TopTop

ആര്‍എസ്എസിനെ നിരോധിക്കുന്നു; സര്‍ദാര്‍ പട്ടേല്‍ നിരോധനം നീക്കുന്നു- ഭാഗം 5

ആര്‍എസ്എസിനെ നിരോധിക്കുന്നു; സര്‍ദാര്‍ പട്ടേല്‍ നിരോധനം നീക്കുന്നു- ഭാഗം 5
ആര്‍എസ്എസ് സ്ഥാപകന്‍ ഹെഡ്‌ഗേവാറിന് ശേഷം സംഘടനയുടെ മേധാവിയായിരുന്ന എം.എസ് ഗോള്‍വാള്‍ക്കറുടെ തീവ്രവിഷം വമിപ്പിക്കുന്ന സിദ്ധാന്തങ്ങള്‍ ‘മോദി ഭാരത’ത്തിന്റെ അടിത്തറയായി എങ്ങനെ മാറുന്നുവെന്ന് വിശദീകരിക്കുകയാണ് കാരവന്‍ മാഗസിന്റെ പൊളിറ്റിക്കല്‍ എഡിറ്റര്‍ ഹര്‍തോഷ് സിങ്ങ് ബാല്‍. The Instigator, How MS Golwalkar’s virulent Ideology underpins Modi’s India എന്ന ദീര്‍ഘലേഖനത്തിന്റെ അഞ്ചാം ഭാഗം വായിക്കാം. 

വിവര്‍ത്തനം- 
ശ്രീജിത് ദിവാകരന്‍


1948 ഫെബ്രുവരി മൂന്നിന്, ഗാന്ധിവധത്തിന് നാലു ദിവസം കഴിഞ്ഞ്, ഗോള്‍വാള്‍ക്കര്‍ അറസ്റ്റ് ചെയ്യപ്പെട്ടു. ഒരു ദിവസത്തിന് ശേഷം ആര്‍എസ്എസ് നിരോധിക്കുകയും ചെയ്തു. നിരോധന ഉത്തരവ് സര്‍ക്കാരിന്റെ തീരുമാനത്തെ ഇപ്രകാരത്തില്‍ വിശദീകരിക്കുന്നു: 'ആര്‍എസ്എസ് പ്രവര്‍ത്തര്‍ അനഭികാമ്യവും ആത്പകരവുമായ പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്. രാജ്യത്തിന്റെ വിവിധ ഭാഗത്ത് ആര്‍എസ്എസ് പ്രവര്‍ത്തര്‍ തീവെപ്പ്, കൊള്ള, പിടിച്ചുപറി, കൊലപാതകം തുടങ്ങിയ അക്രമ പ്രവര്‍ത്തനങ്ങള്‍ നടത്തിയതായി കണ്ടെത്തിയിട്ടുണ്ട്. അനധികൃത ആയുധങ്ങളും പടക്കോപ്പുകളും ഇവരില്‍ നിന്ന് പിടിച്ചെടുത്തു. ഭീകരപ്രവര്‍ത്തനങ്ങള്‍ നടത്താനും വെടിക്കോപ്പുകള്‍ ശേഖരിക്കാനും ജനങ്ങളെ പ്രേരിപ്പിക്കുന്നതും സര്‍ക്കാരിനെതിരെ വിരോധം സൃഷ്ടിക്കുന്നതും പോലീസിനേയും പട്ടാളത്തേയും എതിരെ വ്യാജപ്രചരണം നടത്തുന്നതുമായ ലഘുലേഖകള്‍ ഇവര്‍ വിതരണം ചെയ്യുന്നതായും കണ്ടെത്തി.
''

ആര്‍എസ്എസിന്റെ നിലനില്‍പ്പിനെ തന്നെ വെല്ലുവിളിക്കുന്നതായിരുന്നു സര്‍ക്കാരിന്റെ നടപടികള്‍. എന്നാല്‍ ഈ പ്രതിസന്ധികള്‍ക്കിടയിലുടെയും ആര്‍എസ്എസിനെ മുന്നോട്ട് നയിച്ച് ഒരു വര്‍ഷത്തിനുള്ളില്‍ ആത്യന്തികമായി പഴയ പ്രാമാണ്യത്തിലേയ്ക്ക് തിരികെയെത്തിക്കാനും ഗോള്‍വാള്‍ക്കര്‍ക്ക് കഴിഞ്ഞു. ഇതിനായി ഗോള്‍വാള്‍ക്കര്‍ മൂന്ന് വഴികള്‍ കണ്ടെത്തി. ഒളിഞ്ഞും തെളിഞ്ഞുമുള്ള പ്രവര്‍ത്തക ഏകോപനം, പൊതുപ്രസ്താവനകളും വാദപ്രതിവാദങ്ങളും, രാഷ്ട്രീയനേതാക്കളെ ഉപയോഗിച്ച് തന്ത്രപരമായി അനുകൂല അഭിപ്രായസ്വരൂപണം നടത്തല്‍. ആര്‍എസ്എസിനെ തിരിച്ചെത്തിക്കുന്നതില്‍ ഏറ്റവും നിര്‍ണ്ണായകമായ പങ്കുവഹിച്ചത് ഉപപ്രധാനമന്ത്രി വല്ലഭ്ഭായ് പട്ടേലാണ്.

ആദ്യം മുതല്‍ അതീവ സൂക്ഷ്മതയോടെയാണ് ഗോള്‍വാള്‍ക്കര്‍ കരുനീക്കങ്ങള്‍ നടത്തിയത്. നിരോധനത്തിന്റെ അടുത്ത ദിവസം ഗോള്‍വാള്‍ക്കര്‍, അതിശ്രദ്ധാപൂര്‍വ്വം തിരഞ്ഞെടുത്ത വാക്കുകളിലൂടെ, ഏതാണ്ടൊരു നയതന്ത്ര പ്രഖ്യാപനം പോലെ ആവിഷ്‌കരിച്ച, ഒരു പ്രസ്താവനയിറക്കി. ''നിയമ വിധേയമായിരിക്കുക, നിയമാര്‍തിര്‍ത്തികള്‍ ലംഘിക്കാതെ പ്രവര്‍ത്തനങ്ങള്‍ നടത്തുക എന്നതാണ് എല്ലാക്കാലത്തും ആര്‍എസ്എസിന്റെ നയം. അതുകൊണ്ട്, സര്‍ക്കാര്‍ ആര്‍എസ്എസിനെ നിയമവിരുദ്ധ സംഘടനയായി പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ നിരോധനം നിലനില്‍ക്കുന്നിടത്തോളം കാലത്തേക്ക് ആര്‍എസ്എസ് പിരിടുകയായിരിക്കും അഭികാര്യമെന്ന് കരുതുന്നു, അതേസമയം സംഘടനയ്‌ക്കെതിരെയുള്ള മുഴുവന്‍ ആരോപണങ്ങളേയും നിഷേധിക്കുകയും ചെയ്യുന്നു.
''

ആര്‍എസ്എസിന്റെ ആദ്യവര്‍ഷങ്ങളെ കുറിച്ചുള്ള പുസ്തകത്തില്‍ ആന്‍ഡേഴ്‌സണും ഡാല്‍മയും ഇപ്രകാരം പറയുന്നു: ഗോള്‍വാള്‍ക്കറിന്റെ ഈ ''നിര്‍ദ്ദേശത്തിനും സംഘടനയുടെ നിരോധനത്തിനും ശേഷവും ധാരാളം സ്വയംസേവകര്‍ സംഘടിക്കുന്നത് തുടര്‍ന്നുകൊണ്ടിരുന്നു. സംഘടനയുടെ എല്ലാത്തലത്തിലുമുള്ള ഭാരവാഹികള്‍ അറസ്റ്റിലായിക്കൊണ്ടിരിക്കുമ്പോഴും ചെറുപ്പക്കാരായ അംഗങ്ങള്‍ ഗൂഢമായ ഒരു സംഘടനാസംവിധാനം സൃഷ്ടിക്കുകയും നിലനിര്‍ത്തിപ്പോരുകയും ചെയ്തു.
''

ഗാന്ധിവധത്തിന്റെ പ്രാഥമികമായ ഗൂഢാലോചനക്കുറ്റം ഹിന്ദുമഹാസഭയുടെ ഒരു വിഭാഗത്തില്‍ ആരോപിതമായെങ്കിലും ആ കൊലപാതകത്തിനുവേണ്ട അന്തരീക്ഷം സൃഷ്ടിക്കുന്നതില്‍ ആര്‍എസ്എസിന് നിര്‍ണ്ണായക പങ്കുണ്ടെന്ന കാര്യം അടുത്തദിവസങ്ങളില്‍ തന്നെ വ്യക്തമായി വന്നു. ആഭ്യന്തരമന്ത്രി കൂടിയായ വല്ലഭ്ഭായ് പട്ടേല്‍ 1948 ജൂലായ് 18ന് ഹിന്ദുമഹാസഭയുടെ മുന്‍ അധ്യക്ഷന്‍ ശ്യാമപ്രസാദ് മുഖര്‍ജിക്ക് അയച്ച കത്തില്‍ ഗാന്ധി വധത്തില്‍ ആര്‍എസ്എസിനും ഹിന്ദുമഹാസഭയ്ക്കുമുള്ള പങ്ക് ചൂണ്ടിക്കാണിക്കുന്നുണ്ട്. '
ഈ രണ്ട് സംഘടനകളുടെയും, പ്രത്യേകിച്ചും ആദ്യത്തേതിന്റെ (ആര്‍എസ്എസ്), പ്രവര്‍ത്തങ്ങളാണ് ഇത്തരത്തിലൊരു ദുരന്തം സാധ്യമാക്കാനിടയായ അന്തരീക്ഷം ഈ രാജ്യത്ത് സൃഷ്ടിച്ചത്. ഹിന്ദുമഹാസഭയുടെ തീവ്രവാദ വിഭാഗം ഇതിന്റെ ഗൂഢാലോചനയില്‍ പങ്കാളികളാണ് എന്ന കാര്യത്തില്‍ എനിക്കൊരു സംശയവുമില്ല. സര്‍ക്കാരിന്റേയും ഭരണകൂടത്തിന്റെയും നിലനില്‍പ്പിന് വ്യക്തമായ വെല്ലുവിളിയുയര്‍ത്തുന്നതാണ് ആര്‍എസ്എസിന്റെ പ്രവര്‍ത്തനങ്ങള്‍. നിരോധനത്തിന് ശേഷം അവരുടെ പ്രവര്‍ത്തനങ്ങള്‍ അവസാനിച്ചിട്ടില്ല എന്നാണ് ഞങ്ങളുടെ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്
.'' അക്രമങ്ങള്‍ ഉത്തേജിപ്പിക്കുന്നതിലുള്ള ആര്‍എസ്എസിന്റെ പങ്കിനെ ഈ രീതിയില്‍ വ്യക്തമായും രേഖപ്പെടുത്തിയിട്ടും ഗാന്ധി വധത്തില്‍ ആര്‍എസ്എസിന്റെ അംഗങ്ങളെ ബന്ധിപ്പിക്കുന്നതിനുള്ള തെളിവുകള്‍ കണ്ടെത്താന്‍ സര്‍ക്കാരിന് കഴിഞ്ഞില്ല. അതുകൊണ്ട് തന്നെ അവരെല്ലാം മോചിപ്പിക്കപ്പെട്ടു.

ആ ഓഗസ്ത് മാസത്തില്‍ തന്നെ പൊതുപരിപാടികളില്‍ പ്രസംഗിക്കരുത്, രചനകള്‍ പ്രസിദ്ധീകരിക്കുന്നതിന് മുമ്പ് സര്‍ക്കാരിന്റെ അനുമതി തേടണം എന്നിവയടക്കമുള്ള ഉപാധികളില്‍ ഗോള്‍വാള്‍ക്കറിനെ വിട്ടയച്ചു. പിന്നീട് അതേവര്‍ഷം, വല്ലഭ്ഭായ് പട്ടേല്‍ ആര്‍എസ്എസിന്റെ പ്രവര്‍ത്തനങ്ങളില്‍ ഉത്കണ്ഠ പ്രകടിപ്പിച്ച് ഗോള്‍വാള്‍ക്കറിന് കത്തെഴുതുകയുണ്ടായി.
''ഹിന്ദുക്കളെ സംഘടിപ്പിക്കുന്നതും അവരെ സഹായിക്കുന്നതും ഒരു കാര്യം. പക്ഷേ അവരുടെ ദുരന്തത്തിന് പ്രതികാരം നിസഹായരായ സ്ത്രീപുരുഷന്മാരുടേയും കുഞ്ഞുങ്ങളുടെയും മേല്‍ നിര്‍വ്വഹിക്കുന്നത് മറ്റൊരു കാര്യമാണ്. ആര്‍എസ്എസിന്റെ കോണ്‍ഗ്രസിനോടുള്ള എതിര്‍പ്പ് വിഷം വമിപ്പിക്കുന്നതും എല്ലാത്തരത്തിലുള്ള വ്യക്തിത്വവും മാന്യതയും പെരുമാറ്റമര്യാദകളേയും ലംഘിക്കുന്നതുമാണ്'
'-പട്ടേല്‍ എഴുതി.

ആര്‍എസ്എസ് നേതാക്കളുടെ പ്രസംഗങ്ങള്‍ "
മുഴുവനായും വര്‍ഗ്ഗീയ വിഷം നിറഞ്ഞതാണ്. ഹിന്ദുക്കളെ ഉത്സാഹഭരിതരാക്കുന്നതിനും അവരെ അവരുടെ സുരക്ഷക്കായി സംഘടിപ്പിക്കുന്നതിനും ഇത്തരത്തില്‍ വിഷം പടര്‍ത്തേണ്ട ആവശ്യമില്ല. അവരുടെ വിഷപ്രയോഗത്തിന്റെ അവസാന ഫലമായാണ്, ഗാന്ധിജിയുടെ അമൂല്യമായ ജീവിതത്തിന്റെ ബലി ഈ രാജ്യത്തിന് അനുഭവിക്കേണ്ടിവന്നത്
''-കത്തില്‍ പട്ടേല്‍ ചൂണ്ടിക്കാണിക്കുന്നു. ഇപ്പോള്‍ സര്‍ക്കാരും ജനങ്ങളും ആര്‍എസ്എസിനെ എതിര്‍ക്കുകയാണെന്നും പട്ടേല്‍ പറയുന്നു. '
'ഗാന്ധിജിയുടെ കൊലപാതകത്തില്‍ ആഹ്ളാദം പ്രകടിപ്പിച്ച് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ മധുരം വിതരണം ചെയ്തതോടെ പ്രതിപക്ഷവും കൂടുതല്‍ രൂക്ഷമായ നിലപാടുകളിലേയ്ക്ക് നീങ്ങി. ഇത്തരം സാഹചര്യത്തിലാണ് സര്‍ക്കാരിന് ആര്‍എസ്എസിനെതിരെ നടപടികള്‍ കൈക്കൊള്ളേണ്ടിവന്നത്''.
ആര്‍എസ്എസ് അതിന്റെ മാര്‍ഗ്ഗങ്ങളില്‍ ഭേദഗതികള്‍ കൊണ്ടുവരുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിച്ചിരുന്നതെങ്കിലും നിരോധനത്തിന് ആറുമാസത്തിന് ശേഷവും തനിക്ക് ലഭിക്കുന്ന
"റിപ്പോര്‍ട്ടുകള്‍ പ്രകാരം സംഘടനയ്ക്ക് പുതുജീവന്‍ നല്‍കാനും പഴയ അതേ പ്രവര്‍ത്തനങ്ങള്‍ തുടരാനുമുള്ള ശ്രമങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്
''എന്നും കത്തില്‍ വല്ലഭ്ഭായ് പട്ടേല്‍ ചൂണ്ടിക്കാണിക്കുന്നു.

ഒക്‌ടോബറില്‍ ഗോള്‍വാള്‍ക്കറുടെ യാത്രനിരോധനം നീക്കി. അദ്ദേഹം സര്‍ക്കാരുമായുള്ള ചര്‍ച്ചകള്‍ക്ക് ഡല്‍ഹിയിലേയ്ക്ക് എത്തി. പക്ഷേ ആ ചര്‍ച്ചകള്‍ ഫലം കാണാതെ അവസാനിച്ചു. ഗോള്‍വാള്‍ക്കര്‍ വീണ്ടും അറസ്റ്റിലാവുകയും നാഗ്പൂര്‍ക്ക് കൊണ്ടുപോവുകയും ചെയ്തു.

ഈ അനശ്ചിതാവസ്ഥയുടെയും ആശയക്കുഴപ്പത്തിന്റേയും കാലഘട്ടത്തില്‍ ആര്‍എസ്എസിന്റെ ഭാവിയെ കുറിച്ചുള്ള വ്യക്തമായ ഒരു കാഴ്ചപ്പാട് ഗോള്‍വാള്‍ക്കര്‍ ഉണ്ടാക്കിയെടുത്തു. ആര്‍എസ്എസിനകത്തുനിന്നുള്ള അഭ്യര്‍ത്ഥനകളോട് അദ്ദേഹം പ്രതികരിച്ചത് ഇങ്ങനെയാണ് : ''ആര്‍എസ്എസ് ഒരു രാഷ്ട്രീയപാര്‍ട്ടിയായി മാറണമെന്ന നിര്‍ദ്ദേശം ഉയര്‍ന്നുവന്നിട്ടുണ്ട് - രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് പുറമേ മറ്റൊന്നിനും, ധര്‍മ്മനിഷ്ഠയിലടിസ്ഥാനമായ സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ക്ക് പോലും, നിലനില്‍ക്കാന്‍ അവകാശമില്ലെന്നാണ്. ഈ നിലപാട് അസഹനീയമാണ്, ഈ നിലപാട് കൈക്കൊള്ളുന്നവരെ അംഗീകരിക്കാനാവില്ല. അധികാരത്തിനായുള്ള രാഷ്ട്രീയ പിടിവലികളില്‍ നിന്ന് പൂര്‍ണ്ണമായും മുക്തമായിരിക്കണം സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍. അതിന് ഒരു രാഷ്ട്രീയ പാര്‍ട്ടിയേയും പിന്‍പറ്റാനുമാകില്ല.അതുകൊണ്ട് ഈ നിര്‍ദ്ദേശം ജനങ്ങളുടെ ഏറ്റവും മികച്ച താത്പര്യങ്ങള്‍ക്ക് നിരക്കുന്നതല്ല എന്നാണ് ഞാന്‍ കരുതുന്നത്.
''

ആര്‍എസ്എസിന്റെ നിരോധനത്തെ സത്യാഗ്രഹത്തിലൂടെ വെല്ലുവിളിക്കാനും ഗോള്‍വാള്‍ക്കര്‍ തീരുമാനിച്ചു. അതേവര്‍ഷം ഡിസംബറില്‍ ഡല്‍ഹിയില്‍ സത്യഗ്രഹ സമരം ആരംഭിച്ചു. സമരം തുടങ്ങുമ്പോള്‍ ആര്‍എസ്എസ് മേധാവി അറസ്റ്റിലായിരുന്നുവെങ്കിലും ഏതാണ്ട് 60,000 ത്തോളം പേര്‍ പരിപാടിയില്‍ പങ്കെടുത്തുവെന്നാണ് ആര്‍എസ്എസ് വൃത്തങ്ങള്‍ പറയുന്നത്.

ആര്‍എസ്എസിന്റെ പ്രവര്‍ത്തനങ്ങളെ കുറിച്ച് പരസ്യമായി സംശയങ്ങള്‍ പ്രകടിപ്പിച്ചുവെങ്കിലും അതുമായി വളരെ അടുത്ത ബന്ധമാണ് വല്ലഭ്ഭായ് പാട്ടേലിനുണ്ടായിരുന്നതെന്നാണ് പല സംഭവങ്ങളും വ്യക്തമാക്കുന്നത്. സര്‍ക്കാരുമായി രഹസ്യസമവായങ്ങളിലെത്താനായി പ്രവര്‍ത്തിച്ചിരുന്ന ആര്‍എസ്എസ് കേന്ദ്ര നിര്‍വ്വാഹക സമിതി അംഗം ഏക്‌നാത് റനാഡെയോട് പട്ടേല്‍ സ്വയം സേവകര്‍ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ചേരണമെന്ന് ആവശ്യപ്പെട്ടിരുന്നതായി ആന്‍ഡേഴ്‌സനും ഡാല്‍മയും അവരുടെ പുസ്തകത്തില്‍ പറയുന്നു. പാര്‍ട്ടിയുടെ സംഘടനസംവിധാനം മെച്ചപ്പെടുത്താനാണ് ആര്‍എസ്എസിനെ വല്ലഭ്ഭായ് പട്ടേല്‍ കോണ്‍ഗ്രസിലേയ്ക്ക് ക്ഷണിച്ചതെങ്കിലും നെഹ്രുവിന്റെ പല നയങ്ങളേയും എതിര്‍ക്കാനും ആര്‍എസ്എസ് സംഘടന സംവിധാനം ഉപയോഗിക്കാന്‍ പാട്ടേല്‍ ആഗ്രഹിച്ചിരുന്നുവെന്നും ഈ സമവായ പരിപാടികളില്‍ ഭാഗവാക്കായിരുന്ന ആര്‍എസ്എസ് നേതാക്കളില്‍ പലരും അവകാശപ്പെടുന്നു.

ഈ ആരോപണങ്ങളില്‍ സത്യമുണ്ടാകാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. ആര്‍എസ്എസിനെതിരെ വല്ലഭ്ഭായ് പട്ടേല്‍ ഉന്നയിക്കുന്ന ആരോപണങ്ങളെ തെളിവുകള്‍ വച്ച് സമര്‍ത്ഥിക്കാനാവശ്യപ്പെട്ട് ഗോള്‍വാള്‍ക്കര്‍ പല വട്ടം അദ്ദേഹത്തിന് കത്തെഴുതിയിരുന്നു. ജെ.ബി പന്തിന് മുന്നാകെ ജെയ്റ്റ്‌ലി നല്‍കിയ തെളിവുകളും ഡല്‍ഹി പോലീസ് റിക്കോര്‍ഡുകളിലെ വിവരങ്ങളും ഉപപ്രധാനമന്ത്രി, ആഭ്യന്തരമന്ത്രി എന്നീ നിലകളില്‍ വല്ലഭ്ഭായ് പട്ടേലിന് അറിയേണ്ടതാണ്. പക്ഷേ ആ തെളിവുകള്‍ വച്ച് ഗോള്‍വാള്‍ക്കറെ ഖണ്ഡിക്കാനോ ആ തെളിവുകള്‍ പരസ്യപ്പെടുത്താനോ പട്ടേല്‍ തയ്യാറാവാതിരുന്നത് എന്തുകൊണ്ടാണെന്ന് അറിയില്ല.അതേ വര്‍ഷമവസാനം ആര്‍.എസ്.എസിന് മേലുള്ള നിരോധനം പിന്‍വലിച്ചുകൊണ്ട് ആ സംഘടനയോടുള്ള ചായ്‌വ് വല്ലഭ്ഭായ് പട്ടേല്‍ വ്യക്തമായും പ്രകടിപ്പിച്ചു. നെഹ്രു വിദേശപര്യടനത്തിന് പോയ തക്കത്തില്‍ ആര്‍എസ്എസ് അംഗങ്ങളെ പാര്‍ട്ടിയില്‍ ചേരാന്‍ അനുവദിക്കാമെന്ന നിര്‍ദ്ദേശം കോണ്‍ഗ്രസ് വോട്ടിനിട്ട് പാസാക്കി. വല്ലഭ്ഭായ് പട്ടേലിന്റെ അനുയായികളുടെ പിന്തുണയോടെയും നെഹ്രു അനുയായികളുടെ എതിര്‍പ്പോടെയും അംഗീകരിക്കപ്പെട്ട ആ നിര്‍ദ്ദേശം എന്തായാലും നെഹ്രു വിദേശത്തു നിന്ന തിരികെയെത്തി ഒരു മാസത്തിനുള്ളില്‍ ഭേദഗതി ചെയ്തു. ആര്‍എസ്എസ് അംഗത്വം ഉപേക്ഷിച്ചാല്‍ മാത്രമേ കോണ്‍ഗ്രസില്‍ ചേരാനാവുകയുള്ളൂ എന്നതായിരുന്നു ഭേദഗതി.

ആര്‍എസ്എസിന്റെ രേഖാമൂലമുള്ള ഭരണഘടന സര്‍ക്കാരിന് സമര്‍പ്പിക്കണമെന്നതായിരുന്നു നിരോധനം നീക്കുന്നതിനുള്ള വ്യവസ്ഥകളിലൊന്ന്. ഈ ഭരണഘടന രേഖ ഗോള്‍വാള്‍ക്കര്‍ സൗമ്യമായ ഒരു മുഖത്തേയാണ് അവതരിപ്പിച്ചത്. ''ആര്‍.എസ്.എസ് രാഷ്ട്രീയത്തില്‍ നിന്ന് അകന്ന് നില്‍ക്കുകയും സമൂഹ്യ-സാംസ്‌കാരിക മേഖലയ്ക്ക് വേണ്ടി അര്‍പ്പിതമായി പ്രവര്‍ത്തിക്കുകയും ചെയ്യും. എന്നാല്‍ സ്വയം സേവകര്‍ക്ക് രാഷ്ട്രീയപരമോ അല്ലാത്തതോ ആയ ഏതു പാര്‍ട്ടിയിലും സ്ഥാപനങ്ങളിലും മുന്നണിയിലും ചേര്‍ന്ന് പ്രവര്‍ത്തിക്കാം. പക്ഷേ, ഈ പാര്‍ട്ടികളും സ്ഥാപനങ്ങളും ഏതെങ്കിലും തരത്തിലുള്ള ദേശവിരുദ്ധ നിലപാടുകളില്‍ വിശ്വാസങ്ങളോ താത്പര്യമോ ഉള്ളവരാകരുത്, അവരുടെ താത്പര്യങ്ങള്‍ നടപ്പാക്കാനായി ഏതെങ്കിലും തരത്തിലുള്ള അക്രമമോ രഹസ്യാത്മക പ്രവര്‍ത്തനമോ നടത്തുന്നവ ആകരുത്, മറ്റ് സമുദായങ്ങള്‍ക്കോ മതവിശ്വാസങ്ങള്‍ക്കോ മതശാഖകള്‍ക്കോ നേരെ ശത്രുതയോ വെറുപ്പോ പ്രോത്സാഹിപ്പിക്കുകയോ പ്രോത്സാഹിപ്പിക്കാന്‍ ശ്രമിക്കുകയോ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യമോ ഉള്ളവ ആകരുത്. മേല്‍പ്പറഞ്ഞ അനഭിമതമായ തത്ത്വങ്ങളിലും രീതികളിലുമുള്ള പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെടുന്നവര്‍ക്ക് ആര്‍എസ്എസില്‍ സ്ഥാനമുണ്ടാകുന്നതല്ല.''-ഭരണഘടനയില്‍ ഗോള്‍വാള്‍ക്കര്‍ എഴുതി.

(തുടരുന്നു)

ആദ്യ നാലു ഭാഗങ്ങള്‍ ഇവിടെ വായിക്കാം


സ്വാതന്ത്ര്യസമരം, ഗാന്ധിവധം, വിഭജനാനന്തര കലാപം: ആര്‍എസ്എസിന് എന്തുപങ്ക്? ഭാഗം-4

ഗോള്‍വാള്‍ക്കറുടെ ‘രാഷ്ട്രസ്വത്വ’ത്തില്‍ നിന്ന് ആര്‍എസ്എസ് അകലം പാലിക്കുന്നതിനു പിന്നില്‍ – ഭാഗം 3

ഗോള്‍വാള്‍ക്കര്‍ ആര്‍എസ്എസിലേക്ക്- ഭാഗം 2 

ആര്‍എസ്എസ്: വിദ്വേഷനിര്‍മാണത്തിന്റെ ആദ്യവര്‍ഷങ്ങള്‍- ഭാഗം 1

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

(PS: ലേഖനം ഭാഗങ്ങളായി തിരിച്ചിരിക്കുന്നതും തലക്കെട്ടും കാരവന്‍ ലേഖനത്തില്‍ നിന്ന് വ്യത്യസ്തമാണ്)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

Next Story

Related Stories