TopTop
Begin typing your search above and press return to search.

നിരന്തര ദുരന്തങ്ങള്‍ നമ്മെ ഓര്‍മ്മിപ്പിക്കുന്നത് നമ്മുടെ രാഷ്ട്രീയ നേതൃത്വത്തിന്റെ കാപട്യം?

നിരന്തര ദുരന്തങ്ങള്‍ നമ്മെ ഓര്‍മ്മിപ്പിക്കുന്നത് നമ്മുടെ രാഷ്ട്രീയ നേതൃത്വത്തിന്റെ കാപട്യം?
28 കാരിയായ ഖുശ്ബു ബന്‍സാലിയുടെ പിറന്നാള്‍ ആഘോഷിക്കുന്നതിനാണ് വ്യാഴാഴ്ച വൈകിട്ട് ഖുശ്ബുവും കസിന്‍ കിന്‍ജലും മറ്റ് ചിലരും ലോവര്‍ പരേല്‍ പ്രദേശത്തുള്ള 'വണ്‍എബൗവ്' പബില്‍ എത്തിയത്. ഇന്ത്യയുടെ നാഗരിക അവ്യവസ്ഥകളും അഴിമതി ആണ്ടിറങ്ങിയ അതിന്റെ ഭരണകൂടവും ചേര്‍ന്ന പണ്ടുകാലത്ത് തുണിമില്ലുകള്‍ സ്ഥിതി ചെയ്തിരുന്ന സ്ഥലത്ത് ഉയര്‍ന്നുവിട്ടുള്ള മുംബൈയുടെ ആഘോഷ സ്ഥലങ്ങളില്‍ വച്ച് പതിനാല് ജീവനുകള്‍ കൂടി കവര്‍ന്ന ആ വൈകുന്നേരത്തെ ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ ഇരുവരും മരണമടഞ്ഞു.

പിറന്നാള്‍ ആഘോഷം നടക്കുന്ന മേശയ്ക്ക് കുറച്ച് അകലെ ഒരു കുടുംബത്തില്‍ നിന്നുള്ള വിദേശ ഇന്ത്യക്കാരുടെ ഒരു സംഘം ഇരിക്കുന്നുണ്ടായിരുന്നു. ഭാരതി ജോഷിയും സഹോദരി പ്രമീളയും മരുമക്കളും മറ്റ് ചിലരും അടങ്ങിയ ആ സംഘം അമേരിക്കന്‍ ജീവിതത്തില്‍ നിന്നുള്ള താല്‍ക്കാലിക ഇടവേള ആഘോഷിക്കുകയായിരുന്നു. കൂട്ടത്തില്‍ ചിലര്‍ തിരിച്ച് ഇന്ത്യയിലേക്ക് മടങ്ങാനുള്ള സാധ്യതകള്‍ അന്വേഷിക്കുന്നവരുമായിരുന്നു. ഏതാനും മണിക്കൂറുകള്‍ക്ക് ശേഷം പ്രമീളയെയും അവരുടെ മരുമക്കളായ ദാരിയെയും വിശ്വയെയും മരിച്ച നിലയില്‍ കെ എം ഇ ആശുപത്രിയിലേക്ക് കൊണ്ടുവന്നു. ഇന്ത്യയിലേക്ക് മടങ്ങി വരുന്നതിനുള്ള പദ്ധതികളെ കുറിച്ചായിരുന്നു മരുമക്കള്‍ ചര്‍ച്ച ചെയ്തിരുന്നത്. പക്ഷെ, രാജ്യത്തിന്റെ പരമോന്നത പദവികളില്‍ വരെ ഇഴഞ്ഞുകയറിയ അഴിമതിയുടെ ആഴങ്ങളില്‍ വേരൂന്നിയതാണ് ഇന്ത്യയുടെ കൊട്ടിഘോഷിക്കപ്പെട്ട സാമ്പത്തിക വളര്‍ച്ചയുടെ തിളക്കമെന്ന് അവര്‍ തിരിച്ചറിഞ്ഞില്ല.

വ്യാഴാഴ്ച നടന്ന തീപ്പിടിത്തത്തില്‍ 11 സ്ത്രീകള്‍ ഉള്‍പ്പെടെ 14 പേര്‍ മരിക്കുകയും 54 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. വര്‍ഷാവസാനം നടന്ന ഈ ദുരന്തത്തെ കുറിച്ച് അന്വേഷണത്തിന് ഉത്തരവിടാന്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് നിര്‍ബന്ധിതനായി. പ്രൗഢമായ കമല്‍ മില്‍സ് വളപ്പിലുള്ള ട്രേഡ് ഹൗസ് കെട്ടിടത്തില്‍ സ്ഥിതി ചെയ്യുന്ന വണ്‍എബൗവ് എന്ന ഭക്ഷണശാലയ്ക്ക്, ചട്ടലംഘനങ്ങളുടെ പേരില്‍ നേരത്തെ തന്നെ ബ്രിഹാന്‍മുംബെ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ (ബിഎംസി) നോട്ടീസ് നല്‍കുകയും അനധികൃത നിര്‍മ്മാണത്തിന്റെയും കൂട്ടിച്ചേര്‍ക്കലുകളുടെയും പേരില്‍ പ്രോസിക്യൂഷന്‍ നടപടികള്‍ നേരിടുകയും ചെയ്തിട്ടുണ്ട് എന്ന് വെളിപ്പെട്ടതിനെ തുടര്‍ന്ന് അഞ്ച് മുന്‍സിപ്പല്‍ ജീവനക്കാരെ സസ്‌പെന്റ് ചെയ്തിട്ടുണ്ട്.

വണ്‍എബൗവിലും അതിനോട് ചേര്‍ന്ന മോജോസ് ബിസ്‌ട്രോയിലും ബിഎംസി നടത്തിയ പരിശോധനകളില്‍ ചട്ടലംഘനങ്ങളുടെ ഒരു പരമ്പര തന്നെ കണ്ടെത്തിയ ചരിത്രമുണ്ടായിട്ടും പത്തുവര്‍ഷം മുമ്പ് വണ്‍എബൗവിന്റെ ലൈസന്‍സ് പുതുക്കാന്‍ ഉദ്യോഗസ്ഥര്‍ അനുമതി നല്‍കി. തങ്ങളുടെ സ്ഥലത്ത് നിന്നല്ല അഗ്നിബാധ ഉത്ഭവിച്ചതെന്ന് വണ്‍എബൗവ് മാനേജ്‌മെന്റ് ഒരു പ്രസ്താവനയില്‍ പറഞ്ഞിട്ടുണ്ടെങ്കിലും, വണ്‍എബൗവ് നടത്തുന്ന സിഗ്രിഡ് ഓസ്പിറ്റാലിറ്റി ആന്റ് എന്റര്‍ടെയ്ന്‍മെന്റ് എല്‍എല്‍പിയുടെ മൂന്ന് ഡയറക്ടര്‍മാരെയും പബിന്റെ മാനേജരേയും അറസ്റ്റ് ചെയ്യുകയും മനഃപൂര്‍വമല്ലാത്ത നരഹത്യയും ഇന്ത്യന്‍ ശിക്ഷ നിയമത്തിലെ മറ്റ് വകുപ്പുകളും ചേര്‍ത്ത് കേസെടുക്കുകയും ചെയ്തിട്ടുണ്ട്.

മുന്‍കാലങ്ങളില്‍ നടത്തിയിട്ടുള്ള ഒന്നിലധികം നിയമലംഘനങ്ങള്‍ കണക്കിലെടുക്കാതെ ഭക്ഷണശാലകള്‍ക്ക് പ്രവര്‍ത്തനം തുടരാന്‍ അനുമതി നല്‍കിയതിലെ വീഴ്ചകളുടെയും കൃത്യനിര്‍വഹണത്തിലെ അശ്രദ്ധയുടെയും പേരില്‍ ബിഎംസിയുടെ പ്രാദേശിക ഓഫീസിലെ അഞ്ച് ഉദ്യോഗസ്ഥരെ മുന്‍സിപ്പല്‍ കമ്മീഷണര്‍ അജോയ് മെഹ്ത സസ്‌പെന്റ് ചെയ്യുകയും ജി-തെക്ക് വാര്‍ഡിലെ അസിസ്റ്റന്റ് മുന്‍സിപ്പല്‍ കമ്മീഷണറെ സ്ഥലം മാറ്റുകയും ചെയ്തിട്ടുണ്ട്. കുഴപ്പം പിടിച്ച നഗര അഭിവൃദ്ധിയാണ് ചിലവേറിയ നമ്മുടെ രാഷ്ട്രീയ സംവിധാനത്തിന് ഇന്ധനം പകരകയും ഉദ്യോഗസ്ഥരുടെ പോക്കറ്റുകള്‍ നിറയ്ക്കുകയും ചെയ്യുന്നത് എന്ന വസ്തുതയാണ് മുഖ്യമന്ത്രിയും ഉയര്‍ന്ന ഉദ്യോഗസ്ഥരും അംഗീകരിക്കാന്‍ മടിക്കുന്നത്. ഭക്ഷണശാലകളും നിര്‍മ്മാണ കുത്തകകളും കരാറുകാരും കുറ്റവാളികളും നഗരവല്‍ക്കരണത്തിന്റെ ഗുണഭോക്താക്കളായ മറ്റുള്ളവരും ഒഴുക്കുന്ന കള്ളപ്പണം കൂടാതെ വര്‍ത്തമാനകാല പ്രവര്‍ത്തനങ്ങളുടെ ചിലവ് താങ്ങാന്‍ ഇന്ത്യയിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് സാധിക്കില്ല. നിയമലംഘകരുടെയും ക്രിമിനലുകളുടെയും കള്ളപ്പണത്തിന്റെ ബലത്തിലാണ് ഇന്ത്യന്‍ ജനാധിപത്യം തിരഞ്ഞെടുപ്പുകള്‍ കൊണ്ടാടുന്നത്.

തങ്ങളുടെ കൈകളില്‍ ചോര പുരണ്ടിട്ടുണ്ടെന്ന വസ്തുത സമ്മതിക്കാന്‍ നമ്മുടെ രാഷ്ട്രീയ നേതാക്കളും ഉദ്യോഗസ്ഥരും വിസമ്മതിക്കുന്നിടത്തോളം കാലം, തീഗോളമായി മാറുന്ന പബുകളിലേക്ക് യുവ തലമുറയെ അയയ്ക്കുന്നത് ഇന്ത്യയില്‍ തുടര്‍ന്നുകൊണ്ടേയിരിക്കും. മത്സ്യബന്ധന തൊഴിലാളികളെ വിഴുങ്ങാന്‍ തയ്യാറായി നില്‍ക്കുന്ന കടലിലേക്ക് അവരെ അയച്ചുകൊണ്ടേയിരിക്കും. തിരക്കില്‍പെട്ട്് മരിക്കുന്നതിനായി ദൈനംദിന യാത്രക്കാരെ നമ്മള്‍ റയില്‍വേ സ്റ്റേഷനുകളിലേക്ക് അയച്ചുകൊണ്ടേയിരിക്കും. അപകടങ്ങളില്‍ പെടുമെന്ന് ഉറപ്പുള്ള വാഹനങ്ങളില്‍ നമ്മുടെ കുഞ്ഞുങ്ങളെ കയറ്റിവിട്ടുകൊണ്ടേയിരിക്കും. സിനിമയ്ക്ക് പോകുന്നവര്‍ സിനിമശാലകളില്‍ വച്ച് കരിഞ്ഞ് ചാമ്പലായിക്കൊണ്ടേയിരിക്കും.

ഇന്ത്യന്‍ ജനാധിപത്യത്തിന്റെ അടിസ്ഥാന വീഴ്ചകളെ അഭിസംബോധന ചെയ്യാന്‍ സാധിക്കാതിരിക്കുന്നിടത്തോളം അടുത്ത കൊടുങ്കാറ്റിന്റെ അടുത്ത അഗ്നിബാധയുടെ ഇരകള്‍ നമ്മളില്‍ മിക്കവരുമായിരിക്കും. രാഷ്ട്രീയ കുത്തകള്‍ക്ക് ഇന്ധനമാകുന്ന കള്ളപ്പണത്തെ ശുദ്ധീകരിക്കേണ്ടിയിരിക്കുന്നു. നമ്മുടെ നേതാക്കളുടെ കാപട്യത്തെ വെല്ലുവിളിക്കേണ്ടിയിരിക്കുന്നു. അല്ലെങ്കില്‍ വരുന്ന വര്‍ഷങ്ങളൊക്കെ തന്നെയും നമുക്ക് ദുരന്തങ്ങളില്‍ അവസാനിപ്പിക്കേണ്ടി വരും. എന്തൊരു രീതിയിലാണ് ഇന്ത്യ ഒരു വര്‍ഷത്തിന് വിടപറയുന്നതെന്ന് അലോചിക്കുക. 2018 ആവാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെ, ഒരിക്കലും മോചനമില്ലാത്ത അഴിമതിയും നിര്‍വികാരതയും നിറഞ്ഞ ഒന്നായി നമ്മള്‍ തുടരുമെന്ന് ലോകത്തെ ഇന്ത്യ കൃത്യമായി ഓര്‍മ്മിപ്പിച്ചുകൊണ്ടിരിക്കുകയാണ്. വിക്ഷോഭിതമായ കടലില്‍ മത്സ്യബന്ധന തൊഴിലാളികളും കത്തുന്ന പബുകളില്‍ നമ്മുടെ യുവതയും തങ്ങളുടെ ജീവന്‍ ബലികൊടുക്കുമ്പോള്‍, ആള്‍ക്കൂട്ട കൊലയ്ക്കും വിദ്വേഷങ്ങള്‍ക്കും നേരെ കണ്ണടയ്ക്കുന്ന ഒരു സമൂഹമായി നമ്മള്‍ തുടരുന്നു. മുംബൈ തീപിടിത്തത്തില്‍ മരിച്ച ഖുശ്ബുവും നമ്മുടെ ആള്‍ക്കൂട്ട കൊലപാതകങ്ങളിലെ ഇരകളും തമ്മില്‍ വലിയ വ്യത്യാസമില്ലെന്നുള്ളതാണ് വസ്തുത. അഴിമതിയും നിര്‍വികാരതയും ജനാധിപത്യവിരുദ്ധവുമായ ഒരു സമൂഹമായി നമ്മള്‍ മാറിയതിന്റെ വിലയാണ് അവരൊക്കെ നല്‍കിയത്.


Next Story

Related Stories