ട്രെന്‍ഡിങ്ങ്

വ്യാജ പ്രചാരണത്തില്‍ ത്രിപുരയില്‍ മൂന്ന് പേരെ തല്ലിക്കൊന്നു; ബിജെപി മന്ത്രി രാജി വയ്ക്കണമെന്ന് സിപിഎം

നിരുത്തരവാദപരമായ പ്രസ്താവന നടത്തി കലാപത്തിലേയ്ക്കും കൊലപാതകങ്ങളിലേയ്ക്കും നയിച്ച രതന്‍ ലാല്‍ നാഥ് രാജി വയ്ക്കണമെന്ന് സിപിഎം ആവശ്യപ്പെട്ടു. കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നവരെന്ന് പറഞ്ഞ് നിരപരാധികളെ ആക്രമിക്കുന്ന സാഹചര്യമാണുണ്ടായത്.

കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നതായി ആരോപിച്ച് ത്രിപുരയില്‍ ഒരു ദിവസം മൂന്ന് പേരെ തല്ലിക്കൊന്നതായി ദ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. അപവാദ പ്രചാരണം തടയാനായി ജില്ല ഭരണകൂടം നിയോഗിച്ചയാളേയും തല്ലിക്കൊന്നിട്ടുണ്ട്. ജൂണ്‍ 28ന് വിവിധ ജില്ലകളിലായാണ് ആള്‍ക്കൂട്ട കൊലകള്‍ നടന്നത്. കൊല്ലപ്പെട്ടവരില്‍ ഒരാള്‍ സ്ത്രീയാണ്. സിപാഹിജല ജില്ലയിലാണ് ഇവര്‍ കൊല്ലപ്പെട്ടത്. പേരും മറ്റ് വിവരങ്ങളും ലഭ്യമല്ല.

പശ്ചിമ ത്രിപുരയില്‍ യുപിയില്‍ നിന്നുള്ള ഒരു തെരുവ് കച്ചവടക്കാരനെ – 30കാരനായ സഹീര്‍ ഖാനെയാണ് തല്ലിക്കൊന്നത്. ഇതേ ദിവസം തന്നെ ദക്ഷിണ ത്രിപുര ജില്ലയില്‍ അപവാദ പ്രചാരണം തടയാന്‍ സര്‍ക്കാര്‍ നിയോഗിച്ചിരുന്ന ഉദ്യോഗസ്ഥന്‍ സുകാന്ത ചക്രബര്‍ത്തി (36) കൊല്ലപ്പെട്ടു. ചക്രബര്‍ത്തിയുടെ കൊലപാതകവുമായി ബന്ധപ്പെട്ടും സ്ത്രീയുടെ കൊലയുമായി ബന്ധപ്പെട്ടും നാല് പേരെ വീതം അറസ്റ്റ് ചെയ്തിട്ടുണ്ട്. സഹീര്‍ ഖാന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ആരെയും പിടികിട്ടിയിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്.

അഗര്‍ത്തലയില്‍ നിന്ന് 25 കിലോമീറ്റര്‍ അകലെ മോഹന്‍പൂരില്‍ 11 വയസുകാരനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയിരുന്നു. കുട്ടിയുടെ കിഡ്‌നി നീക്കം ചെയ്തിരുന്നതായി ആരോപണമുയര്‍ന്നു. മന്ത്രി ഇത് ശരിവച്ച് സംസാരിച്ചത് വലിയ വിവാദമായിട്ടുണ്ട്. തുടര്‍ന്ന് പ്രദേശവാസികളും പൊലീസുമായുണ്ടായ സംഘര്‍ഷത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിരുന്നു. ത്രിപുരയില്‍ ഇതുവരെ ഇത്തരമൊരു സംഭവവമുണ്ടായിട്ടില്ലെന്ന് വിദ്യാഭ്യാസ മന്ത്രി രതന്‍ ലാല്‍ നാഥ് പറഞ്ഞു. കുട്ടിയുടെ വീട്ടുകാരെ സന്ദര്‍ശിച്ച ശേഷമാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്.
അതേസമയം ഇവരെ സന്ദര്‍ശിച്ച മുഖ്യമന്ത്രി ബിപ്ലബ് ദേബ് നിയമസഭയില്‍ ഈ വാദം തള്ളി.

നിരുത്തരവാദപരമായ പ്രസ്താവന നടത്തി കലാപത്തിലേയ്ക്കും കൊലപാതകങ്ങളിലേയ്ക്കും നയിച്ച രതന്‍ ലാല്‍ നാഥ് രാജി വയ്ക്കണമെന്ന് സിപിഎം ആവശ്യപ്പെട്ടു. കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നവരെന്ന് പറഞ്ഞ് നിരപരാധികളെ ആക്രമിക്കുന്ന സാഹചര്യമാണുണ്ടായത്. രാജി വയ്ക്കാന്‍ തയ്യാറല്ലെങ്കില്‍ രതന്‍ ലാല്‍ നാഥിനെ മുഖ്യമന്ത്രി പുറത്താക്കണമെന്നും സിപിഎം ആവശ്യപ്പെട്ടു. കോണ്‍ഗ്രസ് ഈ വിവാദ സംഭവങ്ങളില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ടു. അതേസമയം സിപിഎമ്മുമായി ബന്ധപ്പെട്ടവരാണ് ആള്‍ക്കൂട്ട കൊലകള്‍ നടപ്പാക്കുന്നതെന്നാണ് ബിജെപിയുടെ ആരോപണം. സോഷ്യല്‍ മീഡിയയിലൂടെ അടക്കം വ്യാജ വാര്‍ത്തകളും സന്ദേശങ്ങളും അപവാഗദങ്ങളും പ്രചരിപ്പിക്കുന്നത് സിപിഎമ്മുകാരാണ് എന്ന് ത്രിപുര ബിജെപി വക്താവ് മൃണാള്‍ കാന്തി ദേബ് ആരോപിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍