TopTop
Begin typing your search above and press return to search.

ഇന്ത്യ ഇക്കാലമത്രയും മുതലെടുത്തു, ഇനി അനുവദിക്കില്ല: വ്യാപാരത്തർക്കത്തിന് എരികേറ്റി ട്രംപ്

ഇന്ത്യ ഇക്കാലമത്രയും മുതലെടുത്തു, ഇനി അനുവദിക്കില്ല: വ്യാപാരത്തർക്കത്തിന് എരികേറ്റി ട്രംപ്
യുഎസ് ഉൽപ്പന്നങ്ങൾക്ക് വൻതോതിൽ നികുതിയീടാക്കി ഇന്ത്യ ദീർഘകാലമായി മുതലെടുക്കുകയാണെന്നും അതിനി നടപ്പില്ലെന്നും അമേരിക്കൻ പ്രസിഡണ്ട് ഡോണൾഡ് ട്രംപ്. ട്വിറ്ററിലൂടെയാണ് ട്രംപ് ഇ പ്രസ്താവന നടത്തിയത്. ഇരുരാജ്യങ്ങളും തമ്മിൽ കുറച്ചുനാളുകളായി തുടങ്ങിയ വ്യാപാരയുദ്ധത്തിന് പെട്ടെന്നൊരു അറുതിയുണ്ടാകില്ലെന്ന സൂചനയാണ് ട്രംപിന്റെ ഈ ട്വീറ്റ്. ജപ്പാനിൽ ജി20 ഉച്ചകോടിയിലും ചർച്ചകളിൽ കാര്യമായ പുരോഗതിയുണ്ടാക്കാൻ കഴിഞ്ഞിരുന്നില്ല.

ഇന്ത്യയുടെ അമേരിക്കയും വ്യാപാരബന്ധം സംബന്ധിച്ച ചർച്ചകൾ പുനരാരംഭിക്കാനിരിക്കെയാണ് ട്രംപിന്റെ ഈ പ്രസ്താവന. യുഎസ്സിന്റെ വ്യാപാര പ്രതിനിധികൾ (United States Trade Representative) അടുത്തയാഴ്ച ഇന്ത്യ സന്ദർശിക്കുന്നുണ്ട്. ഇതിൽ പ്രതിസന്ധിക്ക് പരിഹാരം കാണാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചൈനയുമായും യുഎസ് തര്‍ക്കങ്ങളിലാണ്. ജി20 ഉച്ചകോടിയിലെ ചർച്ചകളിൽ ഇരുരാജ്യങ്ങളും ഒരുവിധം മുന്നേറ്റം നടത്തിയിരുന്നു. പുതിയ നികുതികള്‍ ഏർപ്പെടുത്തില്ലെന്ന നിലപാടിലേക്ക് ഇരുവരും എത്തിയിട്ടുണ്ട്.

ജൂൺ മാസത്തിൽ മാത്രം ഇന്ത്യ 28 യുഎസ് ഉൽപ്പന്നങ്ങൾക്ക് അധികനികുതി ഏർപ്പെടുത്തിയിരുന്നു.

ജി20ക്കു മുമ്പായി ഈ പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ യുഎസ് വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപിയോ ഇന്ത്യയിലെത്തിയിരുന്നു. ഇന്ത്യൻ വിദേശകാര്യമന്ത്രി ജയ്ശങ്കറുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം മാധ്യമങ്ങളെ കണ്ടപ്പോൾ റഷ്യയുമായുള്ള ഇടപാട് സംബന്ധിച്ച് വിദേശകാര്യമന്ത്രി ജയ്ശങ്കർ പറഞ്ഞത് ‘ദേശീയ താൽപര്യം എന്താണ് ആവശ്യപ്പെടുന്നത് അത് ഞങ്ങൾ ചെയ്യും’ എന്നായിരുന്നു. എസ്400 ട്രയംഫ് മിസ്സൈലുകൾ റഷ്യയില്‍ നിന്നും സ്വന്തമാക്കാൻ 5 ബില്യൺ ഡോളറിന്റെ കരാർ ഇന്ത്യ ഒപ്പിട്ടത് ട്രംപിന്റെ അനിഷ്ടത്തിന് കാരണമായിരുന്നു. മേഖലയിലെ നിലനില്‍പ്പിന് ആവശ്യമായ സൈനികശേഷി ഇന്ത്യക്കുണ്ടാകണമെന്ന കാര്യത്തിൽ അമേരിക്ക പ്രതിബദ്ധമാണെന്നായിരുന്നു പോംപിയോയുടെ പ്രതികരണം. അന്നേദിവസം രാവിലെ പോംപിയോ നരേന്ദ്രമോദിയുമായും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായും കൂടിക്കാഴ്ച നടത്തുകയുണ്ടായി. റഷ്യ, ചൈന, ഇറാൻ, വടക്കൻ കൊറിയ എന്നീ രാജ്യങ്ങളുമായി സൈനിക കരാറുണ്ടാക്കുന്ന രാജ്യങ്ങളുമായുള്ള യുഎസ്സിന്റെ ബന്ധം സംബന്ധിച്ച് ഒരു പുതിയ നിയമം ഡ്രാഫ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ട്. നിയമത്തിന് ഇതുവരെ പ്രസിഡണ്ടിന്റെ അംഗീകാരം ലഭിച്ചിട്ടില്ലെങ്കിലും അതിലെ വ്യവസ്ഥകളെ ഊന്നിയുള്ള നയം നടപ്പാക്കൽ യുഎസ് തുടങ്ങിയിട്ടുണ്ട്. ഇതിൽ തങ്ങൾക്ക് ഇളവ് ലഭിക്കണമെന്നാണ് ഇന്ത്യ ആവശ്യപ്പെടുന്നത്.

Next Story

Related Stories