Top

സുഷമ സ്വരാജിനെ ആക്രമിക്കുന്നത് ബിജെപി; പിന്തുണക്കുന്നത് കോണ്‍ഗ്രസും!

സുഷമ സ്വരാജിനെ ആക്രമിക്കുന്നത് ബിജെപി; പിന്തുണക്കുന്നത് കോണ്‍ഗ്രസും!
സുഷമ സ്വരാജിനെ കോണ്‍ഗ്രസ് പിന്തുണക്കുന്നതെന്തിന് എന്നാണ് ടൈംസ് ഓഫ് ഇന്ത്യയുടെ ചോദ്യം. ബിജെപിയ്ക്കും - അതായത് മോദി-ഷാ ടീമിന്-സംഘപരിവാറിനും അനഭിമതയാകുന്ന, മോദി-ഷാ ടീമിന് പണ്ടേ താല്‍പര്യമില്ലാത്ത സുഷമ സ്വരാജിനെതിരെ ബിജെപിക്കാര്‍ സൈബര്‍ ആക്രമണം ശക്തമാക്കിയിരിക്കുന്ന സാഹചര്യത്തില്‍ കോണ്‍ഗ്രസ് അവരെ പിന്തുണക്കുന്നത് സ്വാഭാവികമാണ്. ഈയടുത്ത ദിവസങ്ങളില്‍ സുഷമ സ്വരാജിന്റെ ഫേസ്ബുക്ക്, ട്വിറ്റര്‍ അക്കൗണ്ടില്‍ ബിജെപി, സംഘപരിവാര്‍ പ്രവര്‍ത്തകര്‍ നടത്തിയ ഒളിപ്പോര്‍ കാര്യങ്ങള്‍ വ്യക്തമാക്കുന്നു.

30,000 ബിജെപി പ്രവര്‍ത്തകര്‍ അവരുടെ ഫേസ്ബുക്ക് പേജിന്റെ റേറ്റിംഗ് ഇടിച്ചുതാഴ്ത്തി. ഇതിന്റെ പിറ്റേദിവസം അവരുടെ ട്വിറ്റര്‍ ഹാന്‍ഡിലിന് നേരെയാണ് ആക്രമണമുണ്ടായത്. വ്യക്തിപരമായ അധിക്ഷേപങ്ങളാണ് മോദി ഫാന്‍സ് ആയ ബിജെപി പ്രവര്‍ത്തകര്‍ സുഷമയ്‌ക്കെതിരെ നടത്തിക്കൊണ്ടിരിക്കുന്നത്. എന്താണ് സുഷമ സ്വരാജിനോട് ബിജെപി സൈബര്‍ ഗുണ്ടകള്‍ക്ക് ഇത്ര പെട്ടെന്ന് ഇത്ര ദേഷ്യം തോന്നാന്‍ കാരണം. ഒരൊറ്റ കിഡ്‌നിയുള്ള, അതും ഇസ്ലാമിക് കിഡ്‌നിയുള്ള ബീഗം ആയി എങ്ങനെയാണ് സുഷമയെ അവര്‍ കാണാന്‍ തുടങ്ങിയത്. ഇതിനെല്ലാം കാരണമായത് വികാസ് ശര്‍മയെന്ന ലക്‌നൗവിലെ റീജിയണല്‍ പാസ്‌പോര്‍ട്ട് ഓഫീസറാണ്.
ലക്‌നൗവില്‍ ഹിന്ദു-മുസ്ലീം ദമ്പതിയോട് വിവേചനപരമായി പെരുമാറുകയും പാസ്‌പോര്‍ട്ട് നിഷേധിക്കുകയും ചെയ്ത് പാസ്‌പോര്‍ട്ട് ഓഫീസറുടെ നടപടി വിവാദമായിരുന്നു. ഈ വിഷയത്തില്‍ വിദേശകാര്യ മന്ത്രിയെന്ന നിലയില്‍ സുഷമ സ്വരാജ് ഇടപെടുകയും റീജിയണല്‍ പാസ്‌പോര്‍ട്ട് ഓഫീസറെ സ്ഥലം മാറ്റുകയും ചെയ്തിരുന്നു. തന്‍വീര്‍ സേഥിനോടും ഭര്‍ത്താവ് അനസ് സിദ്ദിഖിയോടും വിവേചനപരമായും അപമാനിക്കുന്ന തരത്തിലും പെരുമാറിയ വികാശ് ശര്‍മയെ സുഷമയുടെ സമയോചിത ഇടപെടല്‍ ഗോരഖ്പൂരിലേയ്ക്ക് വിട്ടു. ഒരു ജനാധിപത്യ മതനിരപേക്ഷ രാജ്യത്തെ വിദേശ കാര്യമന്ത്രിയെന്ന നിലയില്‍ തന്റെ ഉത്തരവാദിത്തം നിര്‍വഹിച്ച സുഷമ, സംഘപരിവാറിനെ ചൊടിപ്പിക്കുന്നതില്‍ അദ്ഭുതമില്ലല്ലോ. ഏതായാലും ബിജെപിയുടെ ട്രോള്‍ ആര്‍മി രംഗത്തെത്തി. മണിക്കൂറുകള്‍ക്കുള്ളില്‍ എഫ്ബി പേജിന്റെ റേറ്റിംഗ് 4.3ല്‍ നിന്ന് 1.4ലേയ്ക്ക് താണു. അവസാനം പേജിലെ റിവ്യൂ ഓപ്ഷന്‍ പിന്‍വലിക്കേണ്ടി വന്നു.

വലിയ അധിക്ഷേപമാണ് സുഷമ ബിജെപി-സംഘപരിവാര്‍ അനുകൂലികളില്‍ നിന്ന് ട്വിറ്ററില്‍ നേരിടേണ്ടി വന്നത്. ഒറ്റ വൃക്ക കൊണ്ട് ജീവിക്കുന്ന ഏതാണ്ട് മരിച്ചുകഴിഞ്ഞ സ്ത്രീയെന്നും ഇസ്ലാമിക് കിഡ്‌നി വച്ച സ്ത്രീ എന്നും മറ്റുമാണ് ചില ട്രോളുകള്‍ അവരെ വിശേഷിപ്പിക്കുന്നത്. സുഷമ ബീഗം എന്ന് ചിലര്‍ വിശേഷിപ്പിച്ചു.

ഏതായാലും ട്വീറ്റുകള്‍ക്ക് ഉയര്‍ന്ന നര്‍മ്മബോധത്തോടെ മറുപടി പറയാറുള്ള അവര്‍ ഇത്തവണയും അത് തന്നെ ചെയ്തു. "കഴിഞ്ഞ 17 മുതല്‍ 23 വരെ ഞാന്‍ ഇന്ത്യക്ക് പുറത്തായിരുന്നു. ഞാനില്ലാത്തപ്പോള്‍ ഇവിടെ എന്താണ് സംഭവിച്ചത് എന്നറിയില്ല. ഏതായാലും ട്വീറ്റുകളാല്‍ ഞാന്‍ ആദരിക്കപ്പെട്ടിരിക്കുന്നു. എനിക്ക് അവ വളരെയധികം ഇഷ്ടപ്പെട്ടു".
പ്രധാനമന്ത്രി നരേന്ദ്ര മോദി ഫോളോ ചെയ്യുന്ന ട്വിറ്റര്‍ അക്കൗണ്ടുകളും സുഷമ സ്വരാജിനെതിരെ അധിക്ഷേപവുമായി രംഗത്തുണ്ടായിരുന്നു. ഭാരത് 1 എന്ന സംഘ് അനുകൂല ട്വിറ്റര്‍ അക്കൗണ്ട് സുഷമയെ വധിക്കാന്‍ പോലും ആഹ്വാനം ചെയ്തു. വലിയ തോതിലുള്ള പ്രതിഷേധമുണ്ടായിട്ടും ഈ അക്കൗണ്ട് ഡിലീറ്റ് ചെയ്യപ്പെടുകയും എന്തെങ്കിലും നടപടിയുണ്ടാവുകയോ ചെയ്തിട്ടില്ല എന്നതാണ് ശ്രദ്ധേയം. കേന്ദ്ര സര്‍ക്കാരിലെ ഉന്നതരുടെ പിന്തുണ വിദേശകാര്യ മന്ത്രിയെ വധിക്കാന്‍ ആഹ്വാനം ചെയ്യുന്നവര്‍ക്കുണ്ട് എന്നാണ് മനസിലാക്കേണ്ടത്. ഇങ്ങനെയൊരു സാഹചര്യത്തില്‍ സുഷമ സ്വരാജിനെ കോണ്‍ഗ്രസ് പിന്തുണതക്കുന്നതില്‍ എന്താണ് അദ്ഭുതം.2009ല്‍ പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുക്കാന്‍ താല്‍പര്യപ്പെടാതെ എല്‍കെ അദ്വാനി മാറി നിന്നപ്പോള്‍ ലോക്‌സഭയില്‍ ആ സ്ഥാനം വഹിച്ചത് സുഷമ സ്വരാജാണ്. 2013ല്‍ ബിജെപി മോദിയെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചിരുന്നെങ്കിലും സുഷമ പ്രധാനമന്ത്രിയാകട്ടെ എന്ന് തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് വരെ പറഞ്ഞ വിരലിലെണ്ണാവുന്ന ബിജെപി അനുഭാവികളുണ്ടായിരുന്നു. വാജ്‌പേയ് - അദ്വാനി പക്ഷത്തെ വിശ്വസ്തയായ സുഷമ സ്വരാജിനെ തുടക്കം മുതല്‍ നരേന്ദ്ര മോദിക്കോ അമിത് ഷായ്‌ക്കോ താല്‍പര്യമുണ്ടായിരുന്നില്ല. ഇറാഖില്‍ ഐഎസ് ബന്ദികളാക്കിയ ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടിരുന്നതായുള്ള വിവരം മറച്ചുവച്ചതുള്‍പ്പടെയുള്ള ചില ചീത്തപ്പേരുകള്‍ മാറ്റി നിര്‍ത്തിയാല്‍ മോദി സര്‍ക്കാരിലെ മറ്റൊരു മന്ത്രിക്കും ഇല്ലാത്ത ഭേദപ്പെട്ട പ്രതിച്ഛായ അവര്‍ക്കുണ്ട്്. 1996ല്‍ അവര്‍ വാജ്‌പേയി സര്‍ക്കാരില്‍ കേന്ദ്ര മന്ത്രിയായപ്പോള്‍ മോദി ഡല്‍ഹിയില്‍ പ്രവര്‍ത്തിക്കുന്ന ഒരു ആര്‍എസ്എസ് നേതാവ് മാത്രം. പാര്‍ലമെന്ററി ജനാധിപത്യത്തോട് ബഹുമാനമുള്ള ചുരുക്കം ചില ബിജെപി നേതാക്കളില്‍ ഒരാളാണ് സുഷമ സ്വരാജ് എന്ന് മാധ്യമപ്രവര്‍ത്തക സാഗരിക ഘോഷ് ട്വീറ്റ് ചെയ്തു.

വിദേശകാര്യ മന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ സുഷമ സ്വരാജിനെതിരെ ബിജെപി സംഘപരിവാര്‍ പ്രവര്‍ത്തകര്‍ നടത്തുന്ന സോഷ്യല്‍ മീഡിയ അധിക്ഷേപങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയോ പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷായോ ഒന്നും മിണ്ടുന്നില്ല. കോണ്‍ഗ്രസിന്റെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലിന് പുറമെ കോണ്‍ഗ്രസ് നേതാക്കളായ സഞ്ജയ് നിരുപം, സഞ്ജയ് ഝാ തുടങ്ങിയവര്‍ സുഷമയെ പിന്തുണച്ചും സോഷ്യല്‍ മീഡിയ ആക്രമണത്തെ അപലപിച്ചും രംഗത്തെത്തിയപ്പോള്‍ ബിജെപി ക്യാമ്പ് മൗനം പാലിക്കുന്നു.മോദി-ഷാ ടീം നല്‍കുന്ന സന്ദേശം വ്യക്തമാണ്. അടുത്ത ലോക്‌സഭ തിരഞ്ഞെടുപ്പില്‍ തങ്ങള്‍ 'നടപ്പാക്കിയ' 'വികസനം' പറഞ്ഞ് വോട്ട് തേടാന്‍ കഴിയില്ല. പാര്‍ലമെന്റിനോടും ജനാധിപത്യ സ്ഥാപനങ്ങളോടും കൂട്ടുത്തരവാദിത്തമുള്ള ഭരണത്തോടും അവരുടെ സമീപനം എന്താണ് എന്നത് വ്യക്തമാണ്. അതുകൊണ്ട് സംഘപരിവാറിനെ ഇന്ത്യയില്‍ അധികാരശക്തിയാക്കിയ വര്‍ഗീയ ധ്രുവീകരണത്തിലും തീവ്ര ഹിന്ദുത്വ അജണ്ടകളിലും മാത്രമാണ് അവര്‍ രക്ഷ കാണുന്നത്. കഴിഞ്ഞ നാല് വര്‍ഷത്തെ മോദി സര്‍ക്കാരിന്റെ ഭരണപരാജയത്തെ മറച്ചുപിടിക്കാന്‍ ഇതിന് കഴിയുമെന്നാണ് ബിജെപി നേതൃത്വത്തിന്റെ പ്രതീക്ഷ.

Next Story

Related Stories