TopTop
Begin typing your search above and press return to search.

റാം റഹീമിനെ നിയമത്തിനു മുന്നിലെത്തിച്ച ആ അജ്ഞാത പെണ്‍കുട്ടികളുടെ ധീരതയെ വാഴ്ത്തുക

റാം റഹീമിനെ നിയമത്തിനു മുന്നിലെത്തിച്ച ആ അജ്ഞാത പെണ്‍കുട്ടികളുടെ ധീരതയെ വാഴ്ത്തുക

പറയുമ്പോള്‍ അങ്ങേയറ്റം ധീരമായ നടപടിയെന്നൊക്കെ വിശേഷിപ്പിക്കാന്‍ സാധിക്കും. എന്നാല്‍ സ്വന്തം ജീവിതത്തില്‍ അത്തരം കാര്യങ്ങള്‍ നടത്തുക എന്നത് അത്ര കണ്ട് സാധ്യമായ ഒന്നല്ല. അത്തരത്തിലുള്ള ധൈര്യം പ്രകടിപ്പിക്കാന്‍ തീരുമാനിച്ചാല്‍ അതിന്റെ പ്രത്യാഘാതങ്ങള്‍ നേരിടാനും തയാറായിരിക്കണം, അതാണ് ഇതുവരെ നാം കണ്ടുവരുന്ന ലോകം.

ദേര സച്ച സൗദ തലവന്‍ ഗുര്‍മീത് റാം റഹീമിന്റെ കാര്യത്തില്‍ അജ്ഞാതരായി തുടരുന്ന ഏതാനും പെണ്‍കുട്ടികള്‍, ഒരു സമയത്ത് റാം റഹീമിന്റെ വലംകൈയായിരുന്ന ആള്‍, ധീരനായ ഒരു പത്രപ്രവര്‍ത്തകന്‍- അവരാണ് റാം റഹീമിനെ പോലെ ശക്തനായ ഒരു മത നേതാവിനെ തുറന്നു കാട്ടാന്‍ ധൈര്യം കാണിച്ചവര്‍. അവരില്‍ രണ്ടുപേരെ വെടിവച്ച് കൊലപ്പെടുത്തി. ആ പെണ്‍കുട്ടികളുടെ ഇന്നത്തെ അവസ്ഥ പുറംലോകത്തിന് അജ്ഞാതമാണ്.

എല്ലാ രാഷ്ട്രീയ പാര്‍ട്ടികളിലേയും ഉന്നതര്‍ അടുത്ത ആള്‍ക്കാരും കുമിഞ്ഞു കൂടിയ പണവും ഉള്ള റാം റഹീമിനിനെതിരെ രംഗത്തു വരാന്‍ ഇത്രയും പേര്‍ക്ക് കഴിഞ്ഞത് അപാരമായ ധൈര്യം ഒന്നുകൊണ്ടു മാത്രമാണ്.

2002-ല്‍ മാധ്യമ പ്രവര്‍ത്തകനായ റാം ചന്ദര്‍ ഛത്രപതി തന്റെ പൂരാ സച്ച് എന്ന ദിനപത്രത്തില്‍ ഒരു അജ്ഞാതമായ കത്ത് പ്രസിദ്ധപ്പെടുത്തി. അനുയായികള്‍ തങ്ങളുടെ 'പിതാജി' എന്നു വിളിക്കുന്ന റാം റഹീമിന്റെ കൊള്ളക്കൊടുക്കലുകളെ വെളിപ്പെടുത്തുന്നതായിരുന്നു കത്തിലെ ഉള്ളടക്കം. ദേര സച്ചയുടെ ആസ്ഥാനമായ ഹരിയാനയിലെ സിര്‍സയില്‍ നിന്ന് പ്രസിദ്ധപ്പെടുത്തുന്ന ഒരു ചെറിയ ദിനപത്രമായിരുന്നു പൂരാ സച്ച് (പൂര്‍ണ സത്യം).

2002-ല്‍ അന്ന് പ്രധാനമന്ത്രിയായിരുന്ന എ.ബി വാജ്‌പേയിക്കും പഞ്ചാബ്, ഹരിയാന ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഉള്‍പ്പെടെ നിരവധി ഭരണഘടനാ സ്ഥാപനങ്ങളുടെ തലവന്മാര്‍ക്കും ആശ്രമത്തില്‍ വച്ച് പീഡനത്തിനിരയായ ഒരു പെണ്‍കുട്ടി ഹിന്ദിയിലെഴുതിയ മൂന്നു പേജ് വരുന്ന ഒരു കത്തായിരുന്നു അത്. എങ്ങനെയാണ് റാം റഹീം തങ്ങളെ ചൂഷണം ചെയ്യുന്നതെന്നും ആശ്രമത്തിലുള്ള ശിഷ്യകള്‍ എന്നു വിളിക്കപ്പെടുന്ന പെണ്‍കുട്ടികള്‍ പീഡിപ്പിക്കപ്പെടുന്നുവെന്നും ചൂണ്ടിക്കാട്ടിയിട്ടുള്ള കത്തില്‍ റാം റഹീമിനെതിരെ നടപടിയും ആവശ്യപ്പെട്ടിരുന്നു.

ഈ കത്ത് പ്രസിദ്ധപ്പെടുത്തിയതിനു പിന്നാലെ ഛത്രപതി തന്റെ വീടിനു മുന്നില്‍ വച്ച് വെടിയേറ്റു. ഒരു മാസത്തോളം ആശുപത്രിയില്‍ മരണത്തോട് മല്ലടിച്ചെങ്കിലും ഒടുവില്‍ അദ്ദേഹം മരണത്തിന് കീഴടങ്ങി. തന്റെ കൊലപാതകത്തിന് ഉത്തരവാദിയായി റാം റഹീമിന്റെ പേര് ഛത്രപതി പറഞ്ഞെങ്കിലും ആയാളുടെ പേര് എഫ്.ഐ.ആറില്‍ ഉള്‍പ്പെടുത്താന്‍ പോലീസ് തയാറായില്ല. തുടര്‍ന്ന്, ഛത്രപതിയുടെ മകന്‍ അന്ന് 21 വയസുണ്ടായിരുന്ന അന്‍ഷുലാണ് തന്റെ പിതാവിന്റെ കൊലപാതകത്തിന് നീതി നേടി നിയമ പോരാട്ടം നടത്തുന്നത്. ആ കേസ് ഇപ്പോഴും കോടതിയുടെ പരിഗണനയിലാണ്.

ഇന്ന് തന്റെ 30-കളിലെത്തി നില്‍ക്കുന്ന അന്‍ഷുല്‍ നിയമ പോരാട്ടത്തില്‍ ഉറച്ചു നില്‍ക്കുന്നതിനൊപ്പം പിതാവിന്റെ ദിനപത്രം ഏറ്റെടുത്തു നടത്തുകയും ചെയ്യുന്നു. "എനിക്കന്ന് 21 വയസ് മാത്രമേയുള്ളൂ. ദേരാ തലവന്റെ പേര് എഫ്.ഐ.ആറില്‍ ഉള്‍പ്പെടുത്താന്‍ പോലീസ് വിസമ്മതിച്ചതോടെ ഇനി നീതി തേടി എവിടേക്ക് പോകണമെന്ന് എനിക്ക് യാതൊരു ധാരണയുമില്ലായിരുന്നു"- അന്‍ഷുല്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. ഒടുവില്‍ പരാതിയുമായി അന്‍ഷുല്‍ 2003-ല്‍ പഞ്ചാബ്, ഹരിയാന ഹൈക്കോടതിയെ സമീപിച്ചു.

2002 ജൂലൈയില്‍ കൊല്ലപ്പെട്ട രഞ്ജിത് സിംഗ് എന്നയാളുടെ മരണമാണ് റാം റഹീമിനെതിരെയുള്ള മറ്റൊരു കേസ്. ആശ്രമത്തിലെ അന്തേവാസിയായിരുന്നു രഞ്ജിത് സിംഗ്. സിര്‍സയിലെ ആശ്രമ ആസ്ഥാനത്ത് റാം റഹീം നടത്തുന്ന അനധികൃത പരിപാടികളെ കുറിച്ച് രഞ്ജിത് സിംഗ് വെളിപ്പെടുത്തി. ഒപ്പം ആശ്രമം മാനേജ്‌മെന്റിന്റെ അറിവോടു കൂടി ആശ്രമത്തിലെ പെണ്‍കുട്ടികളെ പീഡിപ്പിക്കുന്ന കാര്യവും പുറത്തു വന്നു. റാം റഹീമിനെതിരെ പരാതി കൊടുത്ത പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടികളില്‍ ഒരാള്‍ രഞ്ജിത് സിംഗിന്റെ ബന്ധുവാണെന്നും അവര്‍ക്ക് ധാര്‍മിക പിന്തുണ നല്‍കി അദ്ദേഹം ഒപ്പമുണ്ടായിരുന്നുവെന്നും വിവിധ റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ഇതിനു പിന്നാലെ നിരവധി പെണ്‍കുട്ടികള്‍ പരാതിയുമായി രംഗത്തെത്തി. അവര്‍ ആരൊക്കെയാണ് എന്നത് ഇന്നും അജ്ഞാതമായി തുടരുന്നു, അല്ലെങ്കില്‍ അവരൊക്കെ ഇന്ന് ജീവിച്ചിരിപ്പുണ്ടോ എന്നുപോലും ഉറപ്പില്ല.

റാം റഹീം എങ്ങനെയാണ് തങ്ങളെ ലൈംഗികമായി ചൂഷണം ചെയ്തിരുന്നതെന്ന് ആ പെണ്‍കുട്ടികള്‍ കത്തില്‍ വെളിപ്പെടുത്തുന്നുണ്ട്. ആശ്രമത്തില്‍ ശിഷ്യയായിരിക്കുന്ന വേളയിലാണ് റാം റഹീം ഒരു രാത്രി തന്നെ അദ്ദേഹത്തിന്റെ സ്വകാര്യ ചേംബറിലേക്ക് വിളിക്കുന്നതെന്ന് ഒരു പെണ്‍കുട്ടി പറയുന്നു. ഒരു തോക്കുമായാണ് റാം റഹീം ഇരുന്നിരുന്നത്. പശ്ചാത്തലത്തില്‍ ഒരു പോണ്‍ ചിത്രം ഓടിക്കൊണ്ടിരുന്നു.

മൂന്നു വര്‍ഷത്തോളം സിംഗ് തന്നെ പീഡിപ്പിച്ചിരുന്നു എന്നാണ് അവര്‍ പരാതിപ്പെട്ടത്. ആശ്രമത്തിലെ 35-40 സ്ത്രീകളെങ്കിലും ഇത്തരത്തില്‍ പീഡനത്തിന് ഇരയായതായും പറയപ്പെടുന്നു.

പക്ഷേ, 18 പെണ്‍കുട്ടികളെ സി.ബി.ഐ ചോദ്യം ചെയ്‌തെങ്കിലും അവരില്‍ രണ്ടു പേര്‍ മാത്രമേ സിംഗിനെതിരെ മൊഴി കൊടുക്കാന്‍ തയാറായുള്ളൂ. ഒരു ശിഷ്യ സി.ബി.ഐയിലെ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞത് തന്നെ സിംഗ് ബലാത്സംഗം ചെയ്‌തെങ്കിലും അതു മൂലം താന്‍ 'ശുദ്ധീകരിക്കപ്പെടുക'യാണ് ചെയ്തത് എന്നാണ്.

പോലീസ്, ബ്യൂറോക്രാറ്റുകള്‍, രാഷ്ട്രീയക്കാര്‍, സെലിബ്രിറ്റികള്‍ ആരേയും സിംഗിന് പേടിയില്ലായിരുന്നു എന്നു മാത്രമല്ല, ഇവരൊക്കെ സിംഗിനെ അകമഴിഞ്ഞ് ബഹുമാനിക്കുകയും ആരാധിക്കുകയും ചെയ്തിരുന്നു. എങ്കിലും ബലാത്സംഗത്തിനും കൊലപാതക കുറ്റത്തിനും സി.ബി.ഐ അയാള്‍ക്കെതിരെ കേസുകള്‍ ചാര്‍ജ് ചെയ്തു. നേരത്തെ കോണ്‍ഗ്രസായിരുന്നു സിംഗിന്റെ പിന്തുണ അനുഭവിച്ചിരുന്നതെങ്കില്‍ ഏതാനും വര്‍ഷങ്ങളായി ബി.ജെ.പിക്കാണ് ദേര സച്ച സൗദയുടെ പിന്തുണ. പഞ്ചാബില്‍ കോണ്‍ഗ്രസ്, അകാലിദള്‍ നേതാക്കള്‍ ദേര സച്ചയുടെ പിന്തുണ രഹസ്യമായി തേടിയിരുന്നു എന്നതും വാസ്തവമാണ്. സിംഗിനെതിരെയുള്ള ബലാത്സംഗ, കൊലപാതക ആരോപണങ്ങളെ പൊതുമധ്യത്തില്‍ ശരിവയ്ക്കാന്‍ അവരാരും ഒരുക്കമല്ലാരുന്നു താനും.

എന്നാല്‍ മോദിയുടെ കീഴിലുള്ള ബി.ജെ.പി അത്തരം കാര്യങ്ങളിലൊന്നും വിശ്വസിക്കുന്നില്ലെന്നു വേണം മനസിലാക്കാന്‍. സ്വച്ഛ് ഭാരത് അഭിയാനുമായി ബന്ധപ്പെട്ട് മോദി പബ്ലിക്കായി അനുമോദിച്ച വ്യക്തികളിലൊരാളാണ് റാം റഹീം. അദ്ദേഹത്തിന്റെ സ്വന്തം ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍ വിവാദ സ്വാമിയെ സംസ്ഥാനത്തെ പല പദ്ധതികള്‍ക്കും രംഗത്തിറക്കി. അദ്ദേഹത്തിന്റെ കൃഷിമന്ത്രി അനില്‍ വിജ് ഉള്‍പ്പെടെയുള്ളവര്‍ നിരവധി തവണ ആശ്രമം സന്ദര്‍ശിക്കുകയും ഒന്നര കോടിയോളം രൂപ പ്രാദേശിക കായിക സംസ്‌കാരം വളര്‍ത്താനെന്ന പേരില്‍ റാം റഹീമിന് അനുവദിക്കുകയും ചെയ്തിട്ടുണ്ട്. 2014 നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടു മുമ്പ് ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ നേരിട്ടു തന്നെയാണ് റാം റഹീമുമായി കൂടിക്കാഴ്ച നടത്തിയത്. പിന്നാലെ 47 ബി.ജെ.പി സ്ഥാനാര്‍ഥികള്‍ പിന്തുണയ്ക്കായി ആശ്രമ വാതില്‍ക്കല്‍ ചെല്ലുകയും ചെയ്തു. ബലാത്സംഗ കേസ് സിബിഐ കോടതിക്ക് മുമ്പാകെ ഉള്ളപ്പോഴായിരുന്നു ഇതെന്നും ഓര്‍ക്കണം.

അതുകൊണ്ട് മനസിലാക്കാവുന്നത് ഇത്രമാത്രം. ജീവന്‍ പോലും തൃണവല്‍ഗണിച്ച് തങ്ങള്‍ നേരിട്ട അനീതി ചോദ്യം ചെയ്യാന്‍ മുന്നോട്ടു വന്ന അജ്ഞാതരായ ഏതാനും പെണ്‍കുട്ടികള്‍, അവര്‍ക്കൊപ്പം അനീതിക്കെതിരെ നിലകൊള്ളുകയും അതിന്റെ പേരില്‍ കൊല്ലപ്പെടുകയും ചെയ്ത ഒരാള്‍, ധീരനായ ഒരു പത്രപ്രവര്‍ത്തകന്‍. ഏതാനും ചില മനുഷ്യരെങ്കിലും ധീരതയോടെ മുന്നോട്ടു വരാന്‍ തയാറായാല്‍ സത്യം എന്നാണെങ്കിലും പുറത്തു വരികയും ചെയ്യും, അത് നിലനില്‍ക്കുകയും ചെയ്യും. പുതിയ ഇന്ത്യ പഠിപ്പിക്കുന്നത് അതുകൂടിയാണ്.


Next Story

Related Stories