UPDATES

ആരാണ് ഹിന്ദു? ആര്‍എസ്എസിന്റെ നിര്‍വചനങ്ങള്‍ ഇങ്ങനെയൊക്കെയാണ്- ഭാഗം 7

ഗോള്‍വാള്‍ക്കറെ സംബന്ധിച്ചടത്തോളമാകട്ടെ, ഹിന്ദുവെന്നതിനെ നിര്‍വ്വഹിക്കുന്നത് തികഞ്ഞ വെല്ലുവിളിയാണെന്ന് തിരിച്ചറിയാന്‍ മാത്രം തന്ത്രശാലിയായിരുന്നു അദ്ദേഹം

ആര്‍എസ്എസ് സ്ഥാപകന്‍ ഹെഡ്‌ഗേവാറിന് ശേഷം സംഘടനയുടെ മേധാവിയായിരുന്ന എം.എസ് ഗോള്‍വാള്‍ക്കറുടെ തീവ്രവിഷം വമിപ്പിക്കുന്ന സിദ്ധാന്തങ്ങള്‍ ‘മോദി ഭാരത’ത്തിന്റെ അടിത്തറയായി എങ്ങനെ മാറുന്നുവെന്ന് വിശദീകരിക്കുകയാണ് കാരവന്‍ മാഗസിന്റെ പൊളിറ്റിക്കല്‍ എഡിറ്റര്‍ ഹര്‍തോഷ് സിങ്ങ് ബാല്‍. The Instigator, How MS Golwalkar’s virulent Ideology underpins Modi’s India എന്ന ദീര്‍ഘലേഖനത്തിന്റെ ഏഴാം ഭാഗം വായിക്കാം. 

വിവര്‍ത്തനം- ശ്രീജിത് ദിവാകരന്‍

1973-ല്‍ ഗോള്‍വാള്‍ക്കര്‍ മരിക്കുമ്പോഴേക്കും നമ്മളിപ്പോഴറിയുന്ന സംഘപരിവാര്‍ അടിസ്ഥാനപരമായി രൂപപ്പെട്ടിരുന്നു. ആര്‍എസ്എസിന്റെ സംഘടനകള്‍ക്ക് അതിവേഗം വളരുന്നതിനായി പുതിയ അംഗങ്ങളെ തിരഞ്ഞ് ബുദ്ധിമുട്ടേണ്ട കാര്യമേ ഇല്ലായിരുന്നു, ആര്‍എസ്എസ് ശാഖകളിലെ വിശാലമായ ജനസഞ്ചയത്തില്‍ നിന്ന് വേണ്ടവരെ തിരഞ്ഞെടുക്കേണ്ട കാര്യമേ ഉണ്ടായിരുന്നുള്ളു.

ഇൗ പ്രക്രിയയുടെ ഫലമായി ആര്‍എസ്എസിന്റെ സംഘടന തത്ത്വങ്ങളും അച്ചടക്കരീതികളും സ്വാഭാവികമായും ഈ സംഘടനകളിലും എത്തിച്ചേര്‍ന്നു, അതുപോലെ തന്നെ ആര്‍എസ്എസ് പ്രത്യയശാസ്ത്രവും. ആ പ്രത്യയശാസ്ത്രത്തിന്റെ വേരുകള്‍ സവര്‍കറുടെ കൃതികളിലാണ്. പക്ഷേ അതിന്റെ തത്ത്വങ്ങളെ വികസിപ്പിച്ചെടുത്ത് സംഘടനയില്‍ അത് കുതിര്‍ത്തിയത് ഗോള്‍വാള്‍ക്കറാണ്. ഈ തത്ത്വങ്ങളെ പരിശോധിച്ചാല്‍ ആര്‍എസ്എസിന്റെ ലോകവീക്ഷണത്തെ കുറിച്ചുള്ള ഉള്‍ക്കാഴ്ചകള്‍ നമുക്ക് ലഭ്യമാകും, ആര്‍എസ്എസ് മുറുകെ പിടിക്കുന്നതും ഇന്ന് വര്‍ദ്ധിത ക്രൗര്യത്തോടെ പ്രചരിപ്പിക്കുകയും ചെയ്യുന്ന പ്രത്യയശാസ്ത്രം.

ആര്‍എസ്എസ് സ്ഥാപകര്‍ക്ക് മല്ലിടേണ്ടി വന്നിട്ടുള്ള ചോദ്യങ്ങളില്‍ ഏറ്റവും പ്രധാനം ‘ഹിന്ദു’ എന്നതിന്റെ നിര്‍വ്വചനമാണ്. സവര്‍കര്‍ – അദ്ദേഹത്തിന്റെ വ്യാഖ്യാനം ഹെഡ്‌ഗേവാറിനും സ്വീകാര്യമായിരുന്നു – ‘ഹിന്ദുത്വ’യില്‍ എഴുതി. ‘സിന്ധു മുതല്‍ സിന്ധു വരെയുള്ള ഭൂപ്രദേശങ്ങളോട്, പ്രപിതാക്കളുടെ ഭൂമി എന്ന നിലയിലുള്ള, പിതൃഭൂമി എന്ന നിലയിലുള്ള, ആത്മബന്ധം തോന്നുന്നവനാണ് ഹിന്ദു‘. സിന്ധു നദി മുതല്‍ സമുദ്രം എന്നതിന്റെ ഹിന്ദി വാക്കായ സിന്ധു വരെ എന്നാണ് അതിന്റെ വിശദീകരണം.

ഹിന്ദുവിനെ വീണ്ടും വിശദീകരിക്കുന്നത് ഇങ്ങനെ. ‘‘സപ്തസൈന്ധവ നാഗരിക കാലത്തെ ഹിമാലയന്‍ പര്‍വ്വതോന്നതികള്‍ ആദ്യം ഉദിച്ചതും എന്തിനേയും ഉള്‍ച്ചേര്‍ക്കുകയും ഔന്നത്യത്തിലേയ്ക്ക് ഉയര്‍ത്തുകയും ചെയ്ത, എല്ലാത്തിനേയും സാംശീകരിച്ച് വളര്‍ന്ന് ഹൈന്ദവര്‍ എന്ന് പിന്നീടുള്ള കാലത്തറിയപ്പെട്ട, മഹത്തായ ഒരു വംശത്തിന്റെ രക്തം പരമ്പരാഗതമായി ലഭിച്ചവര്‍. മേല്‍പ്പറഞ്ഞ ഗുണഗണങ്ങളുടെ പരിണിത ഫലമായി സ്വന്തമായ ഹിന്ദു സംസ്‌കൃതിയും ഹൈന്ദവ നാഗരികതയും അവകാശപ്പെടാന്‍ വംശഗുണമുള്ളവര്‍, ചരിത്രവും നായകസങ്കല്പങ്ങളും കലയും സാഹിത്യവും നിയമശാസ്ത്രവും ഉത്സവങ്ങളും ആഘോഷങ്ങളും ആചാരങ്ങളും അനുഷ്ഠാനങ്ങളും ചടങ്ങുകളും വിശുദ്ധകര്‍മ്മങ്ങളും പൊതുവായുള്ളവര്‍’‘. മതിപ്പുളവാക്കത്തക്ക രീതിയില്‍ വിപുലമാണെങ്കിലും ഇതൊരു വര്‍ത്തുളമായ വിശദീകരണമാണ്. ഹിന്ദുവിനെ വിശദീകരിക്കുന്നതിനായി സവര്‍കര്‍ ഹൈന്ദവ നാഗരികതയില്‍ വരെ പിന്‍പറ്റുന്നുണ്ട്. പക്ഷേ ആത്യന്തികമായി ഹൈന്ദവമല്ലാത്തതൊന്നും ഹിന്ദുവല്ല എന്ന വിശദീകരണമാണ് സവര്‍കര്‍ നല്‍കുന്നത്.

ഒടുവില്‍ സവര്‍കറിന് ആരാണ് ഹിന്ദുവെന്ന് വിശദീകരിക്കാന്‍, ആരല്ല ഹിന്ദുവെന്ന് ചിത്രീകരിക്കേണ്ടതായി വന്നു. അദ്ദേഹം എഴുതി: “നമ്മുടെ രാജ്യത്തെ മുസ്ലീങ്ങളെയും ക്രിസ്ത്യാനികളയും ഹിന്ദുക്കളായി വിലയിരുത്താനാവില്ല.’‘. സവര്‍കറിന്റെ വാദമനുസരിച്ച് ഇന്ത്യ, ‘‘അവര്‍ക്കൊരു വിശുദ്ധനാടല്ല. അവരുടെ വിശുദ്ധനാട് ദൂരെയുള്ള അറേബ്യയും പലസ്തീനുമാണ്. അവരുടെ പുരാവൃത്തവും ദൈവങ്ങളും ആശയങ്ങളും നായകസങ്കല്പങ്ങളും ഈ മണ്ണില്‍ നിന്നുദിച്ചതല്ല. തത്ഫലമായി അവരുടെ പേരുകളും രൂപവും വിദേശജന്യത ചുവയ്ക്കുന്നതാണ്. അവരുടെ സ്‌നേഹമാകട്ടെ വിഭജിക്കപ്പെട്ടതാണ്.” ഹൈന്ദവരല്ലാത്തവരുടെ വിശ്വാസങ്ങള്‍ സ്വഭാവികമായും അവരെ രാജ്യത്തോടുള്ള കൂറില്‍ നിന്ന് അകറ്റിനിര്‍ത്തുമെന്ന് സവര്‍കര്‍ വാദിക്കുന്നു. സവര്‍കര്‍ എഴുതി: ”മതവിശ്വാസം ചെയ്യേണ്ടത്, ചെയ്യണം എന്ന് വിശ്വസിക്കുന്നവര്‍ക്ക് മറ്റൊരു നിവൃത്തിയില്ല. അവരുടെ കൂറും സ്‌നേഹവുമുള്ള പിതൃഭൂമിക്ക് മുകളിലാകും അവര്‍ വിശുദ്ധഭൂമിക സൃഷ്ടിക്കുക. അത് തികച്ചും സ്വാഭാവികമാണ്. അതിനെ നമ്മള്‍ അപലപിക്കുകയോ അതില്‍ വിലപിക്കുകയോ ചെയ്യുകയല്ല, നിലനില്‍ക്കുന്ന വസ്തുതകള്‍ പറയുക മാത്രമാണ് ചെയ്യുന്നത്.’

ഗോള്‍വാള്‍ക്കറെ സംബന്ധിച്ചടത്തോളമാകട്ടെ, ഹിന്ദുവെന്നതിനെ നിര്‍വ്വഹിക്കുന്നത് തികഞ്ഞ വെല്ലുവിളിയാണെന്ന് തിരിച്ചറിയാന്‍ മാത്രം തന്ത്രശാലിയായിരുന്നു അദ്ദേഹം. “ഹിന്ദുവെന്ന  കെട്ടിനകത്തുള്ള എല്ലാ വിഭാഗങ്ങളേയും വിവിധ ജാതികളേയും നിര്‍വ്വചിക്കാം. പക്ഷേ ‘ഹിന്ദു’വെന്ന വാക്കിനെ നിര്‍വ്വചിക്കാനാവില്ല, കാരണം അത് സര്‍വ്വവും ഉള്‍ക്കൊള്ളുന്നു.’‘- വിചാരധാരയില്‍ ഗോള്‍വാള്‍ക്കറെഴുതുന്നു. നിര്‍വ്വചനത്തിലെത്തിച്ചേരാനുള്ള ശ്രമത്തിന്റെ ഭാഗമായി ഗോള്‍വാള്‍ക്കര്‍ അദ്ദേഹത്തിന്റെ ഉത്തരം ഒരു പ്രധാന ആശയത്തിലേക്ക് കേന്ദ്രീകരിച്ചു. ”മാനവരാശിയുടെ അസംഖ്യം സമൂഹങ്ങളില്‍, പരമമായ ഉണ്‍മയാണ് മനുഷ്യാത്മാവിന്റെ ഏറ്റവും വലിയ പ്രതീക്ഷയെന്നുള്ള അറിവോടുകൂടി നമ്മുടെ ഏകത്വം തിരിച്ചറിഞ്ഞ് പുനര്‍ജ്ജന്മത്തില്‍ വിശ്വസിക്കുന്നവര്‍ ഹിന്ദുക്കള്‍ മാത്രമാണ്.” – അദ്ദേഹം എഴുതി. ഇത്, തീര്‍ച്ചയായും, പൂര്‍ണ്ണമായും പരിമിതമായ നിര്‍വ്വചനമാണ്. ഏത് ഇന്ത്യന്‍ ചിന്താധാരയിലേയും ഭൗതികവാദികളെ – ചാര്‍വാകന്‍ മുതല്‍ ഏതെങ്കിലും തരത്തിലുള്ള ശാസ്ത്രജ്ഞാനം വരെയുള്ള ആധുനിക ഇന്ത്യാക്കര്‍ വരെയുള്ളവരെയെല്ലാം- ഒഴിവാക്കുകയാണ്.

ആത്യന്തികമായി ഗോള്‍വാള്‍ക്കര്‍ക്കും പുറന്തള്ളലിനെ ആശ്രയിക്കേണ്ടതായി വന്നു. ഭാരതീയന്‍ എന്ന വാക്കിന് ‘അതിപുരാതനകാലം മുതല്‍ നമ്മോട് ചേര്‍ന്ന് നില്‍ക്കുന്നന്നയാള്‍’ എന്ന് അദ്ദേഹം അര്‍ത്ഥം കല്‍പ്പിച്ചു. അതോടൊപ്പം തന്നെ, ഈ നാട്ടില്‍ ജീവിക്കുന്ന മുസ്ലീം, ഹിന്ദു, പാഴ്‌സി തുടങ്ങിയ എല്ലാ സമുദായങ്ങളിലും പെട്ടയാളുകള്‍ക്കൊക്കെ ബാധകമായ വാക്കായ ‘ഇന്ത്യന്‍’ എന്നതിന്റെ തര്‍ജ്ജമ കൂടിയാണ് ‘ഭാരതീയന്‍’ എന്നുള്ളത് കൊണ്ട് അത് ഹിന്ദുസമൂഹത്തെ വിശേഷിപ്പിക്കാന്‍ അപര്യാപ്തമാണ് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതുകൊണ്ട് ആ വാക്ക് ”നമ്മുടെ പ്രത്യേകമായ സമൂഹത്തെ ദ്യോതിപ്പിക്കാനായി ഉപയോഗിക്കുമ്പോള്‍ തെറ്റിദ്ധാരണകള്‍ക്ക് വഴി വയ്ക്കും. ‘ഹിന്ദു’വെന്ന വാക്കിന് മാത്രമേ നമ്മള്‍ പറയാന്‍ ശ്രമിക്കുന്ന അര്‍ത്ഥം പൂര്‍ണ്ണമായും ശരിയായും വ്യഞ്ജിപ്പിക്കാനാവൂ.”- ഗോള്‍വാള്‍ക്കര്‍ പറയുന്നു.

(അവസാന ഭാഗം – നാളെ)

ആദ്യ ആറു ഭാഗങ്ങള്‍ ഇവിടെ വായിക്കാം

ജനസംഘം വഴി രാഷ്ട്രീയത്തിലേക്ക്; ആര്‍എസ്എസ് സ്വീകാര്യരാവുന്നു- ഭാഗം 6

ആര്‍എസ്എസിനെ നിരോധിക്കുന്നു; സര്‍ദാര്‍ പട്ടേല്‍ നിരോധനം നീക്കുന്നു- ഭാഗം 5

സ്വാതന്ത്ര്യസമരം, ഗാന്ധിവധം, വിഭജനാനന്തര കലാപം: ആര്‍എസ്എസിന് എന്തുപങ്ക്? ഭാഗം-4

ഗോള്‍വാള്‍ക്കറുടെ ‘രാഷ്ട്രസ്വത്വ’ത്തില്‍ നിന്ന് ആര്‍എസ്എസ് അകലം പാലിക്കുന്നതിനു പിന്നില്‍ – ഭാഗം 3

ഗോള്‍വാള്‍ക്കര്‍ ആര്‍എസ്എസിലേക്ക്- ഭാഗം 2 

ആര്‍എസ്എസ്: വിദ്വേഷനിര്‍മാണത്തിന്റെ ആദ്യവര്‍ഷങ്ങള്‍- ഭാഗം 1

(PS: ലേഖനം ഭാഗങ്ങളായി തിരിച്ചിരിക്കുന്നതും തലക്കെട്ടും കാരവന്‍ ലേഖനത്തില്‍ നിന്ന് വ്യത്യസ്തമാണ്)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

ഹര്‍തോഷ് സിംഗ് ബാല്‍

ഹര്‍തോഷ് സിംഗ് ബാല്‍

പൊളിറ്റിക്കല്‍ എഡിറ്റര്‍, കാരവന്‍ മാഗസിന്‍

More Posts

Follow Author:
Twitter

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍