TopTop
Begin typing your search above and press return to search.

'എംഎസ് സുബ്ബലക്ഷ്മി കറുത്തവളായിരുന്നെങ്കിലോ' എന്ന ടിഎം കൃഷ്ണയുടെ ചോദ്യത്തെ ആക്രമിച്ച സുധാ രഘുനാഥന്‍ അതേ തൊലിനിറ രാഷ്ട്രീയത്തില്‍ കുടുങ്ങിയപ്പോള്‍

കര്‍ണാടക സംഗീതത്തില്‍ 'മദ്രാസ് സ്കൂള്‍' എന്നത് ഒരു മുന്നേറ്റത്തിന്റെ പേരാണ്. ബ്രിട്ടീഷ് കോളനിയായിരുന്ന കാലത്ത് ഇന്ത്യയുടെ അറിവിന്റെ ചരിത്രം ചോദ്യം ചെയ്യപ്പെട്ടിരുന്നു. ബ്രിട്ടീഷ് ചരിത്രമെഴുത്തുകളും സര്‍വ്വേകളുമെല്ലാം ഇന്ത്യക്ക് തനതായൊരു സാംസ്കാരിക-ബൗദ്ധിക പാരമ്പര്യമൊന്നും പറയാനില്ലെന്ന് സ്ഥാപിക്കാന്‍ ബുദ്ധിമുട്ടി. അക്കാലത്ത് കടല്‍കടന്നു പോയും അല്ലാതെയും പഠനം നടത്തിയ തമിഴ്നാട്ടിലെ ബ്രാഹ്മണര്‍ ഈ പ്രശ്നത്തെ അഭിമുഖീകരിക്കാതെ വയ്യെന്ന നിലയിലെത്തിച്ചേര്‍ന്നു. ഇന്ന് നോക്കുമ്പോള്‍ പ്രാകൃതമെന്നു തോന്നാവുന്ന നിലയിലായിരുന്നു കര്‍ണാടക സംഗീതത്തിന്റെ അന്നത്തെ നില. ഭജനപ്പാട്ടുകളില്‍ നിന്ന് വളര്‍ന്നു തുടങ്ങിയ അവസ്ഥയെ കൂടുതല്‍ മെച്ചപ്പെടുത്താന്‍ ത്യാഗരാജ സ്വാമികള്‍ തുടങ്ങിയ കംപോസര്‍മാരുടെ പ്രയത്നങ്ങള്‍ക്കായി. പടിഞ്ഞാറന്‍ സംഗീതത്തിന്റെ കുറെക്കൂടി പരിഷ്കൃതമായ നില വളര്‍ച്ചയുടെ ഈ ഘട്ടത്തില്‍ കര്‍ണാടക സംഗീതത്തെ ഏറെ സ്വാധീനിച്ചിട്ടുണ്ട്. ഇന്ന് നാം കേള്‍ക്കുന്ന കര്‍ണാടക സംഗീതത്തിന്റെ പ്രത്യേകമായ ഘടനയുടെ ഉത്തരവാദിത്വം കഴിഞ്ഞ പത്തുമുന്നൂറ് കൊല്ലത്തിനിടയില്‍ പാശ്ചാത്യ സംഗീതത്തിന്റെ കൂടി സ്വാധീനത്തില്‍ വന്നുപെട്ടിട്ടുള്ള മാറ്റങ്ങള്‍ക്കാണ്. ഇതിന് മുമ്പില്‍ നിന്നത് മദ്രാസ് സ്കൂള്‍ എന്നറിയപ്പെടുന്ന മുന്നേറ്റമായിരുന്നു.

ഇന്ന് കര്‍ണാടക സംഗീതത്തിലെ ഒരു മാഫിയാ സംഘം പോലെയായിത്തീര്‍ന്നിട്ടുള്ള ഈ സ്കൂളിന്റെ 'ഉല്‍പ്പന്നം' തന്നെയാണ് സുധാ രഘുനാഥന്‍ എന്ന സംഗീതജ്ഞ. ഏതെങ്കിലും തരത്തിലുള്ള വിപ്ലവപ്രവര്‍ത്തനം കര്‍ണാടക സംഗീതത്തില്‍ നടത്താന്‍ അവര്‍ മെനക്കെട്ടിട്ടില്ല. പാരമ്പര്യത്തെ മുറുകെപ്പിടിച്ചുള്ള പാടല്‍ രീതികള്‍ തന്നെയാണ് സുധാ രഘുനാഥന്റെയും. എന്നാല്‍, കര്‍ണാടക സംഗീതം ഇന്ന് പിന്തുടരുന്ന അനാവശ്യ ജാട്യങ്ങളെ നീക്കം ചെയ്താല്‍ കൂടുതല്‍ പേര്‍ അവ കേള്‍ക്കുമെന്നും മറ്റുമുള്ള നിലപാടുകള്‍ അവര്‍ക്കുണ്ട്. കൂടുതല്‍ പേര്‍ കര്‍ണാടക സംഗീതം കേള്‍ക്കേണ്ടതുണ്ട് എന്ന് പറയുന്നതു തന്നെയും മദ്രാസ് സ്കൂളിന്റെ ഇന്നത്തെ അടഞ്ഞ അവസ്ഥയില്‍ ഒരു വിപ്ലവാഹ്വാനമായി എണ്ണാവുന്നതാണെങ്കിലും സുധയുടെ സംഗീതസമീപനം പൊതുവെ പാരമ്പര്യാധിഷ്ഠിതം തന്നെയാണ്. പാടലില്‍ അവരൊരു വിപ്ലവകാരിയല്ല.

കര്‍ണാടക സംഗീതത്തില്‍ വലിയ അറിവൊന്നും ഇല്ലാത്ത വിഭാഗങ്ങള്‍ പോലും ആസ്വാദകരായി എത്തിത്തുടങ്ങുന്നതിനെക്കുറിച്ച് അവര്‍ ഒരു അഭിമുഖത്തില്‍ ആഹ്ലാദത്തോടെ പറഞ്ഞിരുന്നു. 'അറിവുള്ളവരു'ടെ സംഗീതമാണ് കര്‍ണാടക സംഗീതം എന്ന അബദ്ധധാരണ അവര്‍ക്കില്ല. ഇക്കാര്യം പറയുന്നതിനിടെ സുധ ഇങ്ങനെയൊരു വാചകവും പറയുകയുണ്ടായി: "മാറിവരുന്ന കാണികള്‍ക്കു വേണ്ടി നമ്മള്‍ നമ്മുടെ സംഗീതത്തെ പുരോഗമനപരമായി നയിക്കണം." ഫ്യൂഷന്‍ സംഗീതത്തില്‍ സുധാ രഘുനാഥന് വലിയ താല്‍പ്പര്യമുണ്ട്. യുഎസ് അടക്കമുള്ളയിടങ്ങളില്‍ ഫ്യൂഷന്‍ സംഗീത പരിപാടികളില്‍ പങ്കെടുത്തിട്ടുള്ള സുധ ഒരു കറുത്ത വര്‍ഗക്കാരനെ വേര്‍തിരിച്ച് കാണുന്ന ബ്രാഹ്മണ്യത്തില്‍ നിന്നും ഏറെ വളര്‍ന്നു കഴിഞ്ഞിട്ടുണ്ടെന്നതില്‍ സംശയിക്കേണ്ടതില്ല.

കര്‍ണാടകക്കാരിയാണ് സുധാ രഘുനാഥന്‍. വളരെ ചെറുപ്പത്തിലേ കുടുംബത്തോടൊപ്പം മദ്രാസിലേക്ക് വന്നതാണ് അവര്‍. ഒരു ഡോക്ടറാകാനായിരുന്നു സുധയ്ക്ക് ചെറുപ്പകാലത്ത് താല്‍പ്പര്യം. എന്നാല്‍ ഒരു സര്‍ക്കാര്‍ സ്കോളാര്‍ഷിപ്പ് അവരുടെ ജീവിതത്തെ മാറ്റിമറിച്ചു.

മൂന്നു വര്‍ഷം എംഎല്‍ വസന്തകുമാരിയില്‍ നിന്നും സംഗീതം പഠിക്കാനുള്ള അവസരം ഈ സ്കോളര്‍ഷിപ്പിലൂടെ സുധാ രഘുനാഥന് കൈവന്നു. ഗുരുകുല ശൈലിയിലായിരുന്നു സുധയുടെ സംഗീതപഠനം. ഈ പഠനകാലം മൂന്നു വര്‍ഷത്തില്‍ ഒടുങ്ങിയില്ല. നീണ്ട പതിമൂന്നു വര്‍ഷക്കാലം സുധ വസന്തകുമാരിക്കൊപ്പം പഠനം തുടര്‍ന്നു. വസന്തകുമാരിക്കൊപ്പം കച്ചേരികളില്‍ തുടര്‍ച്ചയായി പങ്കെടുക്കുന്ന രീതിയിലായിരുന്നു ഈ പഠനമെല്ലാം. ഒരു പെര്‍ഫോമറെന്ന നിലയില്‍ സുധയെ വളര്‍ത്തിയത് കച്ചേരിപരിചയങ്ങള്‍ കൂടിയാണ്.

ബെംഗളൂരുവില്‍ നിന്നും 1977ല്‍ മദ്രാസിലെത്തിയ ശേഷം ഗുഡ് ഷെപ്പേഡ് കോണ്‍വെന്റ് സ്കൂളിലാണ് സുധ പഠിച്ചത്. പിന്നീട് എതിരാജ് കോളജില്‍ നിന്നും ഇക്കണോമിക്സില്‍ ബിരുദമെടുത്തു. തന്റെ അമ്മയില്‍ നിന്നു തന്നെയാണ് സുധ സംഗീതപഠനം തുടങ്ങിയത്. ഇവരില്‍ നിന്നും ഭജനകള്‍ പഠിച്ചെടുത്തു.

കര്‍ണാടക സംഗീതത്തില്‍ തുടരുന്ന ബ്രാഹ്മണ്യത്തിനെതിരെ അതിശക്തമായ വാദങ്ങളുന്നയിച്ച് സംഗീതജ്ഞന്‍ ടിഎം കൃഷ്ണ രംഗത്തു വന്നപ്പോള്‍ തിരിച്ചടിക്കാന്‍ മുമ്പില്‍ നിന്നവരുടെ കൂട്ടത്തില്‍ സുധാ രഘുനാഥനുമുണ്ടായിരുന്നു. സംഗീതത്തില്‍ ഉയര്‍ന്ന ജാതിക്കാരുടെ ആധിപത്യമുണ്ടെന്ന കൃഷ്ണയുടെ വാദം അതിശയോക്തിപരമാണെന്നായിരുന്നു സുധ അന്ന് വാദിച്ചത്. ജാതിക്കും മതത്തിനും അതീതരായി നില്‍ക്കുന്നതിനാല്‍ സംഗീതജ്ഞര്‍ അത്തരം കാര്യങ്ങള്‍ ചര്‍ച്ച ചെയ്യരുതെന്നായിരുന്നു സുധയുടെ വാദം. റിബലുകളായി ജീവിതം തുടങ്ങിയ എംഎസ് സുബ്ബലക്ഷ്മി പില്‍ക്കാലത്ത് സ്വയം ബ്രാഹ്മണവല്‍ക്കരിച്ചാണ് സംഗീതരംഗത്ത് നിലനിന്നതെന്ന വിമര്‍ശനമുന്നയിച്ചപ്പോഴാണ് ഫേസ്ബുക്കില്‍ കുറിപ്പെഴുതി സുധ രംഗത്തു വന്നത്. സുബ്ബലക്ഷ്മി കറുത്ത തൊലിയുള്ളയാളായിരുന്നെങ്കില്‍ ഇന്ന് ലഭിക്കുന്ന അംഗീകാരം ലഭിക്കുമായിരുന്നില്ലെന്നും കൃഷ്ണ പറയുകയുണ്ടായി. ബിജെപി നേതാക്കളും ബ്രാഹ്മണ സമുദായക്കാരുമെല്ലാം കൃഷ്ണയ്ക്കെതിരെ ഈ സമയത്ത് രംഗത്തുണ്ടായിരുന്നു.

മകള്‍ ഒരു കറുത്ത വര്‍ഗ്ഗക്കാരനെ വിവാഹം ചെയ്യുന്നതിന്റെ പേരില്‍ താന്‍ നേരിട്ടുകൊണ്ടിരിക്കുന്ന ആക്രമണം ജാത്യധിക്ഷേപം തന്നെയാണെന്ന് അതെക്കുറിച്ചൊന്നും പറയാനാഗ്രഹിക്കാത്ത സുധാ രഘുനാഥന്‍ ഇനിയും സമ്മതിച്ചെന്നു വരില്ല. സുബ്ബലക്ഷ്മി വിവാദത്തില്‍ താന്‍ പ്രകടിപ്പിച്ച അഭിപ്രായം ഈ സന്ദര്‍ഭത്തില്‍ അവര്‍ ഓര്‍ക്കുന്നതു പോലുമുണ്ടാകില്ല. സംഗീതത്തിലെന്ന പോലെ ജീവിതത്തിലും സുധയുടെ വഴി പാരമ്പര്യത്തിന്റേതു തന്നെയാണ്. ചില ഉപരിപ്ലവമായ മാറ്റങ്ങളോട് അവര്‍ അനുകൂലമായി പ്രതികരിച്ചിരിക്കാമെങ്കിലും.

Next Story

Related Stories