UPDATES

മുംബൈയെ വീണ്ടും കലാപഭൂമി ആക്കാന്‍ തീ പകര്‍ന്നത് ആര്‍എസ്എസ് ബന്ധമുള്ള ഇവര്‍ രണ്ട് പേര്‍

ഇത്തവണ സംഭാജി ബിഡെയും മിലിന്ദ് ഏക്‌ബൊതെയും ലക്ഷ്യം വച്ചത് ദലിതരെയാണ്. ഇതാദ്യമായാണ് ഇവര്‍ ദലിതര്‍ക്കെതിരായ അക്രമവുമായി രംഗത്തെത്തുന്നതെന്ന് മുംബയ് മിറര്‍ പറയുന്നു. ഗോവിന്ദ് ഗെയ്ക്‌വാദ് എന്ന മഹര്‍ സമുദായക്കാരനായ ദലിതന്റെ സമാധി വൃത്തികേടാക്കുകയും കേടുപാടുണ്ടാക്കുകയുമാണ് ഇവരുടെ അനുയായികള്‍ ചെയ്തത്.

ബാബറി മസ്ജിദ് തകര്‍ത്തതിന് ശേഷമുള്ള 1992ലെ വര്‍ഗീയ കലാപത്തിന് ശേഷം മുംബയ് നഗരത്തെ വീണ്ടും കലാപഭൂമിയാക്കുന്നതിന് പിന്നില്‍ ബിജെപിയും ആര്‍എസ്എസുമാണ് എന്ന് കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ കക്ഷികള്‍ ആരോപിച്ചിരിക്കുന്നു. ദലിത് നേതാവും ഡോ.ബിആര്‍.അംബേദ്കറുടെ കൊച്ചുമകനുമായ പ്രകാശ് അംബേദ്കറും പറയുന്നത് ഇത് തന്നെയാണ്. ഭീമ കോറിഗാവ് വിജയ് ദിവസുമായി ബന്ധപ്പെട്ട് ദലിതര്‍ക്കെതിരെ സവര്‍ണ മറാത്ത സമുദായക്കാര്‍ അഴിച്ചുവിട്ട അക്രമമാണ് ഇപ്പോള്‍ നഗരത്തിലെ ജനജീവിതം സ്തംഭിപ്പിക്കുന്നത്. ഡിസംബര്‍ 29ന് പൂനെയില്‍ നിന്നാണ് സംഭവങ്ങളുടെ തുടക്കം. പൂനെയില്‍ നിന്ന് സംഘര്‍ഷം മുംബൈയിലേയ്ക്ക് പടരുകയായിരുന്നു. മഹാരാഷ്ട്രയെ ഉടനീളം സംഘര്‍ഷഭരിതമാക്കുന്ന ഈ അക്രമത്തിന് തിരികൊളുത്തിയതില്‍ പ്രധാന പങ്ക് വഹിച്ചത് രണ്ട് ആര്‍എസ്എസുകാരാണ് എന്ന് മുംബയ് മിറര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു – 85കാരനായ സംഭാജി ഭിഡെയും 56കാരനായ മിലിന്ദ് എക്‌ബോതെയും. ഇതാദ്യമായല്ല ഭിഡെ ഗുരുജി എന്നറിയപ്പെടുന്ന സംഭാജി ഭിഡെയും മിലിന്ദ് ഏക്‌ബോതെയും കുപ്രസിദ്ധമായ പ്രവര്‍ത്തനങ്ങളിലൂടെ ശ്രദ്ധയാകര്‍ഷിക്കുന്നത്.

2008ല്‍ അശുതോഷ് ഗവാരിക്കറിന്റെ ജോധ അക്ബര്‍ പ്രദര്‍ശിപ്പിക്കുന്ന തീയറ്ററുകള്‍ സംഭാജി ഭിഡെയുടെ അനുയായികള്‍ അടിച്ചുതകര്‍ത്തിരുന്നു. 2009ല്‍ സ്വന്തം നാടായ സംഗ്ലിയെ ഭിഡെ സ്ത്ംഭിപ്പിച്ചത് ആദില്‍ ഖാന്റെ സേനാപതി അഫ്‌സല്‍ ഖാനെ ഛത്രപതി ശിവജി വധിക്കുന്നതിന്റെ കൂറ്റന്‍ ചിത്രം പന്തലില്‍ വയ്്ക്കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്നാണ്. സംഗ്ലി, കോലാപൂര്‍, സതാര തുടങ്ങിയ പ്രദേശങ്ങളില്‍ സംഭാജി ഭിഡേയ്ക്ക് വലിയ തോതില്‍ അനുയായികളുണ്ട്. ഇവരില്‍ ഭൂരിഭാഗവും യുവാക്കളാണ്. പ്രചാരകനായാണ് ആര്‍എസ്എസില്‍ ചേര്‍ന്നത്. വര്‍ഗീയത ഇളക്കി വിട്ട് സംഘര്‍ഷമുണ്ടാക്കുന്ന മറ്റ് പല ആര്‍എസ്എസ് പ്രചാരകരേയും പോലെ ആളുകളെ ആകര്‍ഷിക്കുന്ന ലളിതജീവിതമാണ് സംഭാജി ഭിഡെയുടേത്. നഗ്നപാദനായി നടക്കും. സൈക്കിളിലും സര്‍ക്കാര്‍ ബസിലും യാത്ര. സ്വന്തമായി വീടില്ല. എം എസ് സി നൂക്ലിയര്‍ ഫിസിക്‌സ് ബിരുദധാരിയും സ്വര്‍ണ മെഡല്‍ ജേതാവുമാണ് സംഭാജി ഭിഡെ. ആര്‍എസ്എസില്‍ ചേരുന്നതിന് മുമ്പ് പൂനെ ഫെര്‍ഗൂസണ്‍ കോളേജില്‍ അധ്യാപകനായിരുന്നു. 1980കളില്‍ ശിവ പ്രതിസ്ഥാന്‍ ഹിന്ദുസ്ഥാന്‍ എന്ന സ്വന്തം സംഘടനയുണ്ടാക്കി. ശിവജിയുടെ സന്ദേശങ്ങള്‍ പ്രചരിപ്പിക്കാന്‍ എന്ന് പറഞ്ഞായിരുന്നു ഇത്. ശിവജിയേയും മകന്‍ സംഭാജിയേയും കുറിച്ചുള്ള ഭിഡെയുടെ പ്രസംഗങ്ങള്‍ മുസ്ലീങ്ങള്‍ക്കെതിരായ വര്‍ഗീയതയും വെറുപ്പും നിറഞ്ഞതാണ്.

ഏക്‌ബോതെയുടെ പേരില്‍ കലാപം, അതിക്രമം, ഭീഷണിപ്പെടുത്തല്‍, സമുദായങ്ങള്‍ക്കിടയില്‍ സ്പര്‍ദ്ധ വളര്‍ത്തല്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട് 12 കേസുകളുണ്ടായിട്ടുണ്ട്. ഇതില്‍ അഞ്ച് കേസുകളില്‍ ഏക്‌ബോതെ ശിക്ഷിക്കപ്പെട്ടിരുന്നു. ഏക്‌ബോതെയുടെ കുടുംബത്തില്‍ മുഴുവന്‍ ആര്‍എസ്എസുകാരാണ്. 1997 മുതല്‍ 2007 വരെ പൂനെ മുനിസിപ്പല്‍ കോര്‍പ്പറേഷനില്‍ കൗണ്‍സിലറായിരുന്നു മിലിന്ദ് ഏക്‌ബോതെ. ഹജ് ഹൗസ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ഒരു മുസ്ലീം കൗണ്‍സിലറുമായി കയ്യാങ്കളി നടത്തിയിരുന്നു. ആദ്യം ബിജെപി കൗണ്‍സിലറായിരുന്നു. പിന്നീട് ബിജെപി ടിക്കറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് സ്വതന്ത്രനായി നിന്ന് തിരഞ്ഞെടുപ്പ് ജയിച്ചു. 2007ലെ തിരഞ്ഞെടുപ്പില്‍ തോറ്റു. ഹിന്ദു ഏക് മഞ്ച് എന്ന സംഘടന തുടങ്ങി. വാലന്റൈന്‍സ് ഡേ ആഘോഷം നടത്തിയ യുവതീയുവാക്കള്‍ക്കെതിരെ സംഘടന അക്രമമഴിച്ചുവിട്ടു. 2014ല്‍ ശിവസേന ടിക്കറ്റില്‍ നിയമസഭയിലേയ്ക്ക് മത്സരിച്ച് തോറ്റു. അതേസമയം ഭീമ കോറിഗാവില്‍ ദലിതര്‍ക്കുണ്ടായ ബുദ്ധിമുട്ടില്‍ ദുഖമുണ്ടെന്നും തന്റെ സംഘടനയായ ഹിന്ദു ഏകത മഞ്ച് നിരവധി ദലിതരെ ഉള്‍ക്കൊള്ളുന്നതാണെന്നും ഡോ.അംബേദ്കറും 19ാം നൂറ്റാണ്ടിലെ ദലിത് യോദ്ധാവ് ലാഹുജി വാസ്തദും തങ്ങളുടെ ആരാധ്യപുരുഷന്മാരാണ് എന്നുമാണ് മിലിന്ദ് ഏക്‌ബോതെ പറയുന്നത്.

ജനുവരി ഒന്നിന് ഭീമ കോറിഗാവ് വിജയ് ദിവസ് ആഘോഷിക്കാന്‍ ആയിരക്കണക്കിന് ദലിതര്‍ ഒത്തുകൂടുമെന്ന് അറിഞ്ഞുതന്നെയാണ് ഡിസംബര്‍ 29ന് പൂനെ ജില്ലയിലെ വാധു ഗ്രാമത്തിലെ സ്മാരകം ആക്രമിച്ചത്. 1818ല്‍ ദലിത് സൈനികര്‍ ഉള്‍ക്കൊള്ളുന്ന ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി സൈന്യം മറാത്ത സവര്‍ണരുടെ സൈന്യത്തെ പരാജയപ്പെടുത്തിയതിന്റെ ഓര്‍മ്മദിനമാണിത്. ദലിതരുടെ വിജയ് ദിവസ് ആഘോഷത്തിനിടയിലേയ്ക്ക് ഇരച്ചുകയറി ഹിന്ദുത്വ സംഘടനകളുടെ ഭാഗമായ മറാത്തകള്‍ ആക്രമണം നടത്തുകയായിരുന്നു. ഭിഡെയ്ക്കും ഏക്‌ബോതെയ്ക്കുമെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെങ്കിലും ഇരുവരേയും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. ആര്‍എസ്എസുമായി അടുത്ത ബന്ധം പുലര്‍ത്തുന്നവരാണ് രണ്ട് പേരും. സംസ്ഥാന, കേന്ദ്ര ഭരണ നേതൃത്വങ്ങളുമായും ഇരുവര്‍ക്കും അടുത്ത ബന്ധം. 2014 ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള പ്രചാരണം തുടങ്ങിയപ്പോള്‍ നരേന്ദ്ര മോദി സംഗ്ലിയിലെ ഭിഡെയുടെ വീട്ടിലെത്തുകയും അദ്ദേഹത്തിന്റെ കാല്‍ തൊട്ട് വന്ദിക്കുകയും ചെയ്തിരുന്നു. പിന്നീട് ഒരു റാലിയില്‍ മോദി ഇങ്ങനെ പറഞ്ഞു – “ഞാന്‍ എന്റെ സ്വന്തം തീരുമാനപ്രകാരം ഇവിടെ വന്നതല്ല. ഭിഡെ ഗുരുജിയുടെ ഉത്തരവ് പ്രകാരമാണ് ഞാന്‍ എത്തിയിരിക്കുന്നത്”.

ഇത്തവണ സംഭാജി ബിഡെയും മിലിന്ദ് ഏക്‌ബൊതെയും ലക്ഷ്യം വച്ചത് ദലിതരെയാണ്. ഇതാദ്യമായാണ് ഇവര്‍ ദലിതര്‍ക്കെതിരായ അക്രമവുമായി രംഗത്തെത്തുന്നതെന്ന് മുംബയ് മിറര്‍ പറയുന്നു. ഗോവിന്ദ് ഗെയ്ക്‌വാദ് എന്ന മഹര്‍ സമുദായക്കാരനായ ദലിതന്റെ സമാധി വൃത്തികേടാക്കുകയും കേടുപാടുണ്ടാക്കുകയുമാണ് ഇവരുടെ അനുയായികള്‍ ചെയ്തത്. ഛത്രപതി ശിവജിയുടെ മകന്‍ സാംഭാജി രാജെ ഭോസ്ലെയുടെ മൃതദേഹം സംസ്‌കരിച്ചത് ഗോവിന്ദ് ഗെയ്ക്‌വാദ് ആണ്. മുഗള്‍ ഭരണാധികാരികളുടെ കോപം ഭയന്ന് മറ്റാരും ഇതിന് തയ്യാറായില്ലെന്ന് പറയപ്പെടുന്നു. എന്നാല്‍ ഇത് ബ്രിട്ടീഷുകാര്‍ കെട്ടിച്ചമച്ച കഥയാണ് എന്നാണ് സംഭാജി ഭിഡെയും മിലിന്ദ് ഏക്‌ബോതെയും പറയുന്നത്. മറാത്ത സമുദായക്കാര്‍ തന്നെയാണ് ശവസംസ്‌കാരം നടത്തിയതെന്ന് ഇവര്‍ വാദിക്കുന്നു. ഇതിലെ സത്യം കണ്ടെത്താന്‍ സര്‍ക്കാര്‍ അന്വേഷണം നടത്തണമെന്ന് ഇവര്‍ ആവശ്യപ്പെടുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍