UPDATES

ട്രെന്‍ഡിങ്ങ്

രാജിയില്‍ ഉറച്ച് 13 എംഎല്‍എമാര്‍, കുമാരസ്വാമി അമേരിക്കയില്‍ നിന്ന് തിരിച്ചെത്തി, കോണ്‍ഗ്രസും ജെഡിഎസും തിരക്കിട്ട ചര്‍ച്ചകളില്‍

പ്രശ്‌നപരിഹാരത്തിനായി അവസാനവട്ട ശ്രമങ്ങളിലും തിരക്കിട്ട ചര്‍ച്ചകളിലുമാണ് കോണ്‍ഗ്രസും ജെഡിഎസും.

കോണ്‍ഗ്രസിന്റേയും ജെഡിഎസിന്റേയും 13 എംഎല്‍എമാര്‍ രാജി തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുന്ന സാഹചര്യത്തില്‍ കര്‍ണാടകയില്‍ സഖ്യസര്‍ക്കാരിന്റെ നിലനില്‍പ്പ് അനിശ്ചിതത്വത്തില്‍. 13 എംഎല്‍എമാര്‍ രാജി പിന്‍വലിക്കുന്ന പ്രശ്‌നമില്ലെന്ന് ഇതിലൊരാളായ എസ് ടി സോമശേഖര്‍ ഇന്ത്യ ടുഡേയോട് പറഞ്ഞു. മുംബൈയിലെ പഞ്ചനക്ഷത്ര ഹോട്ടലിലാണ് നിലവില്‍ ഇവര്‍ 13 പേര്‍. കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായ രാമലിംഗ റെഡ്ഡി, ജെഡിഎസ് സംസ്ഥാന പ്രസിഡന്റ് എച്ച് വിശ്വനാഥ് എന്നിവരടക്കമുള്ളവരാണ് ഇക്കൂട്ടത്തിലുള്ളത്. ഇതിനിടെ യുഎസില്‍ സ്വകാര്യ സന്ദര്‍ശനത്തിന് പോയിരുന്ന മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമി തിരിച്ചെത്തി. പ്രശ്‌നപരിഹാരത്തിനായി അവസാനവട്ട ശ്രമങ്ങളിലും തിരക്കിട്ട ചര്‍ച്ചകളിലുമാണ് കോണ്‍ഗ്രസും ജെഡിഎസും.

കുമാരസ്വാമിയുടെ നേതൃത്വത്തോടും ജെഡിഎസിന്റെ മുഖ്യമന്ത്രി പദത്തോടുമുള്ള അതൃപ്തിയാണ് പല കോണ്‍ഗ്രസ് എംഎല്‍എമാരും ചൂണ്ടിക്കാണിച്ചത്. ഈ സാഹചര്യത്തില്‍ കുമാരസ്വാമി രാജി വച്ച് കോണ്‍ഗ്രസിന് മുഖ്യമന്ത്രി സ്ഥാനം വിട്ടുകൊടുക്കുക എന്ന നിര്‍ദ്ദേശം ജെഡിഎസ് ദേശീയ പ്രസിഡന്റ് എച്ച്ഡി ദേവഗൗഡ മുന്നോട്ടുവച്ചിട്ടുണ്ട്. യുപിഎ അധ്യക്ഷ സോണിയ ഗാന്ധി അടക്കമുള്ളവരുമായി ദേവഗൗഡ ഇക്കാര്യം ചര്‍ച്ച ചെയ്യുകയും ചെയ്തു. മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയെ മുഖ്യമന്ത്രിയാക്കാനാണ് കോണ്‍ഗ്രസ് നേതൃത്വത്തിന് താല്‍പര്യം. എന്നാല്‍ കോണ്‍ഗ്രസ് എംഎല്‍എമാരില്‍ പലരും ആവശ്യപ്പെടുന്നത് സിദ്ധരാമയ്യയെ മുഖ്യമന്ത്രിയാക്കണം എന്നാണ്. സിദ്ധരാമയ്യ അനുകൂലികള്‍ നേരത്തെ തന്നെ കുമാരസ്വാമിക്കെതിരെ രംഗത്തെത്തിയിരുന്നു.

സംഘടനാകാര്യ ചുമതലയുള്ള കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ രാമലിംഗ റെഡ്ഡി അടക്കമുള്ളവരുമായി സംസാരിച്ചെങ്കിലും രാജി പിന്‍വലിക്കാന്‍ തയ്യാറല്ല എന്ന നിലപാടിലാണ് റെഡ്ഡി. യാതൊരു വിധ ബ്ലാക്ക് മെയിലിംഗിനും വഴങ്ങില്ല എന്നാണ് കോണ്‍ഗ്രസ് നേതൃത്വം വ്യക്തമാക്കിയിരിക്കുന്നത്. രാജി വച്ച എംഎല്‍എമാരെ തിരികെ കൊണ്ടുവരാന്‍ മന്ത്രി ഡികെ ശിവകുമാറിനോടും ഉപമുഖ്യമന്ത്രി ജി പരമേശ്വരയോടുമൊപ്പം താനും്ശ്രമിക്കുന്നതായാണ് മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ അവകാശപ്പെടുന്നത്. എന്നാല്‍ സിദ്ധരാമയ്യയാണ് സര്‍ക്കാരിന് ഭീഷണി സൃഷ്ടിക്കുന്ന പ്രതിസന്ധിക്ക് പിന്നില്‍ എന്ന ആരോപണം കോണ്‍ഗ്രസിനകത്ത് തന്നെ ഉയര്‍ന്നുകഴിഞ്ഞു.

താന്‍ ബിജെപിയില്‍ ചേരുമെന്നും ഉപതിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്നും രാജി വച്ച കോണ്‍ഗ്രസ് എംഎല്‍എ പ്രതാപ് ഗൗഡ പാട്ടീല്‍ പറഞ്ഞിരുന്നു. പ്രതാപ് ഗൗഡ മാത്രമാണ് ബിജെപിയിലേയ്ക്ക് പോകുമെന്ന് വ്യക്തമാക്കിയിരിക്കുന്നത്. ബിജെപിയുമായി ഒരു ബന്ധവുമില്ല എന്നാണ് മറ്റുള്ളവര്‍ ഇതുവരെ പറഞ്ഞുകൊണ്ടിരിക്കുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍