Top

ഇടതിനും വലതിനും ഇടയില്‍ ഇടമില്ലാതാവുകയാണോ ത്രിപുരയിലെ കോണ്‍ഗ്രസിന്?

ഇടതിനും വലതിനും ഇടയില്‍ ഇടമില്ലാതാവുകയാണോ ത്രിപുരയിലെ കോണ്‍ഗ്രസിന്?
രണ്ട് തവണ ത്രിപുരയില്‍ അധികാരത്തില്‍ വന്നിട്ടുള്ളതും കഴിഞ്ഞ 25 വര്‍ഷം ത്രിപുരയില്‍ പ്രധാന പ്രതിപക്ഷ പാര്‍ട്ടിയായിരുന്നതുമായ കോണ്‍ഗ്രസ്, നിയമസഭ തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കിയുള്ളപ്പോള്‍ വലിയ പ്രതിസന്ധിയിലാണ്. എംഎല്‍എമാരെ ബിജെപി ചാക്കിലാക്കി. അടിത്തറ തകര്‍ന്നു. തിരഞ്ഞെടുപ്പിനായി സഖ്യസാധ്യതകളൊന്നും ശരിയായിട്ടില്ല. ബിജെപി കോണ്‍ഗ്രസിന്റെ സ്ഥാനം ഏറ്റെടുക്കുന്നു. കോണ്‍ഗ്രസ് വര്‍ക്കിംഗ് പ്രസിഡന്റും ത്രിപുര രാജകുടുംബാംഗവുമായ കിരിത് പ്രദ്യോത് ദേബ് ബര്‍മന്‍ മനിക്യ പാര്‍ട്ടിക്കെതിരെ കലാപക്കൊടി ഉയര്‍ത്തി രാജി ഭീഷണിയുമായി നില്‍ക്കുകയാണെന്ന് ദ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. കോണ്‍ഗ്രസ് അനുഭാവികളായിരുന്ന, ദേബ് ബര്‍മന്റെ കുടുംബാംഗങ്ങളെല്ലാം ബിജെപിയിലേയ്ക്ക് ചാഞ്ഞ് കഴിഞ്ഞു.

ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളുടെ ചുമതലയുള്ള പാര്‍ട്ടി നേതാവ് ഹിമന്ത ബിശ്വ ശര്‍മയും ദേബ് ബര്‍മനെ ബിജെപിയിലേയ്ക്ക് കൊണ്ടുവരുന്നതിനായി ചരടുവലികളും സമ്മര്‍ദ്ദങ്ങളുമായി രംഗത്തുണ്ട്. ദേബ് ബര്‍മനെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാക്കാമെന്നാണ് വാഗ്ദാനം. കമ്മ്യൂണിസ്റ്റുകാര്‍ക്കെതിരായ പോരാട്ടമാണ് ഞാന്‍ നടത്തുന്നത് എന്നാണ് കിരിത് ദേബ് ബര്‍മന്‍ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞത്. സംസ്ഥാനത്തെ ഗോത്ര ജനവിഭാഗങ്ങളുടെ സംസ്‌കാരത്തേയും പാരമ്പര്യത്തേയും അവര്‍ നശിപ്പിച്ചു. സാമ്പത്തിക വികസനമില്ല. പ്രത്യേകിച്ച് ആദിവാസി ജനവിഭാഗങ്ങള്‍ക്കിടയില്‍. തൊഴിലില്ലായ്മ വളരം ഉയര്‍ന്നുനില്‍ക്കുന്നു. ത്രിപുര ഒരു കാലത്ത് വടക്കുകിഴക്കന്‍ മേഖലയിലെ ഏറ്റവും വികസിത സംസ്ഥാനമായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഏറ്റവും പിന്നോക്ക സംസ്ഥാനമായിരിക്കുന്നു. ഇതിന് കാരണം സിപിഎം ഭരണമാണ് - ദേബ് ബര്‍മന്‍ അഭിപ്രായപ്പെട്ടു.

സിപിഎമ്മിനോടും ഇടതുമുന്നണിയോടും കഴിഞ്ഞ 10 വര്‍ഷമായി സ്വീകരിച്ച മൃദു സമീപനം കോണ്‍സ് പ്രവര്‍ത്തകര്‍ക്കിടയില്‍ വലിയ നിരാശയുണ്ടാക്കിയിട്ടുണ്ടെന്നും ദേബ് ബര്‍മന്‍ അഭിപ്രായപ്പെട്ടു. കോണ്‍ഗ്രസ് ദേശീയ നേതൃത്വം സിപിഎമ്മിനോട് മൃദു സമീപനം കാട്ടി. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ ഞങ്ങള്‍ അവരോട് മൃദുസമീപനം കാട്ടിയത് പാര്‍ട്ടി ദേശീയ നേതൃത്വത്തിന്റെ പിന്തുണ ഞങ്ങള്‍ക്ക് ആവശ്യമുള്ളത് കൊണ്ടായിരുന്നു. 2008ലും ഇത് തന്നെയാണ് സംഭവിച്ചത്. പ്രവര്‍ത്തകരെ നിരുത്സാഹപ്പെടുത്തുന്ന സമീപനമാണിത്. സിപിഎമ്മുകാര്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കൊലപ്പെടുത്തിയിട്ടുണ്ട്. ഞങ്ങളുടെ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും അനുഭാവികള്‍ക്കും സര്‍ക്കാര്‍ ജോലിയോ ആനുകൂല്യങ്ങളോ കിട്ടുന്നില്ല. ഇങ്ങനെയുള്ള കമ്മ്യൂണിസ്റ്റുകാരോട് ഞങ്ങളെങ്ങനെ മൃദു സമീപനം കാണിക്കും - ഒരു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ചോദിക്കുന്നു.കോണ്‍ഗ്രസും സിപിഎമ്മും തമ്മിലുള്ള പരോക്ഷ ധാരണ കാരണമാണ് 2016ല്‍ താന്‍ ആറ് എംഎല്‍എമാര്‍ക്കൊപ്പം പാര്‍ട്ടി വിട്ട് തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നതെന്ന് അഗര്‍ത്തല എംഎല്‍എ സുദീപ് റോയ് ബര്‍മന്‍ പറയുന്നു. 2016 ജൂണില്‍ ആറ് എംഎല്‍എമാരടക്കം രണ്ടായിരത്തോളം പ്രവര്‍ത്തകര്‍ സുദീപ് റോയ് ബര്‍മനൊപ്പം കോണ്‍ഗ്രസ് വിട്ട് തൃണമൂലില്‍ ചേര്‍ന്നിരുന്നു. ഈ എംഎല്‍എമാര്‍ 2017 ഓഗസ്റ്റില്‍ ബിജെപിയില്‍ ചേര്‍ന്നു. തൃണമൂല്‍ കോണ്‍ഗ്രസും സിപിഎമ്മിനോട് മൃദു സമീപനം കാട്ടുന്നു എന്ന് ആരോപിച്ചാണ് ഇവര്‍ ബിജെപിയില്‍ ചേര്‍ന്നത്.

തങ്ങള്‍ തൃണമൂല്‍ വിട്ടത് ദേശീയ തലത്തില്‍ ഇടതുപാര്‍ട്ടികളോട് മമത ബാനര്‍ജി മൃദു സമീപനം കാട്ടുന്നു എന്ന് തിരിച്ചറിഞ്ഞതിനെ തുടര്‍ന്നാണെന്ന് സുദീപ് റോയ് ബര്‍മന്‍ പറയുന്നു. അവരുടെ ശത്രു സിപിഎമ്മല്ല, ബിജെപിയാണ്. ഞങ്ങള്‍ക്കിത് ത്രിപുരയില്‍ അംഗീകരിക്കാനാവില്ല. ബിജെപിയല്ലാതെ വേറെ വഴിയില്ലെന്ന് ഞങ്ങള്‍ക്ക് മനസിലായി. ബിജെപി ഒരിക്കലും ഇടത് പാര്‍ട്ടികളുമായി ധാരണയോ സഖ്യമോ ഉണ്ടാക്കില്ലെന്ന് ഞങ്ങള്‍ക്കറിയാം.

കോണ്‍ഗ്രസ് ദേശീയ നേതാക്കള്‍ തിരഞ്ഞെടുപ്പ് കാലത്ത് പോലും ത്രിപുര സന്ദര്‍ശിക്കാറില്ല. ഒരിക്കല്‍ സോണിയ ഗാന്ധി ഒരു റാലിക്കെത്തുമെന്ന് പറഞ്ഞു. അവസാന നിമിഷം അത് റദ്ദാക്കി. അവര്‍ ഞങ്ങളെ അത്രയ്ക്ക് വിലയേ കല്‍പ്പിക്കുന്നുള്ളൂ. അതേസമയം ബിജെപി നേതാക്കളും മന്ത്രിമാരും എല്ലാ പിന്തുണയും തരുന്നു. 45 മന്ത്രിമാര്‍ ത്രിപുര സന്ദര്‍ശിച്ചു. അവര്‍ സംഘടനയെ സംരക്ഷിക്കുന്നുണ്ട്. ത്രിപുരയുടെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി സിപി ജോഷിക്ക് കമ്മ്യൂണിസം എന്താണെന്നോ കമ്മ്യൂണിസ്റ്റുകാരുടെ പ്രവര്‍ത്തന രീതിയോ അറിയില്ല. കഴിഞ്ഞ് നാല് വര്‍ഷത്തിനിടെ സിപി ജോഷി ത്രിപുരയില്‍ ചിലവഴിച്ചത് വെറും മൂന്നര മണിക്കൂര്‍ മാത്രം - സുദീപ് റോയ് ബര്‍മന്‍ പറഞ്ഞു.കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ ത്രിപുരയില്‍ പതിനായിരത്തിലധികം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ബിജെപിയില്‍ ചേര്‍ന്നതായാണ് റിപ്പോര്‍ട്ട്. ഗ്രാമങ്ങളിലേയ്ക്ക് കടന്നുചെല്ലാനുള്ള സംഘടനാപരമായ കരുത്ത് ഞങ്ങള്‍ക്കില്ല. കോണ്‍ഗ്രസിന്റെ വോട്ടര്‍മാരില്‍ ഭൂരിഭാഗവും നഗര പ്രദേശങ്ങളിലുള്ളവരാണ്. തിരഞ്ഞെടുപ്പ് പ്രവര്‍ത്തന ഫണ്ട് കേന്ദ്ര നേതൃത്വത്തില്‍ നിന്ന് വരുന്നില്ലെന്നും അതേസമയം ബിജെപി പണമൊഴുക്കി കൊണ്ടിരിക്കുകയാണെന്നും ഒരു കോണ്‍ഗ്രസ് നേതാവ് പറഞ്ഞു. ത്രിണമൂലിന് വലിയ പിന്തുണയുണ്ടെന്ന് പറയാനാവില്ലെങ്കിലും അവരുമായി ധാരണയുണ്ടാക്കി സിപിഎമ്മിനെ നേരിടാനാണ് ശ്രമിക്കുന്നതെന്ന് കോണ്‍ഗ്രസ് വൃത്തങ്ങള്‍ പറയുന്നു. കോണ്‍ഗ്രസ് സമുദ്രമാണെന്നും ഒരു ബക്കറ്റ് വെള്ളം അതില്‍ നിന്ന് പോയാല്‍ അത് ബാധിക്കില്ലെന്നുമാണ് മറ്റൊരു കോണ്‍ഗ്രസ് നേതാവായ ഗോപാല്‍ റോയ് ആത്മവിശ്വാസം പ്രകടിപ്പിക്കുന്നത്. 60 അംഗ നിയമസഭയില്‍ ബിജെപിയുടെ ചാക്കിട്ടുപിടിത്തത്തിന് ശേഷം (ഏഴ് എംഎല്‍എമാര്‍ പോയി) കോണ്‍ഗ്രസിന്റെ അവശേഷിച്ച രണ്ട് എംഎല്‍എമാരില്‍ ഒരാളും നിയമസഭാ കക്ഷി നേതാവുമാണ് ഗോപാല്‍ റോയ്.

http://www.azhimukham.com/update-tripura-congress-legislators-bjp/

Next Story

Related Stories