UPDATES

ട്രെന്‍ഡിങ്ങ്

ഇനിയുമുണ്ടോ ഇജ്ജാതി കുമാരന്‍മാര്‍ നിങ്ങളുടെ പാര്‍ട്ടിയില്‍? ചോദ്യം മോദിയോടും അമിത് ഷായോടുമാണ്

ആരെയും അമ്പരപ്പിക്കാൻ പോന്ന തന്റെ ചില കണ്ടുപിടുത്തങ്ങളും നിഗമനങ്ങളും വിളമ്പുന്നതിലാണ് ബിപ്ലബ് കുമാര്‍ ദേബിന്റെ ശ്രദ്ധയത്രയും

കെ എ ആന്റണി

കെ എ ആന്റണി

നീണ്ട ഇരുപത്തിയഞ്ചു വർഷത്തെ ഭരണം കൊണ്ട് ത്രിപുരയെ സി പി എമ്മും മണിക് സർക്കാരും ചേർന്ന് മുച്ചൂടും മുടിച്ചെന്ന ആക്ഷേപവുമായാണ് ഇത്തവണ ബി ജെ പി അവിടെ അങ്കത്തിനു ഇറങ്ങിയതും സി പി എമ്മിനെ മലർത്തിയടിച്ചു ഭരണത്തിലെത്തിയതും. ത്രിപുരയുടെ പുതിയ മുഖ്യമന്ത്രിയായി നിയമിതനായ ഉടൻ തന്നെ ബിപ്ലബ് കുമാര്‍ ദേബ് പറഞ്ഞത് ത്രിപുര ഇനി വികസനത്തിന്റെ പാതയിലേക്കെന്നായിരുന്നു.

എന്നാൽ ആ നിലക്കുള്ള പ്രവർത്തനങ്ങളിലല്ല നമ്മുടെ ബിപ്ലബ കുമാരൻ ഇപ്പോൾ മുഴുകിയിരിക്കുന്നത്. ആരെയും അമ്പരപ്പിക്കാൻ പോന്ന തന്റെ ചില കണ്ടുപിടുത്തങ്ങളും നിഗമനങ്ങളും വിളമ്പുന്നതിലാണ് അദ്ദേഹത്തിന്റെ ശ്രദ്ധയത്രയും. ഇന്റർനെറ്റും സാറ്റലൈറ്റ് സംവിധാനവുമൊന്നും സായിപ്പിന്റെ കണ്ടുപിടുത്തമല്ലെന്നും മുഴുവൻ ക്രെഡിറ്റും ഭാരതീയർക്കുള്ളതാണെന്നുമുള്ള കാര്യത്തിൽ ബിപ്ലവ കുമാരന് സംശയം ലവലേശമില്ല. മഹാഭാരത യുദ്ധ കാലത്തു ഭാരതത്തിൽ ഇന്റർനെറ്റും സാറ്റലൈറ്റ് സംവിധാനവുമൊക്കെ ഉണ്ടായിരുന്നുവെന്നും അതുകൊണ്ടാണ് അന്ധനായ ധൃതരാഷ്ട്രര്‍ക്ക് മഹാഭാരത യുദ്ധത്തിന്റെ തത്സമയ സംപ്രേഷണം ലഭ്യമായതെന്നുമാണ് ബിപ്ലവ കുമാരന്റെ കണ്ടുപിടുത്തങ്ങളിൽ ഒന്ന്. വിളമ്പിയത് വിവരക്കേടാണെന്നു വിവരമുള്ളവരിൽ ചിലർ പറഞ്ഞു നോക്കിയെങ്കിലും ചെവിക്കൊള്ളാൻ ബിപ്ലവ കുമാരൻ തയ്യാറല്ല. പേരിലെ ബിപ്ലവും ദേബും ഒക്കെ മനസ്സിൽ വിപ്ലവവും ദേവനുമൊക്കെയായി ജ്വലിച്ചു നിൽക്കുമ്പോൾ അങ്ങിനെ ആരെങ്കിലുമൊക്കെ പറയുന്നത് കേൾക്കാനും വിശ്വസിക്കാനുമൊന്നും ത്രിപുര വാണരുളുന്ന ഈ കുമാരനെ കിട്ടില്ല.

മഹാഭാരത കാലത്ത് ഇന്റര്‍നെറ്റ് ഉണ്ടായിരുന്നുവെന്നതിന്റെ തെളിവുകള്‍ ഇവയൊക്കെയാണ്

ഇന്റർനെറ്റിലും സാറ്റലൈറ്റിലും നിന്നില്ല ബിപ്ലവ കുമാരന്റെ വെളിപാടുകൾ. ടിയാൻ അടുത്തതായി വിളമ്പിയത് സൗന്ദര്യ ശാസ്ത്രത്തിലുള്ള തന്റെ പരിജ്ഞാനം തന്നെയായിരുന്നു. ചെങ്കൊടിക്ക് കീഴിൽ മാത്രമല്ല കാവിക്കൊടിക്ക് കീഴിലും സൗന്ദര്യ ശാസ്ത്രം വിരിയും എന്നത് ത്രിപുരയിൽ മാർക്സിസ്റ്റു ഭരണത്തിന് വിരാമിട്ടു അധികാരത്തിൽ വന്നതാണെങ്കിലും മാലോകരെ ബോധ്യപ്പെടുത്തേണ്ടതുണ്ടെന്നു ബിപ്ലവകുമാരന് തോന്നിയിട്ടുണ്ടാവണം. പക്ഷെ വിളമ്പിയ സൗന്ദര്യ ശാസ്ത്രം അൽപ്പം കടന്നു പോയെന്നു മാത്രം. സൗന്ദര്യ ശാസ്ത്രമാകുമ്പോൾ പെണ്ണുടലിൽ തന്നെയാവണം എന്ന് ബിപ്ലവ കുമാരൻ തീരുമാനിച്ചതിനാലാവണം ലോക സുന്ദരി പട്ട നിർണയത്തിൽ തന്നെ കയറിപ്പിടിച്ചത്. നടിയും മോഡലുമൊക്കെയായ ഡയാന ഹൈഡനെപ്പോലുള്ളവർക്കു ലോക സുന്ദരിപ്പട്ടം നൽകിയത് ഒട്ടും ശരിയായില്ലെന്നാണ് ബിപ്ലവകുമാരന്റെ അഭിപ്രായം. ഐശ്യര്യ റായിയെ പോലുള്ളവർ വെളുത്തു തുടുത്തിട്ടാണ്. അവർക്കു കൊടുത്തതിൽ തെറ്റില്ല. പക്ഷെ ഡയാനയെപ്പോലുള്ള ഒരാൾക്ക് എന്ത് കണ്ടിട്ടാണ് പട്ടം നൽകിയെതെന്നായിരുന്നു ബിപ്ലവ കുമാരന്റെ ചോദ്യം. തന്റെ പ്രസ്താവന വലിയ വിവാദത്തിലേക്ക് നീങ്ങിയപ്പോൾ സ്ത്രീ അമ്മയാണെന്നും താൻ സ്ത്രീകളെ ബഹുമാനിക്കുന്നുവെന്നുമൊക്കെ പറഞ്ഞു തടി രക്ഷപ്പെടുത്താൻ നോക്കി.

രാഷ്ട്രീയക്കാരുടെ പുറകെ നടന്ന് ജോലി നേടുന്നതിനേക്കാള്‍ മുറുക്കാന്‍ കട തുടങ്ങുന്നതാണ് നല്ലത്; ത്രിപുര മുഖ്യമന്ത്രി

ക്ഷീണം പൂർണമായും തീരുന്നതിനു മുൻപാണ് ഒരു പുതിയ കണ്ടുപിടുത്തവുമായി ബിപ്ലവ കുമാരൻ വീണ്ടും രംഗത്ത് വന്നത്. സിവിൽ സർവീസ് ഭരിക്കാൻ ഏറ്റവും നല്ലതു സിവിൽ എഞ്ചിനീയർമാരാണെന്നതായിരുന്നു ഈ കണ്ടുപിടുത്തം. മെക്കാനിക്കൽ എഞ്ചിനീയറിംഗ് പഠിച്ചവരും സിവിൽ സർവീസിൽ എത്തുന്നുണ്ടെങ്കിലും പ്രസ്തുത പണിക്കു ഏറ്റവും അനുയോജ്യരായവർ സിവിൽ എങ്ങിനീയർമാർ തന്നെ എന്ന കാര്യത്തിൽ ബിപ്ലവ കുമാരന് അശേഷം സംശയമില്ല. പറഞ്ഞു കെണിഞ്ഞ കാര്യം പലരും ശ്രദ്ധയിൽ പെടുത്തിയെങ്കിലും കുമാരൻ തിരുത്താൻ തയ്യാറല്ല.

“കമ്മ്യൂണിസ്റ്റുകാര്‍ ഹിന്ദു രാജാക്കന്മാരെ മറന്ന് മാവോ സെ ദൊങിനെപ്പറ്റി പഠിപ്പിച്ചു”; പുതിയ സിലബസ് വരുമെന്ന് ത്രിപുര മുഖ്യമന്ത്രി

സിവിൽ സർവീസിലും നിൽക്കുന്നില്ല ബിപ്ലവകുമാരന്റെ ലീലാ വിലാസങ്ങൾ. ഇക്കഴിഞ്ഞ ദിവസം മഹാജ്ഞാനിയായ കുമാരൻ ഒരു ഉപദേശവുമായി രംഗത്തെത്തി. സർക്കാർ ജോലിക്കുവേണ്ടി രാഷ്ട്രീയക്കാരുടെ കാലു തെണ്ടി നടക്കാതെ ത്രിപുരയിലെ യുവത പശു വളർത്തലും മുറുക്കാൻ കച്ചവടവും തുടങ്ങണം എന്നതാണ് ഉപദേശം. ഇതൊക്കെ കാണുകയും കേൾക്കുകയും ചെയ്യുമ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും ബി ജെ പി ദേശീയ അധ്യക്ഷൻ അമിത്ഷായോടും അറിയാതെ ചോദിച്ചുപോവുകയാണ്, ഇനിയുമുണ്ടോ എടുക്കാൻ ഇതുപോലെ കുറെ കുമാരന്മാർകൂടി നിങ്ങളുടെ പാർട്ടിയിലെന്ന്.

സര്‍ക്കാരിനെ വിമര്‍ശിക്കുന്നവരുടെ നഖം വെട്ടും: വീണ്ടും ത്രിപുര മുഖ്യമന്ത്രിയുടെ മസാല

സിവില്‍ എന്‍ജിനിയര്‍മാര്‍ സിവില്‍ സര്‍വീസില്‍ ചേരണം; മെക്കാനിക്കല്‍ എന്‍ജിനിയര്‍മാര്‍ ചേരണ്ട: ത്രിപുര മുഖ്യമന്ത്രി

ഡയാന ഹെയ്ഡന് ലോകസുന്ദരിയാകാന്‍ യോഗ്യതയില്ല; ലക്ഷ്മിയുടേയും സരസ്വതിയുടേയും ലുക്കില്ലെന്ന് ത്രിപുര മുഖ്യന്‍

മഹാഭാരതകാലം മുതല്‍ ഇന്ത്യയില്‍ ഇന്റര്‍നെറ്റ് ഉണ്ടായിരുന്നുവെന്നു ത്രിപുര ബിജെപി മുഖ്യമന്ത്രി

കെ എ ആന്റണി

കെ എ ആന്റണി

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍. ന്യൂ ഇന്ത്യന്‍ എക്സ്പ്രസ്സ്, പയനിയര്‍ എന്നിവിടങ്ങളില്‍ പത്രപ്രവര്‍ത്തകനായി ജോലി ചെയ്തിട്ടുണ്ട്.

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍