UPDATES

ട്രെന്‍ഡിങ്ങ്

‘രാകേഷ് അസ്താനയെക്കുറിച്ച് ഞങ്ങൾക്ക് വേവലാതിയില്ല’ -അവസാനനിമിഷത്തിലെ ഹരജിയിൽ സുപ്രീംകോടതി വാദം കേട്ടില്ല

അലോക് വര്‍മയെ സിബിഐ ഡയറക്ടർ സ്ഥാനത്തു നിന്നും നീക്കം ചെയ്ത നടപടിയിന്മേൽ നേരിട്ടൊരു തീരുമാനവും കോടതി ഇപ്പോൾ എടുത്തിട്ടില്ല.

തന്നോട് നിർബന്ധിത അവധിയിൽ പ്രവേശിക്കാൻ കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടതിനെ ചോദ്യം ചെയ്ത് സിബിഐ സ്പെഷ്യൽ‌ ഡയറക്ടർ രാകേഷ് അസ്താന നൽകിയ പരാതി സുപ്രീംകോടതി പരിഗണിച്ചില്ല. ഇന്ന് പുലർച്ചെയാണ് രാകേഷ് അസ്താന ഹരജി സമർപ്പിച്ചത്. അലോക് വർമയുടെ ഹരജി പരിഗണിക്കുന്നതിനൊപ്പം തന്റെ ഹരജി കൂടി പരിഗണിക്കണമെന്ന് അസ്താന അഭ്യർത്ഥിച്ചിരുന്നു. എന്നാൽ ഹരജിക്കാരൻ കോടതിയെ സമീപിക്കാൻ ഏറെ വൈകിയെന്ന് ചൂണ്ടിക്കാട്ടി അസ്താനയുടെ പരാതി പരിഗണിക്കുകയുണ്ടായില്ല

അഴിമതിയാരോപണം ഉയർന്നതിനെ തുടർന്ന് സിബിഐ സ്പെഷ്യൽ ഡയറക്ടറായ അസ്താനയ്ക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു സിബിഐ ഡയറക്ടർ അലോക് വർമ. ഇതാണ് പ്രശ്നങ്ങളെ വലിയ ആഭ്യന്തരക്കുഴപ്പത്തിലേക്ക് നയിച്ചത്. ഇത് സന്ദർഭമാക്കി കേന്ദ്ര സർക്കാർ റാഫേൽ അഴിമതി അടക്കമുള്ള കേസുകളിൽ അന്വേഷണം നടത്താൻ ഉത്സാഹിക്കുന്ന അലോക് വർമയെ നീക്കം ചെയ്തുവെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്.

രാകേഷ് അസ്താനയെക്കുറിച്ച് തങ്ങൾ വേവലാതിപ്പെടുന്നില്ലെന്ന് വാദം കേൾക്കുന്നതിനിടയിൽ സുപ്രീംകോടതി ജ‍ഡ്ജിമാർ പറയുകയും ചെയ്തു.

അലോക് വര്‍മയെ സിബിഐ ഡയറക്ടർ സ്ഥാനത്തു നിന്നും നീക്കം ചെയ്ത നടപടിയിന്മേൽ നേരിട്ടൊരു തീരുമാനവും കോടതി ഇപ്പോൾ എടുത്തിട്ടില്ല. പകരം ചീഫ് വിജിലൻസ് കമ്മീഷൻ ഇക്കാര്യത്തിൽ അന്വേഷണം നടത്തി കോടതിക്ക് പതിന്നാല് ദിവസത്തിനുള്ളിൽ റിപ്പോർട്ട് നൽകണമെന്നാണ് ഉത്തരവ്.

നാഗേശ്വരറാവുവിന്റെ ആദ്യ നീക്കങ്ങൾ റദ്ദ് ചെയ്യപ്പെട്ടു

അലോക് വർമയെ നീക്കം ചെയ്ത ശേഷം താൽക്കാലിക ഡയറക്ടറായി നിയമിക്കപ്പെട്ട എം നാഗേശ്വരറാവു ധൃതി പിടിച്ചെടുത്ത തീരുമാനങ്ങൾ സംശയത്തിന്റെ നിഴലിലുണ്ട്. ഇവയിലൊന്നാണ് സ്ഥലം മാറ്റങ്ങൾ. അലോക് വർമയുടെ ടീമിൽ പെട്ട ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയ നടപടിയടക്കം കോടതിയുടെ ഇപ്പോഴത്തെ നടപടിയിലൂടെ റദ്ദ് ചെയ്യപ്പെട്ടിരിക്കുകയാണ്. നാഗേശ്വര റാവുവിന് നയപരമായ കാര്യങ്ങളിൽ തീരുമാനമെടുക്കാനുള്ള അധികാരമില്ലെന്നാണ് കോടതിയുടെ ഉത്തരവ്. ഉദ്യോഗസ്ഥരെ ട്രാൻസ്ഫർ ചെയ്യുന്നത് നയപരമായ തീരുമാനമായാണ് പരിഗണിക്കപ്പെടുക. ഈ ട്രാൻസ്ഫറുകൾ റദ്ദ് ചെയ്യപ്പെട്ടു. ദൈനംദിന ഭരണകാര്യങ്ങളിൽ മാത്രമേ റാവുവിന് തീരുമാനമെടുക്കാനാകൂ.

സർക്കാരിന്റെ ഉന്നതതലങ്ങളിലുള്ളവരുടെ താൽപര്യത്തിന് വിരുദ്ധമായ ദിശയിൽ ചില അന്വേഷണങ്ങൾ നീങ്ങുന്നതു കൊണ്ടാണ് തനിക്കെതിരെ കേന്ദ്രം ഇത്തരമൊരു നടപടിക്ക് മുതിർന്നത് എന്നാണ് അലോക് വർമയുടെ ഹരജിയിലെ ആരോപണം. രാജ്യത്തിന്റെ ഏറ്റവും ഉന്നതമായ അന്വേഷണ ഏജൻസിയുടെ തലപ്പത്തിരിക്കുന്ന ഒരാളുടെ പരാതി അതീവ ഗൗരവത്തോടെയാണ് സുപ്രീംകോടതി പരിഗണിച്ചിരിക്കുന്നത് എന്നത് വ്യക്തമാണ്. ശരിയായ നടപടിക്രമങ്ങൾ പാലിക്കാതെയാണ് നീക്കം ചെയ്യൽ നടന്നതെന്ന വസ്തുതയും ഈ ആരോപണത്തെ ശക്തിപ്പെടുത്തുന്നുണ്ട്.

സിബിഐ: അലോക് വർമയെ പുറത്താക്കിയതെന്തിന്? അന്വേഷണ റിപ്പോര്‍ട്ട് രണ്ടാഴ്ചയ്ക്കകം വേണമെന്ന് സുപ്രീംകോടതി; നാഗേശ്വര റാവു നയപരമായ തീരുമാനങ്ങളെടുക്കരുത്

റാഫേല്‍ മുതല്‍ മെഡിക്കല്‍ കോഴ വരെ: മോദി സര്‍ക്കാര്‍ നീക്കിയ സിബിഐ ഡയറക്ടറുടെ മേശപ്പുറത്തുണ്ടായിരുന്നത് ഏഴ് കേസുകള്‍

അസ്താന എന്ന കണ്ണിലുണ്ണി അഥവാ സിബിഐയെ അവസാനിപ്പിക്കുമ്പോള്‍

അലോക് വർമയുടെ വീട്ടുപരിസരത്ത് കേന്ദ്രത്തിന്റെ ചാരന്മാർ? ഇത് ‘വിന്റേജ് ഗുജറാത്ത് മോഡൽ’ എന്ന് മുൻ സിബിഐ ഡയറക്ടർ

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍