Top

സിബിഐയില്‍ നിന്ന് അലോക് വര്‍മ്മയുടെ പുറത്താകല്‍: ജസ്റ്റിസ് സിക്രി കോമണ്‍വെല്‍ത്ത് പദവി സ്വീകരിക്കുന്നതില്‍ നിന്ന് പിന്മാറി

സിബിഐയില്‍ നിന്ന് അലോക് വര്‍മ്മയുടെ പുറത്താകല്‍: ജസ്റ്റിസ് സിക്രി കോമണ്‍വെല്‍ത്ത് പദവി സ്വീകരിക്കുന്നതില്‍ നിന്ന് പിന്മാറി
സുപ്രീംകോടതിയിലെ രണ്ടാമത്തെ മുതിര്‍ന്ന ജഡ്ജിയായ എകെ സിക്രി, കേന്ദ്രസര്‍ക്കാര്‍ നല്‍കാമെന്ന പറഞ്ഞ കോമണ്‍വെല്‍ത്ത് സെക്രട്ടേറിയറ്റ് ആര്‍ബിട്രല്‍ ട്രിബ്യൂണല്‍ (CSAT) പ്രസിഡന്റ് പദവി ഏല്‍ക്കുന്നതില്‍ നിന്ന് പിന്മാറി. പദവി ഏറ്റെടുക്കാന്‍ താല്‍പര്യമില്ലെന്ന് സര്‍ക്കാരിനെ അറിയിച്ചതായിട്ടാണ് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. വിരമിച്ച ശേഷം ഔദ്യോഗിക പദവികള്‍ ഏറ്റെടുക്കാനില്ലെന്നു ജസ്റ്റിസ് സിക്രി അറിയിച്ചതായും റിപ്പോര്‍ട്ടുണ്ട്. സിബിഐ ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് അലോക് വര്‍മ്മയെ മാറ്റിയ യോഗത്തില്‍ സര്‍ക്കാര്‍ നിലപാടിനെ പിന്തുണച്ച ജസ്റ്റിസ് സിക്രി വിരമിച്ച ശേഷം സര്‍ക്കാര്‍ സഹായത്തോടെ ഔദ്യോഗിക പദവി ഏറ്റെടുക്കുന്നത് വിവാദമായ സാഹചര്യത്തിലാണ് നടപടി.

ജസ്റ്റിസ് സിക്രിയെ കോമണ്‍വെല്‍ത്ത് സെക്രട്ടേറിയറ്റ് ആര്‍ബിട്രല്‍ ട്രിബ്യൂണല്‍ (CSAT) പ്രസിഡണ്ട്/മെമ്പര്‍ പോസ്റ്റിലേക്കുള്ള ഒഴിവിലേക്ക് നാമനിര്‍ദ്ദേശം ചെയ്യാന്‍ നരേന്ദ്രമോദി സര്‍ക്കാര്‍ കഴിഞ്ഞമാസം നിശ്ചയിച്ചിരുന്നെന്ന് റിപ്പോര്‍ട്ട്. ദി പ്രിന്റ് ആണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മാര്‍ച്ച് ആറിന് സുപ്രീംകോടതി ജഡ്ജി സ്ഥാനത്തു നിന്നും വിരമിച്ചതിനു ശേഷം സിക്രി സിഎസ്എടിയില്‍ സ്ഥാനമേറ്റെടുക്കും എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയിക്കു ശേഷം സീനിയോരിറ്റിയില്‍ മുകളില്‍ നില്‍ക്കുന്നയാളാണ് സിക്രി.

https://www.azhimukham.com/india-justice-sikri-whose-vote-decided-alok-vermas-fate-gets-modi-govt-nod-for-plum-posting/

നാലു വര്‍ഷത്തേക്കാണ് ഈ നിയമനം. പിന്നീടിത് ദീര്‍ഘിപ്പിക്കാനും സാധിക്കും. ഈ പദവി ഏറെ ബഹുമാനിക്കപ്പെടുന്നുണ്ട് എന്നതിനാല്‍ത്തന്നെ ജഡ്ജിമാരെ സംബന്ധിച്ചിടത്തോളം ഈ നിയമനം ഒരു ബഹുമതിയാണ്.

സിബിഐ ഡയറക്ടര്‍ സ്ഥാനത്തു നിന്നും നീക്കം ചെയ്യപ്പെട്ട അലോക് വര്‍മയെ തല്‍സ്ഥാനത്ത് പുനസ്ഥാപിച്ച ശേഷം അദ്ദേഹത്തിന്റെ ഭാവി തീരുമാനിക്കുന്നത് ഉന്നതാധികാര സമിതിക്ക് വിട്ടുകൊടുക്കുകയായിരുന്നു സുപ്രീംകോടതി. ഈ സമിതിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും പ്രതിപക്ഷത്തു നിന്നും മല്ലികാര്‍ജുന്‍ ഖാര്‍ഗെയും, സുപ്രീംകോടതി ചീഫ് ജസ്റ്റിസിന്റെ പ്രതിനിധിയായി ജസ്റ്റിസ് സിക്രിയുമാണ് ഉണ്ടായിരുന്നത്. അലോക് വര്‍മയെ പദവിയില്‍ നിന്നും നീക്കണമെന്നായിരുന്നു മോദിയുടെ അഭിപ്രായം. ഇതേ അഭിപ്രായം സിക്രിയും ഉന്നയിച്ചതോടെ ഭൂരിപക്ഷ തീരുമാനപ്രകാരം അലോക് വര്‍മ പുറത്തായി.

53 കോമണ്‍വെല്‍ത്ത് രാജ്യങ്ങള്‍ക്കിടയിലുള്ള തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ രൂപപ്പെടുത്തിയിട്ടുള്ള സംവിധാനമാണ് സിഎസ്എടി. പ്രസിഡണ്ട് അടക്കം എട്ട് മെമ്പര്‍മാരാണ് ഇതിലുള്ളത്. പ്രാദേശിക പ്രാതിനിധ്യ മാനദണ്ഡമനുസരിച്ചാണ് മെമ്പര്‍മാരെ തെരഞ്ഞെടുക്കുക. ഉയര്‍ന്ന സദാചാരബദ്ധമായ സ്വഭാവമുള്ള ജഡ്ജിമാരെയാണ് ഈ കോടതിയിലേക്ക് നാമനിര്‍ദ്ദേശം ചെയ്യേണ്ടത് എന്നാണ് വെപ്പ്. ഏറെക്കാലമായി ഈ സമിതിയില്‍ ഇന്ത്യയുടെ പ്രതിനിധിയില്ല. സ്വാഭാവികമായും ഇന്ത്യയുടെ നാമനിര്‍ദ്ദേശം സ്വീകരിക്കപ്പെടും.

സിക്രിക്ക് ഈ നിയമനം നല്‍കാനുള്ള തീരുമാനം വന്നത് 'ഉന്നതതലങ്ങളില്‍' നിന്നാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Next Story

Related Stories