Top

ഷാ ബാനുവില്‍ നിന്ന് ഷയറ ബാനുവിലേയ്ക്ക്; മുത്തലാഖില്‍ ബിജെപി കെണിയില്‍ നിന്ന് വഴുതി കോണ്‍ഗ്രസ് നടന്ന ദൂരം

ഷാ ബാനുവില്‍ നിന്ന് ഷയറ ബാനുവിലേയ്ക്ക്; മുത്തലാഖില്‍ ബിജെപി കെണിയില്‍ നിന്ന് വഴുതി കോണ്‍ഗ്രസ് നടന്ന ദൂരം
1986ലെ വേനല്‍ക്കാലത്താണ് ഷാബാനു കേസിലെ സുപ്രീംകോടതി (ഏകപക്ഷീയമായ വിവാഹമോചനത്തിനു ഇരയായ ഷാ ബാനുവിന് മുന്‍ ഭര്‍ത്താവ് ജീവനാംശം നല്‍കണം എന്ന വിധി) വിധി മറികടക്കാന്‍ രാജീവ് ഗാന്ധി സര്‍ക്കാര്‍ മുസ്ലീം വുമണ്‍ പ്രൊട്ടക്ഷന്‍ ഓഫ് റൈറ്റ്‌സ് ഡിവോഴ്‌സ് ആക്ട് ബില്‍ കൊണ്ടുവന്നത്. മൂന്ന് പതിറ്റാണ്ടിന് ശേഷം മോദി സര്‍ക്കാര്‍ മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കുന്ന ബില്‍ കൊണ്ടുവന്നിരിക്കുന്നു. മുത്തലാഖ് ഭരണഘടനാവിരുദ്ധമാക്കിയ സുപ്രീംകോടതി വിധിക്ക് പിന്നാലെയാണ് മുസ്ലീം വനിത വിവാഹ അവകാശ സംരക്ഷണ നിയമ ബില്‍ ലോക്‌സഭയില്‍ കൊണ്ടുവന്നിരിക്കുന്നത്. ഈ ബില്‍ അവതരിപ്പിക്കുമ്പോള്‍ രാജീവ് ഗാന്ധിയുടെ മകനും കോണ്‍ഗ്രസ് അധ്യക്ഷനുമായ രാഹുല്‍ ഗാന്ധി തന്റെ അസാന്നിധ്യം കൊണ്ട് ശ്രദ്ധേയനായി.

ഷാ ബാനുവില്‍ നിന്ന് ഷയറ ബാനുവിലേയ്‌ക്കെത്തുമ്പോള്‍ (മുത്തലാഖ് നിരോധിക്കണം എന്ന് ആവശ്യപ്പെട്ട് ആദ്യം കോടതിയെ സമീപിച്ച സ്ത്രീ) രണ്ട് കോണ്‍ഗ്രസുകളെയാണ് കാണുന്നത് എന്നാണ് ദ ഇന്ത്യന്‍ എക്‌സപ്രസിലെ ലേഖനത്തില്‍ സി.ജി.മനോജും രവീഷ് തിവാരിയും അഭിപ്രായപ്പെടുന്നത്. ബില്ലില്‍ വിയോജിപ്പുകള്‍ അറിയിച്ചും ഭേദഗതികള്‍ വേണമെന്ന് ആവശ്യപ്പെട്ടും കോണ്‍ഗ്രസും സിപിഎമ്മും രംഗത്തെത്തിയിരുന്നു. എന്നാല്‍ കോണ്‍ഗ്രസും തൃണമൂല്‍ കോണ്‍ഗ്രസും അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികളെല്ലാം അതീവ ശ്രദ്ധയോടെയാണ് ബില്ലിനെ സമീപിച്ചത്. ഒരു ഭേദഗതിക്ക് കിട്ടിയത് പരമാവധി നാല് വോട്ട് മാത്രമായിരുന്നു. പ്രതിപക്ഷ കക്ഷികളെല്ലാം ഏക്യത്തോടെ ഭേഗതിയെ അനുകൂലിച്ചിരുന്നെങ്കില്‍ 150 വോട്ട് കിട്ടുമായിരുന്നു.

മുത്തലാഖ് വിഷയം നിറയെ മൈനുകളുള്ള ഒരു ഭൂമിയാണ് എന്നറിയാവുന്നത് കൊണ്ട് ബിജെപിക്ക് അവസരം കൊടുക്കാതെ തന്ത്രപരമായി ഈ വിഷയത്തെ കൈകാര്യം ചെയ്യാനാണ് ശ്രമിച്ചതെന്ന് കോണ്‍ഗ്രസിന് വാദിക്കാം. എഐഎംഐഎം നേതാവ് അസദുദീന്‍ ഒവൈസി, മുസ്ലീം ലീഗ് നേതാവ് ഇടി മുഹമ്മദ് ബഷീര്‍, എഐഎഡിഎംകെയുടെ അന്‍വര്‍ രാജ തുടങ്ങിയവര്‍ മാത്രമാണ് ശക്തമായ എതിര്‍പ്പുമായി രംഗത്തെത്തിയത്. ബിജുജനതാദള്‍ എംപിയും എതിര്‍പ്പറിയിച്ചിരുന്നു. ഇവര്‍ക്ക് കോണ്‍ഗ്രസിന്റെ പിന്തുണ കിട്ടിയില്ല. ഭേദഗതികള്‍ക്ക് അവര്‍ വോട്ട് ചെയ്തില്ല. തൃണമൂല്‍ എംപിമാര്‍ ചര്‍ച്ചയില്‍ പോലും പങ്കെടുത്തില്ല. മുത്തലാഖ് നിരോധന ബില്ലിനെ പിന്തുണച്ച കോണ്‍ഗ്രസിന് വേണ്ടി സഭാ നേതാവ് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ ഭേദഗതി മുന്നോട്ട് വച്ചെങ്കിലും ബില്‍ സ്റ്റാന്‍ഡിംഗ് കമ്മിറ്റിക്ക് വിടണമെന്നാണ് കോണ്‍ഗ്രസ് ആവശ്യപ്പെട്ടത്. ഭേദഗതികളുമായി രംഗത്തെത്തിയ സിപിഎമ്മും ഇതേ ആവശ്യം ഉന്നയിച്ചു. തങ്ങളുടെ അംഗങ്ങളായ സുഷ്മിത ദേവും അധീര്‍ രഞ്ജന്‍ ചൗധരിയും അവതരിപ്പിച്ച ഭേദഗതികളെ പോലും കോണ്‍ഗ്രസ് പിന്തുണച്ചില്ല.

http://www.azhimukham.com/azhimukhamclassic-this-is-how-talaq-transformed-shayarabanos-life-ramalakshmi/

അസദൂദീന്‍ ഒവൈസിക്ക് പുറമെ സിപിഎമ്മിലെ എ സമ്പത്ത് മാത്രമാണ് ഭേദഗതികളില്‍ ഡിവിഷന്‍ ആവശ്യപ്പെട്ടത്. ബില്ലില്‍ നിന്ന് ക്രിമിനല്‍ കുറ്റമാക്കല്‍ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടുള്ള സമ്പത്തിന്റെ ഭേദഗതിക്ക് കിട്ടിയത് വെറും നാല് വോട്ട്. 10 എംപിമാര്‍ ഇടതുപക്ഷത്തിനുണ്ട്. നാല് സിപിഎം എംപിമാരാണ് ബില്‍ അവതരിപ്പിക്കുമ്പോള്‍ സഭയിലുണ്ടായിരുന്നത്. ഭരണപക്ഷ ബഞ്ചാണെങ്കില്‍ മിക്കവാറും നിറഞ്ഞിരിക്കുകയായിരുന്നു. മുസ്ലീം സ്ത്രീകളുടെ അവകാശ സംരക്ഷണത്തിനായി കൊണ്ടുവരുന്ന ചരിത്രം കുറിക്കുന്ന ബില്‍ എന്ന് ബിജെപി അവകാശപ്പെട്ട ഒന്നിനെ എതിര്‍ത്ത് മുസ്ലീം പൗരോഹിത്യത്തിന്റേയും മതമൗലികവാദികളുടേയും ആളുകളായി ചിത്രീകരിക്കപ്പെടാന്‍ കോണ്‍ഗ്രസ് താല്‍പര്യപ്പെട്ടില്ല. ലിംഗനീതിയുടെ പ്രശ്‌നമായാണല്ലോ ബിജെപി ഇത് അവതരിപ്പിച്ചത്. ഏതായാലും ബിജെപി വച്ച രാഷ്ട്രീയക്കെണിയില്‍ പെടാതെ കോണ്‍ഗ്രസ് രക്ഷപ്പെട്ടു.

കോണ്‍ഗ്രസ്, തൃണമൂല്‍ കോണ്‍ഗ്രസ്, സമാജ്‌വാദി പാര്‍ട്ടി, ആര്‍ജെഡി, ഇടതുപാര്‍ട്ടികള്‍ തുടങ്ങിയൊന്നും തമ്മില്‍ പരസ്പര ധാരണയുണ്ടായിരുന്നില്ലെന്ന് ഭേഗദതികള്‍ വോട്ടിനിട്ടപ്പോള്‍ വ്യക്തമായി. സാധാരണ വനിതകളുടെ അവകാശ സംരക്ഷണത്തിനുള്ള ബില്ലുകളെ ശക്തമായി എതിര്‍ത്ത് രംഗത്ത് വരുന്നത് പുരുഷാധിപത്യ മനോഭാവം പുലര്‍ത്തുന്ന ആര്‍ജെഡിയും സമാജ് വാദി പാര്‍ട്ടിയുമെല്ലാമാണ്. എന്നാല്‍ അവരും ഇത്തവണ തലപൊക്കിയില്ല. പശ്ചിമബംഗാളിലെ ന്യൂനപക്ഷങ്ങളുടെ സംരക്ഷകരെന്നും ദേശീയതലത്തില്‍ ബിജെപിയുടെ എതിരാളികളെന്നും സ്വയം ചിത്രീകരിക്കുന്ന തൃണമൂല്‍ ആവശ്യപ്പെട്ടത് ബില്‍ സ്റ്റാന്‍ഡിംഗ് കമ്മിറ്റിക്ക് വിടണം എന്ന് മാത്രമാണ്.

http://www.azhimukham.com/national-muthalaq-interim-ban-bjp-will-utilize-coming-state-elections/

ഗുജറാത്തില്‍ രാഹുല്‍ ഗാന്ധി നടത്തിയ ക്ഷേത്ര ദര്‍ശനങ്ങളും അതിനോടുള്ള ബിജെപിയുടെ പ്രതികരണങ്ങളും വലിയ ചര്‍ച്ചകള്‍ക്കും സംവാദങ്ങള്‍ക്കും വഴി തുറന്നിരുന്നു. കോണ്‍ഗ്രസിന്റേത് മൃദുഹിന്ദുത്വ സമീപനമാണ് ഇതെന്ന് വിമര്‍ശനമുയര്‍ന്നു. ഗുജറാത്തിന്റെ ചുമതലയുള്ള, തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഉടനീളം രാഹുലിനൊപ്പമുണ്ടായിരുന്ന എഐസിസി ജനറല്‍ സെക്രട്ടറിയും മുതിര്‍ന്ന നേതാവുമായ അശോക് ഗെലോട്ട് ഇതേക്കുറിച്ച് പറയുന്നത് ഇങ്ങനെയാണ്; കോണ്‍ഗ്രസ് മുസ്ലീം അനുകൂല പാര്‍ട്ടിയും ബിജെപി ഹിന്ദുക്കളുടെ പാര്‍ട്ടിയും എന്ന, ബിജെപി സൃഷ്ടിച്ചെടുത്ത തെറ്റായ അവബോധത്തെ തിരുത്തേണ്ടതുണ്ടായിരുന്നു. ദ ഇന്ത്യന്‍ എക്‌സ്പ്രസിന്റെ ഐഡിയ എക്‌സ്‌ചേഞ്ച് പരിപാടിയിലാണ് രാജസ്ഥാന്‍ മുന്‍ മുഖ്യമന്ത്രി കൂടിയായ അശോക് ഗെലോട്ട് ഇക്കാര്യം പറഞ്ഞത്. മാത്രമല്ല മണിശങ്കര്‍ അയ്യര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നീച് എന്ന് വിശേഷിപ്പിച്ചതും അയോധ്യ കേസില്‍ വാദം കേള്‍ക്കുന്നത് നീട്ടിവയ്ക്കാന്‍ ആവശ്യപ്പെട്ട് കപില്‍ സിബല്‍ സുപ്രീംകോടതിയെ സമീപിച്ചതും ബിജെപിക്ക് അനുകൂലമായും കോണ്‍ഗ്രസിന് ക്ഷീണമായും വന്നുവെന്ന് അശോക് ഗെലോട്ട് അഭിപ്രായപ്പെട്ടു. രാഷ്ട്രീയ ചര്‍ച്ചാവിഷയങ്ങളെ വഴി തിരിച്ചുവിടുന്നതില്‍ ഇത് ബിജെപിക്കും മോദിക്കും സഹായകമായി - ഗെലോട്ട് പറഞ്ഞു.
കോണ്‍ഗ്രസിനെ സംബന്ധിച്ച് മതനിരപേക്ഷത എല്ലാക്കാലത്തും മാര്‍ഗദര്‍ശനം നല്‍കുന്നതാണ്. എല്ലാ വിഭാഗങ്ങളേയും ഉള്‍ക്കൊള്ളുന്ന പാര്‍ട്ടിയാണിത് എന്ന് ആവര്‍ത്തിച്ച് വ്യക്തമാക്കുന്നതാണ് ഇത്. അയോദ്ധ്യ പ്രശ്‌നവും രാമക്ഷേത്ര വിവാദവുമായി ബന്ധപ്പെട്ട് ബിജെപി ഉണ്ടാക്കിയെടുത്ത ഒരു ധാരണയാണിത്. ഈ ധാരണ ശക്തമായി തുടര്‍ന്നാല്‍ അത് ഇന്ത്യയെ സംബന്ധിച്ച് വലിയ അപകടമായിരിക്കും ഉണ്ടാക്കുക - അശോക് ഗെലോട്ട് പറഞ്ഞു.

അശോക് ഗെലോട്ടിന്റെ വാക്കുകള്‍ കോണ്‍ഗ്രസ് സ്വീകരിക്കാന്‍ പോകുന്ന രാഷ്ട്രീയതന്ത്രത്തിന്റെ കൃത്യമായ സൂചനയാണ്. എന്നാല്‍ അത് മൂന്ന് പതിറ്റാണ്ട് മുമ്പ് രാജീവ് ഗാന്ധിയുടെ അപക്വമായ തന്ത്രത്തിന്റെ ആവര്‍ത്തനമാണെങ്കില്‍ അത് ദുരന്തവും പ്രഹസനവും ആയി ആവര്‍ത്തിക്കുകയേ ഉള്ളൂ. ബാബറി മസ്ജിദ് ഹിന്ദുത്വവാദികള്‍ക്ക് ആരാധനയ്ക്കായി തുറന്നുകൊടുത്തും മറ്റൊരു വശത്ത് ഷാബാനു ബീഗം കേസില്‍ മുസ്ലീം മതമൗലികവാദികള്‍ക്ക് അനുകൂലമായി നിയമനിര്‍മ്മാണം നടത്തിയും സല്‍മാന്‍ റുഷ്ദിയുടെ സാത്താനിക് വേഴ്‌സസ് നിരോധിച്ചും രാജീവ് ഗാന്ധി ഒരേസമയം സ്വീകരിച്ച ഭൂരിപക്ഷ - ന്യൂനപക്ഷ പ്രീണന നയത്തിന്റെ ഗുണഭോക്താക്കള്‍ സംഘപരിവാര്‍ ആയിരുന്നു. തീവ്ര ഇസ്ലാമിസ്റ്റ് ഗ്രൂപ്പുകള്‍ ശക്തിപ്പെട്ടതും ഇതിന്റെ ദുരന്ത ഫലമായാണ്.

http://www.azhimukham.com/trending-a-muslim-women-sharing-her-deep-crisis-after-triple-talaq-writing-kr-dhanya/

Next Story

Related Stories