UPDATES

നിര്‍ണായക പരിഷ്‌കാരങ്ങള്‍ക്കൊരുങ്ങി ഇന്ത്യന്‍ ആര്‍മി

നിര്‍ദ്ദേശങ്ങള്‍ അടുത്ത അഞ്ചുവര്‍ഷത്തിനുള്ളില്‍ നടപ്പിലാക്കാന്‍ സാധിച്ചാല്‍ പ്രതിരോധ ചിലവുകളില്‍ 25,000 കോടി രൂപ ലാഭിക്കാന്‍ സാധിക്കുമെന്നും സമിതി ചുണ്ടിക്കാട്ടിയിട്ടുണ്ട്.

‘ഇന്ത്യന്‍ കരസേന അധിനിവേശ സ്വഭാവം പുലര്‍ത്തുന്നതും, നാവികസേന സമ്രാജ്യത്വ മനോഭാവം ഉള്ളതും, വ്യോമസേന പാശ്ചാത്യവുമാണ്’; സൈനിക വൃത്തങ്ങളില്‍ സാധാരണ ആവര്‍ത്തിക്കപ്പെടുന്ന ഒരു പല്ലവിയാണിത്.

കോളനി ഭരണകാലത്തെ പല സ്വഭാവങ്ങളും ഇപ്പോഴും മുറുകെ പിടിക്കുന്ന സ്ഥാപനമായി തുടരുകയും ഉദ്യോഗസ്ഥര്‍ സഹായികളും മറ്റ് ആഡംബരങ്ങളുമായി രാജകീയ ജീവിതം നയിക്കുകയും ചെയ്യുന്ന കരസേനയെ പരിഷ്‌കരിക്കാന്‍ നേരത്തെ നടത്തിയ ശ്രമങ്ങള്‍ വലിയ വിജയമൊന്നും കണ്ടില്ല.

യുദ്ധ ചുമതലകള്‍ക്കായി പടനിലങ്ങളിലേക്ക് 57,000 സൈനികരെ കൂടുതലായി കൊണ്ടുവരാന്‍ ഉതകുന്ന രീതിയില്‍ കരസേനയില്‍ നിര്‍ണായക പരിഷ്‌കാരങ്ങള്‍ക്ക് ബുധനാഴ്ച കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി. ഒരു വലിയ ഭരണസംവിധാനത്തിന്റെ വിവിധ സ്ഥലങ്ങളില്‍ നിലവില്‍ ഭരണപരമായ പദവികള്‍ വഹിക്കുന്നവരാണ് ഇവര്‍.

എന്നാല്‍, സാധാരണഗതിയില്‍ യുദ്ധമുഖത്ത് സേവനമനുഷ്ഠിക്കേണ്ട സൈനികരെ ഉദ്യോഗസ്ഥന്മാരുടെ സേവകരായി നിര്‍ത്തുന്ന ‘സഹായി’ സംവിധാനത്തെ തൊടാന്‍ ഈ പരിഷ്‌കാരങ്ങള്‍ പര്യാപ്തമാവില്ല. ഇപ്പോഴത്തെ കരസേന മേധാവി ജനറല്‍ ബിപിന്‍ റാവത്ത് ഉള്‍പ്പെടെയുള്ള മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ തീവ്രമായി ന്യായീകരിക്കുന്ന ഒരു സംവിധാനമാണിത്.

എന്നിരുന്നാലും ബുധനാഴ്ചത്തെ നീക്കം അര്‍ത്ഥവത്താണ്.

ആക്രമണശേഷി വര്‍ദ്ധിപ്പിക്കുന്നതിനും മുടിമുതല്‍ അടിവരെയുള്ള അനുപാതം (യുദ്ധമുഖത്ത് ലഭ്യമായതും ഭരണചുമതലകള്‍ വഹിക്കുന്നവരും തമ്മിലുള്ള അനുപാതം) ഉയര്‍ത്തുന്നതിനുമായുള്ള നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിച്ചിരിക്കുന്നത് വിരമിച്ച ലഫ്റ്റനന്റ് ജനറല്‍ ഡി.ബി ശെഖാത്കത്ത് തലവനായുള്ള കമ്മിറ്റിയാണ്. മര്‍മ്മ പ്രധാന മേഖലകള്‍ക്ക് വെളിയില്‍ ജോലി ചെയ്യുന്ന 57,000 സൈനികരെ പ്രവര്‍ത്തനപരമായ ചുമതലകള്‍ക്കായി നിയോഗിക്കുന്നതിന് മന്ത്രിസഭ തീരുമാനം വഴിവെക്കും.

’98 നിര്‍ദ്ദേശങ്ങളാണ് ഈ കമ്മിറ്റി സമര്‍പ്പിച്ചിരിക്കുന്നത്. ഇന്ത്യന്‍ കരസേനയുമായി നടത്തിയ കൂടിയാലോചനകളുടെ അടിസ്ഥാനത്തില്‍ ഇവയില്‍ ആദ്യ പട്ടികയില്‍പെട്ട 65 നിര്‍ദ്ദേശങ്ങള്‍ ഇന്നലെ സര്‍ക്കാര്‍ അംഗീകരിച്ചു. 2019 അവസാനത്തോടെ ഈ നിര്‍ദ്ദേശങ്ങള്‍ പ്രവര്‍ത്തനക്ഷമമാവും’ എന്ന് മന്ത്രിസഭ തീരുമാനങ്ങള്‍ മാധ്യമങ്ങളോട് വിശദീകരിച്ച കേന്ദ്ര പ്രതിരോധ മന്ത്രി അരുണ്‍ ജയ്റ്റ്‌ലി അറിയിച്ചു.

ഇപ്പോഴത്തെ നിര്‍ദ്ദേശങ്ങളെല്ലാം കരസേനയുമായി ബന്ധപ്പെട്ടതാണെന്നും ബാക്കിയുള്ള 34 നിര്‍ദ്ദേശങ്ങള്‍ നാവികസേനയുമായി ബന്ധപ്പെട്ടതാണെന്നും സൈനിക വൃത്തങ്ങള്‍ വിശദീകരിച്ചു. വ്യോമസേനയുടെയും സംയോജിത പ്രതിരോധ സേനയുടെയും (ഐഡിഎസ്) പരിഷ്‌കരണങ്ങള്‍ ഉടനടി പരിശോധിക്കപ്പെടും.

‘57,000 ഓഫിസര്‍മാര്‍/ജെസിഒമാര്‍/ഒആര്‍മാര്‍ എന്നിവരുടെയും സിവിലയന്മാരുടെയും പുനര്‍വിന്യാസവും പുനഃസംഘാടനവുമാണ് പരിഷ്‌കരണത്തിന്റെ ആദ്യഘട്ടത്തില്‍ വരുന്നത്,’ എന്ന് പ്രതിരോധ മന്ത്രാലയം പുറത്തിറക്കിയ ഒരു പ്രസ്താവനയില്‍ പറഞ്ഞു.

സിഗ്നല്‍ സ്ഥാപനങ്ങളുടെ ഒപ്റ്റിമൈസേഷന്‍, അടിസ്ഥാന വര്‍ക്ക്‌ഷോപ്പുകള്‍ ഉള്‍പ്പെടെയുള്ള അറ്റകുറ്റപ്പണി തലങ്ങളുടെ പുനര്‍നിര്‍മ്മാണം, വെടിക്കോപ്പുശാലകളുടെ പുനര്‍വിന്യാസം, വിതരണഗതാഗത തലങ്ങളുടെയും മൃഗഗതാഗത യൂണിറ്റുകളുടെയും മെച്ചപ്പെട്ട ഉപയോഗം, സമാധാനം നിലനില്‍ക്കുന്ന സ്ഥലങ്ങളിലെ സൈനിക ഫാമുകളുടെയും സൈനിക തപാല്‍ സ്ഥാപനങ്ങളുടെയും അടച്ചുപൂട്ടല്‍, നാഷണല്‍ കേഡറ്റ് കോര്‍പ്‌സിന്റെ (എന്‍സിസി) കാര്യശേഷി മെച്ചപ്പെടുത്തല്‍ തുടങ്ങിയ വിവിധ മേഖലകളില്‍ പരിഷ്‌കരണം നടപ്പിലാക്കും.

ഇതില്‍ 39 സൈനിക ഫാമുകള്‍ അടച്ചുപൂട്ടാനുള്ള ഉത്തരവ് ഓഗസ്റ്റ് ആദ്യം പുറപ്പെടുവിച്ചിരുന്നു. ഇത് മൂന്ന് മാസം കൊണ്ട് പൂര്‍ത്തിയാവും.

കഴിഞ്ഞ വര്‍ഷം മേയില്‍ അന്നത്തെ പ്രതിരോധ മന്ത്രി മനോഹര്‍ പരീഖറാണ് ലഫ്റ്റനന്റ് ജനറല്‍ ശെഖാത്കാത്തിന്റെ നേതൃത്വത്തിലുള്ള 11 അംഗ സമിതിക്ക് രൂപം കൊടുത്തത്. 2016 ഡിസംബറില്‍ സമിതി അതിന്റെ റിപ്പോര്‍ട്ട് പ്രതിരോധ മന്ത്രാലയത്തിന് സമര്‍പ്പിച്ചു.

‘പ്രവര്‍ത്തനപരമായ തയ്യാറെടുപ്പുകള്‍ക്കായി ഓഫീസര്‍മാര്‍/ജൂനിയര്‍ കമ്മീഷന്‍ഡ് ഓഫീസര്‍മാര്‍ (ജെസിഒ)/മറ്റ് റാങ്കുകള്‍ (ഒആര്‍) എന്നിവരെ ഉപയോഗിച്ചുകൊണ്ട് യുദ്ധശേഷി വര്‍ദ്ധിപ്പിക്കുകയും കാര്യശേഷി മെച്ചപ്പെടുത്തുന്നതിനായി സായുധ സേനയുടെ വിവിധ വിഭാഗങ്ങളിലേക്ക് സിവിലിയന്മാരെ പുനര്‍വിന്യസിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ഇന്ത്യന്‍ കരസേനയില്‍ പുനര്‍നിര്‍മ്മാണം നടപ്പിലാക്കുന്നത്,’ എന്ന് പ്രസ്താവനയില്‍ പറയുന്നു.

പ്രതിരോധ ബജറ്റ് പരമാവധി പ്രയോജനക്ഷമമാക്കുന്നത് മുതല്‍ ഡിഫന്‍സ് സ്റ്റാഫിന് ഒരു മേധാവിയെ നിയമിക്കേണ്ടുന്നതിന്റെ ആവശ്യകത വരെയുള്ള വിശാലമായ നിര്‍ദ്ദേശങ്ങളാണ് കമ്മിറ്റി സമര്‍പ്പിച്ചിരിക്കുന്നത്. നിര്‍ദ്ദേശങ്ങള്‍ അടുത്ത അഞ്ചുവര്‍ഷത്തിനുള്ളില്‍ നടപ്പിലാക്കാന്‍ സാധിച്ചാല്‍ പ്രതിരോധ ചിലവുകളില്‍ 25,000 കോടി രൂപ ലാഭിക്കാന്‍ സാധിക്കുമെന്നും സമിതി ചുണ്ടിക്കാട്ടിയിട്ടുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍