Top

യെദിയൂരപ്പ കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു, ബിജെപി വീണ്ടും അധികാരത്തില്‍

യെദിയൂരപ്പ കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു, ബിജെപി വീണ്ടും അധികാരത്തില്‍
ബിജെപി സംസ്ഥാന അധ്യക്ഷന്‍ ബിഎസ് യെദിയൂരപ്പ കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. നിയമസഭയിലെ വിശ്വാസ വോട്ടെടുപ്പില്‍ കോണ്‍ഗ്രസ് - ജെഡിഎസ് സഖ്യത്തെ പരാജയപ്പെടുത്തി ഭൂരിപക്ഷമുറപ്പിച്ചാണ് യെദിയൂരപ്പയുടെ നേതൃത്വത്തില്‍ ബിജെപി സര്‍ക്കാര്‍ രൂപീകരിച്ചിരിക്കുന്നത്. അതേസമയം 15 കോണ്‍ഗ്രസ്, ജെഡിഎസ് വിമത എംഎല്‍എമാരുടെ അയോഗ്യത സംബന്ധിച്ച തീരുമാനം സ്്പീക്കറുടെ പരിഗണനിലാണ്. ഒരു സ്വതന്ത്ര എംഎല്‍എയേയും രണ്ട് കോണ്‍ഗ്രസ് എംഎല്‍എമാരേയും സ്പീക്കര്‍ ഇന്നലെ അയോഗ്യരാക്കിയിരുന്നു. വെറും രണ്ട് സീറ്റിന്റെ ഭൂരിപക്ഷം മാത്രമാണ് നിലവില്‍ ബിജെപിക്ക് കര്‍ണാടക നിയമസഭയിലുള്ളത്.

ഇത് നാലാം തവണയാണ് യെദിയൂരപ്പ മുഖ്യമന്ത്രിയാകുന്നത്. 2008ലാണ് ആദ്യം മുഖ്യമന്ത്രിയായത്. 2018 മേയില്‍ രണ്ട് ദിവസവും നേരത്തെ യെദിയൂരപ്പ മുഖ്യമന്ത്രിയായിരുന്നു. 2018 മേയിലെ നിയമസഭ തിരഞ്ഞെടുപ്പില്‍ 104 സീറ്റുമായി ബിജെപി ഏറ്റവും വലിയ ഒറ്റ കക്ഷിയായെങ്കിലും ഭൂരിപക്ഷം കിട്ടിയിരുന്നില്ല. എന്നാല്‍ യെദിയൂരപ്പയെ ഗവര്‍ണര്‍ വാജുഭായ് വാല മന്ത്രിസഭ രൂപീകരിക്കാന്‍ ക്ഷണിച്ചു. അതേസമയം കോണ്‍ഗ്രസും ജെഡിഎസും സഖ്യമുണ്ടാക്കുകയും നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കുകയും ചെയ്തതോടെ യെദിയൂരപ്പയ്ക്ക് രാജി വയ്‌ക്കേണ്ടി വന്നു. അതേസമയം ഭരണഘടനാവിരുദ്ധമാണ് ഗവര്‍ണറുടെ നടപടി എന്ന് വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാക്കള്‍ സത്യപ്രതിജ്ഞ ചടങ്ങ് ബഹിഷ്‌കരിച്ചു.

ALSO READ: കാര്‍ഗില്‍ യുദ്ധത്തിന്റെ 20 വര്‍ഷം: പോസ്റ്റ് ട്രൂത്ത് കാലത്തെ ഇന്ത്യന്‍ സുരക്ഷാ സംവിധാനം- ജോസി ജോസഫ് എഴുതുന്നു

തുടര്‍ന്നങ്ങോട്ട് കോണ്‍ഗ്രസിലെ ആഭ്യന്തര ഭിന്നതകളും കോണ്‍ഗ്രസും ജെഡിഎസും തമ്മിലുള്ള ഭിന്നതകളും മുതലെടുത്ത് എംഎല്‍എമാരെ കൂറുമാറ്റന്‍ ബിജെപി നിരന്തരം നടത്തിയ നീക്കങ്ങള്‍ക്ക് ഒടുവിലാണ്. 16 വിമത എംഎല്‍എമാര്‍ രാജി വച്ചത്. രണ്ട് സ്വതന്ത്ര എംഎല്‍എമാര്‍ മന്ത്രി സ്ഥാനം രാജി വച്ച് ബിജെപിക്കൊപ്പം ചേര്‍ന്നതോടെ ബിജെപി സഭയില്‍ ഭൂരിപക്ഷമുറപ്പിക്കുകയും ചെയ്തു.

ജൂലായ് 31നകം യെദിയൂരപ്പ ഭൂരിപക്ഷം തെളിയിക്കണം. എംഎല്‍എമാരുടെ അയോഗ്യതയില്‍ സ്പീക്കര്‍ തീരുമാനമെടുത്തതിന് ശേഷം മാത്രം സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവാദം ഉന്നയിച്ചാല്‍ മതി എന്നൊരു ആലോചന ബിജെപിക്കകത്തുണ്ടായിരുന്നു. എന്നാല്‍ ഇന്ന് തന്നെ സത്യപ്രതിജ്ഞ ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു.

Next Story

Related Stories