Top

ആധാര്‍ സ്വകാര്യതക്ക് എതിരോ?; നിര്‍ണായക സുപ്രീം കോടതി വിധി ഇന്ന്

ആധാര്‍ സ്വകാര്യതക്ക് എതിരോ?; നിര്‍ണായക സുപ്രീം കോടതി വിധി ഇന്ന്
ആധാര്‍ നിര്‍ബന്ധമാക്കണോ എന്നത് സംബന്ധിച്ച് സുപ്രീം കോടതിയുടെ അഞ്ചംഗ ഭരണഘടന ബഞ്ച് ഇന്ന് വിധി പറയും. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ എ കെ സിക്രി, അശോക് ഭൂഷൺ, എ എൻ ഖാൻവിൽക്കർ, ഡി വൈ ചന്ദ്രചൂഡ് എന്നിവർ അടങ്ങിയ ബഞ്ച് ആണ് വിധി പ്രസ്താവിക്കുന്നത്. 38 ദിവസത്തെ വാദത്തിനിടെ ആധാറിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്തുകൊണ്ടുള്ള 27 ഹര്‍ജികളാണ് സുപ്രീം കോടതി പരിഗണിച്ചത്. കേസില്‍ വാദം പൂർത്തിയായി നാല് മാസത്തിന് ശേഷമാണ് വിധി വരുന്നത്. സുപ്രീം കോടതിയുടെ ചരിത്രത്തില്‍, വിഖ്യാതമായ കേശവാനന്ദ ഭാരതി കേസിന് ശേഷം ഏറ്റവും ദൈര്‍ഘ്യമേറിയ രണ്ടാമത്തെ വാദം കേള്‍ക്കലാണ് ആധാറുമായി ബന്ധപ്പെട്ടുണ്ടായിരിക്കുന്നത് എന്ന് ബാര്‍ ആന്‍ഡ് ബഞ്ച് പറയുന്നു. മേയ് 10നാണ് ആധാറിന്‍റെ ഭരണഘടനാ സാധുത പരിശോധിക്കുന്ന കേസില്‍ സുപ്രീം കോടതി വാദം പൂര്‍ത്തിയാക്കിയത്.

സ്വകാര്യത ഭരണഘടനാപരമായ മൗലികാവകാശമാണ് എന്ന നിര്‍ണായകമായ സുപ്രീം കോടതി വിധിയില്‍ ആധാര്‍ സ്വകാര്യത ലംഘിക്കുന്നു എന്ന് ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടുകയും ഇത് ഗൗരവത്തോടെ ഭരണഘടന ബഞ്ച് കാണുകയും ചെയ്തിരുന്നു. സ്വകാര്യതയ്ക്കുള്ള അവകാശം ജീവിതത്തിന്റേയും വ്യക്തി സ്വാതന്ത്ര്യത്തിന്റേയും അവിഭാജ്യമായ കാര്യമാണെന്നും ഭരണഘടനയുടെ 21ാം അനുച്ഛേദം ഇത് ഉറപ്പ് നല്‍കുന്നതായും സുപ്രീം കോടതി പറഞ്ഞു. അതേസമയം ദേശീയ സുരക്ഷയ്ക്കപ്പുറം പൗരന്മാരുടെ വിവരം ശേഖരിക്കുന്നതില്‍ ഗവണ്‍മെന്റിന് യുക്തിസഹമായ കാരണങ്ങളുണ്ടാകാമെന്ന നിരീക്ഷണവും 2017 ഓഗസ്റ്റ് 24ന്‍റെ വിധിയില്‍ സുപ്രീം കോടതി നടത്തിയിരുന്നു.

ഇതുവരെ 100 കോടിയിലധികം ഇന്ത്യക്കാര്‍ ആധാറിനായി അപേക്ഷ നല്‍കിയിട്ടുണ്ട്. ബാങ്ക് അക്കൗണ്ടുകള്‍, പാന്‍ കാര്‍ഡുകള്‍, മൊബൈല്‍ ഫോണ്‍ കണക്ഷനുകള്‍, പാസ്‌പോര്‍ട്ട്, ഡ്രൈവിംഗ് ലൈസന്‍സ് തുടങ്ങിയവയെല്ലാം ആധാറുമായി ബന്ധിപ്പിക്കുന്നത് നിര്‍ബന്ധമാക്കിയാണ് കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചിട്ടുള്ളത്. എന്നാല്‍ അവശ്യസേവനങ്ങള്‍ക്കെല്ലാം ആധാര്‍ നിര്‍ബന്ധമാക്കുന്നത് അന്തിമ ഉത്തരവ് വരും വരെ സുപ്രീം കോടതി തടഞ്ഞിരിക്കുകയാണ്.

ബാങ്ക് അടക്കം എല്ലാ സേവനങ്ങളും ആധാറുമായി ബന്ധിപ്പിക്കുന്നതിനാല്‍ ഒരു വ്യക്തിയുടെ എല്ലാ വിവരങ്ങളും സ്റ്റോര്‍ ചെയ്യപ്പെടുന്ന അവസ്ഥയാണുള്ളത് എന്നതാണ് വിമര്‍ശകര്‍ ഉന്നയിക്കുന്ന പ്രാധാന കാര്യം. ദിവസവും ചെയ്യുന്ന ഒടുമിക്ക കാര്യങ്ങളും രേഖപ്പെടുത്തപ്പെടുന്ന അവസ്ഥ ഉണ്ടാകുന്നു. അതുകൊണ്ടു തന്നെ നിരീക്ഷണത്തിന്റെ പ്രശ്‌നം വരുന്നുണ്ട് എന്നും അവര്‍ വാദിക്കുന്നു. ആധാര്‍ പദ്ധതി തന്നെ തെറ്റാണ് എന്നതാണ് ഏറ്റവും അടിസ്ഥാനപരമായി ഹര്‍ജിക്കാര്‍ ഉന്നയിക്കുന്ന കാര്യം. സ്വകാര്യത ആധാറിനും ബാധകമാണ് എന്ന് 24-08-17ന്‍റെ സുപ്രീം കോടതി വിധി സൂചിപ്പിച്ചിരുന്നു. സ്വവര്‍ഗ ലൈംഗികത ക്രിമിനല്‍ കുറ്റമാക്കിയിരുന്ന ഐപിസി സെക്ഷന്‍ 377 റദ്ദാക്കിയ വിധിയിലും വ്യക്തികളുടെ സ്വകാര്യത എന്ന ഭരണഘടനാപരമായ മൗലികാവകാശമാണ് സുപ്രീം കോടതി ഉയര്‍ത്തിപ്പിടിച്ചത്.

Also Read: ആധാര്‍ ഇന്ത്യയുടെ പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരമല്ല

പുട്ടസ്വാമി വേഴ്‌സസ് യൂണിയന്‍ ഓഫ് ഇന്ത്യ എന്ന കേസ് ആധാര്‍ ഹര്‍ജികളില്‍ ഏറ്റവും ശ്രദ്ധേയമായത്. കര്‍ണാടക ഹൈക്കോടതി മുന്‍ ജഡ്ജിയായ കെഎസ് പുട്ടസ്വാമിയാണ് ആദ്യം ആധാറിനെതിരെ സുപ്രീം കോടതിയെ സമീപിച്ചത് - 2012ല്‍. പിന്നീട് നിരവധി ഹര്‍ജികള്‍ സുപ്രീം കോടതിക്ക് മുന്നില്‍ വന്നു. ആധാര്‍ കാര്‍ഡ് ഇല്ലാത്തത് കൊണ്ട് സേവനങ്ങള്‍ നിഷേധിക്കപ്പെടുന്ന അവസ്ഥയുണ്ടാകാന്‍ പാടില്ലെന്ന് 2013 സെപ്റ്റംബറിലെ ഇടക്കാല ഉത്തരവില്‍ സുപ്രീം കോടതി വ്യക്തമാക്കി. ആധാര്‍ അവശ്യസേവനങ്ങള്‍ക്ക് നിര്‍ബന്ധിതമല്ലാതാക്കിക്കൊണ്ടുള്ള സുപ്രീം കോടതി ഉത്തരവ് പുനപരിശോധിക്കണം എന്ന് ആവശ്യപ്പെട്ട് 2013 ഒക്ടോബറില്‍ കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചെങ്കിലും കോടതി ആവശ്യം തള്ളി.

2014 മാര്‍ച്ചില്‍ ആധാര്‍ നിര്‍ബന്ധമാക്കുന്ന എല്ലാ വിജ്ഞാപനങ്ങളും റദ്ദാക്കാന്‍ കേന്ദ്ര സര്‍ക്കാരിന് സുപ്രീം കോടതി നിര്‍ദ്ദേശം നല്‍കി. ബയോമെട്രിക് വിവരങ്ങള്‍ വ്യക്തികളുടെ സമ്മതമില്ലാതെ മറ്റ് ഏജന്‍സികള്‍ക്ക് കൈമാറരുതെന്ന് യുഐഡിഎഐയ്ക്കും നിര്‍ദ്ദേശം നല്‍കി. 2015 ഓഗസ്റ്റിലെ ഇടക്കാല ഉത്തരവില്‍ സബ്‌സിഡി അര്‍ഹരായവരിലേയ്ക്ക് എത്തിക്കാന്‍ ഉപകാരപ്പെടുമെന്ന നിരീക്ഷണത്തോടെ പൊതുവിതരണ സംവിധാനത്തിലും എല്‍പിജി വിതരണത്തിലും ആധാര്‍ ബന്ധിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാരിന് സുപ്രീം കോടതി അനുമതി നല്‍കി. അതേസമയം ആധാര്‍ നിര്‍ബന്ധമാക്കാന്‍ പാടില്ലെന്ന് കോടതി ആവര്‍ത്തിച്ചു. 2015 ഒക്ടോബര്‍ 15ന് ചീഫ് ജസ്റ്റിസ് എച്ച് എല്‍ ദത്തുവിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ ഭരണഘടന ബഞ്ച്, ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, ജന്‍ ധന്‍ യോജന, പെന്‍ഷന്‍ സ്‌കീമുകള്‍, എംപ്ലോയി പ്രൊവിഡന്റ് ഫണ്ട് തുടങ്ങിയവയെ ആധാറുമായി ബന്ധിപ്പിക്കാന്‍ അനുമതി നല്‍കുന്നു. അതേസമയം ഒരു സേവനത്തിനും ആധാര്‍ നിര്‍ബന്ധമാക്കരുത് എന്ന് ആവര്‍ത്തിക്കുന്നു.

2016 മാര്‍ച്ചില്‍ ലോക്‌സഭ ആധാര്‍ ബില്‍ പാസാക്കി. ഫിനാന്‍സ് ബില്ലിന് പകരം മണി ബില്ലായാണ് പാസാക്കിയത്. ആധാര്‍ ബില്‍ മണി ബില്ലായി പാസാക്കിയതിന് എതിരെ ഏപ്രിലില്‍ കോണ്‍ഗ്രസ് നേതാവ് ജയറാം രമേഷ് സുപ്രീം കോടതിയെ സമീപിച്ചു. ജൂണില്‍ സ്‌കൂളുകളില്‍ ജാതി സര്‍ട്ടിഫിക്കറ്റുകളും മറ്റും ആധാറുമായി ബന്ധിപ്പിക്കണമെന്ന് സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശം. സ്‌കോളര്‍ഷിപ്പ് പദ്ധതികള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കാനുള്ള സര്‍ക്കാര്‍ ഉത്തരവ് സുപ്രീം കോടതി ഉത്തരവിന് വിരുദ്ധമെന്ന് സെപ്റ്റംബറില്‍ കോടതി ചൂണ്ടിക്കാട്ടുന്നു. ആധാര്‍ നിര്‍ബന്ധമാക്കാന്‍ പാടില്ലെന്ന് ആവര്‍ത്തിക്കുന്നു. സുപ്രീം കോടതി ഉത്തരവിന് വിരുദ്ധമായി 2016 ഒക്ടോബറില്‍ എല്‍പിജി സബ്‌സിഡിക്ക് കേന്ദ്രസര്‍ക്കാര്‍ ആധാര്‍ നിര്‍ബന്ധമാക്കുന്നു.

Also Read: സ്വകാര്യത മൗലികാവകാശ വിധിയിലെ നിരീക്ഷണങ്ങള്‍ ആധാറിന് സഹായകമോ?

ഇപിഎഫ് ആനുകൂല്യങ്ങള്‍ ലഭിക്കണമെങ്കില്‍ ആധാര്‍ നിര്‍ബന്ധമെന്ന് 2017 ജനുവരിയില്‍ കേന്ദ്ര സര്‍ക്കാര്‍. തുടര്‍ന്ന് തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായുള്ള ആനുകൂല്യങ്ങള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കി. 2017 മാര്‍ച്ചില്‍ പാന്‍കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കുന്നത് നിര്‍ബന്ധമാക്കി കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ് വരുന്നു. ഓഗസ്റ്റ് 31നകം പാന്‍ ആധാറുമായി ബന്ധിപ്പിച്ചിരിക്കണമെന്ന് നിര്‍ദ്ദേശം. മൊബൈല്‍ നമ്പറുകള്‍ ആധാറുമായി ബന്ധിപ്പിക്കണമെന്ന് ടെലികോം കമ്പനികള്‍ക്ക് നിര്‍ദ്ദേശം. ആധാര്‍ നര്‍ബന്ധമാക്കാന്‍ പാടില്ലെന്ന് വീണ്ടും സുപ്രീം കോടതി.

2017 ജൂണില്‍ ആദായനികുതി റിട്ടേണിന് ആധാര്‍ നിര്‍ബന്ധമാക്കിയ ഇന്‍കം ടാക്‌സ് ആക്ടിലെ 139 എഎ സെക്ഷന്‍ സുപ്രീം കോടതി ഭാഗികമായി റദ്ദാക്കുന്നു. ആധാര്‍ നിര്‍ബന്ധമല്ലെന്ന് വീണ്ടും സുപ്രീം കോടതി. ജൂലായ് 18ന് സ്വകാര്യത ഭരണഘടനാപരമായ മൗലികാവകാശമാണോ എന്ന് പരിശോധിക്കുന്നതിനായി ചീഫ് ജസ്റ്റിസ് ജെഎസ് ഖെഹാര്‍ അധ്യക്ഷനായി ഒമ്പതംഗ ഭരണഘടന ബഞ്ച് രൂപീകരിക്കുന്നു. സ്വകാര്യത ഭരണഘടനാപരമായ മൗലികാവകാശമെന്ന് വ്യക്തമാക്കി ഓഗസ്റ്റ് 24ന് സുപ്രീം കോടതിയുടെ ചരിത്ര വിധി. ഐപിസി സെക്ഷന്‍ 377, ആധാര്‍ അടക്കമുള്ള വിഷയങ്ങളിലും സ്വകാര്യതാ വിധി ബാധകമെന്ന് സൂചന.

2017 ഒക്ടോബറില്‍ ബാങ്ക് അക്കൗണ്ട്, പാന്‍ കാര്‍ഡ്, മൊബൈല്‍ നമ്പര്‍ എന്നിവയെ ആധാറുമായി ബന്ധിപ്പിക്കുന്നത് നിര്‍ബന്ധമാക്കുന്നതിനെതിരെ കല്യാണി മേല മേനോന്‍ സെന്‍, തെഹ്‌സീന്‍ പൂനാവാല, സിപിഐ നേതാവും മുന്‍ കേരള മന്ത്രിയുമായ ബിനോയ് വിശ്വം എന്നിവര്‍ സുപ്രീം കോടതിയെ സമീപിക്കുന്നു. സേവനങ്ങള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കുന്നതിനെതിരെ പശ്ചിമബംഗാള്‍ സര്‍ക്കാരും സുപ്രീം കോടതിയില്‍.

2018 ജനുവരിയില്‍ ചീഫ് ആധാറുമായി ബന്ധപ്പെട്ട 28 ഹര്‍ജികള്‍ പരിഗണിക്കുന്നതിനായി ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ നേതൃത്വത്തില്‍ അഞ്ചംഗ ഭരണഘടന ബഞ്ച് രൂപീകരിച്ചു. ആധാര്‍ അടിസ്ഥാനമാക്കി വോട്ടിംഗ് സംവിധാനം കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് ബിജെപി നേതാവും അഭിഭാഷകനുമായ അശ്വിനികുമാര്‍ ഉപാധ്യായ് സുപ്രീം കോടതിയെ സമീപിച്ചു.

ആധാര്‍ വിവരങ്ങള്‍ 13 അടി ഉയരവും അഞ്ച് അടി വീതിയുമുള്ള ചുവരിനാല്‍ സുരക്ഷിതമായ നിലയിലാണ് സൂക്ഷിച്ചിട്ടുള്ളത് എന്ന വിചിത്രമായ വാദവുമായി 2018 മാര്‍ച്ചില്‍ അറ്റോണി ജനറല്‍ കെകെ വേണുഗോപാല്‍ രംഗത്തെത്തി. അതേസമയം ബയോമെട്രിക് വിവര ശേഖരണം പൂര്‍ണമായും വ്യക്തി വിവരങ്ങളുടെ സുരക്ഷിതത്വം ഉറപ്പുവരുത്താന്‍ കഴിയില്ലെന്ന് യുഐഡിഎഐ സിഇഒ അജയ് ഭൂഷണ്‍ പാണ്ഡെ കോടതിയെ അറിയിക്കുന്നു. കോടതിയുടെ അന്തിമവിധി വരുന്നത് വരെ മൊബൈല്‍ നമ്പറുകളോ ബാങ്ക് അക്കൗണ്ടുകളോ ആധാറുമായി ബന്ധിപ്പിക്കേണ്ടതില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കുന്നു. മേയ് 10ന് ആധാര്‍ കേസില്‍ വാദം സുപ്രീം കോടതി വാദം പൂര്‍ത്തിയാക്കി.


ആധാര്‍ ആരെക്കൊണ്ടും നിര്‍ബന്ധിച്ച് എടുപ്പിക്കില്ലെന്നായിരുന്നു തുടക്കത്തില്‍ സര്‍ക്കാരിന്റെ വാദം. എന്നാല്‍ ആദ്യം സബ്‌സിഡികളില്‍ തുടങ്ങുകയും പിന്നീട് ഇത് എല്ലാ സേവനങ്ങള്‍ക്കും നിര്‍ബന്ധമാക്കുന്നതാണ് കാണുന്നത്. നേരത്തെ ആധാര്‍ നിര്‍ബന്ധമാക്കാന്‍ പാടില്ല എന്ന് സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. എന്നാല്‍ ആധാര്‍ ആക്ട് വരുന്നതിന് മുമ്പായിരുന്നു ഇത്. അതുകൊണ്ട് ഇപ്പോള്‍ എല്ലാത്തിനും ആധാര്‍ നിര്‍ബന്ധമാക്കി.

സ്വകാര്യത, ഓണ്‍ലൈന്‍ ഡാറ്റ ചോര്‍ച്ചകളുടെ പശ്ചാത്തലത്തില്‍ ഡാറ്റ സുരക്ഷ തുടങ്ങിയ പ്രശ്‌നങ്ങളെല്ലാം ആധാറിനെതിരായ ഹര്‍ജിക്കാര്‍ ഉന്നയിക്കുന്നു. വിരലടയാളങ്ങളും കൃഷ്ണമണിയുടെ രൂപരേഖയുമെല്ലാം അടങ്ങുന്ന ബയോമെട്രിക് വിവരങ്ങള്‍ ഭരണകൂടത്തിനും സ്വകാര്യ കമ്പനികള്‍ക്കുമെല്ലാം ലഭ്യമാകുന്നത് വ്യക്തികളുടെ സ്വകാര്യതയ്ക്ക് വലിയ ഭീഷണി സൃഷ്ടിക്കുന്നതായി ഇവര്‍ ചൂണ്ടിക്കാട്ടുന്നു. അതേസമയം വിവിധ പദ്ധതികളുടെ മറ്റും സുതാര്യവും നീതിപൂര്‍വവുമായ വിതരണത്തിനും ക്രമക്കേട് ഒഴിവാക്കുന്നതിനും അനര്‍ഹരായവരെ ഒഴിവാക്കി അര്‍ഹര്‍ക്ക് മാത്രം ഗുണം ലഭിക്കുന്ന തരത്തില്‍ നടപ്പാക്കുന്നതിനും ആധാര്‍ പോലൊരു ഏകീകൃത തിരിച്ചറിയല്‍ സംവിധാനം അനിവാര്യമാണ് എന്ന് പറഞ്ഞാണ് കേന്ദ്ര സര്‍ക്കാര്‍ ഇതിനെ പ്രതിരോധിക്കാന്‍ ശ്രമിക്കുന്നത്.

ആധാര്‍ സംബന്ധിച്ച ഹര്‍ജികള്‍ സുപ്രീം കോടതിയുടെ പരിഗണനയിലുള്ള കാലയളവില്‍ നിരവധി തവണ ആധാര്‍ വിവരങ്ങള്‍ ചോരുന്ന സംഭവങ്ങള്‍ ഉണ്ടായി. ഫ്രഞ്ച് സെക്യൂരിറ്റി റിസര്‍ച്ചര്‍ ഏലിയട്ട് ആള്‍ഡേര്‍സണ്‍ ആധാര്‍ വഴി വ്യക്തിഗത വിവരങ്ങള്‍ അനായാസമായി ചോര്‍ത്താന്‍ കഴിയുമെന്ന് വ്യക്തമാക്കുകയും ഇത് തെളിയിക്കുകയും ചെയ്തിരുന്നു. ആള്‍ഡേര്‍സന്‍റെ വെല്ലുവിളി ഏറ്റെടുത്ത് തന്‍റെ ആധാര്‍ നമ്പര്‍ നല്‍കിയ ട്രായ് (ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ) ചെയര്‍മാന്‍ ആര്‍ എസ് ശര്‍മയുടെ വ്യക്തിഗത വിവരങ്ങള്‍ ചോര്‍ത്തി കാണിച്ചുകൊടുത്തിരുന്നു.

https://www.azhimukham.com/india-edit-aadhar-privacy/

https://www.azhimukham.com/offbeat-euthanasia-to-democracy-edit/

https://www.azhimukham.com/india-supreme-court-observations-helpful-to-aadhar/

https://www.azhimukham.com/newsupdate-aadhaar-and-demonetisation-weapons-of-political-fascism-says-arundhatiroy/

https://www.azhimukham.com/opinion-beyond-the-aadhaar-security-breach-janardhan-dwivedi-and-current-indian-politics-harish-khare/


Next Story

Related Stories