UPDATES

ഹൂറിയത്തുമായി ചർച്ച വിപരീതഫലമുണ്ടാക്കും; ഭീകരതയ്ക്കെതിരായ നീക്കങ്ങളെ തകർക്കും: ബിജെപി

ജമ്മുവില്‍ നിന്നുള്ള എക്‌സെല്‍സിയര്‍ പത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഹുറിയത് കോണ്‍ഫറന്‍സ് നേതാവ് മിര്‍വായിസ് ഉമര്‍ ഫാറൂഖ് തന്റെ ചർച്ചയ്ക്കുള്ള സന്നദ്ധത അറിയിച്ചത്.

ഹൂറിയത്ത് കോൺഫറൻസുമായി ചർച്ചയ്ക്ക് ചെല്ലുന്നത് പിന്തിരിപ്പൻ നടപടിയായിരിക്കുമെന്ന് ചൂണ്ടിക്കാട്ടി ബിജെപി രംഗത്ത്. അർത്ഥവവത്തായ ചർച്ചയ്ക്ക് കേന്ദ്ര സർക്കാർ തയ്യാറാവുകയാണെങ്കിൽ തങ്ങളിൽ നിന്നും അനുകൂല നിലപാടുണ്ടാകുമെന്ന ഹൂറിയത്ത് ചെയർമാൻ മിര്‍വായിസ് ഉമർ ഫാറൂഖിന്റെ പ്രസ്താവനയുടെ പശ്ചാത്തലത്തിൽ പ്രതികരിക്കുകയായിരുന്നു പാർട്ടി. ജമ്മു കശ്മീർ ഇന്ത്യയുടെ ഭാഗമാണെന്ന് ഹൂറിയത്ത് അടക്കമുള്ള വിഘടനവാദികളുടെ സംഘമായ ജോയിന്റ് റസിസ്റ്റൻസ് ലീഡര്‍ഷിപ്പ് അംഗീകരിച്ചാൽ മാത്രമേ ഇത്തരമൊരു ചർച്ചയ്ക്ക് ഒരുമ്പെടാവൂ എന്ന് ബിജെപി വക്താവ് അനിൽ ഗുപ്ത അറിയിച്ചു. ഇന്ത്യൻ ഭരണഘടനയോടുള്ള കൂറ് വ്യക്തമാക്കാനും ഈ സംഘടനകൾ തയ്യാറാകണം. ഇത്തരമൊരു ചർച്ച ഭീകരതയ്ക്കെതിരെ ഇന്ത്യ നടത്തുന്ന നീക്കങ്ങളെ തളർത്തുമെന്നും ബിജെപി വ്യക്തമാക്കി.

ഈ മുൻവ്യവസ്ഥകൾ അംഗീകരിക്കാത്തിടത്തോളം ഹൂറിയത്തുമായോ ജായിന്റ് റസിസ്റ്റൻസ് ലീഡർഷിപ്പുമായോ നടത്തുന്ന ചര്‍ച്ചകൾ പിന്തിരിപ്പനും വിപരീതഫലമുണ്ടാക്കുന്നതുമാകുമെന്ന് ബിജെപി വ്യക്തമാക്കി.

കശ്മീർ അടക്കമുള്ള പ്രശ്നങ്ങളിൽ പരിഹാരത്തിനായി ഒരു ത്രികക്ഷി ചർച്ച ആവശ്യമാണെന്നു പറഞ്ഞാണ് ഹൂറിയത്ത് ചെയർമാൻ രംഗത്തു വന്നത്. ന്യൂഡല്‍ഹി, ഇസ്ലാമാബാദ്, കശ്മീരി നേതാക്കൾ എന്നീ കക്ഷികളെ ഉൾപ്പെടുത്തിയായിരിക്കണം ചർച്ച എന്നും മിർവായിസ് പറയുകയുണ്ടായി. തങ്ങളുടെ യുവാക്കളാണ് സംഘർഷങ്ങളിൽ ഏറ്റവുമധികം കൊല്ലപ്പെടുന്നതെന്നും അതുകൊണ്ടു തന്നെ സമാധാനത്തിന് ഏറ്റവും ആഗ്രഹിക്കുന്നതും തങ്ങൾ തന്നെയാണെന്നും അദ്ദേഹം അവകാശപ്പെട്ടു.

ഹൂറിയത്ത് തങ്ങളുടെ നിലപാട് മയപ്പെടുത്തിയെന്നും ചർച്ചയ്ക്ക് തയ്യാറാണെന്ന വിവരം കിട്ടിയെന്നും കഴിഞ്ഞദിവസം സംസ്ഥാന ഗവർണർ സത്യപാൽ മാലിക്ക് രംഗത്തെത്തിയിരുന്നു. കേന്ദ്ര മന്ത്രിമാരായ പ്രകാശ് ജാവദേക്കറുടേയും ജിതേന്ദ്ര സിംഗിന്റേയും സാന്നിദ്ധ്യത്തിലാണ് ശ്രീനഗറിലെ ദൂരദര്‍ശന്‍ കേന്ദ്രത്തിലെ പരിപാടിക്കിടെ സത്യപാല്‍ മാലിക് ഇക്കാര്യം പറഞ്ഞത്. താന്‍ ഗവര്‍ണറായി വന്നതോടെ എല്ലാ പ്രശ്‌നങ്ങളും ശരിയായി തുടങ്ങിയതായും സത്യപാല്‍ മാലിക് അവകാശപ്പെട്ടു. നേരത്തെ കേന്ദ്ര മന്ത്രി രാംവിലാസ് പാസ്വാന്‍ ഹുറിയതിനോട് ചര്‍ച്ചയ്ക്ക് ചെന്നപ്പോള്‍ നേതാക്കള്‍ കാണാന്‍ തയ്യാറായിരുന്നില്ല.

ജമ്മുവില്‍ നിന്നുള്ള എക്‌സെല്‍സിയര്‍ പത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഹുറിയത് കോണ്‍ഫറന്‍സ് നേതാവ് മിര്‍വായിസ് ഉമര്‍ ഫാറൂഖ് തന്റെ ചർച്ചയ്ക്കുള്ള സന്നദ്ധത അറിയിച്ചത്.

യുവാക്കളുടെ പ്രശ്‌നമാണ് കാശ്മീരിന്റെ പ്രശ്‌നമെന്ന് ചൂണ്ടിക്കാട്ടിയ ഗവർണർ സംസ്ഥാനത്തെ യുവാക്കള്‍ തെറ്റിദ്ധരിപ്പിക്കപ്പെട്ടിരിക്കുകയാണെന്ന് വിശദീകരിച്ചു. ദേശീയ പതാകയ്‌ക്കൊപ്പം പ്രത്യേക കൊടിയും ഭരണഘടനയുമുള്ള സംസ്ഥാനമാണ് കാശ്മീര്‍. കാശ്മീരിന് മറ്റ് സംസ്ഥാനങ്ങളേക്കാള്‍ മുന്നിലെത്താന്‍ സാധിക്കും. അതേസമയം ബുള്ളറ്റുകളെ ബൊക്ക കൊണ്ട് നേരിടാന്‍ സൈനികര്‍ക്ക് കഴിയില്ലെന്നും ഗവര്‍ണര്‍ പറഞ്ഞു.

വലിയ വിജയം നേടി രണ്ടാമതും അധികാരത്തിലെത്തിയ മോദിക്ക് ഇത് കാശ്മീര്‍ പ്രശ്‌നം പരിഹരിക്കാനുള്ള നല്ല അവസരമാണെന്നും ഇതിനുള്ള ഉത്തരവാദിത്തം കേന്ദ്ര സര്‍ക്കാരിനുണ്ടെന്നും മിര്‍വായിസ് പറഞ്ഞിരുന്നു. കാശ്മീര്‍ പ്രശ്‌നം ചര്‍ച്ചയിലൂടെ മാത്രമേ പരിഹരിക്കാനാകൂ എന്നും ഉഭയകക്ഷി ചര്‍ച്ചയ്ക്കുള്ള പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ ക്ഷണം ഇന്ത്യ ഗൗരവമായി കാണണമെന്നും മിര്‍വായിസ് പറഞ്ഞു. അതേസമയം ഗവര്‍ണര്‍ ചര്‍ച്ചയ്ക്ക് തയ്യാറാണ് എങ്കിലും മിര്‍വായിസ് വീട്ടുതടങ്കലിലാണ്. കാശ്മീര്‍ യൂണിവേഴ്‌സിറ്റിയിലെ ബുക്ക് ഫെയറില്‍ പങ്കെടുക്കുന്നതില്‍ നിന്ന് മിര്‍വായിസിനെ വിലക്കിയിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍