UPDATES

ട്രെന്‍ഡിങ്ങ്

‘മെറിറ്റ് എന്നാൽ പരീക്ഷയിൽ ഉയർന്ന മാർക്ക് നേടലല്ല’; സംവരണത്തിലൂടെ സ്ഥാനക്കയറ്റം നേടിയവരുടെ സീനിയോരിറ്റി സംരക്ഷിക്കുന്ന നിയമം സാധുവെന്ന് സുപ്രീംകോടതി

പട്ടികവിഭാഗങ്ങളുടെ സീനിയോരിറ്റി സംബന്ധിച്ച് 2002ലെ നിയമത്തിൽ ചില പോരായ്മകളുണ്ടെന്ന് നേരത്തെ സുപ്രീംകോടതി ചൂണ്ടിക്കാട്ടിയിരുന്നു.

സർക്കാർ സർവ്വീസിൽ സംവരണത്തിലൂടെ സ്ഥാനക്കയറ്റം ലഭിച്ച പട്ടികജാതി-പട്ടികവർഗ വിഭാഗങ്ങൾക്ക് സീനിയോരിറ്റി ഉറപ്പാക്കാൻ സംവരണമേർപ്പെടുത്താനുള്ള കർണാടക സംസ്ഥാന സർക്കാരിന്റെ നിയമം ഭരണഘടനാപരമായി സാധുവെന്ന് സുപ്രീംകോടതി. കഴിവുള്ളവരാകണം ഉയര്‍ത്തപ്പെടേണ്ടത് എന്ന തത്വത്തോട് ഈ സംവരണനിയമം കലഹിക്കുന്നില്ലെന്ന് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഢും, യുയു ലളിതും പുറപ്പെടുവിച്ച വിധിയിൽ പറഞ്ഞു. ജനങ്ങൾ ജനിച്ചുവീഴുന്ന സാഹചര്യങ്ങളെ കണക്കിലെടുത്ത് കാര്യക്ഷമവും സുസ്ഥിരവുമായ തുല്യത നിർവ്വഹിക്കുകയാണ് ഈ നിയമമെന്ന് വിധിന്യായം പറഞ്ഞു. കർണാടക സർക്കാർ 2018ൽ പാസ്സാക്കിയ നിയമത്തിന്റെ ഭരണഘടനാപരമായ സാധുതയാണ് സുപ്രീംകോടതിയിൽ ചോദ്യം ചെയ്യപ്പെട്ടത്.

2017ൽ സംസ്ഥാനത്ത് സംവരണാടിസ്ഥാനത്തിൽ പ്രമോഷൻ നൽകിയ നടപടികൾ സുപ്രീംകോടതി റദ്ദ് ചെയ്തിരുന്നു. ഇതോടെ പതിനായിരത്തോളം ദളിത് ഉദ്യോഗസ്ഥർ തരംതാഴ്ത്തൽ നടപടി നേരിടുമെന്ന സ്ഥിതി വന്നു. 65 വകുപ്പുകളിലായി 18% തസ്തികകളിലാണ് സംവരണം നടപ്പാക്കിയിരുന്നത്. സംവരണത്തിലൂടെ സ്ഥാനക്കയറ്റം ലഭിക്കുന്നവർക്ക് സംവരണത്തിലൂടെയല്ലാതെ സ്ഥാനക്കയറ്റം ലഭിച്ചവരെക്കാൾ സീനിയോരിറ്റി കുറഞ്ഞവരായി കണക്കാക്കുന്ന പ്രവണതയും നിലനിന്നിരുന്നു. ഈ സംഭവത്തിനു പിന്നാലെയാണ് കര്‍ണാടക സർക്കാർ സംവരണവിഭാഗങ്ങൾക്ക് പ്രമോഷനുകളിൽ സംവരണമുറപ്പിക്കാനും അതിൽ സീനിയോരിറ്റി ഉറപ്പാക്കാനുമുള്ള നിയമം [Karnataka Extension of Consequential Seniority to Government Servants Promoted on the Basis of Reservation (to the Posts in the Civil Services of the State) Act 2018] പാസ്സാക്കിയത്.

പട്ടികവിഭാഗങ്ങളുടെ സീനിയോരിറ്റി സംബന്ധിച്ച് 2002ലെ നിയമത്തിൽ ചില പോരായ്മകളുണ്ടെന്ന് നേരത്തെ സുപ്രീംകോടതി ചൂണ്ടിക്കാട്ടിയിരുന്നു. സംവരണ വിഭാഗങ്ങൾക്ക് സീനിയോരിറ്റി ഉറപ്പാക്കാൻ ഈ നിയമം അപര്യാപ്തമെന്ന് കണ്ടതോടെയാണ് പുതിയ നിയമം കർണാടക സർക്കാർ കൊണ്ടുവന്നത്. ഭരണഘടനയുടെ ആര്‍ട്ടിക്കിൾ 16 (4A) ഉറപ്പാക്കുന്ന അവകാശങ്ങളെ സാധുവായ രീതിയിൽ ഉപയോഗപ്പെടുത്തുന്നതാണ് കർണാടക സർക്കാരിന്റെ നിയമമെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു.

‘ഭരണഘടനയിൽ പറയുന്ന യോഗ്യതയുള്ള ഉദ്യോഗാർത്ഥി എന്നാൽ വെറും സാമർത്ഥ്യമുള്ള, വിജയം നേടിയ ഒരാളെന്നല്ല അർത്ഥം. മറിച്ച്, എസ്‌സി-എസ്‌ടി വിഭാഗങ്ങളെ ഉയര്‍ത്തിക്കൊണ്ടു വരികയും വൈവിധ്യപൂര്‍ണവും പ്രാതിനിധ്യമുള്ളതുമായ ഭരണവ്യവസ്ഥ സൃഷ്ടിക്കുകയും ചെയ്യുക എന്ന ഭരണഘടനാപരമായ ലക്ഷ്യത്തെക്കൂടി പ്രസ്തുത നിയമനത്തിലൂടെ നടപ്പാക്കുക എന്നതു കൂടിയാണെ’ന്ന് ജഡ്ജിമാർ നിരീക്ഷിച്ചു.

ഒരു പ്രത്യേക പരീക്ഷയിൽ ഉയർന്ന മാർക്ക് നേടുന്നതിനെ അടിസ്ഥാനമാക്കുന്നതാകരുത് മെറിറ്റിന്റെ മാനദണ്ഡമെന്നും സുപ്രീംകോടതി പറഞ്ഞു. അത് വളരെ സങ്കുചിതമായ നിർവ്വചനമാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍