TopTop
Begin typing your search above and press return to search.

ജനസംഘം വഴി രാഷ്ട്രീയത്തിലേക്ക്; ആര്‍എസ്എസ് സ്വീകാര്യരാവുന്നു- ഭാഗം 6

ജനസംഘം വഴി രാഷ്ട്രീയത്തിലേക്ക്; ആര്‍എസ്എസ് സ്വീകാര്യരാവുന്നു- ഭാഗം 6

ആര്‍എസ്എസ് സ്ഥാപകന്‍ ഹെഡ്‌ഗേവാറിന് ശേഷം സംഘടനയുടെ മേധാവിയായിരുന്ന എം.എസ് ഗോള്‍വാള്‍ക്കറുടെ തീവ്രവിഷം വമിപ്പിക്കുന്ന സിദ്ധാന്തങ്ങള്‍ ‘മോദി ഭാരത’ത്തിന്റെ അടിത്തറയായി എങ്ങനെ മാറുന്നുവെന്ന് വിശദീകരിക്കുകയാണ് കാരവന്‍ മാഗസിന്റെ പൊളിറ്റിക്കല്‍ എഡിറ്റര്‍ ഹര്‍തോഷ് സിങ്ങ് ബാല്‍. The Instigator, How MS Golwalkar’s virulent Ideology underpins Modi’s India എന്ന ദീര്‍ഘലേഖനത്തിന്റെ ആറാം ഭാഗം വായിക്കാം.

വിവര്‍ത്തനം- ശ്രീജിത് ദിവാകരന്‍

ആര്‍എസ്എസ് അംഗങ്ങളെ വിലക്കിക്കൊണ്ടുള്ള കോണ്‍ഗ്രസ് തീരുമാനം ആര്‍എസ്എസില്‍ ചില ഉള്‍ചലനങ്ങള്‍ സൃഷ്ടിച്ചു, കാരണം പല ആര്‍എസ്എസ് നേതാക്കള്‍ക്കും കാര്യമായ രാഷ്ട്രീയമോഹങ്ങളുണ്ടായിരുന്നു. ഡാല്‍മയും ആന്‍ഡേഴ്‌സണും പറയുന്നത് ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ആന്തരികമായ വിഭജനം സൃഷ്ടിക്കുന്ന വാദപ്രതിവാദങ്ങള്‍ സൃഷ്ടിച്ചു എന്നാണ്. ''ഇതില്‍ നിന്ന് സംഘടനയുടെ ലക്ഷ്യത്തെ കുറിച്ചും മാര്‍ഗ്ഗത്തെ കുറിച്ചുമുള്ള ചോദ്യങ്ങള്‍ ഉരുത്തിരിഞ്ഞുവന്നു. അന്തിമമായ ഫലം, ഗോള്‍വാള്‍ക്കര്‍ പ്രതീക്ഷിച്ചതിനേക്കാള്‍ വളരെ കൂടുതലായി രാഷ്ട്രീയത്തില്‍ ഇടപെടാനുള്ള തീരുമാനമായിരുന്നു.'' ഈ ചര്‍ച്ചയില്‍ നിന്നാണ് ആര്‍എസ്എസിനെ ചുറ്റി അനുബന്ധ സംഘടനകള്‍ സ്ഥാപിക്കാനുള്ള തീരുമാനം ഉണ്ടായി വന്നത്.

ഇക്കൂട്ടത്തിലുള്ള ആദ്യത്തെ അനുബന്ധ സംഘടന 'അഖില്‍ ഭാരതീയ വിദ്യാര്‍ത്ഥി പരിഷദ്' അഥവാ എബിവിപി എന്ന വിദ്യാര്‍ത്ഥി സംഘടനയായിരുന്നു. ആന്‍ഡേഴ്‌സണും ഡാല്‍മയും ചൂണ്ടിക്കാണിക്കുന്നത് ആര്‍എസ്എസ് നിരോധനം വന്ന കാലത്ത് ഡല്‍ഹിയിലും മറ്റുമായി ഒരു തരത്തില്‍ സ്വയംഭരണ സ്വഭാവത്തോടെ പ്രവര്‍ത്തിച്ചിരുന്ന ചില ചിതറിയ ഗ്രൂപ്പുകളെ 1948 ജൂലായില്‍ അഖിലേന്ത്യ തലത്തില്‍ ഒരു ഭരണഘടനയ്ക്ക് കീഴില്‍ കൊണ്ടുവരികയാണ് ചെയ്തത്. ഈ സംഘടന എത്രയും വേഗത്തില്‍ സര്‍ക്കാരില്‍ രജിസ്റ്റര്‍ ചെയ്തു.

അനുബന്ധ സംഘടനകളെ കുറിച്ചുള്ള ഗോള്‍വാള്‍ക്കറുടെ കാഴ്ചപ്പാട് വളരെ വ്യക്തമായിരുന്നു: ''ഇത്തരത്തിലുള്ള എല്ലാ സംഘടനകളും അവരവരുടെ മേഖലകളിലുള്ള നിര്‍ദ്ദിഷ്ട പ്രവര്‍ത്തനങ്ങള്‍ക്ക് പുറമേ സൈദ്ധാന്തികമായ കാഴ്ചപ്പാടോടെ ആര്‍എസ്എസിലേയ്ക്ക് പുതിയ അംഗങ്ങളെ ചേര്‍ക്കാനുള്ള കേന്ദ്രങ്ങളായി പ്രവര്‍ത്തിക്കും''-ഗോള്‍വാള്‍ക്കര്‍ പറഞ്ഞതായി ജീവചരിത്രകാരന്‍ ഉദ്ധരിക്കുന്നു. ''ഉദാഹരണത്തിന് വിദ്യാര്‍ത്ഥി പരിഷദില്‍ പ്രര്‍ത്തിക്കുന്നവര്‍, പുതിയ വിദ്യാര്‍ത്ഥികളെ സമര്‍പ്പിത മനസ്‌കരായ സ്വയം സേവകരാക്കി മാറ്റാനായി പ്രവര്‍ത്തണം.'' മറ്റ് സംഘടകള്‍ക്കെല്ലാം അവരവരുടേതായ മേഖലകളില്‍ കേന്ദ്രീകരിക്കാനുണ്ടെങ്കിലും ഗോള്‍വള്‍ക്കറുടെ താത്പര്യമനുസരിച്ച്,''അതിലെ അംഗങ്ങള്‍ ആ മേഖലകള്‍ സൈദ്ധാന്തികമായി പിടിച്ചെടുക്കുകയാണ് വേണ്ടത്. അല്ലാതെ ആ മേഖലകള്‍ നമ്മെ പിടിച്ചെടുക്കാന്‍ അവസരം നല്‍കരുത്''.

ആര്‍എസ്എസിന്റെ രാഷ്ട്രീയ പ്രവേശത്തിനെതിരായാണ് ആദ്യം ഗോള്‍വാള്‍ക്കര്‍ വാദിച്ചിരുന്നത്. പക്ഷേ ആര്‍എസ്എസിന്റെ നിരോധം പിന്‍വലിച്ചതിന് ശേഷം അവരുടെ മുഖപത്രമായ 'ഓര്‍ഗനൈസര്‍' ഈ നീക്കത്തിന് അനുകൂലമായി തുടര്‍ച്ചയായ ചില ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചു. ഗോള്‍വാള്‍ക്കറുടെ അനുമതിയില്ലാതെ ഇത് സംഭവിക്കില്ല. എന്നാല്‍ ആര്‍എസ്എസ് അംഗമായിരുന്നിട്ടില്ലാത്ത, നെഹ്രു മന്ത്രിസഭാംഗമായിരുന്ന ഹിന്ദുമഹാസഭയുടെ മുന്‍ അംഗം ശ്യാമപ്രസാദ് മുഖര്‍ജി രൂപവത്കരിച്ച ഒരു സംഘടനയാണ് പിന്നീട് ആര്‍എസ്എസിന്റെ രാഷ്ട്രീയ വിഭാഗമായി മാറിയത്.

നെഹ്രു മന്ത്രിസഭയില്‍ അംഗമായിരിക്കേ രാജിവച്ച് പുറത്തിറങ്ങിയാണ് ശ്യാമപ്രസാദ് മുഖര്‍ജി പുതിയ പാര്‍ട്ടിക്ക് ആഹ്വാനം നടത്തിയത്. ഇതേകുറിച്ച്, പഞ്ചാബില്‍ നിന്നുള്ള ആര്‍എസ്എസ് പ്രചാരകനും എബിവിപിയുടെ രൂപവത്കരണത്തില്‍ നിര്‍ണ്ണായക പങ്ക് വഹിച്ചയാളുമായ ബല്‍രാജ് മധോക്ക് 2008-ല്‍ എഴുതിയിട്ടുണ്ട്. ശ്യാമപ്രസാദ് മുഖര്‍ജി, ''അദ്ദേഹം രൂപവത്കരിക്കാന്‍ പോകുന്ന രാഷ്ട്രീയ പാര്‍ട്ടിക്ക് എല്ലാ വിധ പിന്തുണയും നല്‍കണമെന്ന് മുഴുവന്‍ ഹൈന്ദവ സമൂഹത്തോടും -പ്രത്യേകിച്ച് ആര്‍എസ്എസിനോടും ആര്യസമാജത്തോടും- അഭ്യര്‍ത്ഥിച്ചു. ആര്യസമാജത്തില്‍ നിന്നുള്ള പ്രതികരണം തികച്ചും ആശാവഹമായിരുന്നു. പക്ഷേ ആര്‍എസ്എസിന്റെ ഭാഗത്തുനിന്നും യാതൊരു പ്രതികരണവും ഉണ്ടായില്ല.''-മധോക് പറയുന്നു. എന്തായാലും തന്റെ പാര്‍ട്ടി രൂപവത്കരണ പരിപാടികളുമായി ശ്യാമപ്രസാദ് മുഖര്‍ജി മുന്നോട്ട് പോയി.

ആദ്യം അവരുടെ ഭാഗത്തു നിന്ന് അലസമായ പ്രതികരണമാണ് ഉണ്ടായിരുന്നതെങ്കിലും, "പുതിയ പാര്‍ട്ടിയുടെ പ്രഖ്യാപനം ആര്‍എസ്എസിനുള്ളില്‍ വലിയ ചലനമുണ്ടാക്കി. ഗാന്ധി വധത്തിന് ശേഷം കോണ്‍ഗ്രസ്, ആര്‍എസ്എസിനെ നിരോധിച്ചപ്പോള്‍ മുതല്‍ ഒരു രാഷ്ട്രീയ പിന്തുണ ആവശ്യമാണെന്ന തോന്നല്‍ നേതൃത്വത്തിനുണ്ടായിരുന്നു. ഇന്ത്യന്‍ പീപ്പിള്‍സ് പാര്‍ട്ടിക്ക് പിന്തുണ നല്‍കാനായി ആര്‍എസ്എസ് തയ്യാറാണെന്ന് ഡോ. മുഖര്‍ജിയെ അറിയിക്കാന്‍ നേതൃത്വം എന്നെ ചുമതലപ്പെടുത്തി.''

പുതിയ സംഘടനയുടെ തന്ത്രപരമായ മേഖലകളിലെല്ലാം നിയന്ത്രണം സ്ഥാപിക്കാന്‍ ആര്‍എസ്എസ് വേഗം തന്നെ ശ്രമിച്ചു. "കാവി പതാകയും ഹിന്ദി പേരുമാണ് സംഘടനയ്ക്ക് വേണ്ടതെന്ന താത്പര്യമാണ് ഉള്ളതെന്നും ആര്‍എസ്എസ് നേതൃത്വം അറിയിച്ചു. ഭാരതീയ ലോക് സംഘ്, ഭാരതീയ ജന്‍ സംഘ് എന്നീ പേരുകളാണ് ആര്‍എസ്എസ് നിര്‍ദ്ദേശിച്ചത്.'' -മധോക് എഴുതുന്നു. ശ്യാമപ്രസാദ് മുഖര്‍ജി തിരഞ്ഞെടുത്തത് രണ്ടാമത്തെ പേരാണ്. ''ലോക് എന്ന വാക്കിന് ജനക്കൂട്ടമെന്നാണ് അര്‍ത്ഥം വരിക. ജന്‍ എന്നതിന് മനുഷ്യരെന്നും. അതിന് മാതൃഭൂമിയുമായി കുറച്ചു കൂടി ബന്ധവുമുണ്ട്. അങ്ങനെ ഭാരതീയ ജന്‍ സംഘ് എന്ന ദേശീയ പാര്‍ട്ടിയുടെ ആരംഭം കുറിച്ചു.''- മധോക് വിശദീകരിക്കുന്നു.

ആര്‍എസ്എസും രാഷ്ട്രീയപാര്‍ട്ടിയും തമ്മിലുള്ള സുഗമമായ ഒരു ബന്ധം രൂപപ്പെടുത്താന്‍ ശ്യാമപ്രസാദ് മുഖര്‍ജിയുമായുള്ള ചര്‍ച്ചകളിലൂടെ സാധിച്ചുവെന്നാണ് ജീവചരിത്രത്തില്‍ ഗോള്‍വാള്‍ക്കര്‍ പറയുന്നത്. ആത്യന്തികമായി ആര്‍എസ്എസ് പ്രത്യയശാസ്ത്രത്തിന് വിധേയമായി രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തിക്കാമെന്ന് ശ്യാമപ്രസാദ് മുഖര്‍ജി വഴങ്ങി. ''ആര്‍എസ്എസിനെ കുറിച്ചുള്ള ഡോ. ശ്യാമപ്രസാദ് മുഖര്‍ജിയുടെ പ്രതീക്ഷകള്‍ക്ക് എനിക്ക് സ്വഭാവികമായും മുന്നറിയിപ്പുകള്‍ നല്‍കേണ്ടിവന്നു. ആര്‍എസ്എസിനെ രാഷ്ട്രീയത്തിലേയ്ക്ക് വലിച്ചിഴക്കാനാവില്ലെന്ന് ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു. ഒരു രാഷ്ട്രീയപാര്‍ട്ടിയുടെ നിയന്ത്രണത്തിലും ആര്‍എസ്എസിന് പ്രവര്‍ത്തിക്കാവില്ല. കാരണം ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ ഉപകരണമായി നിന്നുകൊണ്ട് ഒരു സംഘടനയ്ക്ക് ദേശീയ പുനരുദ്ധാനമെന്ന ലക്ഷ്യം നേടാനാവില്ല''. അന്തിമമായി ഈ നിര്‍ദ്ദേശങ്ങള്‍ക്ക് അവര്‍ വഴങ്ങി. ഗോള്‍വാള്‍ക്കര്‍ തുടരുന്നു. 'ആര്‍എസ്എസ് സ്വയം സേവകരുടെ സഹകരണം പുതിയ പാര്‍ട്ടിക്ക് വേണം എന്നുണ്ടെങ്കില്‍ ആര്‍എസ്എസിന്റെ അതേ പ്രത്യയശാസത്രം പാര്‍ട്ടിക്കും വേണമെന്ന് നിര്‍ദ്ദേശം അവര്‍ അവസാനം അംഗീകരിച്ചു'.'

തുടക്കം മുതലേ തന്നെ ജനസംഘത്തിന്റെ - അതില്‍ നിന്നുണ്ടായ ബിജെപിയുടേയും- പ്രത്യയശാസ്ത്രം ആര്‍എസ്എസിന്റേതു തന്നെയാകുമെന്നത് വ്യക്തമായിരുന്നു. പ്രാവര്‍ത്തികമായി പാര്‍ട്ടിക്ക് മീതെയുള്ള ആര്‍എസ്എസിന്റെ സംഘടനപരമായ നിയന്ത്രണം പരിപൂര്‍ണ്ണമായിരുന്നു. ആന്‍ഡേഴ്‌സണും ഡാംലേയും എഴുതുന്നു: ''പുതിയ പാര്‍ട്ടിയുടെ സംഘടന ചട്ടക്കൂട് ആര്‍എസ്എസിന്റേതുമായി ധാരാളം സാദൃശ്യങ്ങളുള്ളതായിരുന്നു. പ്രദേശിക ഘടകങ്ങളില്‍ ആര്‍എസ്എസ് പശ്ചാത്തലം ഇല്ലാത്ത, നാട്ടില്‍ അറിയപ്പെടുന്ന ഒരാളെ, പ്രസിഡന്റായി തിരഞ്ഞെടുക്കും. മിക്കവാറും സെക്രട്ടറിമാര്‍ സ്വയംസേവകരാകും, സാധാരണയായി പ്രചാരകര്‍. ഈ സെക്രട്ടറിമാര്‍ക്കാണ് ജില്ലാ, സിറ്റി, വാര്‍ഡ് തല പാര്‍ട്ടി ഘടകങ്ങള്‍ രൂപവത്‌രിക്കുന്നതിനും നിയമസഭ, പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ സംഘടിപ്പിക്കുന്നതിനും ചുമതല.'' ഇതേത്തുടര്‍ന്ന് ആര്‍എസ്എസ് ശാഖകള്‍ ശക്തമായ ഇടങ്ങളില്‍ പാര്‍ട്ടി ശരിയായ രൂപത്തില്‍ സംഘടിക്കപ്പെട്ടു.

വിശ്വഹിന്ദു പരിഷദ് സ്ഥാപിച്ചതാണ് ഗോള്‍വാള്‍ക്കറുടെ അവസാനത്തെ പ്രധാനപ്പെട്ട സ്ഥാപന സംരംഭം. 1966-ല്‍ ആയിരുന്നു അത്. അപ്പോഴേക്കും ആര്‍എസ്എസിന്റെ തൊഴിലാളി ഘടകം, ഭാരതീയ മസ്ദൂര്‍ സംഘ്, രൂപവത്കരിച്ചിരുന്നു. ആര്‍എസ്എസ് ആകട്ടെ 1948-ല്‍ ഒന്നും ചിന്തിക്കാന്‍ പോലും കഴിയാത്ത വിധത്തിലുള്ള ബഹുമാന്യതയും ആര്‍ജ്ജിച്ചിരുന്നു. ചൈന യുദ്ധകാലത്ത് പ്രദേശിക ഭരണകൂടങ്ങള്‍ക്ക് സഹായസഹകരണങ്ങള്‍ ചെയ്തതോടെ നെഹ്രു പോലും ആര്‍എസ്എസിനെതിരായ വിദ്വേഷം ഉപേക്ഷിച്ചു. 1965-ലെ റിപ്പബ്ലിക് ദിന പരേഡ് മാര്‍ച്ച് പാസ്റ്റില്‍ ആര്‍എസ്എസിന്റെ ഒരു സേനാവിഭാഗം പങ്കെടുത്തു. 1965-ല്‍ ഇന്ത്യ-പാക് യുദ്ധസമയത്ത് പ്രധാനമന്ത്രി ലാല്‍ ബഹദൂര്‍ ശാസ്ത്രി കൂടിയാലോചനകള്‍ നടത്തിയ ഇന്ത്യന്‍ നേതാക്കളിലൊരാള്‍ ഗോള്‍വാള്‍ക്കറായിരുന്നു.

എബിവിപി, ജനസംഘ്, ബിഎംഎസ് എന്നിവ രൂപവത്‌രിക്കുകയും അംഗീകൃതമാവുകയും ചെയ്തതോടെ ഗോള്‍വാള്‍ക്കര്‍ തന്റെ ഏറ്റവും വലിയ ആഗ്രഹങ്ങളിലൊന്ന് സഫലീകരിക്കാനുള്ള ഒരുക്കത്തിലായി; ഹൈന്ദവ മതനേതാക്കളുടെ പിന്തുണയോടെ മതപരമായ കാര്യങ്ങളില്‍ നേരിട്ട് ഇടപെടുന്ന ഒരു സംഘടനയുടെ രൂപവത്കരണം. ഭിഷികര്‍ തയ്യാറാക്കിയ ഗോള്‍വാള്‍ക്കറുടെ ജീവിചരിത്രമനുസരിച്ച്, 1966-ലെ അലഹബാദ് കുംഭമേളയിലാണ് ഇത് ഔദ്യോഗികമായി രൂപം കൊള്ളുന്നത്. അന്നത്തെ യോഗത്തിലും തുടര്‍ന്നുള്ള കൂടിയാലോചനകളിലും നടന്ന ഗോള്‍വാള്‍ക്കറുടെ പ്രസംഗങ്ങളായിരുന്നു വരുന്ന പതിറ്റാണ്ടുകളിലേയ്ക്കുള്ള വിശ്വഹിന്ദു പരിഷദിന്റെ പ്രവര്‍ത്തന ലക്ഷ്യങ്ങളില്‍ ഏറിയ പങ്കും നിര്‍ണ്ണയിച്ചത്. ആദിവാസി സമൂഹത്തിലേയ്ക്ക് ഹിന്ദുമതത്തെ എത്തിക്കുക, മുസ്ലീം ജനസംഖ്യാ വര്‍ദ്ധനവ് എന്ന ഭീതി, പ്രവാസി ഹൈന്ദവ സമൂഹത്തിലേയ്ക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കുക എന്നിവയായിരുന്നു അതില്‍ പ്രധാനം. ഈ പ്രവര്‍ത്തന ലക്ഷ്യങ്ങളുടെ വീര്യം ജനസംഘത്തിന്റേയും തുടര്‍ന്നുള്ള ബിജെപിയുടെയും വളര്‍ച്ചയില്‍ നിര്‍ണ്ണായകമായിരുന്നു.

ആദ്യ അഞ്ചു ഭാഗങ്ങള്‍ ഇവിടെ വായിക്കാം

ആര്‍എസ്എസിനെ നിരോധിക്കുന്നു; സര്‍ദാര്‍ പട്ടേല്‍ നിരോധനം നീക്കുന്നു- ഭാഗം 5

സ്വാതന്ത്ര്യസമരം, ഗാന്ധിവധം, വിഭജനാനന്തര കലാപം: ആര്‍എസ്എസിന് എന്തുപങ്ക്? ഭാഗം-4

ഗോള്‍വാള്‍ക്കറുടെ ‘രാഷ്ട്രസ്വത്വ’ത്തില്‍ നിന്ന് ആര്‍എസ്എസ് അകലം പാലിക്കുന്നതിനു പിന്നില്‍ – ഭാഗം 3

ഗോള്‍വാള്‍ക്കര്‍ ആര്‍എസ്എസിലേക്ക്- ഭാഗം 2

ആര്‍എസ്എസ്: വിദ്വേഷനിര്‍മാണത്തിന്റെ ആദ്യവര്‍ഷങ്ങള്‍- ഭാഗം 1

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

(PS: ലേഖനം ഭാഗങ്ങളായി തിരിച്ചിരിക്കുന്നതും തലക്കെട്ടും കാരവന്‍ ലേഖനത്തില്‍ നിന്ന് വ്യത്യസ്തമാണ്)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


Next Story

Related Stories