ട്രെന്‍ഡിങ്ങ്

ആധാർ നമ്പർ പരസ്യപ്പെടുത്തി വെല്ലുവിളിച്ചു: ട്രായ് തലവന്റെ സ്വകാര്യവിവരങ്ങൾ എടുത്തു പുറത്തിട്ട് ഹാക്കർമാർ

താൻ ‘തൽക്കാലം നിറുത്തുകയാണെ’ന്നു പറഞ്ഞാണ് ആൻഡേഴ്സൻ അവസാനിപ്പിച്ചത്.

തന്റെ ആധാർ നമ്പർ ട്വിറ്ററിൽ പോസ്റ്റ് ചെയ്ത് വെല്ലുവിളി നടത്തിയ ട്രായ് തലവൻ ആർഎസ് ശർമയ്ക്ക് കിട്ടിയത് വൻ അടി. കഴിഞ്ഞദിവസമാണ് ആധാർ നമ്പർ ദുരുപയോഗം ചെയ്യാൻ കഴിയുമോയെന്ന് ആർ‌എസ് ശർമ ചോദിച്ചത്. ഇതിനായി സ്വന്തം ആധാർ നമ്പർ നൽകുകയും ചെയ്തു ശർമ. തന്റെ മൊബൈൽ നമ്പർ, ഇമെയിൽ ഐഡി തുടങ്ങിയവ ആധാറുമായി ബന്ധിപ്പിച്ചിട്ടുണ്ടെന്ന് ശർമ സൂചിപ്പിക്കുകയും ചെയ്തിരുന്നു.

ഈ വെല്ലുവിളി ഏറ്റെടുത്ത എലിയറ്റ് ആൻഡേഴ്സൻ എന്ന ഫ്രഞ്ച് സെക്യൂരിറ്റി ഓഫീസർ മണിക്കൂറുകൾക്കകം പ്രതികരിച്ചു. ശർമയുടെ ജനനത്തീയതി, വിലാസം, പാൻകാർഡ് വിവരങ്ങൾ തുടങ്ങിയവയ്ക്കൊപ്പം ശർമയുടെ വാട്സാപ്പ് പ്രൊഫൈൽ ചിത്രവും ആൻഡേഴ്സൻ എടുത്ത് പുറത്തിട്ടു.

ഈ വിവരങ്ങളെല്ലാം പോസ്റ്റ് ചെയ്തതിനു ശേഷം താൻ ‘തൽക്കാലം നിറുത്തുകയാണെ’ന്നു പറഞ്ഞാണ് ആൻഡേഴ്സൻ അവസാനിപ്പിച്ചത്. ആധാർ നമ്പർ പരസ്യപ്പെടുത്തുന്നത് അപകടമാണെന്ന സൂചനയും അദ്ദേഹം നൽകി. ആധാർ വൻ സുരക്ഷാ വീഴ്ചയാണെന്നും പൗരന്മാരെ അപകടത്തിലാക്കാൻ അതിന് കഴിയുമെന്നും ചൂണ്ടിക്കാട്ടി രംഗത്തു വന്നയാളാണ് ശർമ.

യുണീഖ് ഐഡന്റിഫിക്കേഷൻ അതോരിറ്റി ഓഫ് ഇന്ത്യയുടെ മുൻ ഡയറക്ടർ‌ ജനറലാണ് ആർഎസ് ശർമ, നിലവിൽ ട്രായ് തലവനാണ്. ഇക്കഴിഞ്ഞദിവസം ജസ്റ്റിസ് ശ്രീകൃഷ്ണ കമ്മീഷൻ ഡാറ്റ പ്രൊട്ടക്ഷൻ സംബന്ധിച്ച റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ആധാർ നിയമത്തിൽ മാറ്റങ്ങൾ വേണമെന്ന് കമ്മീഷൻ റിപ്പോർട്ടിൽ ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് വിവരം.

പൗരന്മാരുടെ സ്വകാര്യത അപകടത്തിലാണെന്ന സൂചനയാണ് ശ്രീഷ്ണ കമ്മീഷൻ റിപ്പോർട്ടും നൽകുന്നത്. ആധാർ വിവരങ്ങൾ UIDAIക്കോ അവർ ചുമതലപ്പെടുത്തിയ പ്രത്യേക ഉദ്യോഗസ്ഥർക്കോ മാത്രമേ ആവശ്യപ്പെടാനാകൂ എന്ന നിലയിൽ നിയമത്തിൽ മാറ്റം വരുത്തേണ്ടതുണ്ടെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടി. നിലവിൽ സ്വകാര്യസ്ഥാപനങ്ങൾ പോലും വിവിധ ആവശ്യങ്ങൾക്ക് ആധാർ ആവശ്യപ്പെടുന്ന നിലയാണുള്ളത്. വിവിധ വെബ്സൈറ്റുകളിലൂടെ ആധാർ വിവരങ്ങൾ ചോർത്തപ്പെടുന്നുമുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍