UPDATES

ട്രെന്‍ഡിങ്ങ്

ലെഫ്റ്റനന്റ് ഗവര്‍ണറുടെ വീട്ടില്‍ കിടന്നുറങ്ങി കേജ്രിവാളിന്റേയും മന്ത്രിമാരുടേയും പ്രതിഷേധം

പ്രധാനമന്ത്രിയുടെ ഓഫീസാണ് ഐഎഎസുകാരുടെ സമരത്തിന് പിന്നിലെന്ന് കേജ്രിവാള്‍ ആരോപിക്കുന്നു. ലെഫ്.ഗവര്‍ണറേയും ഐഎഎസ് ഉദ്യോഗസ്ഥരേയും സിബിഐ, എന്‍ഫോഴ്‌സ്‌മെന്റ് ഏജന്‍സികളേയും ഇന്‍കംടാക്‌സ് ഡിപ്പാര്‍ട്ട്‌മെന്റിനെയും എല്ലാം എഎപി സര്‍ക്കാരിന്റെ പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കുന്നതിനായി കെട്ടഴിച്ച് വിട്ടിരിക്കുകയാണെന്നും കേജ്രിവാള്‍ ആരോപിച്ചു.

ഇന്നലെ രാത്രി ഡല്‍ഹി ലെഫ്.ഗവര്‍ണര്‍ അനില്‍ ബൈജാലിന്റെ ഔദ്യോഗിക വസതിയില്‍ നാടകീയമായ സംഭവങ്ങളാണ് ഉണ്ടായത്. സര്‍ക്കാരിന്റെ ആവശ്യങ്ങള്‍ അംഗീകരിക്കാത്തതിലെ പ്രതിഷേധവുമായി എത്തിയ മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളും മൂന്ന് മന്ത്രിമാരും ഗവര്‍ണറുടെ വീട്ടിലെ സോഫകളില്‍ കിടന്നും ഇരുന്നും ഉറങ്ങി. ആവശ്യങ്ങള്‍ അംഗീകരിക്കുന്നത് വരെ അവിടം വിട്ടുപോകില്ലെന്ന് വ്യക്തമാക്കി. ഡല്‍ഹിക്ക് പൂര്‍ണ സംസ്ഥാന പദവി നല്‍കിയാല്‍ ലോക് സഭ തിരഞ്ഞെടുപ്പില്‍ ബിജെപിയെ പിന്തുണക്കാം എന്ന് നിയമസഭയില്‍ കേജ്രിവാള്‍ പറഞ്ഞത് ഈ ഒരു സാഹചര്യത്തില്‍ അല്‍പ്പം ആക്ഷേപം കലര്‍ത്തിയാണ് എന്ന് കരുതുന്നവരുണ്ട്. കേജ്രിവാളിന്‍റെ പ്രസ്താവന പ്രതിപക്ഷത്ത് നിന്നും ബിജെപി വിരുദ്ധ കേന്ദ്രങ്ങളില്‍ നിന്നും രൂക്ഷ വിമര്‍ശനം ക്ഷണിച്ച് വരുത്തുന്നതിന് ഇടയിലാണ് ഗവര്‍ണറുടെ വീട്ടിലെ ഈ അന്തിയുറക്ക പ്രതിഷേധം.

ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ, മന്ത്രിമാരായ സത്യേന്ദര്‍ ജെയിന്‍, ഗോപാല്‍ റായ് എന്നിവരാണ് കേജ്രിവാളിനൊപ്പമുണ്ടായിരുന്നത്. ഭക്ഷണവും പ്രമേഹബാധിതനായ കേജ്രിവാളിനുള്ള ഇന്‍സുലിന്‍ ഇഞ്ചക്ഷനുമെല്ലാം ഇവിടെ എത്തിച്ചിരുന്നു. രാജ് നിവാസിന് പുറത്ത് റിസര്‍വ് ഫോഴ്‌സിനെ നിയോഗിച്ചിട്ടുണ്ടെന്നും എഎപി പ്രവര്‍ത്തകരെ ഇങ്ങോട്ട് കടത്തിവിടില്ലെന്നുമാണ് പൊലീസ് പറയുന്നത്.

കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയെന്ന് ആരോപിക്കപ്പെടുന്ന, നാല് മാസമായി തുടരുന്ന ഐഎഎസുകാരുടെ സമരം അവസാനിപ്പിക്കുക, റേഷന്‍ വീടുകളില്‍ എത്തിക്കാനുള്ള സര്‍ക്കാര്‍ പദ്ധതിക്ക് അംഗീകാരം നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് കേജ്രിവാളും മന്ത്രിമാരും ലെഫ്.ഗവര്‍ണറെ കണ്ടത്. എന്നാല്‍ ഗവര്‍ണര്‍ ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെന്നും വേറെ വഴിയില്ലാത്തത് കൊണ്ട് വിസിറ്റിംഗ് റൂമില്‍ കുത്തിയിരുന്ന് പ്രതിഷേധിക്കാന്‍ തീരുമാനിച്ചതായും കേജ്രിവാള്‍ ട്വീറ്റ് ചെയ്തു. അതേസമയം ഒരു കാര്യവുമില്ലാതെയുള്ള നാടകം കളിയാണ് നടക്കുന്നതെന്നാണ് അനില്‍ ബൈജാലിന്റെ പ്രതികരണം.

കഴിഞ്ഞ നാല് മാസമായി ഐഎഎസുകാരുടെ സമരം ഡല്‍ഹിയില്‍ വലിയ തോതിലുള്ള ഭരണ പ്രതിസന്ധിയാണ് ഉണ്ടാക്കിയിരിക്കുന്നത്. താന്‍ അഞ്ച് തവണ ആവശ്യമുന്നയിച്ച് ലെഫ്.ഗവര്‍ണറെ കണ്ടതായും എന്നാല്‍ ഒരു നടപടിയും സ്വീകരിക്കാന്‍ അദ്ദേഹം തയ്യാറായില്ലെന്നും മനീഷ് സിസോദിയ പറയുന്നു. ഇത്തരത്തില്‍ ഐഎഎസുകാരുടെ സമരത്തെ ഗവര്‍ണര്‍ പിന്തുണച്ചാല്‍ തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിന് എങ്ങനെ ഭരണം മുന്നോട്ടുകൊണ്ടുപോകാനാവുമെന്ന് സിസോദിയ ചോദിക്കുന്നു.

ഫെബ്രുവരിയില്‍ ചീഫ് സെക്രട്ടറി അംശു പ്രകാശിനെ എഎപി എംഎല്‍എമാര്‍ ആക്രമിച്ചത് മുതല്‍ സര്‍ക്കാരും ബ്യൂറോക്രസിയും തമ്മില്‍ സംഘര്‍ഷം രൂക്ഷമാണ്. പ്രധാനമന്ത്രിയുടെ ഓഫീസാണ് ഐഎഎസുകാരുടെ സമരത്തിന് പിന്നിലെന്ന് കേജ്രിവാള്‍ ആരോപിക്കുന്നു. ലെഫ്.ഗവര്‍ണറേയും ഐഎഎസ് ഉദ്യോഗസ്ഥരേയും സിബിഐ, എന്‍ഫോഴ്‌സ്‌മെന്റ് ഏജന്‍സികളേയും ഇന്‍കംടാക്‌സ് ഡിപ്പാര്‍ട്ട്‌മെന്റിനെയും എല്ലാം എഎപി സര്‍ക്കാരിന്റെ പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കുന്നതിനായി കെട്ടഴിച്ച് വിട്ടിരിക്കുകയാണെന്നും കേജ്രിവാള്‍ ആരോപിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍