Top

വെടിയേറ്റുണ്ടായ മുറിവിൽ പതിക്കാൻ ബാൻഡ്-എയ്ഡ് മോഷ്ടിക്കുന്നു; സർക്കാർ റിസർവ്വ് ബാങ്കിനെ കൊള്ളയടിക്കുകയാണെന്ന് രാഹുൽ ഗാന്ധി

വെടിയേറ്റുണ്ടായ മുറിവിൽ പതിക്കാൻ ബാൻഡ്-എയ്ഡ് മോഷ്ടിക്കുന്നു; സർക്കാർ റിസർവ്വ് ബാങ്കിനെ കൊള്ളയടിക്കുകയാണെന്ന് രാഹുൽ ഗാന്ധി
റിസർവ്വ് ബാങ്കിന്റെ കരുതൽ ധനത്തിൽ നിന്ന് 1.76 ലക്ഷം കോടി രൂപ വാങ്ങിയെടുത്ത് രാജ്യം നേരിടുന്ന കടുത്ത സാമ്പത്തിക മാന്ദ്യത്തെ നേരിടാനുള്ള മോദി സർക്കാരിന്റെ നീക്കത്തെ രൂക്ഷമായി വിമർശിച്ച് രാഹുൽ ഗാന്ധി രംഗത്ത്. "പ്രധാനമന്ത്രിയും ധനമന്ത്രിയും അവർ സ്വയം സൃഷ്ടിച്ച സാമ്പത്തിക ദുരന്തത്തെ എങ്ങനെ പരിഹരിക്കുമെന്നറിയാതെ നിൽക്കുകയാണ്. ഡിസ്പൻസറിയിൽ നിന്ന് ബാൻഡ്-എയ്ഡ് മോഷ്ടിച്ച് വെടിയേറ്റുണ്ടായ മുറിവില്‍ പതിക്കുന്നതു പോലെയാണ് ആർബിഐ കരുതൽ ധനം വാങ്ങാനുള്ള നീക്കം." അദ്ദേഹം പറഞ്ഞു.

ചരിത്രത്തിലിന്നുവരെ റിസര്‍വ്വ് ബാങ്കിന്റെ കരുതൽ ധനത്തിൽ സർക്കാരുകൾ തൊട്ടിട്ടില്ല. രാജ്യത്തിന്റെ സാമ്പത്തിക വ്യവസ്ഥയുടെ ആത്മവിശ്വാസത്തെ ഉലയ്ക്കുന്ന നടപടിയായാണ് എക്കാലത്തും സർക്കാരുകൾ കരുതൽ ധനത്തെ തൊട്ടുള്ള കളികളെ കണ്ടിരുന്നത്. 1.76 ലക്ഷം കോടി രൂപയാണ് ഡിവിഡണ്ടായും സർപ്ലസ് ക്യാപിറ്റലായും സർക്കാരിന് റിസർവ്വ് ബാങ്ക് നൽകുന്നത്. ഇതിൽ ഡിവിഡണ്ടിനത്തിൽ 28,000 കോടി രൂപ ഇതിനകം തന്നെ നൽകിയിട്ടുണ്ട്.

2019 ബജറ്റിൽ കാണാതെപോയ അതേ തുകയാണ് റിസർവ്വ് ബാങ്ക് ഇപ്പോൾ സർക്കാരിന് കൈമാറിയിരിക്കുന്നതെന്ന് രാഹുൽ ഗാന്ധി ചൂണ്ടിക്കാട്ടി. കഴിഞ്ഞ ബജറ്റിലെ വരവുചെലവുകളിൽ വലിയ വ്യത്യാസം കാണുന്നത് ചൂണ്ടിക്കാട്ടി വിദഗ്ധർ രംഗത്തു വന്നിരുന്നു. 1.7 ലക്ഷം കോടി രൂപയുടെ കുറവ് വരവിലുണ്ടായിട്ടുണ്ടെന്നാണ് അന്ന് ചൂണ്ടിക്കാണിക്കപ്പെട്ടത്. ഗൗരവമേറിയ ഈ വിഷയം പക്ഷെ മാധ്യമങ്ങൾ കാര്യമായ ചര്‍ച്ചയ്ക്ക് വിധേയമാക്കുകയുണ്ടായില്ല. എന്തുകൊണ്ടാണ് അത്രയും തുക ബജറ്റിൽ കാണാതായതെന്ന് രാഹുൽ ചോദിച്ചു. റിസർവ്വ് ബാങ്കിനെ കൊള്ളയടിക്കുന്നത് സാമ്പത്തികവ്യവസ്ഥയെ കൂടുതൽ തകരാറിലാക്കുകയേള്ളൂവെന്ന് അദ്ദേഹം പറഞ്ഞു. ബാങ്കിന്റെ ക്രെഡിറ്റ് റേറ്റിങ് ഇതുവഴി കുറയുകയും ചെയ്യുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

അരുൺ ജെയ്റ്റ്ലി ധനമന്ത്രിയായിരിക്കെ നടപ്പാക്കിയ നോട്ടു നിരോധനത്തെ തുടർന്ന് രാജ്യത്തുണ്ടായ മാന്ദ്യമാണ് ആർബിഐയുടെ കരുതൽ ധനശേഖരത്തിലേക്ക് സർക്കാരിന്റെ കണ്ണെത്തിച്ചത്. ഇത്രയും കരുതൽ ധനം ആർബിആക്ക് ആവശ്യമില്ലെന്ന് സർക്കാർ വാദിക്കാൻ തുടങ്ങി. ഇതോടെ ആർബിഐ ഗവർണറായിരുന്ന ഊർജിത് പട്ടേൽ സർക്കാരിനെതിരെ പരസ്യമായി നിലപാടെടുത്തു. റിസര്‍വ് ബാങ്കിന്റെ പ്രവര്‍ത്തന സ്വാതന്ത്ര്യത്തെക്കുറിച്ചും സ്വയംഭരണത്തെക്കുറിച്ചും ആര്‍ബിഐ ഡെപ്യൂട്ടി ഗവര്‍ണര്‍ വിരാല്‍ ആചാര്യ തുറന്നു പറഞ്ഞതോടെയാണ്‌ 2018 ഒക്ടോബര്‍ മാസം ഒടുവില്‍ പ്രതിസന്ധി മറനീക്കി പുറത്തു വന്നത്. കിട്ടാക്കടങ്ങളാണ് സാമ്പത്തിക വ്യവസ്ഥയെ പ്രശ്നത്തിലാക്കിയതെന്നും കൂടുതൽ കടം നൽകാൻ‌ ആർബിഐ പ്രോത്സാഹനം നൽകിയതെന്തിനായിരുന്നെന്നും അരുൺ ജെയ്റ്റ്ലി ഒരു ഘട്ടത്തിൽ ചോദിക്കുകയുണ്ടായി. ഊർജിത് പട്ടേലും ആചാര്യയും പിന്നീട് രാജി വെച്ചു. ആർബിഐയിലേക്ക് ഗുരുമൂര്‍ത്തി അടക്കമുള്ള സംഘപരിവാർ സംഘടനാ നേതാക്കൾ കടന്നു വരികയും ചെയ്തു.

തങ്ങളുടെ കരുതൽ ധനം ഘട്ടം ഘട്ടമായി തുക കൈമാറാനാണ് ആര്‍ബിഐയുടെ തീരുമാനം. രണ്ട് വര്‍ഷമായി സര്‍ക്കാരും ആര്‍ബിഐയും തമ്മില്‍ ഇതു സംബന്ധിച്ച് വലിയ തര്‍ക്കം നിലനിന്നിരുന്നു. കരുതല്‍ ധനശേഖരത്തില്‍ നിന്ന് തുകയെടുത്ത് ധനക്കമ്മി കുറയ്ക്കുന്നതിന് പ്രയോജനപ്പെടുത്താനാണ് നീക്കം. കരുതല്‍ ധനശേഖരം കൈമാറുന്നതുമായി ബന്ധപ്പെട്ട തര്‍ക്കം പരിഹരിക്കുന്നതിനായിട്ടായിരുന്നു ആര്‍ബിഐ യോഗം ചേര്‍ന്ന് സാമ്പത്തിക വിദഗ്ധനായ ബിമല്‍ ജെലാന്‍ കമ്മിറ്റിയെ നിയോഗിച്ചത്. ബിമല്‍ ജെലാന്‍ സമിതിയുടെ റിപ്പോര്‍ട്ട് അംഗീകരിച്ചാണ് ആര്‍ബിഐ നടപടി. ഇതോടെ മാര്‍ച്ചിനകം കേന്ദ്രസര്‍ക്കാരിന് ബജറ്റില്‍ പ്രതീക്ഷിച്ചിരുന്നതിലും 64 ശതമാനം അധികം തുക ആര്‍ബിഐയില്‍ നിന്ന് ലഭിക്കും.

Next Story

Related Stories