UPDATES

ട്രെന്‍ഡിങ്ങ്

ഉന്നാവോ ബലാൽസംഗ ഇര സഞ്ചരിച്ച കാറിൽ ട്രക്കിടിച്ച് അമ്മയും അമ്മായിയും മരിച്ചു; പെൺകുട്ടി ഗുരുതരാവസ്ഥയിൽ; ആസൂത്രിതമെന്ന് ബന്ധുക്കൾ

കേസ് തുടരുന്നതിനെതിരെ എംഎൽഎയും അയാളുടെ അനുയായികളും തങ്ങളെ ഭീഷണിപ്പെടുത്തിയിരുന്നെന്നും ഇതൊരു ആസൂത്രിത ആക്രമണമാണെന്നും പെൺകുട്ടിയുടെ ബന്ധുക്കൾ ആരോപിക്കുന്നു.

ബിജെപി എംഎൽഎ കുൽദീപ് സിങ് സെൻഗാർ കുറ്റക്കാരനായ ഉന്നാവോ ബലാൽസംഗക്കേസിലെ ഇരയായ പെൺകുട്ടി സഞ്ചരിച്ച കാർ അപകടത്തിൽ പെട്ടു. പെൺകൂട്ടിയുടെ കൂടെയുണ്ടായിരുന്ന അമ്മ ആശ സിങ്ങും, അമ്മായി പുഷ്പ സിങ്ങും അപകടത്തിൽ കൊല്ലപ്പെട്ടു. പെൺകുട്ടിയും അവരുടെ വക്കീൽ മഹേന്ദ്ര സിങ്ങും ഗുരുതരാവസ്ഥയിൽ ആശുപത്രിയിലാണ്.

കേസ് തുടരുന്നതിനെതിരെ എംഎൽഎയും അയാളുടെ അനുയായികളും തങ്ങളെ ഭീഷണിപ്പെടുത്തിയിരുന്നെന്നും ഇതൊരു ആസൂത്രിത ആക്രമണമാണെന്നും പെൺകുട്ടിയുടെ ബന്ധുക്കൾ ആരോപിക്കുന്നു.

റായ് ബറേജി ജില്ലയിലെ ഗുരുബക്സ്ഗഞ്ചിലാണ് അപകടമുണ്ടായത്. ഇവർ സഞ്ചരിച്ചിരുന്ന കാറിൽ ഒരു ട്രക്ക് വന്നിടിക്കുകയായിരുന്നു. കഴിഞ്ഞ വർഷം ഒരു കൊലപാതകക്കേസിൽ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട തങ്ങളുടെ തന്റെ അമ്മാവനെ കാണാൻ റായ് ബറേലി ജില്ലാ ജയിലിലേക്ക് പോകുകയായിരുന്നു പെൺകുട്ടി. ഇവരുടെ യാത്രയെക്കുറിച്ച് ഗ്രാമവാസികൾക്കെല്ലാം അറിയാമായിരുന്നെന്ന് ബന്ധുക്കൾ ചൂണ്ടിക്കാട്ടുന്നു. അപകടം ആസൂത്രിതമായി നടത്തിയതാണെന്നതിൽ അവർക്ക് സംശയമൊന്നുമില്ല.

എതിർവശത്തു നിന്നും വന്ന ഒരു കാലി ട്രക്ക് കാറിൽ ഇടിക്കുകയായിരുന്നെന്ന് പ്രാഥമികാന്വേഷണത്തിൽ വ്യക്തമായതായി ഗുരുബക്സ്ഗഞ്ച് പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ രാകേഷ് സിങ് പറയുന്നു. ട്രക്ക് ഡ്രൈവർ ഓടി രക്ഷപ്പെട്ടു. ട്രക്കിന്റെ ഉടമയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് തങ്ങളെന്നും പൊലീസ് വ്യക്തമാക്കി.

കിങ് ജോർജ്സ് മെഡിക്കൽ യൂണിവേഴ്സിറ്റിയിലാണ് പെൺകുട്ടിയും വക്കീലും ചികിത്സയിലുള്ളത്. ഇവരുടെ നില ഗുരുതരമാണെന്ന് ഡോക്ടർമാർ പറയുന്നു.

എംഎൽഎ കുൽദീപ് സിങ് സെൻഗാർ നിലവിൽ സിതാപൂർ ജില്ലാ ജയിലിലാണുള്ളത്.

ബലാൽസംഗത്തിനിരയായ നീതി കിട്ടാത്തതിൽ പ്രതിഷേധിച്ച് ഉന്നാവോ പെൺകുട്ടിയും കുടുംബവും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വീടിനു മുന്നിൽ തീക്കൊളുത്തി മരിക്കാൻ ശ്രമം നടത്തിയിരുന്നു. 2017ലാണ് പെൺകുട്ടി ബലാൽസംഗം ചെയ്യപ്പെട്ടത്. എംഎൽഎയും അയാളുടെ സിൽബന്തികളും ചേർന്നാണ് ആക്രമണം നടത്തിയത്. പരാതി നൽകിയതിന് പൊലീസിന്റെ മർദ്ദനവും ഏൽക്കേണ്ടി വന്നു ഇരയ്ക്കും കുടുംബത്തിനും. ആത്മഹത്യാശ്രമം ദേശീയതലത്തിൽ വാർത്തയായതോടെ യോഗി സർക്കാരിന് നടപടിയെടുക്കേണ്ടി വന്നു. ഇരയുടെ അച്ഛനെ മർദ്ദിച്ചതിന് എംഎൽഎയുടെ സഹോദരനും അറസ്റ്റ് ചെയ്യപ്പെട്ടിരുന്നു. മറ്റൊരു കേസിലുൾപ്പെടുത്തി പെൺകുട്ടിയുടെ അച്ഛനെ പൊലീസ് അറസ്റ്റ് ചെയ്യുകയും അദ്ദേഹം ജുഡീഷ്യൽ കസ്റ്റഡിയിലിരിക്കെ മരണപ്പെടുകയും ചെയ്തിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍