UPDATES

ട്രെന്‍ഡിങ്ങ്

ഹിന്ദി അടിച്ചേല്‍പ്പിക്കല്‍: രംഗം തണുപ്പിക്കാന്‍ തമിഴ് സംസാരിക്കുന്ന മന്ത്രിമാരെ രംഗത്തിറക്കി കേന്ദ്ര സര്‍ക്കാര്‍

ജനങ്ങളുടെ പ്രതികരണം ആരാഞ്ഞതിനു ശേഷം മാത്രമേ ഹിന്ദി ഭാഷ എല്ലാ സംസ്ഥാനങ്ങളിലും പഠിപ്പിക്കണോയെന്ന് തീരുമാനിക്കൂ എന്നാണ് കേന്ദ്രം പറയുന്നത്.

രാജ്യത്തെ സ്കൂളുകളിലെല്ലാം ഹിന്ദി ഭാഷ നിര്‍ബന്ധമായി പഠിപ്പിക്കണമെന്ന ദേശീയ വിദ്യാഭ്യാസ നയത്തിന്റെ കരട് ശുപാര്‍ശയ്ക്കെതിരെ വളര്‍ന്ന രോഷം തണിപ്പിക്കാന്‍ ഹിന്ദി സംസാരിക്കുന്ന മന്ത്രിമാരെ രംഗത്തിറക്കി കേന്ദ്ര സര്‍ക്കാര്‍. ധനമന്ത്രി നിര്‍മല സീതാരാമന്‍, വിദേശകാര്യമന്ത്രി എസ് ജയ്ശങ്കര്‍ എന്നിവരാണ് പ്രസ്താവനകളുമായി എത്തിയിരിക്കുന്നത്. നിര്‍മല സീതാരാമന്‍ തമിഴ്നാട്ടുകാരിയാണ്. എസ് ജയ്ശങ്കറിന് തമിഴറിയാം. ജനിച്ചതും വളര്‍ന്നതുമെല്ലാം ഡല്‍ഹിയിലാണ്.

ശുപാര്‍ശകളെല്ലാം അതേപടി നടപ്പാക്കില്ലെന്നും അവ നടപ്പാക്കും മുമ്പ് പരിശോധിക്കുമെന്നും എസ് ജയ്ശങ്കര്‍ ട്വീറ്റ് ചെയ്തു.

തമിഴ്നാട്ടില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ എതിര്‍പ്പ് വരുന്നത്. തമിഴിലാണ് ട്വീറ്റുകളെല്ലാം. ഹിന്ദി വിരുദ്ധ ഹാഷ്ടാഗുകള്‍ ട്വിറ്ററില്‍ ദീര്‍ഘനേരം ട്രെന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു.

പൊതുജനാഭിപ്രായം അറിഞ്ഞിതിനു ശേഷം മാത്രമേ കരട് നിര്‍ദ്ദേശം നടപ്പിലാക്കണമോയെന്ന് തീരുമാനിക്കൂ എന്ന് നിര്‍മല സീതാരാമന്‍ ട്വീറ്റ് ചെയ്തു. പുരാതനമായ തമിഴ് ഭാഷയെ കേന്ദ്രം പിന്തുണയ്ക്കുന്നുവെന്നും അതിനെ വികസിപ്പിക്കാന്‍ വേണ്ടത് ചെയ്യുമെന്നും മന്ത്രി ട്വിറ്ററില്‌ കുറിച്ചു. രണ്ടുപേരുടെയും ട്വീറ്റുകള്‍ തമിഴിലാണ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവും രംഗം തണിപ്പിക്കാന്‍ എത്തിയിട്ടുണ്ട്. തെറ്റായ തീരുമാനങ്ങളിലേക്ക് എത്തിച്ചേരരുതെന്നും കരട് നിര്‍ദ്ദേശങ്ങള്‍ ശരിയായി പഠിക്കാന്‍ ജനങ്ങള്‍ തയ്യാറാകണമെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന.

ഹിന്ദി ഭാഷയെ ഹിന്ദി സംസാരിക്കാത്തവരുടെ മേല്‍ അടിച്ചേല്‍പ്പിക്കാനുള്ള ശ്രമത്തിനെതിരെ ശക്തമായ വികാരമാണ് ഉയര്‍ന്നു വന്നിട്ടുള്ളത്. കര്‍ണാടക മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമി കേന്ദ്രത്തിന്റെ നീക്കത്തിനെതിരെ പ്രതികരിച്ചിട്ടുണ്ട്. കോണ്‍ഗ്രസ്സ് നേതാവ് ശശി തരൂരും കേന്ദ്രനീക്കത്തെ പ്രതിരോധിക്കാന്‍ രംഗത്തിറങ്ങി. പി ചിദംബരം, എംകെ സ്റ്റാലിന്‍ തുടങ്ങിയ നേതാക്കളും ശക്തമായി പ്രതികരിച്ചു.

കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേഷ് പൊഖ്രിയാല്‍ നേരത്തെ വിശദീകരണവുമായി വന്നിരുന്നു. ഹിന്ദി അടിച്ചേല്‍പ്പിക്കില്ലെന്നും എല്ലാവരുടെയും അഭിപ്രായമാരാഞ്ഞതിനു ശേഷം മാത്രമേ അതിന് തുനിയൂ എന്നും അദ്ദേഹം പറയുകയുണ്ടായി. ഇത് തമിഴ് പ്രതിഷേധത്തെ തണുപ്പിക്കാന്‍ പര്യാപ്തമായില്ല.

ജനങ്ങളുടെ പ്രതികരണം ആരാഞ്ഞതിനു ശേഷം മാത്രമേ ഹിന്ദി ഭാഷ എല്ലാ സംസ്ഥാനങ്ങളിലും പഠിപ്പിക്കണോയെന്ന് തീരുമാനിക്കൂ എന്നാണ് കേന്ദ്രം പറയുന്നത്. എന്നാല്‍ ഈ പ്രതികരണമെടുക്കലിന്റെ രീതി എന്താണെന്ന് വ്യക്തമല്ല. ഓരോ സംസ്ഥാനത്തു നിന്നും പ്രത്യേകം പ്രതികരണം ആരായുമോയെന്ന് അറിയില്ല.

ദക്ഷിണേന്ത്യയില്‍ മിക്ക സംസ്ഥാനങ്ങളിലും ഹിന്ദി രണ്ടാം ഭാഷയാണെന്നും എന്നാല്‍ എത്ര ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങലില്‍ തമിഴോ മലയാളമോ പഠിപ്പിക്കുന്നുണ്ടെന്നും ചോദിച്ച് ശശി തരൂര്‍ രംഗത്തു വന്നിരുന്നു. ഇതിനെ പ്രതിരോധിച്ച് കര്‍ണാടകത്തിലെ ബിജെപി നേതാവ് തേജസ്വി സൂര്യ രംഗത്തു വന്നു. പുതിയ കരട് നിര്‍ദ്ദേശത്തില്‍ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ള ഭാഷ പഠിക്കുന്നത് പ്രോത്സാഹിപ്പിക്കണമെന്ന് പറയുന്നുണ്ടെന്ന് സൂര്യ ട്വീറ്റ് ചെയ്തു.

മൂന്ന് ഭാഷകള്‍ പഠിക്കണമെന്ന നിര്‍ദ്ദേശമാണ് ദേശീയ വിദ്യാഭ്യാസ നയത്തിന്റെ കരട് മുമ്പോട്ടു വെക്കുന്നത്. മാതൃഭാഷയ്ക്കൊപ്പം ഹിന്ദിയും മറ്റൊരു പ്രാദേശിക ഭാഷയും എന്നതാണ് ഈ നിര്‍ദ്ദേശം. ഈ പ്രാദേശിക ഭാഷ എവിടെ നിന്നുള്ളതും തെരഞ്ഞെടുക്കാം. ഇത് ദക്ഷിണേന്ത്യന്‍ ഭാഷ തന്നെയാകണമെന്നില്ല. കെ കസ്തൂരിരംഗന്‍ അധ്യക്ഷനായ കമ്മറ്റിയാണ് നിര്‍ദ്ദേശം വെച്ചിരിക്കുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍