TopTop
Begin typing your search above and press return to search.

ബിജെപിയുടെ അടുത്ത ലക്ഷ്യം മുസ്ലീം വ്യക്തി നിയമമോ?

ബിജെപിയുടെ അടുത്ത ലക്ഷ്യം മുസ്ലീം വ്യക്തി നിയമമോ?

മുത്തലാഖ് നിരോധിച്ചുകൊണ്ടുള്ള സുപ്രീം കോടതിയുടെ ഭരണഘടന ബഞ്ചിന്റെ ഭൂരിപക്ഷ വിധി മുസ്ലീം വ്യക്തി നിയമം എന്ന ബോംബിന്റെ ശക്തി കൂട്ടുകയേ ഉള്ളുവെന്ന് പ്രമുഖ മാധ്യമ പ്രവര്‍ത്തകാനും എഴുത്തുകാരനുമായ അജാസ് അഷറഫ്. മുത്തലാഖ് ഭരണഘടന വിരുദ്ധമാണെന്ന് സുപ്രീം കോടതി പ്രഖ്യാപിച്ചു എന്ന് തെളിയിക്കാനുള്ള വ്യഗ്രത ഇതിന്റെ ഭാഗമായി വേണം കാണാനെന്ന് സ്‌ക്രോളില്‍ എഴുതിയ ലേഖനത്തില്‍ അദ്ദേഹം പറയുന്നു. യഥാര്‍ത്ഥത്തില്‍ ഭൂരിപക്ഷ വിധി പറഞ്ഞ മൂന്ന് ജഡ്ജിമാരില്‍ രണ്ടു പേര്‍ മാത്രമാണ് മുത്തലാഖ് ഭരണഘടന വിരുദ്ധമാണ് എന്ന് പറഞ്ഞത്. മുത്തലാഖ് അസാധുവാകുന്നത് അത് ഇസ്ലാമിക വിരുദ്ധമായതുകൊണ്ടാണ് എന്നായിരുന്നു മൂന്നാമനായ ജസ്റ്റിസ് കുര്യന്‍ ജോസഫിന്റെ നിഗമനം.

മുത്തലാഖ് അഥവ തലാഖ് ഇ ബിദാത്ത് നിയമവിരുദ്ധവും ഇസ്ലാമിക വിരുദ്ധവും ഇസ്ലാമിക നിയമങ്ങളെ ലംഘിക്കുന്നതുമാണെന്നായിരുന്നു ഭൂരിപക്ഷ വിധിയെന്ന് വിധിന്യായത്തില്‍ പരാമര്‍ശിക്കപ്പെട്ട 'മുസ്ലീം ലോ ഇന്‍ ഇന്ത്യ ആന്റ് എബ്രോഡ' എന്ന പുസ്തകത്തിന്റെ രചയിതാവും സുപ്രീം കോടതി അഭിഭാഷകനുമായ സെയ്ഫ് മുഹമ്മദ് ചൂണ്ടിക്കാട്ടുന്നു. യഥാര്‍ത്ഥ ഇസ്ലാമിക നിയമം പുരോഗമനപരവും സ്ത്രീകളുടെ അവകാശങ്ങളെ സംരക്ഷിക്കുന്നതുമാണ് എന്നാണ് വിധിയുടെ സാരാംശമെന്നും അദ്ദേഹം പറയുന്നു. മുത്തലാഖ് മാത്രമാണ് ഇസ്ലാം വിരുദ്ധം എന്നാണ് വിധിയില്‍ പറയുന്നത്. ആധുനികതയ്ക്ക് ചേരാത്തതും ലിംഗനീതിക്ക് എതിരുമാണ് എന്ന് വിശേഷിപ്പിക്കപ്പെട്ട മുസ്ലീം വ്യക്തി നിയമത്തെ കുറിച്ച് എന്ത് നിലപാടാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ സ്വീകരിക്കുക എന്ന ചോദ്യം ഇവിടെ ബാക്കിയാവുന്നു. മുത്തലാഖിലെ പോലെ തന്നെ മുസ്ലീം സമുദായത്തില്‍ നിന്നു തന്നെ മുസ്ലീം വ്യക്തിനിയമങ്ങള്‍ പരിഷ്‌കരിക്കുന്നതിനുള്ള ആവശ്യം ഉയര്‍ന്നുവരുമോ എന്നതാണ് പ്രധാനചോദ്യം. ആധുനികതയുമായി ബന്ധപ്പെട്ട ആശയങ്ങള്‍ക്ക് അനുയോജ്യമാണോ എന്നതിലുപരി മുസ്ലീം വ്യക്തി നിയമത്തിലെ തങ്ങളുടെ മതവിശ്വാസത്തിന് അത്യന്താപേക്ഷിതമായ ഘടകങ്ങള്‍ പിന്തുടരാന്‍ മുസ്ലീം സമുദായത്തിന് അവകാശമുണ്ടാവുമോ എന്ന ചോദ്യവും പ്രസക്തമാണ് എന്ന് അജാസ് അഷറഫ് ചൂണ്ടിക്കാണിക്കുന്നു.

പക്ഷേ ഈ ചോദ്യങ്ങള്‍ മതപരം മാത്രമല്ല രാഷ്ട്രീയം കൂടിയാണ്. മുത്തലാഖ് ഇസ്ലാമിക തത്വങ്ങള്‍ക്കും ഖുറാനും എതിരാണെന്ന് വാദിച്ച മുസ്ലീം വനിത പ്രവര്‍ത്തകര്‍ എല്ലാം തന്നെ തങ്ങളുടെ മതചട്ടക്കൂടിന് അകത്തുനിന്നുകൊണ്ടാണ് സമരം ചെയ്തത്. അതുകൊണ്ടുതന്നെ ഖുറാനില്‍ നിന്നും ഹദീസില്‍ നിന്നും ഉത്ഭവിച്ചിരിക്കുന്ന മുസ്ലീം വ്യക്തി നിയമത്തിലെ ഘടകങ്ങള്‍ പരിഷ്‌കരിക്കുന്നതിനായി അവര്‍ രംഗത്തെത്തുമോ എന്ന ചോദ്യവും പ്രസക്തമാണ്. തലാഖ് വിധിയില്‍ അത്യാഹ്ലാദചിത്തരായിരിക്കുന്ന ബിജെപി പ്രതീക്ഷിക്കുന്നത് അത്തരത്തിലുള്ള ഒരു നീക്കമാണ്. മുത്തലാഖ് എന്ന ആചാരം നിലനില്‍ക്കുന്നത് മൂലം നിഷേധിക്കപ്പെട്ട നീതിക്ക് വേണ്ടി പോരാവുന്ന മുസ്ലീം വനിതകള്‍ക്ക് ഒപ്പമാണ് തങ്ങള്‍ എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പെടെയുള്ള ബിജെപി നേതാക്കള്‍ പ്രഖ്യാപിച്ചതില്‍ നിന്നും ഇത് വ്യക്തമാണ്. ഒരുതരത്തില്‍ അവരുടെ നിലപാടിനുള്ള അംഗീകാരമായി സുപ്രീം കോടതി വിധിയെ വ്യാഖ്യാനിക്കാം.

വിധി ചരിത്രപരമാണെന്നും മുസ്ലീം സ്ത്രീകള്‍ക്ക് അത് സമത്വം പ്രദാനം ചെയ്യുമെന്ന് പ്രധാനമന്ത്രി ഇന്നലെ ട്വീറ്റ് ചെയ്തിരുന്നു. പുതിയ ഇന്ത്യയുടെ സൃഷ്ടിയിലേക്കുള്ള ഒരു ചുവടുവെപ്പാണ് വിധിയെന്ന് ബിജെപി അധ്യക്ഷന്‍ അമിത് ഷായും പറഞ്ഞിരുന്നു. പുതിയ മുസ്ലീം വിവാഹ മോചന നിയമം കൊണ്ടുവരണമെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് ചൗഹാന്‍ കേന്ദ്രത്തോട് ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ സുപ്രീം കോടതി വിധിയെ ഉപയോഗിച്ച് ശരീയത്തിനെ എതിര്‍ക്കാന്‍ ശ്രമിക്കുന്ന രാഷ്ട്രീയ നേതാക്കള്‍ ശ്രദ്ധിക്കേണ്ടി വരുമെന്ന് മഹമൂദ് പറയുന്നു. മുസ്ലീം സ്ത്രീകള്‍ക്ക് നീതി ലഭ്യമാക്കാന്‍ ശരീയത്തിനെ തന്നെയാണ് സുപ്രീം കോടതി ആശ്രയിച്ചിരിക്കുന്നതെന്നാണ് വിധിയില്‍ നിന്നും മനസിലാക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു. എന്നിരുന്നാലും നിയമനിര്‍മ്മാണവുമായി മുന്നോട്ടു പോകാന്‍ ബിജെപി സര്‍ക്കാര്‍ തയ്യാറായേക്കും എന്നാണ് അജാസ് അഷറഫ് വിലയിരുത്തുന്നത്.

എതാലും വിധി പുറത്തുവന്ന ഉടനെ തന്നെ തങ്ങളുടെ എക്കാലത്തേയും മുദ്രാവക്യമായ ഏകീകൃത സിവില്‍ കോഡ് പൊടിതട്ടിയെടുത്ത് സംഘപരിവാര്‍ നേതാക്കള്‍ രംഗത്തെത്തിയിട്ടുണ്ട്. വനിത ശാക്തീകരണത്തിലേക്കുള്ള ഒരു വലിയ ചുവടുവെപ്പാണ് വിധിയെന്നും ഏകീകൃത സിവില്‍ കോഡ് നടപ്പിലാക്കാനാണ് ഇനി കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കേണ്ടതെന്നും ബിജെപി എംപി സുബ്രഹ്മണ്യം സ്വാമി ആവശ്യപ്പെട്ടുകഴിഞ്ഞു. 1985 ലെ ഷാ ബാനു കേസ്, 2003 ലെ സരള മുദ്ഗല്‍ കേസ് എന്നിവയിലെ സുപ്രീം കോടതി പരാമര്‍ശങ്ങള്‍ നേരത്തെ തന്നെ ഏകീകൃത സിവില്‍ കോഡിന് ആരാധകരെ സൃഷ്ടിച്ചിട്ടുണ്ട്. എന്നാല്‍ എന്താണ് ഏകീകൃത സിവില്‍ കോഡെന്ന് കോടതികള്‍ക്ക് പോലും ധാരണയില്ലെന്ന് എക്കണോമിക്‌സ് ആന്റ് പൊളിറ്റിക്കല്‍ വീക്കിലിയില്‍ പ്രസിദ്ധീകരിച്ച 'യുണിഫോം സിവില്‍ കോഡ്: എ ഹെഡ്‌ലെസ് ക്വസ്റ്റ്' എന്ന ലേഖനത്തില്‍ അലോക് പ്രസന്ന കുമാര്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഹിന്ദുക്കള്‍ ഏകീകൃത നിയമം അനുസരിച്ചാണ് ഭരിക്കപ്പെടുന്നത് എന്നാണ് ഏകീകൃത സിവില്‍ കോഡിന് വേണ്ടി വാദിക്കുന്നവര്‍ അവകാശപ്പെടുന്നത്. എന്നാല്‍ അങ്ങനെയല്ല എന്നതാണ് സത്യമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നുണ്ട്.

എന്നാല്‍ നിയമപരമായ വൈരുദ്ധ്യങ്ങള്‍ ഒരിക്കലും രാഷ്ട്രീയ പാര്‍ട്ടികളെ വിവാദ വിഷയങ്ങളില്‍ പ്രചാരണം നടത്തുന്നതില്‍ നിന്നും പിന്മാറ്റിയിട്ടില്ല. പശുവിന്റെ കശാപ്പ് പോലയുള്ള വിഷയങ്ങളില്‍ മുസ്ലീം സമുദായത്തിന് മേലുള്ള സമ്മര്‍ദം ശക്തിപ്പെടുത്തുന്ന ബിജെപി തന്നെ മുസ്ലീം സ്ത്രീകളുടെ രക്ഷകരായും രംഗത്തെത്തുന്നു. മുത്തലാഖിന്റെ പേരില്‍ ഉത്തര്‍പ്രദേശില്‍ മുസ്ലീങ്ങളെയും ഹിന്ദുക്കളെയും വിഭജിക്കുന്നതില്‍ ബിജെപി വിജയം കണ്ട പശ്ചാത്തലത്തില്‍ ലിംഗനീതി എന്ന വ്യാജേന മുസ്ലീം വ്യക്തി നിയമത്തില്‍ നിയമനിര്‍മ്മാണം നടത്താന്‍ തന്നെയാവും അവരുടെ നീക്കം. നിയമനിര്‍മ്മാണം വേണമെന്ന ചീഫ് ജസ്റ്റിസ് ജെ എസ് ഖഹാറിന്റെയും ജസ്റ്റിസ് നസീറിന്റെയും നിര്‍ദ്ദേശത്തിന് ഇനി പ്രസക്തിയില്ലെങ്കിലും പാര്‍ലമെന്റിന് അതിന്റെ നിയമനിര്‍മ്മാണ അവകാശങ്ങള്‍ ഉപയോഗിച്ച് ഇത്തരത്തിലുള്ള ഒരു നിയമനിര്‍മ്മാണം നടത്താന്‍ സാധിക്കും. ന്യൂനപക്ഷങ്ങളുടെ മതാധിഷ്ടിത നിയമങ്ങളില്‍ ഇടപെടാന്‍ താത്പര്യമില്ലാത്തതിനാല്‍ മുമ്പൊന്നും ഇത്തരത്തിലുള്ള നിയമനിര്‍മ്മാണങ്ങള്‍ക്ക് പാര്‍ലമെന്റ് മുതിര്‍ന്നിട്ടില്ലെങ്കിലും നിലവില്‍ രാജ്യത്ത് നിലനില്‍ക്കുന്ന സാഹചര്യങ്ങളില്‍ ഇത്തരം കീഴ്വഴക്കങ്ങള്‍ക്ക് പ്രസക്തിയുണ്ടാവില്ലെന്നും അജാസ് അഷറഫ് തന്റെ ലേഖനത്തില്‍ പറയുന്നു.

ലിംഗനീതിക്കൊപ്പം മതസ്വാതന്ത്ര്യവും സംരക്ഷിക്കപ്പെടണമെന്ന് ഈ വിഷയത്തില്‍ നിരവധി ലേഖനങ്ങള്‍ എഴുതിയിട്ടുള്ള ഹൈദരാബാദിലെ നല്‍സാര്‍ നിയമ സര്‍വകലാശാല വൈസ് ചാന്‍സിലര്‍ ഡോ. ഫൈസാന്‍ മുസ്തഫയുടെ അഭിപ്രായവും അഷറഫ് ചൂണ്ടിക്കാണിക്കുന്നുണ്ട്. ലിംഗ നീതിയുമായി ബന്ധപ്പെട്ട നിയമം നടപ്പാക്കുമ്പോള്‍ മതസ്വാതന്ത്ര്യം നിലനിറുത്തണമെന്ന് വിധിയില്‍ തന്നെ പറയുന്നുണ്ട്. ബിജെപി നിയമനിര്‍മ്മാണത്തില്‍ ശാഠ്യം പിടിക്കുന്നത് രാഷ്ട്രീയ ലാഭം ലാക്കാക്കി തന്നെയാണ്. വ്യക്തി നിയമങ്ങളില്‍ ഏകീകരണം വേണമെന്ന വാദം രാജ്യത്ത് ഊട്ടിയുറപ്പിക്കാന്‍ സുപ്രീം കോടതി വിധി സഹായിച്ചിട്ടുണ്ട്. മുസ്ലീങ്ങള്‍ക്കെതിരായ ഒരു വടിയായി ഈ വികാരത്തെ ഉപയോഗിക്കാന്‍ ബിജെപി ശ്രമിക്കും. കാരണം മുസ്ലീം സമുദായത്തിന്റെ രോഷം വര്‍ദ്ധിക്കും തോറും കൂടുതല്‍ കൂടുതല്‍ ഹിന്ദു വോട്ടുകള്‍ അവരുടെ പെട്ടിയില്‍ വീഴും.

മുസ്ലീം മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്ക് വലിയ പ്രചോദനം നല്‍കുന്നതാണ് സുപ്രീം കോടതി വിധിയെന്ന കാര്യത്തില്‍ തര്‍ക്കമില്ല. എല്ലാ മതസമൂഹങ്ങളിലും എന്ന പോലെ മുസ്ലീം സമുദായത്തിലും ചൂഴ്ന്നിറങ്ങിയ പുരുഷാധിപത്യത്തിന്റെ ഭീഷണിയില്‍ നിന്നും ഒരുപരിധിവരെ മോചനം നേടാന്‍ ഇതവരെ സഹായിക്കും. എന്നാല്‍ വിവാഹം, പാരമ്പര്യസ്വത്ത് തുടങ്ങിയ വിഷയങ്ങളെ ഭരിക്കുന്ന മുസ്ലീം വ്യക്തി നിയമത്തില്‍ അവരുടെ നിലപാടിന്റെ കാര്യത്തില്‍ തലാഖ് വിധി അവരെ സമ്മര്‍ദത്തില്‍ ആഴ്ത്തുകയും ചെയ്യും. ഹിന്ദുസ്ത്രീകള്‍ക്ക് പൂര്‍വീകസ്വത്തില്‍ അവകാശം ലഭിക്കുന്നത് സ്വാതന്ത്ര്യത്തിന് ശേഷമാണെങ്കിലും നൂറ്റാണ്ടുകളായി തന്നെ പാരമ്പര്യ സ്വത്തില്‍ മുസ്ലീം സ്ത്രീകള്‍ക്ക് അവകാശമുണ്ട്. പക്ഷെ പുരുഷന്മാര്‍ക്ക് ലഭിക്കുന്ന ഓഹരി അവര്‍ക്ക് ലഭിക്കില്ല. ഇത് ഖുറാന്‍ പ്രകാരം പിന്തുടരുന്ന നിയമമാണ് താനും. അതുപോലെ തന്നെ പുരുഷന്മാര്‍ക്ക് ഖുറാന്‍ അനുവദിച്ചിരിക്കുന്ന ബഹുഭാര്യത്വം പോലെയുള്ള നിയമങ്ങളെ അവര്‍ എതിര്‍ക്കുമോ എന്ന ചോദ്യവും പ്രസക്തമാണെന്ന് അഷറഫ് പറയുന്നു.

മുത്തലാഖിലെ സുപ്രീം കോടതി വിധി തങ്ങള്‍ക്ക് സ്വന്തമാണെന്ന് ബിജെപി അവകാശപ്പെടുമ്പോള്‍ പശുവിന്റെ കശാപ്പ് നിരോധനം പോലെയുള്ള വിധികള്‍ തള്ളിക്കളയാന്‍ അവര്‍ എന്തുകൊണ്ട് പരമോന്നത കോടതിയോട് ആവശ്യപ്പെടുന്നില്ല എന്ന ചോദ്യവും ബാക്കിയാവുന്നു. മാത്രമല്ല സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന പ്രാന്തവല്‍കൃത മുസ്ലീം സമൂഹങ്ങള്‍ക്ക് സംവരണം ഏര്‍പ്പെടുത്താന്‍ അവര്‍ എന്തുകൊണ്ട് തയ്യാറാവുന്നില്ല എന്ന ചോദ്യവും ഉയരുന്നുണ്ട്. തങ്ങളുടെ ഹിന്ദു വോട്ടു ബാങ്ക് നഷ്ടപ്പെടും എന്നതിനാലാണ് ഇത്തരം നീക്കങ്ങള്‍ക്ക് ബിജെപി തയ്യാറാവാത്തതെന്ന് അജാസ് അഷറഫ് ചൂണ്ടിക്കാട്ടുന്നു. ചുരുക്കത്തില്‍ മുസ്ലീം വ്യക്തിനിയമം സ്‌ഫോടനാത്മക അവസ്ഥയില്‍ തുടരും എന്ന് മാത്രമല്ല അത് കൂടുതല്‍ വിനാശകരവുമായി മാറിയിരിക്കുകയാണ് എന്ന് വ്യക്തമാക്കിക്കൊണ്ട് അജാസ് അഷറഫ് തന്റെ ലേഖനം അവസാനിപ്പിക്കുന്നത്.


Next Story

Related Stories