Top

ദലിത് എന്ന വാക്ക് ഉപയോഗിക്കരുത്; ചാനലുകള്‍ക്ക് ഐ ആന്‍ഡ് ബി മന്ത്രാലയത്തിന്റെ നിര്‍ദ്ദേശം

ദലിത് എന്ന വാക്ക് ഉപയോഗിക്കരുത്; ചാനലുകള്‍ക്ക് ഐ ആന്‍ഡ് ബി മന്ത്രാലയത്തിന്റെ നിര്‍ദ്ദേശം
ദലിത് എന്ന് ഉപയോഗിക്കുന്നത് ഒഴിവാക്കാനാണ് രാജ്യത്തെ സ്വകാര്യ ടെലിവിഷന്‍ ചാനലുകള്‍ക്ക് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം ന്ല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. ദ ഹൂട്ട് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കോടതി ഉത്തരവ് ചൂണ്ടിക്കാട്ടിയാണ് ഐ ആന്‍ഡ് ബി മന്ത്രാലയത്തിന്റെ വിവാദ നിര്‍ദ്ദേശം. ബോംബെ ഹൈക്കോടതിയുടെ നാഗ്പൂര്‍ ബഞ്ചിന്റെ ഉത്തരവിന്റെ പേരിലാണ് ഇത്തരമൊരു നിര്‍ദ്ദേശം കേന്ദ്ര സര്‍ക്കാര്‍ നല്‍കിയിരിക്കുന്നത്. ഭരണഘടനാപദമായ ഷെഡ്യൂള്‍ഡ് കാസ്റ്റ് എന്ന് ഉപയോഗിക്കുന്നതിന് പകരം ദലിത് എന്ന് ഉപയോഗിക്കരുത് എന്നാണ് നിര്‍ദ്ദേശം. ഷെഡ്യൂള്‍ഡ് കാസ്റ്റിന് വിവിധ ഭാഷകളിലുള്ള പരിഭാഷകള്‍ ഉപയോഗിക്കണം. നേരത്തെ ഔദ്യോഗിക രേഖകൡ ദലിത് എന്ന് ഉപയോഗിക്കരുതെന്ന നിര്‍ദ്ദേശം സാമൂഹ്യനിതി മന്ത്രാലയം ഇറക്കിയിരുന്നു. മാധ്യമങ്ങള്‍ക്ക് ഇത്തരമൊരു നിര്‍ദ്ദേശം നല്‍കാന്‍ കോടതി ആവശ്യപ്പെട്ടിട്ടില്ല.

1982ല്‍ ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ സര്‍ക്കുലറും 2018 ജനുവരി 15ന് മധ്യപ്രദേശ് ഹൈക്കോടതിയുടെ ഗ്വാളിയര്‍ ബഞ്ച് പുറപ്പെടുവിച്ച ഉത്തരവും മാര്‍ച്ച് 15ന്റെ നിര്‍ദ്ദേശത്തില്‍ സാമൂഹ്യനീതി വകുപ്പ് ഉദ്ധരിച്ചിരുന്നു. അതേസമയം കാലങ്ങളായി ഔദ്യോഗികമായും അനൗദ്യോഗികമായും ഉപയോഗിച്ച് വരുന്ന വാക്കാണ് ദലിത്. മഹാത്മ ജ്യോതിബാ ഫൂലെയാണ് ഈ വാക്ക് ആദ്യമായി ഉപയോഗിച്ചത് എന്ന് കരുതുന്നു. ഡോ.ബിആര്‍ അംബേദ്കര്‍, മഹാത്മ ഗാന്ധി താഴ്ന്ന ജാതിക്കാരെ ഹരിജനങ്ങള്‍ എന്ന് വിളിക്കുന്നതിനെ എതിര്‍ക്കുകയും ദലിത് എന്ന് വിശേഷിപ്പിച്ചതുമെല്ലാം ചരിത്രത്തിന്റെ ഭാഗമാണ്. അടിച്ചമര്‍ത്തപ്പെട്ടവര്‍ എന്നാണ് ദലിതിന്റെ അര്‍ത്ഥം. മഹാരാഷ്ട്രയിലെ ദലിത് പാന്തേഴ്‌സ് മൂവ്‌മെന്റ് ബോധപൂര്‍വം ഈ വാക്ക് വലിയ രാഷ്ട്രീയ പ്രചാരം കൊടുത്തുകൊണ്ട് ഉപയോഗിച്ചു. ഇത്തരത്തിലാണ് സാമ്പത്തികമായും സാമൂഹ്യമായും പിന്നോക്കം നില്‍ക്കുന്ന ജനവിഭാഗങ്ങളെ സംഘടിപ്പിച്ചത്.



ഇന്ത്യന്‍ മുഖ്യധാര മാധ്യമങ്ങള്‍ ജാതിയെ അഭിസംബോധന ചെയ്യാറില്ലെന്നും ജാതീയമായ മുന്‍വിധികളോടെയാണ് അവയുടെ പ്രവര്‍ത്തനമെന്നുമുള്ള വിമര്‍ശനെ ശക്തമായി നിലവിലുള്ളപ്പോളാണ് ഇത്തരമൊരു നിര്‍ദ്ദേശം മാധ്യമങ്ങള്‍ക്ക് നല്‍കിയിരിക്കുന്നത്. ദലിത് സ്വത്വം ഉയര്‍ത്തിപ്പിടിച്ചുള്ള അവകാശപ്പോരാട്ടങ്ങള്‍ മറുവശത്ത് സജീവമായിരിക്കുകയും ചെയ്യുന്നു. എസ് എസ്ടി ആക്റ്റ് ദുര്‍ബലപ്പെടുത്തുന്നതാണ് സുപ്രീംകോടതി ഉത്തരവ് എന്നാ ആരോപണം ഉയര്‍ത്തിയും രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ ദലിത് പീഡനങ്ങള്‍ക്ക് എതിരായും വലിയ മുന്നേറ്റങ്ങള്‍ ഉയര്‍ന്നുവരുകയാണ്.  ദലിത്, ആദിവാസി വിഭാഗക്കാരായ മാധ്യമപ്രവര്‍ത്തകരുടെ അഭാവവും വലിയ തോതില്‍ ചര്‍ച്ച ചെയ്യപ്പെട്ടിട്ടുള്ളതാണ്. ജാതി പീഡനങ്ങളായാലും സംഘര്‍ഷങ്ങളായാലും അവ സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ ജാതീയ മുന്‍വിധികള്‍ ഉള്‍ക്കൊള്ളുന്നതാണ്.

വായനയ്ക്ക്: https://goo.gl/UADLLa

Next Story

Related Stories