TopTop
Begin typing your search above and press return to search.

അജിത്‌ ഡോവലിന്റെ മകന്‍, നാല് കേന്ദ്രമന്ത്രിമാര്‍, ബിജെപി ജന. സെക്രട്ടറി; ഇന്ത്യാ ഫൗണ്ടേഷന്‍ വളര്‍ന്നതിങ്ങനെ

അജിത്‌ ഡോവലിന്റെ മകന്‍, നാല് കേന്ദ്രമന്ത്രിമാര്‍, ബിജെപി ജന. സെക്രട്ടറി; ഇന്ത്യാ ഫൗണ്ടേഷന്‍ വളര്‍ന്നതിങ്ങനെ
രാജ്യത്തെ ഏറ്റവും സ്വാധീനശേഷിയുള്ളതും ശക്തവുമായ 'തിങ്ക് ടാങ്ക്', ഇന്ത്യാ ഫൗണ്ടേഷനെതിരെ ഗുരുതര ആരോപണങ്ങള്‍. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ മകനും ബി.ജെ.പിയുടെ കേന്ദ്രമന്ത്രിമാരും മുതിര്‍ന്ന ബി.ജെ.പി നേതാക്കളും ഉള്‍പ്പെട്ട ഇന്ത്യാ ഫൗണ്ടേഷനെതിരെ നിരവധി വിഷയങ്ങളില്‍ കോണ്‍ഫ്‌ളിക്ട് ഓഫ് ഇന്ററസ്റ്റ് ഉണ്ടെന്നാണ് ദി വയര്‍ ഇന്നലെ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നത്. നേരത്തെ ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷായുടെ മകന്‍ ജയ് ഷായുടെ സ്വത്തില്‍ മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം അഭൂതപുര്‍വമായ വളര്‍ച്ചയുണ്ടായ വാര്‍ത്ത വയര്‍ പുറത്തു വിടുകയും ഇതിനെതിരെ ജയ് ഷായും കൂട്ടരും കോടതിയില്‍ നിന്ന് വാര്‍ത്ത നിരോധന ഉത്തരവ് സമ്പാദിക്കുകയും ചെയ്തിരുന്നു.

2009-ല്‍ നിലവില്‍ വന്ന ഇന്ത്യാ ഫൗണ്ടേഷന്‍ തുടക്കത്തില്‍ കേരളത്തിലെ മുസ്ലീം തീവ്രവാദം, ആദിവാസികളുടെ മതപരിവര്‍ത്തനം തുടങ്ങിയ വിഷയങ്ങള്‍ ഉയര്‍ത്തി തുടങ്ങിയെങ്കിലും 20014-ല്‍ മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം വന്‍ സ്ഥാപനമായി മാറുകയായിരുന്നുവെന്ന് സ്വാതി ചതുര്‍വേദി തയാറാക്കിയ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

കേന്ദ്ര സര്‍ക്കാരുമായി നിരവധി കരാറുകളില്‍ ഏര്‍പ്പെടുന്ന ബോയിംഗ് ഉള്‍പ്പെടെയുള്ള വിദേശ കമ്പനികളുടേയും മറ്റും സ്‌പോണ്‍സര്‍ഷിപ്പ് അടക്കമുള്ളവ ഇന്ത്യാ ഫൗണ്ടേഷന്‍ സ്വീകരിക്കുന്നു എന്ന ഗുരുതര ആരോപണമാണ് വയര്‍ ഉയര്‍ത്തുന്നത്.

സര്‍ക്കാര്‍ നയരൂപീകരണം സംബന്ധിച്ചും ഇന്ത്യയിലേയും വിദേശത്തേയും വന്‍കിട കോര്‍പറേറ്റുകള്‍ക്ക് മന്ത്രിമാരും മറ്റ് നയരൂപീകരണം നടത്തുന്നവരുമായും അടുത്തിടപഴകാനും നയരൂപീകരണ കാര്യത്തില്‍ പോലും സ്വാധീനം ചെലുത്താനും കഴിയുന്ന വിധത്തിലുള്ള സംവിധാനമാണ് ഇന്ത്യാ ഫൗണ്ടേഷന്‍ ഒരുക്കിയിരിക്കുന്നത്.

പ്രതിരോധമന്ത്രി നിര്‍മല സീതാരാമന്‍, വാണീജ്യ, വ്യവസായ മന്ത്രി സുരേഷ് പ്രഭു, വ്യോമയാന സഹമന്ത്രി ജയന്ത് സിന്‍ഹ, വിദേശകാര്യ സഹമന്ത്രി എം.ജെ അക്ബര്‍ തുടങ്ങിയവര്‍ ഇന്ത്യാ ഫൗണ്ടേഷന്റെ ഡയറക്ടര്‍ ബോര്‍ഡിലുണ്ട്. അജിത് ഡോവലിന്റെ മകന്‍ ശൗര്യ ഡോവലും ബി.ജെ.പി ജനറല്‍ സെക്രട്ടറിയും ആര്‍.എസ്.എസുകാരനുായ റാം മാധവുമാണ് ഈ 'തിങ്ക് ടാങ്കി'ന്റെ നടത്തിപ്പുകാര്‍.

അതുകൊണ്ടു തന്നെ സര്‍ക്കാരിന്റെ ഉന്നതങ്ങളില്‍ നടക്കുന്ന കാര്യങ്ങളില്‍ സ്വാധീനം ചെലുത്താന്‍ കഴിയുന്ന ഈ സ്ഥാപനത്തിന്റെ വരുമാനത്തെ സംബന്ധിച്ചും അവ്യക്തകളാണുള്ളത്. ഓര്‍ഗനൈസേഷന്‍ ഫോര്‍ ഇകണോമിക് കോ-ഓപറേഷന്‍ ആന്‍ഡ് ഡെവലപ്‌മെന്റ് (OECD) രാജ്യങ്ങള്‍ക്കും ഉയര്‍ന്നു വരുന്ന ഏഷ്യന്‍ രാജ്യങ്ങള്‍ക്കുമിടയില്‍ മൂലധന നിക്ഷേപങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്ന ജെമിനി ഫിനാന്‍ഷ്യല്‍ സര്‍വീസിന്റെ ഡയറക്ടര്‍ കൂടിയാണ് ശൗര്യ ഡോവല്‍.

സൗദി കിരീടാവകാശിയായിരുന്ന തുര്‍ക്കി ബിന്‍ അബ്ദുള്ള അല്‍ സൗദിന്റെ മകന്‍ മാര്‍ഷല്‍ ബിന്‍ അബ്ദുള്ള ബിന്‍ തുര്‍ക്കി ബിന്‍ അബ്ദുള്‍അസീസ് അല്‍ സൗദ്, സയ്യീസ് അലി അബ്ബാസ് തുടങ്ങിയവരാണ് ശൗര്യ ഡോവലിനു പുറമെ ജെമിനി ഫിനാന്‍ഷ്യല്‍ സര്‍വീസിന്റെ കോര്‍ ടീമിലുള്ളത്.

ഇത്രയധികം മന്ത്രിമാരും ആര്‍.എസ്.എസ്-ബി.ജെ.പി നേതാക്കളുമെല്ലാം നിറഞ്ഞിരിക്കുന്ന ഈ സ്ഥാപനം ലോബീയിംഗിനും കോണ്‍ഫ്‌ളിക്ട് ഓഫ് ഇന്ററസ്റ്റിനും വഴിവയ്ക്കുന്നുവെന്ന് ദി വയര്‍ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

ഇന്ത്യാ ഫൗണ്ടേഷന്‍ സംഘടിപ്പിച്ച രണ്ടു പരിപാടികളുടെ- ഇന്ത്യന്‍ ഓഷ്യന്‍ സംബന്ധിച്ചും സ്മാര്‍ട്ട് ബോര്‍ഡര്‍ മാനേജ്‌മെന്റ് സംബന്ധിച്ചും- സ്‌പോണ്‍സര്‍മാര്‍ ആരൊക്കെയാണ് എന്നത് ഇതിന്റെ തെളിവായി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നുണ്ട്. പ്രതിരോധ രംഗത്തെയും വ്യോമയാന രംഗത്തെയും അതികായരായ ബോയിംഗ്, ഇസ്രായേല്‍ കമ്പനിയായ Magal, വിദേശ ബാങ്കായ DBS, അതുപോലെ നിരവധി ഇന്ത്യന്‍ സ്വകാര്യ കമ്പനികളൊക്കെ ഇതിന്റെ സ്‌പോണ്‍സര്‍മാരായിരുന്നു. എന്നാല്‍ ഏതു വിധത്തിലുള്ള സ്‌പോണ്‍സര്‍ഷിപ്പാണ്, എത്രയാണ് ഇതില്‍ അടങ്ങിയിരിക്കുന്ന പണപരമായ കാര്യങ്ങള്‍, ഇന്ത്യാ ഫൗണ്ടേഷന്റെ പങ്കാളികള്‍ ആരാണ് തുടങ്ങിയ കാര്യങ്ങളൊക്കെ രഹസ്യമായി സൂക്ഷിക്കുകയാണ് സ്ഥാപനം ചെയ്യുന്നത്.

http://www.azhimukham.com/national-the-truth-that-expose-while-jextposing-vadra-and-jay-sha-edit/

യു.പി.എ സര്‍ക്കാരിന്റെ കാലത്ത് വിമാനം വാങ്ങിയതുമായി ബന്ധപ്പെട്ട് ആരോപണം ഉയര്‍ന്ന കമ്പനിയാണ് ബോയിംഗ്. 111 വിമാനങ്ങള്‍ 70,000 കോടി രൂപയ്ക്ക് വാങ്ങിയത് വഴി കമ്പനിക്ക് നേട്ടമുണ്ടായെന്നും രാജ്യത്തിന് വലിയ സാമ്പത്തിക നഷ്ടമുണ്ടായെന്നുമായിരുന്നു അന്നുയര്‍ന്ന ആരോപണങ്ങള്‍. ഇതില്‍ സി.ബി.ഐ അന്വേഷണം നടന്നു വരികയാണ്. ആ സാഹചര്യത്തിലാണ് വ്യേമയാന വകുപ്പ് മന്ത്രിയും മറ്റും ഡയറക്ടര്‍മാരായ ഒരു സ്ഥാപനം ബോയിംഗിന്റെ അടക്കമുള്ള സ്‌പോണ്‍സര്‍ഷിപ്പും മറ്റും സ്വീകരിക്കുന്നതെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

പ്രതിരോധ രംഗത്തും ആയുധ വിപണന രംഗത്തും മറ്റും പ്രവര്‍ത്തിക്കുന്ന കമ്പനികളുടെ സാന്നിധ്യവും ഇതില്‍ പ്രശ്‌നമാകുന്നുണ്ട്. ഇത്തരത്തിലുള്ള സ്ഥാപനങ്ങളുടെ സ്‌പോണ്‍സര്‍ഷിപ്പ് സ്വീകരിക്കുന്ന സ്ഥാപനത്തിന്റെ ഡയറക്ടറായി പ്രതിരോധ മന്ത്രി നിര്‍മല സീതാരാമന്റെ സാന്നിധ്യവും കോണ്‍ഫ്‌ളിക്ട് ഓഫ് ഇന്ററസ്റ്റ് പരിധിയില്‍ വരുന്നതാണെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

മറ്റൊരു സ്ഥാപനത്തിനും ചിന്തിക്കാന്‍ കഴിയാത്തത്ര വലിയ മേഖലയിലാണ് ഇന്ത്യാ ഫൗണ്ടേഷന്‍ പ്രവര്‍ത്തിക്കുന്നതെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. നാല് കേന്ദ്രമന്ത്രിമാര്‍, സംഘപരിവാര്‍ സംഘടനകളിലെ വമ്പന്‍മാര്‍, മോദിയുടെ വലംകൈയായ ദേശീയ സുരക്ഷാ ഉപദേഷ്ടാവിന്റെ മകന്‍ തുടങ്ങിയവരുടെ സാന്നിധ്യം കൊണ്ടു തന്നെ ലോകത്തെ ഏറ്റവും ശക്തമായ തിങ്ക് ടാങ്കുകളിലൊന്നായി ഇന്ത്യ ഫൌണ്ടേഷനെ മാറ്റുന്നുണ്ട്.ഇന്ത്യാ ഫൗണ്ടേഷന്‍ നടത്തുന്ന ഓരോ പരിപാടിയിലും പങ്കെടുക്കുന്നത് ഈ രാജ്യത്തിന്റെ നയരൂപീകരണത്തിന് ചുക്കാന്‍ പിടിക്കുന്നവര്‍ തന്നെയാണ്. അതുകൊണ്ടു തന്നെ ഇതില്‍ പങ്കെടുക്കുന്നവര്‍ക്ക് സര്‍ക്കാരില്‍ നിന്നുള്ള സഹായം അകമഴിഞ്ഞു ലഭിക്കുമെന്നതും വാസ്തവമാണ്. അതുപോലെ തന്നെയാണ് ഇത്തരം പരിപാടികള്‍ക്ക് വിദേശ, ഇന്ത്യന്‍ കമ്പനികളില്‍ നിന്നും സര്‍ക്കാരില്‍ നിന്നും ലഭിക്കുന്ന സ്‌പോണ്‍സര്‍ഷിപ്പ് അടക്കമുള്ള കാര്യങ്ങള്‍.

തങ്ങളുടെ വരുമാനം സംബന്ധിച്ച് യാതൊരു വിധത്തിലുള്ള വ്യക്തതയും വരുത്താന്‍ ശൗര്യ ഡോവല്‍ തയാറല്ലെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. കോണ്‍ഫറന്‍സ്, പരസ്യങ്ങള്‍, ജേണല്‍ എന്നിവയാണ് തങ്ങളുടെ വരുമാന സ്രോതസ് എന്ന് ഡോവല്‍ പറയുന്നുണ്ടെങ്കിലും ന്യൂഡല്‍ഹിയിലെ കണ്ണായ ല്യൂട്ട്യന്‍സ് ഡല്‍ഹിയിലുള്ള ഹെയ്‌ലി റോഡിലെ ആഡംബര കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ഈ സ്ഥാപനത്തിന്റെ സാമ്പത്തിക ഇടപാടുകളെല്ലാം ദുരൂഹമാണ്.

പ്രധാനമന്ത്രിയുടെ ഓഫീസിലെ പ്രധാനിയായ അജിത് ഡോവലിന്റെ മകനും കേന്ദ്രമന്ത്രിമാരും എല്ലാം ഇത്തരത്തിലൊരു സ്ഥാപനത്തില്‍ പ്രവര്‍ത്തിക്കുന്നത് കോണ്‍ഫ്‌ളിക്ട് ഓഫ് ഇന്ററസ്റ്റായി മോദിക്ക് തോന്നിയിട്ടില്ലേ എന്ന ചോദ്യത്തോട് അദ്ദേഹത്തിന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറി നൃപേന്ദ്ര മിശ്ര മൗനം പാലിച്ചെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

http://www.azhimukham.com/nation-the-golden-touch-of-jay-amit-shah/

Next Story

Related Stories