TopTop

ഒരു നയവുമില്ലാതെ മോദി സര്‍ക്കാരിന്റെ വ്യവസായ നയം; വ്യവസായ മേഖല നിരാശയില്‍

ഒരു നയവുമില്ലാതെ മോദി സര്‍ക്കാരിന്റെ വ്യവസായ നയം; വ്യവസായ മേഖല നിരാശയില്‍
നരേന്ദ്ര മോദി സര്‍ക്കാരിന്റെ അപ്രതീക്ഷിതമായതും പെട്ടെന്നുള്ളതുമായി നയം മാറ്റങ്ങളും വിചിത്രമായ നീക്കങ്ങളും സര്‍ക്കാരിന്റെ മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയെ തന്നെ നശിപ്പിക്കുന്നതായി വ്യവസായികള്‍. അതിന്റെ ഏറ്റവും ഒടുവിലുത്തെ ഉദാഹരണമാണ്, രാജ്യത്തെ നിര്‍മ്മാണ മേഖലയെ ശക്തിപ്പെടുത്തുന്നതിനും തൊഴിലവസരങ്ങള്‍ കൂട്ടുന്നതിനും സാമ്പത്തിക വളര്‍ച്ചയ്ക്കുമെന്ന് അവകാശപ്പെട്ടുള്ള മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയെ തന്നെ തകര്‍ക്കുന്ന രീതിയിലുള്ള നയംമാറ്റങ്ങള്‍ എന്നാണ് ആരോപണം.

ഉദാഹരണമായി ജനറല്‍ ഇലക്ട്രിക്സുമായുള്ള ലൊക്കോമോട്ടീവ് കരാര്‍ പോലുള്ളവ എടുക്കാം. 1000 ഡീസല്‍ ട്രെയിന്‍ എഞ്ചിനുകള്‍ക്കുള്ള 260 കോടി ഡോളറിന്റെ കരാര്‍ ജി.ഇയുമായി 2015ല്‍ ഒപ്പുവച്ചിരുന്നു. ഒരു യുഎസ് കമ്പനി നേരിട്ട് ഇന്ത്യയില്‍ നടത്തുന്ന ഏറ്റവും വലിയ നിക്ഷേപമാണിത്. റെയില്‍വെയില്‍ 100 ശതമാനം എഫ്ഡിഐ (നേരിട്ടുള്ള വിദേശനിക്ഷേപം) അനുവദിച്ചതിന് ശേഷമുള്ള ആദ്യത്തെ നിക്ഷേപവുമായിരുന്നു ഇത്. എന്നാല്‍ ഇനി ഡീസല്‍ എഞ്ചിന്‍ വേണ്ടെന്നാണ് റെയില്‍വെ മന്ത്രാലയം കഴിഞ്ഞയാഴ്ച വ്യക്തമാക്കിയത്. പകരം ജനറല്‍ ഇലക്ട്രിക്‌സിനോട് വൈദ്യുതി എഞ്ചിനുകള്‍ നിര്‍മ്മിച്ചു നല്‍കാനും മന്ത്രാലയം ആവശ്യപ്പെട്ടിരുന്നു. ഇന്ധനച്ചിലവും അറ്റകുറ്റപ്പണികള്‍ക്കായുള്ള ചിലവും കണക്കിലെടുത്താണ് ഡീസല്‍ എഞ്ചിനുകള്‍ ഉപേക്ഷിക്കുന്നത്. ഗുഡ്‌സ് ട്രെയ്‌നുകള്‍ക്ക് മാത്രമാണ് പൂര്‍ണമായും ഡീസല്‍ എഞ്ചിന്‍ തുടരുന്നത്. നിലവില്‍ 25 മുതല്‍ 30 ശതമാനം വരെ എഞ്ചിനുകളാണ് ഡീസലില്‍ ഓടുന്നുണ്ട്. അതേസമയം ജനറല്‍ ഇലക്ട്രിക്‌സ് ഡീസല്‍ ഇലക്ട്രിക് ലോക്കോമോട്ടീവുകള്‍ക്കുള്ള ഫാക്ടറിയുടെ നിര്‍മ്മാണം തുടങ്ങിക്കഴിഞ്ഞു.

ജിഇയുമായുള്ള കരാര്‍ വളരെ പ്രധാനമാണെന്ന് രാഷ്ട്രീയ നിരീക്ഷകനും ഗവേഷക സ്ഥാപനമായ ട്രസ്റ്റ്ഡ് സോഴ്‌സസ് അംഗവുമായ അമിതാഭ് ദുബെ പറയുന്നു. "ജിഇ വളരെ വിശ്വാസ്യതയുള്ള സ്ഥാപനമാണ്. അവര്‍ ആദ്യ ഘട്ടത്തില്‍ തന്നെ സന്നദ്ധത അറിയിച്ചിരുന്നു. ഇത്തരം റെയില്‍വെ കരാറുകളെ ജനങ്ങള്‍ വളരെ താല്‍പര്യത്തോടെയാണ് വീക്ഷിക്കുന്നത്. പെട്ടെന്നുണ്ടാവുന്ന നയം മാറ്റങ്ങള്‍ പ്രശ്‌നങ്ങളുണ്ടാക്കും. ആദ്യ ലോക്കോമോട്ടീവ് ജിഇ ഇന്ത്യയിലെത്തിച്ച് കഴിഞ്ഞു. ബിഹാറില്‍ ലോക്കോമോട്ടീവ് ഫാക്ടറിയുടെ നിര്‍മ്മാണം പുരോഗമിക്കുകയാണ്. ഇത് പ്ലാന്റിലും മെയ്ന്റനന്‍സ് ഷെഡിലുമായി 1000 തൊഴിലവസരങ്ങളുണ്ടാക്കും. സപ്ലയര്‍ നെറ്റ്‌വര്‍ക്കില്‍ 5000 പേര്‍ക്ക് ജോലി. സര്‍ക്കാരിന്റെ നിലപാട് മാറ്റം വിദേശനിക്ഷേപത്തിനുള്ള സാദ്ധ്യതകളെ ദോഷകരമായി ബാധിക്കുമെന്നാണ് ജനറല്‍ ഇലക്ട്രിക് പറയുന്നത്. കരാര്‍ ഉപേക്ഷിച്ചാല്‍ അത് സര്‍ക്കാരിന് വലിയ സാമ്പത്തിക ബാദ്ധ്യതയുണ്ടാക്കും."2016-17 സാമ്പത്തിക വര്‍ഷത്തില്‍ 60 ബില്യണ്‍ ഡോളറിന്റെ വിദേശനിക്ഷേപം ഇന്ത്യയിലേയ്ക്ക് വന്നതായാണ് കണക്ക്. മോദി സര്‍ക്കാരിന്റെ ആദ്യ രണ്ട് വര്‍ഷങ്ങളില്‍ 20 ശതമാനം വര്‍ദ്ധനയുണ്ടായ ശേഷം ഇപ്പോള്‍ വിദേശനിക്ഷേപം കുറഞ്ഞിരിക്കുകയാണ്. നോട്ട് നിരോധനവും നികുതി പരിഷ്‌കാരവുമെല്ലാം വിദേശനിക്ഷേപം കുറയുന്നതിന് കാരണമായി. ഇന്ത്യന്‍ സമ്പദ് വ്യവസ്ഥക്ക് എഷ്യയില്‍ മൂന്നാം സ്ഥാനമുണ്ട്. ഏപ്രില്‍ - ജൂണില്‍ ജിഡിപി വളര്‍ച്ചാനിരക്ക് 5.7 ശതമാനമായി ചുരുങ്ങിയിട്ടുണ്ട്. മൂന്ന് വര്‍ഷത്തിനിടയില്‍ ഏറ്റവും കുറഞ്ഞ വളര്‍ച്ചാനിരക്കാണിത്.

ആഡംബര കാറുകള്‍ക്കും എസ് യു വികള്‍ക്കുമുള്ള നികുതി ഇരട്ടിയാക്കിത് ഓട്ടോമൈബല്‍ ഇന്‍ഡസ്ട്രിയെ ബാധിച്ചിട്ടുണ്ട്. പെട്ടെന്നുള്ള മാറ്റങ്ങള്‍ ഭാവി പ്രോജക്ടുകളുടെ ആസൂത്രണത്തെ ബാധിച്ചിട്ടുണ്ടെന്ന് ഓഡി ഇന്ത്യ തലവന്‍ റാഹില്‍ അന്‍സാരി പറയുന്നു. ഇത് വാഹന വില്‍പ്പനയെ പ്രതികൂലമായി ബാധിക്കും. സര്‍ക്കാരിന്റെ നികുതി പരിഷ്‌കരണം മേക് ഇന്‍ ഇന്ത്യ പദ്ധതിയെ പ്രതികൂലമായി ബാധിക്കുമെന്ന് മേഴ്‌സിഡസ് ബെന്‍സും പറയുന്നു. സര്‍ക്കാര്‍ നയംമാറ്റങ്ങള്‍ക്ക് മുമ്പ് അതിന്റെ തന്നെ കരാറുകള കുറിച്ചെങ്കിലും ആലോചിക്കണമെന്നാണ് വ്യവസായ ലോകം ആവശ്യപ്പെടുന്നത്.

Next Story

Related Stories