UPDATES

ട്രെന്‍ഡിങ്ങ്

കര്‍ണ്ണാടകയില്‍ തോറ്റ യുദ്ധം കോണ്‍ഗ്രസ്സ് തിരിച്ചുപിടിച്ചതിങ്ങനെ

ബിജെപിയുടെ ഉന്നത നേതൃത്വത്തിന് ഉണ്ടെന്ന് പറയപ്പെടുന്ന ‘ചാണക്യബുദ്ധി’യും മറ്റും അമ്പേ പരാജയപ്പെടുന്ന കാഴ്ചയാണ് കർണാടകത്തിൽ കണ്ടത്.

കോൺഗ്രസ്സിന്റെ ശേഷികളിൽ സംശയമുന്നയിച്ചവർക്കുള്ള കൃത്യതയാർന്ന മറുപടിയാണ് കർണാടക തെരഞ്ഞെടുപ്പും അതിനോടനുബന്ധിച്ചുണ്ടായ രാഷ്ട്രീയ നാടകങ്ങളും നൽകിയത്. രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ഊർജ്വസ്വലമായ അണിയറ നീക്കങ്ങളാണ് കർണാടക തെരഞ്ഞെടുപ്പ് നടന്ന മെയ് 12ന്റെ തലേദിവസം മുതൽ കോൺഗ്രസ്സ് നടത്തിയത്. പ്രധാനപ്പെട്ട ദേശീയനേതാക്കളും സംസ്ഥാനത്തെ മുതിർന്ന കോൺഗ്രസ്സ് നേതാക്കളും ഉൾപ്പെട്ട സംഘം സ്ഥിതിഗതികളെ അതിസൂക്ഷ്മമായി വിലയിരുത്തുകയും കൃത്യതയുള്ള പ്രവചനങ്ങൾ നടത്തി അതിനെ അടിസ്ഥാനമാക്കി തന്ത്രങ്ങൾ രൂപപ്പെടുത്തുകയും ചെയ്തു.

വേട്ടെടുപ്പ് കഴിഞ്ഞ് വോട്ടെണ്ണൽ നടക്കുന്നതിന് ഒരുദിവസം മുമ്പ്, പതിന്നാലാം തിയ്യതി രാവിലെ രാഹുൽ ഗാന്ധി, അഹമ്മദ് പട്ടേൽ, ഗുലാം നബി ആസാദ്, അശോക് ഗെഹ്‌ലോട്ട്, കെസി വേണുഗോപാൽ എന്നിവർ ഒരു കൂടിക്കാഴ്ച നടത്തി. ജനതാദൾ സെക്യൂലർ മുന്നേറ്റം നടത്തുമെന്ന കാര്യം ഏതാണ്ട് വ്യക്തമായിരുന്നു. ഈ കൂടിക്കാഴ്ചയിലെടുത്ത പ്രധാന തീരുമാനം ജെഡിഎസ്സിന് നിരുപാധികമായ പിന്തുണ വാഗ്ദാനം ചെയ്യുക എന്നതായിരുന്നു. ഉന്നതതല യോഗത്തിലെടുത്ത ഈ തീരുമാനം ജെഡിഎസ്സിന് ഉടൻ തന്നെ സന്ദേശമായി പോയി.

ബിജെപി കളിക്കാൻ പോകുന്ന കളികളുടെ സ്വഭാവം കോൺഗ്രസ്സ് നേതാക്കൾ വ്യക്തമായി മനസ്സിലാക്കിയിരുന്നു. ബിജെപി എടുത്തുപയോഗിക്കാനിടയുള്ള ഓരോ തന്ത്രങ്ങൾക്കും മറുതന്ത്രം കോൺഗ്രസ്സ് രൂപകൽപ്പന ചെയ്തു വെച്ചു. തെരഞ്ഞെടുപ്പു ചുമതലയുള്ള എഐസിസി സെക്രട്ടറിമാരും മുതിർന്ന നേതാക്കളുമെല്ലാം ബെംഗളൂരുവിൽ വോട്ടെണ്ണലിന്റെ തലേന്നും പിറ്റേന്നുമായി എത്തിച്ചേർന്നു. രാഷ്ട്രീയമായും നിയമപരമായും ചെയ്യേണ്ട കാര്യങ്ങളിൽ വ്യക്തത വന്നു കഴിഞ്ഞിരുന്നു.

നിയമപരമായ നീക്കങ്ങൾക്ക് അഭിഷേക് മനു സംഘ്‌വിയും, കർണാടക കോൺഗ്രസ്സിലെ മുതിർന്ന നേതാവും നിയമകാര്യങ്ങളിൽ വിദഗ്ധനുമായ എംബി പാട്ടീലും ചേർന്നാണ് തന്ത്രങ്ങൾ മെനഞ്ഞത്. കോൺഗ്രസ്സ്-ജെഡിഎസ് സഖ്യത്തെ വിളിക്കാതെ കേവലഭൂരുപക്ഷമില്ലാത്ത ബിജെപിയെ ഗവർണർ സർക്കാരുണ്ടാക്കാൻ ക്ഷണിക്കുമെന്ന് മനസ്സിലാക്കിയതിന്റെ അടിസ്ഥാനത്തിൽ ഇതിൽ സമര്‍പ്പിക്കേണ്ട ഹരജി തയ്യാറാക്കി വെച്ചു. രാത്രി 9.30ന് യെദ്യൂരപ്പയെ സർക്കാരുണ്ടാക്കാൻ ക്ഷണിച്ചു. നേരത്തെ തയ്യാറാക്കിയ ഹരജിയിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തിയ സിംഘ്‌വിയുടെ ജൂനിയർ വക്കീലന്മാരുടെ സംഘം സുപ്രീംകോടതിയിലേക്ക് കുതിച്ചു. പത്തുമണിക്കു ശേഷം ഹരജി സമർപ്പിക്കപ്പെട്ടു. കാലത്ത് 1.45ന് നടന്ന വാദം കേൾക്കലിന് സിംഘ്‌വിയും എത്തിച്ചേർന്നു.

ചണ്ഡിഗഢിലായിരുന്ന സിംഘ്‍വിയെ ദില്ലിയിലെത്തിച്ചത് പ്രത്യേക വിമാനം ചാർട്ട് ചെയ്താണ്. കോൺഗ്രസ്സ്-ജെഡിയു സഖ്യത്തെ സര്‍ക്കാരുണ്ടാക്കാൻ വിളിക്കാൻ ഗവർണറോട് നിർദ്ദേശിക്കണമെന്നാവശ്യപ്പെട്ടുള്ള കോൺഗ്രസ്സിന്റെ ഹരജി തള്ളപ്പെട്ടിരുന്നു. ഗവർണറുടെ വിവേചനാധികാരത്തിൽ ഇടപെടാൻ കോടതിക്ക് അധികാരമില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഇത്.

മെയ് 17ന് യെദ്യൂരപ്പ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റതോടെ കോൺഗ്രസ്സ് വീണ്ടും കോടതിയിലേക്ക് നീങ്ങി. യെദ്യൂരപ്പ ഗവർണർക്ക് നൽകിയ കത്തിലെ അവ്യക്തതകൾ മനസ്സിലാക്കിയ കോടതി വിശ്വാസവോട്ട് 19ന് ഉച്ചതിരിഞ്ഞ് നാലുമണിക്കു മുമ്പായി നടത്തണമെന്ന് ആവശ്യപ്പെട്ടു. ചാക്കിട്ടുപിടിത്തത്തിന് കുറച്ചു നാളുകൾ കിട്ടുമെന്ന ബിജെപിയുടെ പ്രതീക്ഷ തകരുകയായിരുന്നു.

‌ഇതിനകം തന്നെ കോൺഗ്രസ്സ്, ജെഡിയു എംഎൽഎമാരെ ചാക്കിട്ടു പിടിക്കാൻ ബിജെപി സന്നാഹങ്ങളൊരുക്കിയിരുന്നു. യെദ്യൂരപ്പ, ജനാർദ്ദൻ റെഡ്ഢി തുടങ്ങിയ നേതാക്കൾ പണവും സ്വാധീനവുമുപയോഗിച്ച് എംഎൽഎമാരെ വീഴ്ത്താനുള്ള ശ്രമങ്ങൾ തുടങ്ങി. കോൺഗ്രസ്സ് തിരിച്ചും അതേ തന്ത്രം പ്രയോഗിക്കാൻ ശ്രമിക്കുമെന്ന് റിപ്പോർട്ടുകൾ വന്നിരുന്നെങ്കിലും കോൺഗ്രസ്സിന്റെ ആലോചന മറ്റൊന്നായിരുന്നു. ബിജെപിയുടെ കുത്സിത രാഷ്ട്രീയത്തെ തുറന്നു കാട്ടി അവരുടെ ആത്മവിശ്വാസം കെടുത്തുക എന്ന അടവ് കോൺഗ്രസ്സ് പ്രയോഗിച്ചു. കൂടെയുള്ളവരെ പിടിച്ചു നിറുത്തിയാൽ മാത്രം മതിയാകുമായിരുന്നു കോൺഗ്രസ്സിന്.

‘റിസോർട്ട് രാഷ്ട്രീയ’ത്തിനുള്ള സാധ്യത ഉടലെടുക്കുകയായിരുന്നു. എംഎൽഎമാരെ മാറ്റുകയല്ലാതെ മറ്റു വഴികളില്ലെന്ന് കോൺഗ്രസ്സ് കണ്ടു. പലതരം പ്രശ്നങ്ങളാണ് കോൺഗ്രസ്സ് എംഎൽഎമാർക്ക് നേരിടാനുണ്ടായിരുന്നത്. 18 ലിംഗായത്ത് എംഎൽഎമാർ കോൺഗ്രസ്സിലുണ്ട്. ഇവരെ ചാക്കിട്ടു പിടിക്കാൻ ലിംഗായത്തുകളുടെ നേതാവായി അറിയപ്പെടുന്ന യെദ്യൂരപ്പ എല്ലാ ശ്രമങ്ങളും നടത്താനിടയുണ്ട്. സമുദായ സമ്മർദ്ദത്തിൽ പലരും വീണേക്കാം. പണത്തിൽ വീഴാനിടയുള്ളവരെ അങ്ങനെയും വീഴ്ത്താനിടയുണ്ട്. മെയ് 15ന് തെരഞ്ഞെടുപ്പു ഫലം വന്നയുടനെ കോൺഗ്രസ്സും ജെഡിഎസ്സും തങ്ങളുടെ എംഎൽഎമാരെ ബെംഗളൂരുവിലെ ഹോട്ടലുകളിലേക്ക് മാറ്റി. ഇതിനിടെ രണ്ട് കോൺഗ്രസ്സ് എംഎൽഎമാരെ കാണാതായി. ഇവരെ പിടികൂടാൻ സംസ്ഥാനത്തെ സാമ്പത്തികശേഷിയുള്ള നേതാക്കളിലൊരാളായ ഡികെ ശിവകുമാറിനെ ദൗത്യമേൽപ്പിച്ചു കോൺഗ്രസ്സ്.

2002ൽ മഹാരാഷ്ട്രയിലെ വിലാസ് റാവു ദേശ്മുഖിന്റെ സര്‍ക്കാരിന് വിശ്വാസവോട്ട് തേടേണ്ടി വന്നു. ചാക്കിട്ടുപിടിത്തം ഭയന്ന ദേശ്മുഖ് അയൽസംസ്ഥാനമായ കർണാടക ഭരിച്ചിരുന്ന എസ്എം കൃഷ്ണയുടെ സഹായം തേടി. ക‍ൃഷ്ണ ഈ ദൗത്യം ഏൽപ്പിച്ചത് അന്ന് തന്റെ മന്ത്രിസഭയിൽ നഗരവികസന മന്ത്രിയായിരുന്ന ഡികെ ശിവകുമാറിനെയാണ്. മഹാരാഷ്ട്ര എംഎൽഎമാരെ ശിവകുമാർ സുരക്ഷിതമായി ബെംഗളൂരു നഗരപ്രാന്തത്തിലുള്ള ഈഗിൾടൺ റിസോർട്ടിൽ താമസിപ്പിച്ചു. ഇക്കാലത്ത് ഗാന്ധി കുടുംബവുമായി അടുത്ത ബന്ധമുണ്ടാക്കിയ ശിവകുമാറിനു തന്നെയാണ് ഇത്തവണയും എംഎൽഎമാരെ സുരക്ഷിതരാക്കാനുള്ള ചുമതല നൽകിയത്.

തങ്ങളുടെ ആന്ദ് സിങ്, പ്രതാപ് ഗൗഡ പാട്ടീൽ എന്നീ എംഎൽഎമാരെ കോൺഗ്രസ്സിന് പിടിക്കാനായില്ല. ഡികെ ശിവകുമാർ ഇവർ എവിടെയുണ്ടെന്ന് എളുപ്പത്തിൽ കണ്ടെത്തി. ഇവരെ ബിജെപി ബെംഗളൂരുവിലെ ഗോൾഡ്ഫിഞ്ച് ഹോട്ടലിൽ താമസിപ്പിച്ചിരിക്കുകയായിരുന്നു. ഡികെ ശിവകുമാറിന്റെ പ്രതിനിധികളും ചില കോൺഗ്രസ്സ് നേതാക്കളും സ്ഥലത്തെത്തിയെങ്കിലും ഹോട്ടലിനകത്തേക്ക് കയറ്റിവിട്ടില്ല. ഒടുവിൽ ശിവകുമാർ നേരിട്ടെത്തി രണ്ടുപേരെയും പൊക്കുകയായിരുന്നു.

എംഎൽഎമാരെ ബെംഗളൂരുവിൽ നിന്നും മാറ്റുന്നത് തടയാനുള്ള എല്ലാ കളികളും ബിജെപി കളിച്ചു. കൂടുതല്‍ സുരക്ഷിതമായ ഇടമെന്ന നിലയിലും, സംസ്ഥാന സർക്കാരിന്റെ അനുകൂല മനോഭാവം ഏറെ പ്രകടമാണ് എന്നതിനാലും കൊച്ചിയിലേക്ക് എംഎൽഎമാരെ മാറ്റാമെന്നായിരുന്നു കോൺഗ്രസ്സിന്റെ ആദ്യ തീരുമാനം. എന്നാൽ, ഇതിനായി ഫ്ലൈറ്റ് ചാർട്ട് ചെയ്യാനുള്ള ശ്രമം കേന്ദ്ര വ്യോമയാന മന്ത്രാലയം തടഞ്ഞു. വിമാനാനുമതി ലഭിച്ചില്ല. റോഡ് മാർഗം കേരളത്തിലെത്തുന്നതിന് പ്രായോഗിക പ്രശ്നങ്ങളുള്ളതിനാൽ ഹൈദരാബാദ് തെരഞ്ഞെടുത്തു. റോഡുമാർഗം ഹൈദരാബാദിലെ താജ് കൃഷ്ണ ഹോട്ടലിലേക്ക് മെയ് 18 വെള്ളിയാഴ്ച എത്തിച്ചേർന്നു.

ശനിയാഴ്ച വൈകീട്ട് തിരിച്ച് ബെംഗളൂരുവിലേക്ക് നീങ്ങാൻ നേരത്ത് ഒരു എംഎൽഎയെ കാണാതായത് കോൺഗ്രസ്സ് വ‍ൃത്തങ്ങളിൽ ആശങ്ക സൃഷ്ടിച്ചു. ഹോട്ടലിൽ നടത്തിയ തിരച്ചിലുകൾക്കൊടുവിൽ കക്ഷിയെ കണ്ടെത്തി. തലേന്നത്തെ യാത്രയുടെ ക്ഷീണം തീർക്കാൻ ഹോട്ടലിലെ സ്വിമ്മിങ് പൂളിൽ നീന്തിത്തുടിക്കുകയായിരുന്നു അദ്ദേഹം.

സാധാരണഗതിയിൽ, റിസോർട്ട് രാഷ്ട്രീയം ഉടലെടുക്കുമ്പോൾ ഒളിച്ചുമാറ്റുന്ന ജനപ്രതിനിധികള്‍ ആരുമായും ബന്ധപ്പെടാതിരിക്കാൻ ഫോണുകൾ പിടിച്ചെടുക്കാറുണ്ട്. ഇത്തരം കളികളിൽ കോൺഗ്രസ്സിന് മുൻ‌പരിചയമില്ലാത്തതല്ല. ഇതാദ്യമായി എംഎൽഎമാര്‍ക്ക് ആരുമായും ഫോണിൽ‌ ബന്ധപ്പെടാനുള്ള അവസരം കോൺഗ്രസ്സ് നൽകി. ഒരു നിബന്ധന മാത്രം വെച്ചു. ഫോണ്‍കോൾ റെക്കോർഡ് ചെയ്യാനുള്ള മൊബൈൽ ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യണം!

ബിജെപിയെ പരമാവധി നാറ്റിക്കാൻ കിട്ടിയ സുവർണാവസരമായി ഇതിനെ കോൺഗ്രസ്സ് ഉപയോഗിച്ചു. ജനാർദ്ദൻ റെഡ്ഢി, ശ്രീരാമുലു, യെദ്യൂരപ്പ തുടങ്ങിയ, ബിജെപിയുടെ മുതിർന്ന നേതാക്കൾ പണവും മന്ത്രിപദവിയും വാഗ്ദാനം ചെയ്യുന്ന ഓഡിയോ ക്ലിപ്പുകൾ മെയ് 18 മുതൽ കോൺഗ്രസ്സ് പുറത്തിറക്കിത്തുടങ്ങി. ആദ്യത്തെ ക്ലിപ്പ് ജനാർദ്ദൻ റെഡ്ഢിയും ബാസൻഗൗഡ ദദ്ദാലും തമ്മിലുള്ളതായിരുന്നു. റായ്ചൂരിൽ നിന്നും ജയിച്ച കർഷകനേതാവു കൂടിയായി ബാസൻഗൗഡ നേരത്തെ ഖനന കുംഭകോണക്കാലത്ത് റെ‍ഡ്ഢിയുടെ അനുയായി ബി ശ്രീരാമുലു ബിജെപി പിളർന്നെത്തി രൂപീകരിച്ച ബദവാര ശ്രമികാര റൈതാര കോൺഗ്രസ്സ് എന്ന സംഘടനയിൽ പ്രവർത്തിച്ചിരുന്നു. റെഡ്ഢിയോട് ബഹുമാനത്തോടെ സംസാരിച്ച ബാസവൻഗൗഡ തനിക്ക് ടിക്കറ്റ് തന്നവരെ ചതിക്കാനില്ലെന്ന് വ്യക്തമാക്കി.

പിന്നീട് പുറത്തുവന്നത് മുഖ്യമന്ത്രി യെദ്യൂരപ്പ തന്നെ ഒരു എംഎൽഎയെ ചാക്കിടാൻ ശ്രമിക്കുന്നതിന്റെ ഓഡിയോ ക്ലിപ്പാണ്. ഹിരെകേരൂർ എംഎൽഎ ബിസി പാട്ടീലിനെ വിളിച്ച് മന്ത്രിപദവി വാഗ്ദാനം ചെയ്യുന്നതായിരുന്നു ഈ ഓഡിയോ ക്ലിപ്പിന്റെ ഉള്ളടക്കം. വാട്സാപ്പിലൂടെ അതിവേഗം പ്രചരിക്കുന്ന തരത്തിലുള്ള ചെറിയ ഓഡിയോ ക്ലിപ്പുകളാണ് കോൺഗ്രസ്സ് പുറത്തുവിട്ടത്. യെദ്യൂരപ്പയുടെ മകൻ വിജയേന്ദ്ര കോൺഗ്രസ്സ് നേതാക്കളുടെ ഭാര്യമാരെ വിളിക്കുന്നതിന്റെ ക്ലിപ്പുകളും പുറത്തു വന്നതോടെ നാണക്കേടിന്റെ വലിപ്പം കൂടി.

ക്ലിപ്പുകൾ പുറത്തു വിടുന്ന കോൺഗ്രസ്സിന്റെ നടപടി ‘വൃത്തികെട്ട കളി’യാണെന്ന ബിജെപി നേതാവ് പ്രകാശ് ജാവദേക്കറിന്റെ പ്രസ്താവന പാർട്ടി എത്തിപ്പെട്ട കെണിയുടെ വലിപ്പം ബോധ്യമാക്കുന്നതായിരുന്നു. ഓഡിയോ ക്ലിപ്പുകൾ പുറത്തു വന്നു തുടങ്ങിയതോടെ ഉപജാപങ്ങൾക്ക് നേതൃത്വം നൽകി യെദ്യൂരപ്പയോടൊപ്പമുണ്ടായിരുന്ന ബിജെപി ദേശീയ നേതൃത്വം പതുക്കെ പിൻവലിയുന്നതാണ് കണ്ടത്. ബിജെപിയുടെ സ്ഥിരം ‘ചാണക്യൻ’ അമിത് ഷായും മറ്റും ഒരു പരാമർശം കൊണ്ടു പോലും സീനിൽ വരാതിരിക്കാൻ ഉന്നത നേതാക്കളും ശ്രദ്ധ പുലർത്താൻ തുടങ്ങി. നാണം കെടുന്നതിൽ മുൻപരിചയമുള്ള യെദ്യൂരപ്പയുടെ കോർട്ടിൽ മാത്രമായി പന്ത്.

ബിജെപിയുടെ ഉന്നത നേതൃത്വത്തിന് ഉണ്ടെന്ന് പറയപ്പെടുന്ന ‘ചാണക്യബുദ്ധി’യും മറ്റും അമ്പേ പരാജയപ്പെടുന്ന കാഴ്ചയാണ് കർണാടകത്തിൽ കണ്ടത്. കോൺഗ്രസ്സിന് അതിചടുലമായ രാഷ്ട്രീയനീക്കങ്ങൾ നടത്താനുള്ള ആത്മവിശ്വാസം തിരിച്ചുകിട്ടിയെന്നതിന്റെ തെളിവായും ബിജെപിയുടെ പരാജയം എണ്ണപ്പെടുന്നുണ്ട്.

അഴിമുഖം വാട്‌സ്ആപ്പില്‍ ലഭിക്കാന്‍ 7356834987 എന്ന നമ്പര്‍ നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്യൂ… നിങ്ങളുടെ പേര് പറഞ്ഞുകൊണ്ടു ഒരു വാട്‌സ്ആപ്പ് മെസേജ് ഞങ്ങളുടെ നമ്പറിലേക്ക് അയക്കുക.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍