TopTop
Begin typing your search above and press return to search.

ഇന്ത്യ 'താരിഫ് കിങ്' ആണെന്ന് ട്രംപ്; മോദിയുമായുള്ള ജി20 കൂടിക്കാഴ്ചയില്‍ നികുതികള്‍ കുറയ്ക്കാന്‍ ആവശ്യപ്പെടും

ഇന്ത്യ
ഇന്ത്യക്ക് ജപ്പാനുമായുള്ള ബന്ധത്തിന് നൂറ്റാണ്ടുകളുടെ ചരിത്രമുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ജപ്പാനിലെ ഒസാകയില്‍ നടക്കുന്ന ജി20 ഉച്ചകോടിയില്‍ പങ്കെടുക്കാനെത്തിയ പ്രധാനമന്ത്രി ഇന്ത്യാക്കാരെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് ജപ്പാനുമായി രാജ്യത്തിനുള്ള പ്രത്യേക ബന്ധത്തെ പരാമര്‍ശിച്ചത്. ജപ്പാനിലെ കോബെയിലാണ് ജപ്പാനിലെ ഇന്ത്യാക്കാരെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തത്.

2014ല്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയായ ഘട്ടത്തില്‍ തന്നെ തനിക്ക് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തമാക്കാനുള്ള അവസരം ലഭിച്ചെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം തലസ്ഥാനങ്ങള്‍ തമ്മിലുള്ളതിനും അംബാസ്സഡര്‍മാര്‍ തമ്മിലുള്ളതിനും മീതെയായി വളര്‍ന്നുവെന്ന് അദ്ദേഹം വിശദീകരിച്ചു. ജനങ്ങള്‍ തമ്മിലുള്ള ബന്ധത്തിലേക്ക് നയതന്ത്രബന്ധത്തെ വളര്‍ത്താന്‍ തനിക്ക് സാധിച്ചു. സ്വാമി വിവേകാനന്ദന്‍ മുതല്‍ ജസ്റ്റിസ് രാധാബിനോദ് പാല്‍ വരെയുള്ള നേതാക്കള്‍ ജപ്പാനുമായുള്ള ഇന്ത്യയുടെ ബന്ധത്തെ ശക്തിപ്പെടുത്തിയവരാണ്. രണ്ടാംലോകയുദ്ധത്തിനു ശേഷമാണ് ഇന്ത്യയുമായുള്ള ജപ്പാന്റെ ബന്ധം വളര്‍ന്നതെന്നും അദ്ദേഹം വിശദീകരിച്ചു.

ഫാനി ചുഴലിക്കാറ്റിനെ ഇന്ത്യ മികച്ച രീതിയില്‍ കൈകാര്യം ചെയ്തുവെന്നും ലോകം അതിനെ പ്രകീര്‍ത്തിച്ചുവെന്നും മോദി തന്റെ പ്രഭാഷണത്തില്‍ അവകാശപ്പെട്ടു. വന്ദേമാതരം, ജയ് ശ്രീരാം എന്നിങ്ങനെയുള്ള മുദ്രാവാക്യം വിളികളോടെയാണ് ജപ്പാനിലെ മോദി ആരാധകര്‍ അദ്ദേഹത്തെ വരവേറ്റത്.

അതെസമയം, മോദിയുമായി നിശ്ചയിച്ചിട്ടുള്ള കൂടിക്കാഴ്ചയ്ക്കു മുമ്പായി തന്റെ ആവശ്യങ്ങള്‍ പ്രസ്താവിച്ച് അമേരിക്കന്‍ പ്രസിഡണ്ട് ഡോണള്‍ഡ് ട്രംപ് രംഗത്തു വന്നു. യുഎസ് ഉല്‍പ്പന്നങ്ങള്‍ക്ക് ഉയര്‍ന്ന തീരുവ പ്രഖ്യാപിച്ച ഇന്ത്യയെ 'താരിഫ് കിങ്' എന്ന് വിശേഷിപ്പിച്ച ട്രംപ് നികുതികള്‍ കുറയ്ക്കാന്‍ തയ്യാറാകണമെന്ന ആവശ്യമുന്നയിച്ചു. ഇന്ത്യയെ വ്യാപാര മുന്‍ഗണനാ പട്ടികയില്‍ നിന്നും ഒഴിവാക്കിയ യുഎസ്സിന്റെ നടപടിക്കു പിന്നാലെ രാജ്യത്തിറക്കുന്ന 28 യുഎസ് ഉല്‍പ്പന്നങ്ങള്‍ക്ക് വന്‍ നികുതി ഏര്‍പ്പാടാക്കിയിരുന്നു ഇന്ത്യ.

മോദിയുമായുള്ള കൂടിക്കാഴ്ചയില്‍ താന്‍ പ്രധാനമായും ഉന്നയിക്കുക തീരുവപ്രശ്നമാണെന്ന് ട്രംപ് സൂചിപ്പിച്ചു. കാലങ്ങളായി അമേരിക്കന്‍ ഉല്‍പ്പന്നങ്ങളിന്മേല്‍ ഇന്ത്യ വലിയ നികുതിയാണ് ഈടാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഇത് അസ്വീകാര്യമാണ്. ഇന്ത്യന്‍ പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയില്‍ താന്‍ ഈ നികുതി കുറയ്ക്കണമെന്ന് ആവശ്യപ്പെടുമെന്ന് അദ്ദേഹം പറഞ്ഞു. വെള്ളിയാഴ്ചയാണ് മോദിയും ട്രംപും കൂടിക്കാഴ്ച നടത്തുന്നത്.

തീരുവ പ്രശ്നമടക്കമുള്ള വിഷയങ്ങളില്‍ നിലനില്‍ക്കുന്ന തര്‍ക്കങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ യുഎസ് വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപിയോ കഴിഞ്ഞ ദിവസങ്ങളില്‍ ഇന്ത്യയിലെത്തിയിരുന്നു. റഷ്യയുമായുള്ള ആയുധക്കരാറും, എച്ച്1ബി വിസ പ്രശ്നവും, ഇന്ത്യൻ ഉപഭോക്താക്കളുടെ ഡാറ്റാശേഖരം ഇന്ത്യയിൽത്തന്നെ സൂക്ഷിക്കണമെന്ന നിബന്ധന സംബന്ധിച്ച പ്രശ്നവും, ഇറാനിൽ നിന്നുള്ള എണ്ണ ഇറക്കുമതി പ്രശ്നവുമെല്ലാം വിദേശകാര്യമന്ത്രി ജയ്ശങ്കറുമായുള്ള കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായിരുന്നു.

കൂടിക്കാഴ്ചയ്ക്കു ശേഷം മാധ്യമങ്ങളെ കണ്ടപ്പോൾ റഷ്യയുമായുള്ള ഇടപാട് സംബന്ധിച്ച് വിദേശകാര്യമന്ത്രി ജയ്ശങ്കർ പറഞ്ഞത് ‘ദേശീയ താൽപര്യം എന്താണ് ആവശ്യപ്പെടുന്നത് അത് ഞങ്ങൾ ചെയ്യും’ എന്നായിരുന്നു. എസ്400 ട്രയംഫ് മിസ്സൈലുകൾ റഷ്യയില്‍ നിന്നും സ്വന്തമാക്കാൻ 5 ബില്യൺ ഡോളറിന്റെ കരാർ ഇന്ത്യ ഒപ്പിട്ടത് ട്രംപിന്റെ അനിഷ്ടത്തിന് കാരണമായിരുന്നു. മേഖലയിലെ നിലനില്‍പ്പിന് ആവശ്യമായ സൈനികശേഷി ഇന്ത്യക്കുണ്ടാകണമെന്ന കാര്യത്തിൽ അമേരിക്ക പ്രതിബദ്ധമാണെന്നായിരുന്നു പോംപിയോയുടെ പ്രതികരണം. ഇന്നുരാവിലെ പോംപിയോ നരേന്ദ്രമോദിയുമായും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായും കൂടിക്കാഴ്ച നടത്തുകയുണ്ടായി. റഷ്യ, ചൈന, ഇറാൻ, വടക്കൻ കൊറിയ എന്നീ രാജ്യങ്ങളുമായി സൈനിക കരാറുണ്ടാക്കുന്ന രാജ്യങ്ങളുമായുള്ള യുഎസ്സിന്റെ ബന്ധം സംബന്ധിച്ച് ഒരു പുതിയ നിയമം ഡ്രാഫ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ട്. നിയമത്തിന് ഇതുവരെ പ്രസിഡണ്ടിന്റെ അംഗീകാരം ലഭിച്ചിട്ടില്ലെങ്കിലും അതിലെ വ്യവസ്ഥകളെ ഊന്നിയുള്ള നയം നടപ്പാക്കൽ യുഎസ് തുടങ്ങിയിട്ടുണ്ട്. ഇതിൽ തങ്ങൾക്ക് ഇളവ് ലഭിക്കണമെന്നാണ് ഇന്ത്യ ആവശ്യപ്പെടുന്നത്.

Next Story

Related Stories