുകയുണ്ടായി. എന്നാൽ ഇത് എത്രത്തോളം അണികൾ ഏറ്റെടുക്കുമെന്നത് വിഷയമാണ്. മേൽപ്പറഞ്ഞ കണക്കുകൾ യാഥാർത്ഥ്യമാകണമെങ്കിൽ ഇരുകക്ഷികളും തമ്മിലുള്ള ബന്ധം കൂടുതൽ ഉറയ്ക്കേണ്ടതുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍