Top

ശബരിമല വിധി സാമൂഹ്യമാറ്റത്തിനുള്ള കോടതിയുടെ ഇടപെടൽ; റിവ്യു ഹരജികളിൽ വിധി പറയാനിരിക്കെ ജ. ചന്ദ്രചൂഢിന്റെ നിർണായക പ്രസ്താവന

ശബരിമല വിധി സാമൂഹ്യമാറ്റത്തിനുള്ള കോടതിയുടെ ഇടപെടൽ; റിവ്യു ഹരജികളിൽ വിധി പറയാനിരിക്കെ ജ. ചന്ദ്രചൂഢിന്റെ നിർണായക പ്രസ്താവന
ശബരിമല സ്ത്രീപ്രവേശനം സാമൂഹ്യമാറ്റത്തിനുള്ള സുപ്രീംകോടതിയുടെ ഇടപെലായിരുന്നുവെന്നും എന്നാൽ ഇതുകൊണ്ടുമാത്രം മാറ്റം സാധ്യമാകണമെന്നില്ലെന്നും ചൂണ്ടിക്കാട്ടി ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഢിന്റെ പ്രഭാഷണം. ശബരിമല സംബന്ധിച്ച് സുപ്രീംകോടതിയുടെ മുമ്പാകെ വന്നിട്ടുള്ള റിവ്യൂ ഹരജികളിന്മേൽ വിധി പറയുന്നത് മാറ്റി വെച്ച സുപ്രീംകോടതി നടപടിയുടെ പശ്ചാത്തലത്തിലാണ് ചന്ദ്രചൂഢിന്റെ ഈ പ്രസ്താവനയെന്നത് ശ്രദ്ധേയമാണ്. കോടതിവിധിയെ 2018ലെ പുരോഗമനപരമായ വിധികളുടെ കൂട്ടത്തിൽ പെടുത്തിയാണ് ചന്ദ്രചൂഢ് വിശദീകരിക്കുന്നത്. ഇതിന്റെ ധ്വനികൾ ശബരിമല കേസിൽ ഇനിയൊരു പിന്നോട്ടു പോക്കുണ്ടാകില്ലെന്ന സൂചന നൽകുന്നതായി നിരീക്ഷിക്കപ്പെടുന്നുണ്ട്. കോടതിവിധികൾ സാമൂഹ്യമാറ്റത്തിന് കാരണമാകുന്നത് ഏതുവിധേനയാണെന്ന് വിശദീകരിക്കുന്നിടത്താണ് ജസ്റ്റിസ് ചന്ദ്രചൂഢ് ഇക്കാര്യം പറയുന്നത്. ശബരിമല കേസ് പരിഗണിച്ച അഞ്ചംഗ ഭരണഘടനാ ബഞ്ചിൽ അംഗമായിരുന്നു ഇദ്ദേഹമെന്നത് ഈ പ്രസ്താവനയുടെ ഗൗരവം കൂട്ടുന്നുണ്ട്.

കോടതിവിധികൾക്കു മാത്രം സമൂഹത്തിൽ മാറ്റമുണ്ടാക്കാൻ സാധിക്കില്ലെന്ന് വിശദീകരിക്കുകയായിരുന്നു ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഢ്. സാമൂഹികമായ മുൻവിധികൾ നിയമത്തിൽ വരുന്ന മാറ്റങ്ങൾക്കൊപ്പം ഉടനടി മാറുന്നവയല്ല. അത്തരം മുൻവിധികൾ ദീർഘകാലം നിലനില്‍ക്കുന്നവയാണ്. കോടതിക്കു പുറത്ത് നടക്കുന്ന സാമൂഹിക ഇടപെടലുകളിലൂടെ വേണം നിയമങ്ങൾ വഴിയുണ്ടാകുന്ന മാറ്റങ്ങളെ ഉറപ്പിക്കാനെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ശബരിമല സ്ത്രീപ്രവേശനം, എൽജിബിടി വിധി തുടങ്ങിയ വിഷയങ്ങളെ മുൻനിർത്തിയാണ് ചന്ദ്രചൂഢ് തന്റെ ഈ വാദം സ്ഥാപിച്ചത്.

"ആർത്തവമുള്ള സ്ത്രീക്ക് പ്രവേശനത്തിന് നിരോധനമുണ്ടായിരുന്ന ശബരിമല ക്ഷേത്രത്തില്‍ നമ്മുടെ കോടതി സ്ത്രീപ്രവേശനം അനുവദിച്ചു. വിവാഹേതര ബന്ധം സംബന്ധിച്ച് നിലനിന്നിരുന്ന, സ്ത്രീയുടെ സ്വകാര്യതയെയും അന്തസ്സിനെയും ചോദ്യം ചെയ്യുന്ന നിയമം നമ്മൾ റദ്ദാക്കി. മൂന്നാമതൊരു ലിംഗപദവി കൂടിയുണ്ടെന്ന് കോടതി തിരിച്ചറിഞ്ഞു. സ്വവർഗലൈംഗികത കുറ്റമല്ലെന്ന് കോടതി വിധിച്ചു" -ചന്ദ്രചൂഢ് ചൂണ്ടിക്കാട്ടി. എന്നാൽ ഈ നിയമങ്ങളെല്ലാം നടപ്പാകണമെങ്കിൽ കേവലം കോടതിവിധിയുടെ സാന്നിധ്യം മാത്രം പോര. അതിന് സാമൂഹികമായ ഇടപെടലുകൾ ആവശ്യമാണ്. ഇതൊരു ദീർഘകാല പ്രക്രിയയാണെന്നും അദ്ദേഹം പറഞ്ഞു.

വിവിധ രാജ്യങ്ങളിൽ ലിംഗപദവിയുമായി ബന്ധപ്പെട്ട് രൂപപ്പെട്ടിട്ടുള്ള വിശ്വാസങ്ങൾ മതവും പാരമ്പര്യവും സംസ്കാരവുമെല്ലാം കൂടിച്ചേർന്ന് സൃഷ്ടിച്ചതാണെന്ന് ചന്ദ്രചൂഢ് വിശദീകരിച്ചു. സ്ത്രീയുടെ 'ലൈംഗികശുദ്ധി', 'പരപുരുഷബന്ധം' തുടങ്ങിയവയെല്ലാം സമൂഹങ്ങൾ പ്രശ്നവൽക്കരിക്കുന്നു. ഇത് ദുരഭിമാനക്കൊലകളിലേക്കും ജനനേന്ദ്രിയത്തെ മുറിവേൽപ്പിക്കുന്നതിലേക്കുമെല്ലാം നയിക്കുന്നു. ലോകത്തിന്റെ പല ഭാഗങ്ങളിലും ആണത്തം വ്യാഖ്യാനിക്കപ്പെട്ടിരിക്കുന്നത് സ്ത്രീകള്‍ക്കെതിരായ അക്രമത്തെ ന്യായീകരിക്കുന്ന വിധത്തിലാണ്.

'നല്ല സ്ത്രീ', 'നല്ല പുരുഷൻ' എന്നിങ്ങവനെയുള്ള അംഗീകാരങ്ങൾ സമൂഹം നൽകുക തങ്ങൾ കണ്ടുപരിചയിച്ച വാർപ്പ് മാതൃകകൾക്കു മാത്രമാണെന്ന് ചന്ദ്രചൂഢ് തന്റെ പ്രഭാഷണത്തിൽ പറഞ്ഞു. ഇതിന്റെയെല്ലാം അനന്തരഫലം ലൈംഗിക ന്യൂനപക്ഷങ്ങൾ കൂടുതൽ ഒറ്റപ്പെടുന്നു എന്നതാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ലിംഗ അസമത്വവും ബഹിഷ്കരണങ്ങളും ലൈംഗികന്യൂനപക്ഷങ്ങളുടെ പല അവകാശങ്ങളും നിഷേധിക്കുന്നു. അവയിൽ ആരോഗ്യത്തോടെ ജീവിക്കുക എന്ന മൗലികാവകാശവും നിഷേധിക്കപ്പെടുന്നു.

നിയമം മൂലം സാമൂഹ്യമനോഭാവം മാറ്റുക പ്രയാസമാണെന്നതിന് ചില ഉദാഹരണങ്ങളും ചന്ദ്രചൂഢ് അവതരിപ്പിച്ചു. നേപ്പാളിൽ ലൈംഗിക ന്യൂനപക്ഷങ്ങളെ ഭരണകൂടവും കോടതികളും അനുകൂലമായി തിരിച്ചറിഞ്ഞിട്ടുണ്ട്. ഭരണഘടനയില്‍ അവർക്ക് അവകാശങ്ങളുണ്ട്. എന്നാൽ സമൂഹത്തിൽ ആ വിഭാഗങ്ങൾ കടുത്ത വിവേചനമാണ് നേരിടുന്നത്. നേപ്പാളിൽ സ്വവർഗവിവാഹം ഇനിയും നിയമം മൂലം അംഗീകരിക്കപ്പെട്ടിട്ടില്ലെന്നു കൂടി ചന്ദ്രചൂഢ് ചൂണ്ടിക്കാട്ടി.

സമാനമായ ചില പ്രശ്നങ്ങൾ ചന്ദ്രചൂഢ് മറ്റൊരു വേദിയിലും ഉയർത്തുകയുണ്ടായി. കഴിഞ്ഞദിവസം സമീപകാല സംഭവങ്ങളെ ചൂണ്ടിക്കാട്ടി രാജ്യത്തെ നിയമവ്യവസ്ഥയും നിയമപാലനവും നേരിടുന്ന വെല്ലുവിളികളെക്കുറിച്ച് ബോംബെ ബാർ അസോസിയേഷൻ സംഘടിപ്പിച്ച പരിപാടിയിൽ അദ്ദേഹം സംസാരിച്ചു.

ഒരു വ്യക്തി അയാൾ കഴിച്ച ഭക്ഷണത്തിന്റെ പേരിൽ ആൾക്കൂട്ട ആക്രമണത്തിനു വിധേയനാകുമ്പോൾ രാജ്യത്തിന്റെ ഭരണഘടന തന്നെയാണ് ആക്രമിക്കപ്പെടുന്നതെന്ന് ഡിവൈ ചന്ദ്രചൂഢ് ഈ പ്രഭാഷണത്തിൽ പറയുകയുണ്ടായി. ഭരണഘടനയുടെ കാൽപനിക സൗന്ദര്യവും, അതിനെ മൂർത്തരൂപത്തിൽ പ്രയോഗിക്കുമ്പോളുണ്ടാകുന്ന വലിയ വെല്ലുവിളികളും ചന്ദ്രചൂഢ് തന്റെ പ്രഭാഷണത്തിൽ വിശദീകരിച്ചു. ഒരു കാർട്ടൂണിസ്റ്റ് രാജ്യദ്രോഹം ചുമത്തപ്പെട്ട് ജയിലിൽ കഴിയേണ്ടി വരുമ്പോൾ ഭരണഘടന പരാജയപ്പെടുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മതാധികാരത്തെ ചോദ്യം ചെയ്തുവെന്ന കുറ്റത്തിന് ഒരു ബ്ലോഗർക്ക് ജാമ്യത്തിനു പകരം ജയിൽശിക്ഷ വിധിക്കുമ്പോഴും ഭരണഘടന പരാജയപ്പെടുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി. ഒരു ദളിത് സമുദായത്തിൽ പെട്ട വധു തന്റെ ജാതിയുടെ പേരിൽ കുതിരപ്പുറത്തു നിന്നും ഇറക്കിവിടപ്പെടുമ്പോൾ ഭരണഘടന കരയുകയാണെന്നും ചന്ദ്രചൂഢ് പറഞ്ഞു.

Next Story

Related Stories