TopTop

പ്രതാപ് ചന്ദ്ര സാരംഗി: ഓട്ടോ റിക്ഷയില്‍ വോട്ട് ചോദിച്ച് കേന്ദ്ര മന്ത്രിയായ ആര്‍എസ്എസ് നേതാവ്‌

പ്രതാപ് ചന്ദ്ര സാരംഗി: ഓട്ടോ റിക്ഷയില്‍ വോട്ട് ചോദിച്ച് കേന്ദ്ര മന്ത്രിയായ ആര്‍എസ്എസ് നേതാവ്‌
നരേന്ദ്ര മോദി മന്ത്രിസഭയില്‍ അംഗമാകാനുള്ള ക്ഷണം ലഭിച്ച ശേഷം ഡല്‍ഹിയിലേയ്ക്ക് പോകാനായി ബാഗ് പാക്ക് ചെയ്യുന്ന ഒഡീഷയിലെ ബാലസോറില്‍ നിന്നുള്ള ബിജെപി എംപി പ്രതാപ് ചന്ദ്ര സാരംഗിയുടെ ഫോട്ടോ വൈറലായിരുന്നു. സാരംഗിക്ക് വലിയ കയ്യടികളാണ് സത്യപ്രതിജ്ഞക്കായി വേദിയിലേയ്ക്ക് വരുമ്പോള്‍ കിട്ടിയത്. ആര്‍എസ്എസ് നേതാവുമായ പ്രതാപ് ചന്ദ്ര സാരംഗി ലളിതജീവിതം കൊണ്ട് ശ്രദ്ധേയനാണ്. ബിജെപി ദേശീയ എക്‌സിക്യൂട്ടീവ് അംഗമാണ്. ഒഡീയയിലും സംസ്‌കൃതത്തിലും അഗാധ പാണ്ഡിത്യം. മികച്ച പ്രാസംഗികന്‍. രാഷ്ട്രീയ എതിരാളികള്‍ ആഡംബര കാറുകളിലും മറ്റും തിരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങിയപ്പോള്‍ 64-കാരനായ പ്രതാപ് ചന്ദ്ര സാരംഗി വോട്ട് ചോദിക്കാന്‍ പോയത് ഓട്ടോറിക്ഷയിലാണ്.

'ഒഡീഷയുടെ മോദി' എന്നും സാരംഗി അറിയപ്പെടുന്നു. മോദിയെ പോലെ ലക്ഷങ്ങളുടെ വിലയുള്ള കോട്ട് സാരംഗിക്കില്ലെങ്കിലും ലാളിത്യത്തിന്റെ പേരിലാണ് ആരാധകര്‍ അദ്ദേഹത്തിന് ആ പേര് ചാര്‍ത്തിക്കൊടുത്തിരിക്കുന്നത്. എന്തുകൊണ്ടും വ്യത്യസ്തനായ പൊതുപ്രവര്‍ത്തകനാണ് സാരംഗി. താമസം മുള കൊണ്ട് നിര്‍മ്മിച്ച കുടിലില്‍. ഗ്രാമങ്ങളിലൂടെ സഞ്ചാരം സൈക്കിളില്‍. പ്രതാപ് ചന്ദ്ര സാരംഗിയുടെ രണ്ട് എതിരാളികള്‍ കോടീശ്വരന്മായിരുന്നു - ബിജു ജനതാദളിന്റെ രബീന്ദ്ര കുമാര്‍ ജെനയും കോണ്‍ഗ്രസിന്റെ നബജ്യോതി പട്നായികും. വ്യവസായിയായ രബീന്ദ്ര കുമാര്‍ ജനയെ സാരംഗി തോല്‍പ്പിച്ചത് 12,956 വോട്ടിന്. കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റാണ് നബജ്യോതി പട്‌നായിക്. കുടുംബപരമായി രാഷ്ട്രീയ പാരമ്പര്യമുള്ളയാള്‍.

ALSO READ: അമിത് ഷാ, എസ് ജയശങ്കര്‍, അര്‍ജുന്‍ മുണ്ട, വി മുരളീധരന്‍ – കേന്ദ്ര മന്ത്രിസഭയില്‍ 21 പുതുമുഖങ്ങള്‍

ബാലസോര്‍ ജില്ലയിലെ നീലഗിരി മണ്ഡലത്തില്‍ നിന്ന് രണ്ട് തവണ എംഎല്‍എ ആയിട്ടുണ്ട് പ്രതാപ് ചന്ദ്ര സാരംഗി. സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ചായിരുന്നു വിജയം. 2014ല്‍ ബാലസോറില്‍ നിന്ന് ലോക്‌സഭയിലേയ്ക്ക് മത്സരിച്ചെങ്കിലും രബീന്ദ്ര കുമാര്‍ ജനയോട് 1.42 ലക്ഷം വോട്ടിന് പരാജയപ്പെട്ടു. ഇത്തവണ സാരംഗിയുടെ പ്രചാരണത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തിയിരുന്നു. ജയിച്ചപ്പോള്‍ കേന്ദ്ര മന്ത്രിയാക്കുകയും ചെയ്തു. തീപ്പൊരി പ്രസംഗങ്ങളിലൂടെയും പ്രാദേശിക പ്രശ്‌നങ്ങള്‍ സംബന്ധിച്ച വ്യക്തമായ ധാരണയിലൂടെയും വലിയ തോതില്‍ ജനപിന്തുണ നേടിയിട്ടുണ്ട് പ്രതാപ് ചന്ദ്ര സാരംഗി. ഒഡീഷയില്‍ നാശം വിതച്ച ഫാനി ചുഴലിക്കൊടുങ്കാറ്റിന് പിന്നാലെ തീരദേശ നഗരമായ പുരിയിലും പരിസരപ്രദേശങ്ങളിലും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു പ്രതാപ് ചന്ദ്ര സാരംഗി.

ബാലസോറിലെ ഫക്കീര്‍ മോഹന്‍ കോളേജില്‍ നിന്ന് ബിരുദം നേടിയ സാരംഗിക്ക് രാമകൃഷ്ണ മഠത്തിലെ സന്യാസിയാകാനായിരുന്നു ആഗ്രഹം. എന്നാല്‍ തിരിഞ്ഞത് സാമൂഹ്യപ്രവര്‍ത്തനങ്ങളിലേയ്ക്കാണ്. അതേസമയം ആര്‍എസ്എസിലും വിഎച്ച്പിയിലും സജീവമായി. ആദിവാസി മേഖലകളില്‍ സ്‌കൂളുകള്‍ തുറന്നുള്ള പ്രവര്‍ത്തനം നടത്തി.

Azhimukham Special: സര്‍ക്കാര്‍ സ്കൂളുകള്‍ എന്ന് ഇന്നാരും അവജ്ഞയോടെ പറയില്ല; വിദ്യാഭ്യാസ രംഗത്ത് നിശബ്ദ വിപ്ലവം സൃഷ്ടിക്കുകയാണ് കേരളത്തിലെ പൊതുവിദ്യാലയങ്ങള്‍

Next Story

Related Stories