TopTop

'ദീന്‍ ദയാല്‍ നിങ്ങളുടെ പിതാവാണെ'ന്ന് കുറിപ്പിട്ടു; ആര്‍ എസ് എസ് പരാതിയില്‍ ആദിവാസി പ്രൊഫസര്‍ക്ക് സ്ഥലം മാറ്റം

'ദേശവിരുദ്ധ'വും 'സര്‍ക്കാരിനെ എതിര്‍ത്തുകൊണ്ടുള്ളതുമായ' അഭിപ്രായങ്ങള്‍ ഫേസ്ബുക്കില്‍ പങ്കുവെച്ചതിനെതിരെ ഒരു പ്രാദേശിക ആര്‍എസ്എസ് നേതാവ് നല്‍കിയ പരാതിയില്‍ രാജസ്ഥാനിലെ ആദിവാസി പ്രൊഫസര്‍ അച്ചടക്ക നടപടികള്‍ നേരിട്ടുകൊണ്ടിരിക്കുകയാണെന്ന് ദി വയര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അബു റോഡിലെ സേത് മംഗല്‍ ചന്ദ് ചൗധരി ഗവണ്‍മെന്റ് കോളജിലെ അശുതോഷ് മീന എന്ന അസിസ്റ്റന്റ് പ്രൊഫസറാണ് സര്‍ക്കാരിനെ വിമര്‍ശിച്ചതിന്റെ പേരില്‍ ജില്ലാ കളക്ടറുടെ അച്ചടക്ക നടപടി നേരിടുന്നത്. ദിഡ്വാനയിലേക്ക് സ്ഥലം മാറ്റം ചെയ്യപ്പെട്ടത്. രാജസ്ഥാന്‍ സര്‍ക്കാരിനെയും ജനസംഘം സ്ഥാപക നേതാവും ആര്‍.എസ്.എസ് ആചാര്യനുമായ ദീന്‍ ദയാല്‍ ഉപാധ്യായെയും വിമര്‍ശിച്ചു എന്ന് കാണിച്ച് പ്രൊഫസറെ ദിഡ്വാനയിലേക്ക് സ്ഥലം മാറ്റുകയായിരുന്നു.

സര്‍ക്കാരിനെതിരെയുള്ള പ്രൊഫസറുടെ അഭിപ്രായങ്ങള്‍ സാമൂഹ്യ വിരുദ്ധവും മതവികാരം വ്രണപ്പെടുത്തുന്നതാണ്. അതുകൊണ്ട് 1971-ലെ രാജസ്ഥാന്‍ സിവില്‍ സര്‍വീസ് ചട്ടങ്ങള്‍ 4, 11 പ്രകാരം അച്ചടക്ക നടപടികള്‍ നേരിടാന്‍ ബാധ്യസ്ഥനുമാണെന്ന് 2017 ഡിസംബര്‍ 28-ലെ കലക്ടറുടെ ഉത്തരവില്‍ പറയുന്നു. അച്ചടക്ക നടപടികള്‍ സ്വീകരിക്കുന്നത് സംബന്ധിച്ച് അന്വേഷണം നടത്താനും കളക്ടര്‍ ഉത്തരവിട്ടു. സര്‍ക്കാരിനെ പ്രതികൂലമായി ബാധിക്കുന്ന അഭിപ്രായ പ്രകടനങ്ങള്‍ പരസ്യമായി നടത്തുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കാന്‍ രാജസ്ഥാന്‍ സിവില്‍ സര്‍വീസ് ചട്ടങ്ങളില്‍ വകുപ്പുണ്ട്.

'ദീന്‍ ദയാല്‍ നിങ്ങളുടെ പിതാവാണ്, ഞങ്ങളുടേതാക്കാന്‍ എന്തിനാണ് നോക്കുന്നത്?' എന്ന് അശുതോഷ് ഫേസ്ബുക്കില്‍ ഇട്ട പോസ്റ്റിന്റെ പേരിലാണ് പ്രൊഫസര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കോളജ് എഡ്യുക്കേഷന്‍ കമ്മീഷണര്‍ക്ക് ജില്ലാ കളക്ടര്‍ നിര്‍ദേശം നല്‍കിയത്. അതേ ദിവസം തന്നെ വിഷയത്തിലുള്ള പ്രതികരണം ആവശ്യപ്പെട്ട് കളക്ടര്‍ അശുതോഷിനും നോട്ടീസ് നല്‍കി. മതവികാരം വ്രണപ്പെടുത്തുന്ന തരത്തില്‍ ദേശവിരുദ്ധമോ സാമൂഹ്യ വിരുദ്ധമോ ആയ പോസ്റ്റുകള്‍ താന്‍ ഇട്ടിട്ടില്ലെന്നും ഭരണഘടനയെയും ജനാധിപത്യത്തെയും മാനിച്ച് ജീവിക്കുന്ന ഉത്തരവാദിത്തമുള്ള പൗരനാണെന്നും അധികാരികള്‍ക്ക് നല്‍കിയ മറുപടിയില്‍ അശുതോഷ് പറയുന്നു.

മുമ്പ് ഹിന്ദു വലതുപക്ഷ സംഘടനകള്‍ കോളജില്‍ കാവിക്കൊടി വീശിയത് ഭരണഘടനാ വിരുദ്ധമെന്ന് അഭിപ്രായപ്പെട്ടതിന് പ്രൊഫസര്‍ക്ക്, വിശ്വ ഹിന്ദു പരിഷത്ത് നേതാവില്‍ നിന്നും ഭീഷണി നേരിട്ടിരുന്നു. പ്രത്യാഘാതങ്ങള്‍ അനുഭവിക്കാന്‍ തയ്യാറായികൊള്ളൂവെന്നായിരുന്നു ഭീഷണി. അബു റോഡ് കോളജിനെ ജെഎന്‍യു ആകാന്‍ അനുവദിക്കരുത് തുടങ്ങിയ കമന്റുകളും സാമൂഹിക മാധ്യമങ്ങളില്‍ അശുതോഷിനെ ലക്ഷ്യം വെച്ച് പ്രചരിച്ചിരുന്നു. കമന്റുകള്‍ സാമൂഹിക വിരുദ്ധവും സര്‍ക്കാരിന് എതിരെയുള്ളതുമാണെന്നും വിദ്യാര്‍ഥികളില്‍ പ്രതികൂലമായ ഫലങ്ങള്‍ ഉണ്ടാക്കാന്‍ കഴിവുള്ളതാണെന്നും ആരോപിച്ച് അബുവിലെ നഗര വികസന ട്രസ്റ്റ് ചെയര്‍മാനും മീനക്കെതിരെ രംഗത്തുവന്നു.

പ്രൊ.അശുതോഷ് മീനയ്‌ക്കെതിരെ ആര്‍എസ്എസ് നേതാവ് നല്‍കിയ പരാതിഫെബ്രുവരിയില്‍ നടന്ന ഹിയറിങ്ങിന് ശേഷം അശുതോഷിനെതിരെയുള്ള കുറ്റങ്ങള്‍ കളക്ടര്‍ ഒഴിവാക്കിയിരുന്നു. എന്നാല്‍ കോളജ് വിദ്യാഭ്യാസ വകുപ്പിന്റെ നിര്‍ദേശമനുസരിച്ച് മറ്റൊരു കോളേജ് പ്രിന്‍സിപ്പാള്‍ അന്വേഷണം നടത്തുകയും ജൂലൈയില്‍ അശുതോഷ് സ്ഥലം മാറ്റം ചെയ്യപ്പെടുകയും ചെയ്തു. തന്റെ റിപ്പോര്‍ട്ടിലെ നിര്‍ദേശം എന്തായിരുന്നുവെന്ന് സിറോഹി കോളജിലെ പ്രിന്‍സിപ്പാള്‍ വെളിപ്പെടുത്തിയിട്ടില്ല. ജില്ലാ കളക്ടര്‍ അശുതോഷിനെതിരെയുള്ള കേസ് ഒഴിവാക്കിയെങ്കിലും കളക്ടറുടെ നിര്‍ദേശപ്രകാരം കോളജ് വിദ്യാഭ്യാസ കമ്മീഷണറാണ് അദ്ദേഹത്തിനെതിരെ നടപടി സ്വീകരിച്ചിരിക്കുന്നത്.

കോണ്‍ഗ്രസുമായി ബന്ധപ്പെട്ടതെന്ന് പറയപ്പെടുന്ന അദ്ധ്യാപക സംഘടനയില്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങിയതോടെയാണ് തനിക്കെതിരെ പ്രശ്‌നങ്ങള്‍ ഉണ്ടായിത്തുടങ്ങിയതെന്ന് നോട്ടീസിന് നല്‍കിയ മറുപടിയില്‍ അദ്ദേഹം പറയുന്നുണ്ട്. രാജസ്ഥാന്‍ ശിക്ഷക് സംഘ് അംബേദ്കര്‍ എന്ന സംഘടനയുടെ ജില്ലാ പ്രസിഡന്റായി തെരഞ്ഞെടുത്തിന് ശേഷം ഏറ്റവും മോശം രീതിയിലുള്ള പീഡനങ്ങളും തനിക്കെതിരെ ഉണ്ടാകുന്നുണ്ടെന്നും അദ്ദേഹം പറയുന്നു. ഭരത്പൂര്‍ ജില്ലയിലെ പീലി ഗ്രാമത്തില്‍ നിന്നുള്ള അശുതോഷ് മീന കഴിഞ്ഞ പത്തുവര്‍ഷമായി അബു റോഡിലെ സര്‍ക്കാര്‍ കോളജില്‍ പ്രവര്‍ത്തിക്കുകയായിരുന്നു. പല തരത്തിലുള്ള വിഷയങ്ങളില്‍ തന്റെ അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കുന്ന അദ്ദേഹം സാമൂഹിക മാധ്യമങ്ങളില്‍ സജീവമാണ്.

https://www.azhimukham.com/offbeat-cuk-student-on-expulsion/

https://www.azhimukham.com/newsupdate-centraluniversity-faculty-arrested-for-protesting-dalitstudent-arrest/

Next Story

Related Stories