Top

കൈരാന നേടിയത് എന്തുകൊണ്ട് പാല്‍ഗഡിന് സാധിച്ചില്ല? കോണ്‍ഗ്രസിനേക്കാള്‍ സിപിഎമ്മിന് വോട്ടുള്ള മഹാരാഷ്ട്ര മണ്ഡലത്തില്‍ സംഭവിച്ചത്

കൈരാന നേടിയത് എന്തുകൊണ്ട് പാല്‍ഗഡിന് സാധിച്ചില്ല? കോണ്‍ഗ്രസിനേക്കാള്‍ സിപിഎമ്മിന് വോട്ടുള്ള മഹാരാഷ്ട്ര മണ്ഡലത്തില്‍ സംഭവിച്ചത്
രാജ്യത്തെ നാല് ലോക്‌സഭ മണ്ഡലങ്ങളിലും 11 നിയമസഭ മണ്ഡലങ്ങളിലും നടന്ന ഉപതിരഞ്ഞെടുപ്പിന്റെ ഫലം ഇന്നലെ വന്നു. ഇതില്‍ രണ്ടെണ്ണത്തില്‍ മാത്രമാണ് ബിജെപി ജയിച്ചത്. ഒരു ലോക്‌സഭ സീറ്റിലും ഒരു നിയമസഭ സീറ്റിലും. മഹാരാഷ്ട്രയിലെ പാല്‍ഗഡ് ലോക് സഭ സീറ്റിലും ഉത്തരാഖണ്ഡിലെ തരാളി നിയമസഭ സീറ്റിലുമാണ് ബിജെപി ജയിച്ചത്. രണ്ടും സിറ്റിംഗ് സീറ്റുകള്‍. ബിജെപിക്ക് രണ്ട് ലോക്‌സഭ സിറ്റിംഗ് സീറ്റുകളും (യുപിയിലെ കൈരാന, മഹാരാഷ്ട്രയിലെ ഭണ്ഡാര ഗോണ്ടിയ) ഒരു നിയമസഭ സിറ്റിംഗ് സീറ്റും (യുപിയിലെ നൂര്‍പൂര്‍) നഷ്ടമായി. ബിജെപിയുടെ സഖ്യകക്ഷിയായ എന്‍ഡിപിപി നാഗാലാന്‍ഡ് ലോക്‌സഭ സീറ്റ് എന്‍പിഎഫില്‍ നിന്ന് പിടിച്ചെടുത്തു. അതേസമയം ബിജെപിയുടെ മറ്റ് സഖ്യകക്ഷികളായ ശിരോമണി അകാലിദള്‍ പഞ്ചാബിലെ ഷാകോട്ട് ലോക്‌സഭ മണ്ഡലത്തില്‍ കോണ്‍ഗ്രസിനോടും, ജനത ദള്‍ യുണൈറ്റഡ് ബിഹാറിലെ ജോകിഹാട്ട് നിയമസഭ മണ്ഡലത്തില്‍ ആര്‍ജെഡിയോടും പരാജയപ്പെട്ടു. അകാലി ദളിനും ജെഡിയുവിനും നഷ്ടമായത് സിറ്റിംഗ് സീറ്റുകളാണ്.

കൈരാനയിലെ ഉപതിരഞ്ഞെടുപ്പ് ഫലമാണ് ഏറ്റവും ശ്രദ്ധേയം. മുസഫര്‍നഗര്‍ ഉള്‍പ്പെടുന്ന, മുസ്ലീം വിരുദ്ധ വികാരവും വര്‍ഗീയ ധ്രുവീകരണവും ശക്തമാക്കി ബിജെപി വിത്തിറക്കി നേട്ടം കൊയ്ത മണ്ഡലത്തില്‍ ഒരു മുസ്ലീം വനിത നേതാവിനെ തന്നെ മത്സരിപ്പിച്ച് പ്രതിപക്ഷം വിജയം കണ്ടിരിക്കുന്നു. ഗോരഖ്പൂര്‍, ഫൂല്‍പൂര്‍ ഉപതിരഞ്ഞെടുപ്പുകളില്‍ ബി എസ് പിയും എസ് പിയും ചേര്‍ന്ന് ബിജെപിക്ക് കൊടുത്ത ഹൈ വോള്‍ട്ടേജ് ഷോക്ക് ആവര്‍ത്തിക്കുകയാണ്. വര്‍ഗീയമായി ഭിന്നിക്കപ്പെട്ട സമൂഹത്തില്‍ ഇപ്പോളും സാമുദായിക ധ്രുവീകരണ പ്രശ്‌നം ശക്തമായി നിലനില്‍ക്കുന്നുണ്ടെങ്കിലും ഒരുപരിധി വരെ ജാട്ട്-ദലിത്-മുസ്ലീം ഐക്യം തിരിച്ചുകൊണ്ടുവരാനും ഈ സമുദായക്കാരെല്ലാം ഒരേ സ്ഥാനാര്‍ത്ഥിക്ക് വോട്ട് ചെയ്യാന്‍ തയ്യാറാകുന്ന ഒരു സാഹചര്യം ഒരുക്കാനും കഴിഞ്ഞു. ബിജെപിയുടെ ജിന്ന രാഷ്ട്രീയത്തെ 'ഗന്ന' രാഷ്ട്രീയം കൊണ്ട് തോല്‍പ്പിച്ച രാഷ്ട്രീയ ലോക് ദളിനേയും അതിന് ശക്തമായ പിന്തുണ നല്‍കിയ എസ് പിയേയും ബി എസ് പിയേയും അഭിനന്ദിക്കേണ്ടിയിരിക്കുന്നു. ജാട്ട് പിന്തുണ ആര്‍ എല്‍ ഡി ഉറപ്പാക്കിയപ്പോള്‍ ദലിത് പിന്തുണ നേടാന്‍ മായാവതി സഹായിച്ചു. മുസ്ലീം പിന്തുണ ഈ മൂന്ന് പാര്‍ട്ടികള്‍ക്കുമുള്ളത് ഫലപ്രദമായി വിനിയോഗിക്കപ്പെട്ടുന്നു. കോണ്‍ഗ്രസ് ആര്‍എല്‍ഡി സ്ഥാനാര്‍ഥിയെ പിന്തുണച്ച് ഔചിത്യപൂര്‍വം പെരുമാറി.

'ഗന്ന' എന്നാല്‍ കരിമ്പ്. അലിഗഡ് സര്‍വകലാശാലയിലെ മുഹമ്മദ് അലി ജിന്നയുടെ ചിത്രം സംബന്ധിച്ച് വിവാദമിളക്കി വിട്ട് തിരഞ്ഞെടുപ്പില്‍ ഉപയോഗിക്കാന്‍ ബിജെപി ശ്രമിച്ചു. എന്നാല്‍ കരിമ്പ് കര്‍ഷകരുടെ ദുരിത ജീവിതമാണ് ആര്‍എല്‍ഡി ഉയര്‍ത്തിക്കാട്ടിയത്. ജനങ്ങളുടെ അതിജീവന പ്രശ്‌നങ്ങള്‍ ഉയര്‍ത്തിയുള്ള പ്രചാരണവും ബിജെപി വിരുദ്ധ വോട്ടുകള്‍ ഭിന്നിച്ച് പോകാതിരിക്കലും തന്നെയാണ് പ്രധാനമെന്ന് കൈരാന വ്യക്തമാക്കുന്നു. സങ്കീര്‍ണ്ണമായ ജാതി ഘടനയേയും വര്‍ഗീയ ധ്രുവീകരണത്തിനെയുമെല്ലാം ഈ രാഷ്ട്രീയത്തിന് തോല്‍പ്പിക്കാന്‍ കഴിയും. അല്ലെങ്കില്‍ അതിന് മാത്രമേ കഴിയൂ എന്ന് ഇത് വ്യക്തമാക്കുന്നു. ഹരിയാനയിലെ പെഹ്ലു ഖാന്‍റെ വിഷയത്തിലടക്കം ബിജെപിയുടെ വര്‍ഗീയ ധ്രുവീകരണ രാഷ്ട്രീയത്തിനെതിരെ അഖിലേന്ത്യ കിസാന്‍ സഭ സ്വീകരിച്ച നിലപാടും ഇത് തന്നെ. ബിജെപിയുടെ വര്‍ഗീയ ധ്രുവീകരണ തന്ത്രങ്ങള്‍ക്ക് ഇനിയും നാം നിന്ന് കൊടുക്കണോ എന്നാണ് ആര്‍എല്‍ഡി നേതാവ് ജയന്ത് ചൌധരി ചോദിച്ചത്.എന്തുകൊണ്ട് കൈരാന മഹാരാഷ്ട്രയിലെ പാല്‍ഗഡില്‍ സംഭവിച്ചില്ല എന്ന് ചോദിച്ചാല്‍ പ്രതിപക്ഷം ഭിന്നിച്ചുനിന്നു എന്ന് തന്നെ ഉത്തരം. മഹാരാഷ്ട്രയിലെ പ്രതിപക്ഷ ഐക്യത്തിനുള്ള പ്രധാന പ്രശ്‌നങ്ങളില്‍ ഒന്ന് ഹിന്ദുത്വ വലതുപക്ഷ സംഘടനയായ ശിവസേനയാണ്. പാല്‍ഗഡില്‍ രണ്ടാം സ്ഥാനത്തെത്തിയത് ശിവസേനയാണ്. ബിജെപിക്ക് 2,72,282 വോട്ട്. ശിവസേനയ്ക്ക് 2,43,210 വോട്ട്. മൂന്നാം സ്ഥാനത്തുള്ള ബഹുജന്‍ വികാസ് അഗാഡിക്ക് 2,22,838 വോട്ട്. നാലാം സ്ഥാനത്തുള്ള സിപിഎമ്മിന് (സ്ഥാനാര്‍ത്ഥി ഗഹല കിരണ്‍ രാജ) 71,887 വോട്ട്. കോണ്‍ഗ്രസാകട്ടെ 47,714 വോട്ടുമായി അഞ്ചാം സ്ഥാനത്താണ്. മാര്‍ക്‌സിസ്റ്റ് ലെനിനിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (റെഡ് ഫ്‌ളാഗ്) സ്ഥാനാര്‍ത്ഥിയായ ശങ്കര്‍ ഭാഗ ബഡാദെയ്ക്ക് 4884 വോട്ട്. ബഹുജന്‍ വികാസ് അഗാഡിയുടെ വോട്ട് മാറ്റി നിര്‍ത്തിയാല്‍ പ്രതിപക്ഷത്തിന്റെ വോട്ട് 1,24,485. ഈ കക്ഷികളെല്ലാം ചേര്‍ന്ന് ബഹുജന്‍ വികാസ് അഗാഡിയെ പിന്തുണക്കാനുള്ള സാഹര്യമുണ്ടായിരുന്നെങ്കില്‍ ബിജെപിയെ പരാജയപ്പെടുത്താന്‍ കഴിയുമായിരുന്നു എന്ന് അര്‍ത്ഥം. ബിവിഎയുടെ വോട്ട് കൂടി ചേര്‍ത്താല്‍ 3,47,323 വോട്ട്.

ബിവിഎ നേതാവ് ബലിറാം സുകുര്‍ ജാദവ് ആണ് ഇവിടെ മത്സരിച്ച് ബിജെപിയെ വിറപ്പിച്ചത്. 2009ല്‍ പാല്‍ഗഡില്‍ നിന്ന് ജയിച്ച് ലോക്‌സഭയിലെത്തിയ ബലിറാം ജാദവ് 2014ല്‍ ബിജെപിയിലെ ചിന്തമന്‍ വനാഗയോട് തോല്‍ക്കുകയായിരുന്നു. ബിജെപി എംപിയുടെ നിര്യാണത്തെ തുടര്‍ന്നാണ് ഇവിടെ ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. സമാനമായ രീതിയില്‍ ബിജെപി എംപിയുടെ മരണത്തെ തുടര്‍ന്നുള്ള കൈരാന ഉപതിരഞ്ഞെടുപ്പില്‍ പ്രതിപക്ഷത്തിന് സാധിച്ചത് ഇവിടെ കഴിഞ്ഞില്ല. മഹാരാഷ്ട്രയിലെ ഭണ്ഡാര ഗോണ്ടിയ ബിജെപിയില്‍ നിന്ന് പിടിച്ചെടുക്കാന്‍ എന്‍സിപിക്ക് കഴിഞ്ഞത് കോണ്‍ഗ്രസിന്റെ പിന്തുണയോടൊണ്. ഓരോ സംസ്ഥാനത്തും പ്രാദേശിക സാഹചര്യങ്ങള്‍ക്കനുസരിച്ച് ബിജെപി വിരുദ്ധ വോട്ടുകള്‍ ഏകോപിപ്പിക്കുക എന്നതാണ് ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ബിജെപിയെ പരാജയപ്പെടുത്താന്‍ കഴിയുന്ന ഏറ്റവും അനുയോജ്യമായ തന്ത്രം. പാല്‍ഗഡില്‍ എന്തുകൊണ്ട് ഇത് സാധിച്ചില്ല എന്ന് പ്രതിപക്ഷം സ്വയംവിമര്‍ശനപരമായി പരിശോധിക്കേണ്ടതാണ്.

മറ്റൊരു ശ്രദ്ധേയമായ വസ്തുത കോണ്‍ഗ്രസിനേക്കാള്‍ സിപിഎമ്മിന് വോട്ടുള്ള മണ്ഡലമാണ് പാല്‍ഗഡ് എന്നതാണ്. പരമ്പരാഗതമായി സിപിഎമ്മിന്റെ ശക്തികേന്ദ്രമാണ് ആദിവാസി സംവരണ നിയമസഭ മണ്ഡലമായ ദഹാനു. 1978ലേയും 2009ലേയും നിയമസഭ തിരഞ്ഞെടുപ്പുകളില്‍ സിപിഎം  ഇവിടെ ജയിച്ചിട്ടുണ്ട്. വടക്കുപടിഞ്ഞാറന്‍ മഹാരാഷ്ട്രയിലെ ദഹാനു അടക്കമുള്ള പ്രദേശങ്ങളില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് അടിത്തറയുണ്ടാക്കിയത് 1946-50 കാലത്ത് ഗോദാവരി പരുലേക്കറിന്റെ നേതൃത്വത്തില്‍ തുടങ്ങിയ ഐതിഹാസികമായ വര്‍ളി കര്‍ഷക പ്രക്ഷോഭമാണ്. വര്‍ളിയിലെ കര്‍ഷകരേയും ആദിവാസികളേയും സംഘടിപ്പിച്ച ഗോദാവരി പരുലേക്കര്‍, അഖിലേന്ത്യ കിസാന്‍ സഭയുടെ ഇതുവരെയുള്ള ചരിത്രത്തിലെ ഏക വനിത പ്രസിഡന്റും സിപിഎം കേന്ദ്ര കമ്മിറ്റി അംഗവുമായിരുന്നു.ഒരേ സമയം ഭൂമി പ്രശ്നവും ദലിത്, ആദിവാസി പ്രശ്നങ്ങളും ആ പ്രക്ഷോഭം അഭിസംബോധന ചെയ്തു. സ്വത്വ പ്രശ്നങ്ങളെ വര്‍ഗ രാഷ്ട്രീയത്തിന്‍റെ ഭാഗമായി മാത്രമേ ഫലപ്രദമായി അഭിസംബോധന ചെയ്യാനും പരിഹരിക്കാനും കഴിയൂ എന്ന സന്ദേശമാണ് വര്‍ളി പ്രക്ഷോഭം നല്‍കുന്നത്. ഭീമ കോറിഗാവും വര്‍ളിയും രണ്ടല്ല എന്നും ഒന്നാണ് എന്നും അത് വ്യക്തമാക്കുന്നു. 1950കളിലും 1960കളിലും തുടര്‍ച്ചയായി ഈ മേഖലയില്‍ ശക്തമായ കര്‍ഷക പ്രക്ഷോഭങ്ങളുണ്ടായി. മഹാരാഷ്ട്രയുടെ വിവിധ ഭാഗങ്ങളില്‍ ഇത്തരം മുന്നേറ്റങ്ങള്‍ അക്കാലത്ത് ശക്തമായിരുന്നു. 1920കളില്‍ തുടങ്ങിയ ബോംബെയിലെ ശക്തമായ ഇടതുപക്ഷ ട്രേഡ് യൂണിയന്‍ പ്രസ്്ഥാനവും ഈ കര്‍ഷക പ്രക്ഷോഭങ്ങളും ചേര്‍ന്നാണ് അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയ്ക്കും സംസ്ഥാനത്ത് സിപിഎമ്മിനും ശക്തമായ സ്വാധീനമുണ്ടാക്കാന്‍ സഹായകമായത്.

ഇന്ത്യയിലെ ട്രേഡ് യൂണിയന്‍ പ്രസ്ഥാനത്തിന് തുടക്കം കുറിച്ചതും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ആദ്യ ആസ്ഥാനവും എല്ലാം ബോംബെ ആയിരുന്നു. ബോംബെ മുനിസിപ്പല്‍ കോര്‍പ്പറേഷനില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് കാര്യമായ അംഗബലം ഉണ്ടായിരുന്നു. 1977ല്‍ അടിയന്തരാവസ്ഥക്ക് ശേഷം നടന്ന ലോക് സഭ തിരഞ്ഞെടുപ്പില്‍ മഹാരാഷ്ട്രയില്‍ നിന്ന് സിപിഎം സംസ്ഥാന സെക്രട്ടറി ആയിരുന്ന അഹല്യ രാംഗനേക്കര്‍ ബോംബെ നോര്‍ത്ത് സെന്‍ട്രലില്‍ നിന്ന് ലോക് സഭയിലെത്തി. മഹാരാഷ്ട്രയില്‍ ലോക് സഭ തിരഞ്ഞെടുപ്പില്‍ സിപിഎം കൂടുതല്‍ നേട്ടമുണ്ടാക്കിയതും ആ തിരഞ്ഞെടുപ്പില്‍ ആയിരുന്നു. "നമുക്ക് ഈ പ്രകടനം മഹാരാഷ്ട്രയില്‍ ഇനിയും മെച്ചപ്പെടുത്താന്‍ കഴിയും" എന്ന ആത്മവിശ്വാസം പാര്‍ട്ടി ജനറല്‍ സെക്രട്ടറി ഇഎംഎസ് അന്ന് പങ്കുവക്കുകയും ചെയ്തു. എന്നാല്‍ ജനത പാര്‍ട്ടിയുടെ പിന്തുണ ആ തിരഞ്ഞെടുപ്പില്‍ സിപിഎമ്മിനെ സഹായിച്ച ഘടകം ആയിരുന്നു എന്ന് 1980ലെ ലോക് സഭ തിരഞ്ഞെടുപ്പ് വ്യക്തമാക്കി. അഹല്യ രാംഗനേക്കര്‍ ജനത പാര്‍ട്ടിയുടെ പ്രമീള ദന്തവദേയോട് പരാജയപ്പെട്ടു.

അതേസമയം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ബൃഹത്തായ ബഹുജന പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കാനുള്ള വലിയ ശേഷി സിപിഎമ്മിന് ഇപ്പോഴും ഉണ്ട് എന്നാണ് നാസികില്‍ നിന്ന് മുംബൈയിലേയ്ക്കുള്ള കര്‍ഷകരുടെ ലോംഗ് മാര്‍ച്ച് തെളിയിക്കുന്നത്. എന്നാല്‍ പതിറ്റാണ്ടുകളായുള്ള ഇത്തരം മുന്നേറ്റങ്ങള്‍ വലിയ തിരഞ്ഞെടുപ്പ് നേട്ടങ്ങളാക്കി മാറ്റാന്‍ സിപിഎമ്മിന് കഴിയുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം.2015ലെ തദ്ദേശ തിരഞ്ഞെടുപ്പില്‍ അഞ്ച് ജില്ല പരിഷദുകള്‍, 11 പഞ്ചായത്ത് സമിതികള്‍, നാല് തെഹ്‌സിലുകളും പാല്‍ഗഡ് ജില്ലയില്‍ ജയിച്ചിരുന്നു. നാസിക് ജില്ലയിലെ സുര്‍ഗാന കല്‍വാനിലാണ് 2014ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ സിപിഎമ്മിന്റെ ജീവപാണ്ഡു ഗാവിത് ജയിച്ചത്. 1962 മുതല്‍ അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും സിപിഎമ്മും മാത്രം ജയിക്കുന്ന തെഹസില്‍ പഞ്ചായത്താണ് പാല്‍ഗഡ് ജില്ലയിലെ താലാസാരി. പലയിടങ്ങളിലും രണ്ടാം സ്ഥാനത്താണ് സിപിഎം. ഇത്തരത്തില്‍ പ്രാദേശിക തലത്തില്‍ ശക്തമായ അടിത്തറ മഹാരാഷ്ട്രയില്‍ സിപിഎമ്മിനുണ്ട്. മഹാരാഷ്ട്രയിലെ ദലിത് സംഘടനകളുമായി ശക്തമായ ബന്ധവും പല ഘട്ടങ്ങളിലും കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ പുലര്‍ത്തിയിരുന്നു. എസ് വി പരുലെക്കറിനെ പോലുള്ള കമ്മ്യൂണിസ്റ്റ് നേതാക്കള്‍ക്ക് ഇതില്‍ വലിയ പങ്കുണ്ട്.

എന്‍സിപി നേതാവ് നവാബ് മാലിക് അഭിപ്രായപ്പെടുന്നത് കോണ്‍ഗ്രസും സിപിഎമ്മും ഇവിടെ സ്ഥാനാര്‍ത്ഥികളെ നിര്‍ത്താതെ ബിവിഎയെ പിന്തുണക്കേണ്ടതായിരുന്നു എന്നാണ്. ഇത് തള്ളിക്കളയാനാകില്ല. 2014ല്‍ കോണ്‍ഗ്രസ് ഇവിടെ ബിവിഎയെ പിന്തുണച്ചിരുന്നു. ഇപ്പോള്‍ ജയിച്ചിരിക്കുന്ന ബിജെപി സ്ഥാനാര്‍ത്ഥി രാജേന്ദ്ര ഗാവിത് കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്നയാളാണ് എന്നതാണ് മറ്റൊരു വസ്തുത. പാല്‍ഗഡ് ജില്ലയിലെ പല കോണ്‍ഗ്രസ്, എന്‍സിപി നേതാക്കളും ബിജെപിയിലും ശിവസേനയിലും ചേര്‍ന്നതാണ് ഈ പാര്‍ട്ടികളെ മേഖലയില്‍ തളര്‍ത്തിയത്. ബിജെപിയും ശിവസേനയും സഖ്യത്തില്‍ മത്സരിച്ചാല്‍ നിലവിലെ സാഹചര്യത്തില്‍ പ്രതിപക്ഷത്തിന് മേഖലയില്‍ തിരഞ്ഞെടുപ്പ് വിജയ സാധ്യതയില്ല. എന്നാല്‍ ബിജെപിയെ വീഴ്ത്താനും തങ്ങള്‍ക്ക് നഷ്ടപ്പെട്ട മഹാരാഷ്ട്രയിലെ ഒന്നാമത്തെ ഹിന്ദുത്വ ശക്തിയെന്ന സ്ഥാനം വീണ്ടെടുക്കാനുമുള്ള ശ്രമങ്ങള്‍ നടത്തുന്ന ശിവസേന പ്രതിപക്ഷത്തിന് നല്ലൊരു അവസരമാണ് ഒരുക്കിയിരുന്നത്. പക്ഷെ അത് മുതലെടുക്കാനായില്ല.

1980കള്‍ വരെ ബോംബെയിലെ ട്രേഡ് യൂണിയനുകളില്‍ ബഹുഭൂരിഭാഗവും എഐടിയുസിയുടേയോ സിഐടിയുവിന്റേയോ നിയന്ത്രണത്തിലായിരുന്നു. ശരിക്കും അടിച്ചൊതുക്കി തന്നെയാണ് ശിവസേന ഈ യൂണിയനുകള്‍ പിടിച്ചെടുത്തത്. 1970ല്‍ സിപിഐ എംഎല്‍എ കൃഷ്ണ ദേശായിയുടെ കൊലപാതകത്തോടെയാണ് ശിവസേനയുടെ ഈ കമ്മ്യൂണിസ്റ്റ് വേട്ട ശക്തി പ്രാപിക്കുന്നത്. ശിവസേനയെ സ്‌പോണ്‍സര്‍ ചെയ്ത് വളര്‍ത്തിയ മഹാരാഷ്ട്രയിലെ കോണ്‍ഗ്രസ് ആയിരുന്നു എന്നത് മറ്റൊരു ചരിത്ര വസ്തുത. വസന്ത് റാവു നായികിനെ പോലുള്ള കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരായിരുന്നു അവരുടെ സ്‌പോണ്‍സര്‍മാര്‍. ഇങ്ങനെയൊക്കെയുള്ള വിയോജിപ്പുകള്‍ നിലനില്‍ക്കുമ്പോള്‍ തന്നെ നിലവില്‍ മഹാരാഷ്ട്രയില്‍ ബിജെപിക്കെതിരെ പ്രതിപക്ഷത്തിന് എന്ത് ചെയ്യാന്‍ കഴിയും എന്നതാണ് ചോദ്യം. ശിവ സേന ഒഴിച്ചുള്ള ബാക്കി എല്ലാ പ്രതിപക്ഷ കക്ഷികളും ധാരണയിലെത്തുക എന്നതാണ് അതിനുള്ള വഴി. സിപിഎമ്മിന്‍റെ ലോംഗ് മാര്‍ച്ചിനെ പിന്തുണച്ച് ശിവസേന രംഗത്തെത്തിയത് കര്‍ഷകരോടോ കമ്മ്യൂണിസ്റ്റ്കാരോടോ ഉള്ള സ്നേഹം കൊണ്ടാണ് എന്ന് കരുതാനാകില്ല. ബിജെപി സര്‍ക്കാരിനെതിരായ എല്ലാ ജനവികാരവും മുതലെടുക്കുക എന്നത് മാത്രമാണ് ശിവസേനയുടെ ഉദ്ദേശം.

ബിജെപി വിരുദ്ധ വോട്ടുകള്‍ ശിവസേനയ്ക്ക് ലഭിക്കുന്നില്ലെന്നും അത് തങ്ങള്‍ക്കാണ് ലഭിക്കുന്നതെന്നും ഉറപ്പ് വരുത്താന്‍ പ്രതിപക്ഷത്തിന് കഴിയണം. ഏറ്റവും വലിയ പ്രതിപക്ഷ കക്ഷിയായ കോണ്‍ഗ്രസും രണ്ടാമത്തെ വലിയ കക്ഷിയായ എന്‍സിപിയും തന്നെയാണ് ഇതില്‍ ഉത്തരവാദിത്തം കാണിക്കേണ്ടത്. ഇരു കക്ഷികളുടെയും അവസരവാദ നിലപാടുകള്‍ ബിജെപിക്കെതിരായ പ്രതിപക്ഷ രാഷ്ട്രീയം ശക്തിപ്പെടുത്തുന്നതില്‍ തടസമാണ് എന്നത് സത്യമാണ്. പക്ഷെ തിരഞ്ഞെടുപ്പില്‍ ആദര്‍ശപരമായ വരട്ടുതത്വവാദങ്ങള്‍ക്കപ്പുറം പോയെ പറ്റൂ. അവസരവാദ നിലപാടുകളില്‍ നിന്ന് പിന്തിരിയാന്‍ ബിജെപിക്കെതിരായ ഭണ്ടാര ഗോണ്ടിയയിലെ വിജയം എന്‍സിപിയെ പ്രേരിപ്പിക്കേണ്ടതാണ്.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ബൃഹത്തായ ബഹുജന പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കാനുള്ള വലിയ ശേഷി സിപിഎമ്മിന് ഇപ്പോഴും ഉണ്ട് എന്നാണ് നാസികില്‍ നിന്ന് മുംബൈയിലേയ്ക്കുള്ള കര്‍ഷകരുടെ ലോംഗ് മാര്‍ച്ച് തെളിയിക്കുന്നത്. എന്നാല്‍ പതിറ്റാണ്ടുകളായുള്ള ഇത്തരം മുന്നേറ്റങ്ങള്‍ വലിയ തിരഞ്ഞെടുപ്പ് നേട്ടങ്ങളാക്കി മാറ്റാന്‍ സിപിഎമ്മിന് കഴിയുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം. രാജസ്ഥാനില്‍ മൂന്ന് എംഎല്‍എമാര്‍ വരെ ഉണ്ടായത് ഇത്തരത്തില്‍ കിസാന്‍ സഭ പ്രക്ഷോഭങ്ങളുടെ ഭാഗമായാണ്. രാജസ്ഥാനിലെ ആല്‍വാറിലും മധ്യപ്രദേശിലെ മാന്ദ്സോറിലുമെല്ലാം കര്‍ഷകരുടെ പ്രശ്നങ്ങള്‍ ഏറ്റെടുക്കാന്‍ എത്തുന്നത് മുഖ്യ പ്രതിപക്ഷ കക്ഷിയായ കോണ്‍ഗ്രസ് അല്ല, പകരം നിയമസഭയില്‍ പ്രതിനിധ്യമില്ലാത്ത സിപിഎമ്മാണ്. എന്നാല്‍ ശക്തമായ ജനകീയ അടിത്തറ തിരെഞ്ഞെടുപ്പ് വിജയത്തിലേക്ക് എത്തിക്കാന്‍ കഴിഞ്ഞാല്‍ മാത്രമേ പാര്‍ലമെന്‍ററി ജനാധിപത്യത്തില്‍ ഒരു കക്ഷിക്ക് പ്രസക്തിയുള്ളൂ.നയരൂപീകരണത്തിന് അധികാര പങ്കാളിത്തമോ അധികാരത്തില്‍ സ്വാധീനം ചെലുത്താന്‍ കഴിയുന്ന ശക്തിയോ ഉണ്ടാകണം. പാര്‍ലമെന്‍റ്റി രാഷ്ട്രീയ അടവുനയങ്ങളും വര്‍ഗബഹുജനസംഘടനകളിലൂടെ ജനകീയാടിത്തറ വിപുലീകരിക്കുന്നതും പരസ്പര വിരുദ്ധങ്ങളായ കാര്യങ്ങളല്ല, മറിച്ച് രണ്ടും ഒരേസമയം പ്രാവര്‍ത്തികമാക്കേണ്ടതാണ്. സിപിഎമ്മിന്‍റെ ഹൈദരാബാദില്‍ ചേര്‍ന്ന 22ആം പാര്‍ട്ടി കോണ്‍ഗ്രസ് അംഗീകരിച്ച രാഷ്ട്രീയ നയവും അത് തന്നെ. പാല്‍ഗഡില്‍ കര്‍ഷകരുടെ ഐതിഹാസികമായ പ്രക്ഷോഭം തിരഞ്ഞെടുപ്പില്‍ തങ്ങള്‍ക്ക് ഗുണം ചെയ്യുമെന്ന ആത്മവിശ്വാസമായിരിക്കണം ഒറ്റയ്ക്ക് മത്സരിക്കാന്‍ സിപിഎമ്മിനെ പ്രേരിപ്പിച്ചത്. ഇത്തവണ 71,887 വോട്ടാണ് സിപിഎം നേടിയത്. എന്നാല്‍ എന്‍സിപി നേതാവ് പറഞ്ഞത് പോലെ ഇവിടെ ബിജെപി വിരുദ്ധ വോട്ടുകള്‍ ഭിന്നിക്കപ്പെടാന്‍ പാടില്ലായിരുന്നു.

തിരെഞ്ഞെടുപ്പ് രാഷ്ട്രീയത്തിലെ തുടര്‍ച്ചയായ തിരിച്ചടികള്‍ക്ക് ശേഷം മായാവതിയുടെ ബി എസ് പി ഉപതിരഞ്ഞെടുപ്പുകളില്‍ അഖിലേഷ് യാദവിന്‍റെ സമാജ് വാദി പാര്‍ട്ടിയെയും അജിത്‌ സിംഗിന്‍റെ ആര്‍എല്‍ഡിയേയും പിന്തുണയ്ക്കാനും ബിജെപിയുടെ പരാജയം ഉറപ്പ് വരുത്താനും തയ്യാറായി. അവിടെയാണ് യുപിയിലെ കൈരാന മാതൃകയാക്കേണ്ട പാഠമാകുന്നതും മഹാരാഷ്ട്രയിലെ പാല്‍ഗഡ് തിരുത്തേണ്ട തെറ്റും ആകുന്നത്. പ്രതിപക്ഷ ഐക്യം ബിജെപി വിരുദ്ധ വോട്ടുകള്‍ ഭിന്നിപ്പിക്കാതെ മുന്നോട്ട് പോകുമ്പോള്‍ ഏറ്റവും വലിയ പാന്‍ ഇന്ത്യന്‍ പാര്‍ട്ടി എന്ന് അവകാശപ്പെടുന്ന (സത്യത്തില്‍ ആ അവസ്ഥയിലേക്ക് പൂര്‍ണമായും എത്താത്ത) ബിജെപി തകരുന്നു എന്നത് ഇന്ത്യന്‍ രാഷ്ട്രീയത്തിന്‍റെ ഗതി വ്യക്തമാക്കുന്നു.

അഴിമുഖം വാട്‌സാപ്പില്‍ ലഭിക്കാന്‍ 7356834987 എന്ന നമ്പര്‍ നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്യൂ… നിങ്ങളുടെ പേര് പറഞ്ഞുകൊണ്ടു ഒരു വാട്‌സ്ആപ്പ് മെസേജ് ഞങ്ങളുടെ നമ്പറിലേക്ക് അയക്കുക.

http://www.azhimukham.com/kerala-vs-landreforms-agricultuaral-modernisation/
http://www.azhimukham.com/india-kairana-byelection-opposition-unity-defeat-bjp/
http://www.azhimukham.com/trending-india-maharashtra-farmers-longmarch-nashik-mumbai/
http://www.azhimukham.com/offbeat-story-of-women-participated-in-longmarch/
http://www.azhimukham.com/fbpost-mumbai-kisan-long-march-and-cpim-by-pramod-puzhankara/
http://www.azhimukham.com/india-sikar-rajastan-farmers-agitation-cpim-kisan-sabha/
http://www.azhimukham.com/india-cpm-achievement-congress-loss-mandsaur-madhyapradesh-farmers-issue/

Next Story

Related Stories